5/18/2012

കുഞ്ഞാപ്പായുടെ പഞ്ചായത്ത് കുളം

പഞ്ചായത്തിലെ കാര്യങ്ങളൊക്കെ നന്നായി അറിയാം കുഞ്ഞാപ്പക്ക്. പക്ഷെ മറ്റുള്ളവര്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കില്ല. എന്ത് ആനുകൂല്യങ്ങള്‍ വന്നാലും വാങ്ങി സ്വന്തം കീശയിലിടും. ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്നു പറഞ്ഞു പഞ്ചായത്തില്‍ നിന്നും അയാള്‍ വാങ്ങിയ കാശിനു കണക്കില്ല. കുഞ്ഞാപ്പായുടെ പറമ്പില്‍ പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളം ഉണ്ട്. പഞ്ചായത്തില്‍ നിന്നും വലിയൊരു സംഖ്യ വാങ്ങി ആ കുളം മൊത്തം കരിങ്കല്ല് പതിച്ചു പഞ്ചായത്ത് കുളം എന്നെഴുതി വെച്ചു കുഞ്ഞാപ്പ. പക്ഷെ അതിനെ ചുറ്റി ഉള്ള എല്ലാ ഭൂമിയും കുഞ്ഞാപ്പായുടെതാണ്. അത് കൊണ്ട് ആര്‍ക്കും ആ കുളത്തിലെ വെള്ളം എടുത്തു തങ്ങളുടെ കൃഷിഭൂമി നനക്കാന്‍ കഴിയില്ല. പക്ഷെ നാട്ടുകാര്‍ ഇവിടെ ദിവസവും രണ്ടു നേരം കുളിച്ചു വന്നു. കുഞ്ഞാപ്പക്ക് പക്ഷെ അതിഷ്ടമല്ല. കുട്ടികള്‍ കുളത്തിന്‍റെ മതിലില്‍ കയറി കുളത്തിലേക്ക് ചാടുന്നതും കുളം നിറഞ്ഞു നീന്തുന്നതും കണ്ടാല്‍ കുഞ്ഞാപ്പക്ക് കലി വരും. അതിനു അയാള്‍ ഒരു വഴി കണ്ടു പിടിച്ചു: കുളം നിറയെ മുള  വെട്ടിക്കൊണ്ടു വന്നു നിറച്ചു. കുട്ടികള്‍ ആദ്യമൊക്കെ മുള ഒരു വശത്തേക്ക് നീക്കി നീന്തിക്കളിച്ചെങ്കിലും കുഞ്ഞാപ്പ കൂടുതല്‍ മുളകള്‍ ഇറക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അളവറ്റ സമ്പത്തിനുടമയായ കുഞ്ഞാപ്പ നാട്ടിലെ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടക്കെടുണ്ടെങ്കിലും അവര്‍ അത് പുറത്തു കാട്ടാറില്ല. കാരണം, സ്ഥലത്തെ പ്രധാന തറവാട്ടുകാരനും, പള്ളിക്കമ്മിറ്റി മെമ്പര്‍മാരുടെ പേടിസ്വപ്നവുമായ കുഞ്ഞാപ്പായെ പിണക്കിയാല്‍ ആകെ ഗുലുമാലാകും എന്നാണു അവരുടെ ഭയം. അങ്ങനെ നാട്ടുകാര്‍ ഭയന്ന്‍ നടക്കുന്നതിനിടയില്‍ വേനലവധി വന്നു. ഞാന്‍ അന്ന് പത്താം ക്ലാസ്‌ കഴിഞ്ഞു പ്ലസ്‌-ടുവിന് ചേരാന്‍ തീരുമാനിച്ചു നടക്കുകയാണ്.

ഉമ്മമാരുടെ കൂടെ നാട്ടിലെത്തുന്ന വിരുന്നു കാരായ കുട്ടികളുണ്ടോ കുഞ്ഞാപ്പയെ കാര്യമാക്കുന്നു! അവര്‍ മുളകള്‍ മുഴുവനും വലിച്ചു കുളത്തില്‍ നിന്നും പുറത്തേക്ക് കയറ്റാന്‍ തുടങ്ങി. ഏതാണ്ട് പാതി മുളകളും പുറത്തെത്തിയപ്പോള്‍ അതാ കുഞ്ഞാപ്പ അലറുന്ന ശബ്ദം കേള്‍ക്കുന്നു. നാട്ടുകാരായ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. വിരുന്നുകാര്‍ ഭയന്ന് കുളത്തില്‍ നിന്നും പുറത്തു വന്നു. കുഞ്ഞാപ്പയുടെ പച്ചത്തെറി വയര് നിറയെ കിട്ടി. കുട്ടികള്‍ തിരിച്ചു പോയി.

കുഞ്ഞാപ്പക്ക് മനസ്സിലായി, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്ന കേസുകളല്ല, രണ്ടു മാസമാണ് അവധി. ഈ കുട്ടികളെ എങ്ങനെയും കുളത്തില്‍ നിന്നും അകറ്റണം. കുഞ്ഞാപ്പ കൂലങ്കുഷമായി ചിന്തിച്ചു! പതിവില്ലാതെ, പിറ്റേന്ന് നേരം പുലരും മുമ്പ് കുഞ്ഞാപ്പ കുളക്കരയിലേക്ക് നടന്നു. തുണിയഴിച്ച് കുളത്തിലിറങ്ങി. പത്തു മണിയോടെ കുളക്കരയിലെത്തിയ കുട്ടിപ്പട്ടാളം അന്തിച്ചു പോയി. കുളം നിറയെ മലത്തിന്‍റെ കഷ്ണങ്ങള്‍ പരന്നു കിടക്കുന്നു! അവര്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ നീന്താന്‍ പഠിച്ച, നിരവധി ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ കുളവും പരിസരവും കാണാന്‍  ഞാന്‍ പോയി. ചുറ്റുമുള്ള പറമ്പുകള്‍ക്കൊക്കെ പുതിയ വേലികള്‍ വന്നിരിക്കുന്നു.  കുളത്തിന്‍റെ അക്കരയില്‍ കൂരകെട്ടി ജീവിക്കുന്ന വേലായുധന്‍ അല്ലാതെ മറ്റാരും ഇപ്പോള്‍ ആ പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ വരാറില്ല. ഇപ്പോള്‍ കുളത്തില്‍ കുട്ടികളുടെ ശല്യമില്ലാതെ കുഞ്ഞാപ്പ സമാധാനത്തോടെ ജീവിക്കുന്നു. കുളത്തിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നുവോ? കുഞ്ഞപ്പയോടു മുഖം കറുപ്പിച്ചിരിക്കുന്നതാണോ? കുളത്തിലെ വെള്ളം തികച്ചും നിശ്ചലമായിരുന്നു. കുറെ നേരം നോക്കി നിന്ന് ഞാന്‍ തിരിച്ചു നടന്നു.

4 comments:

  1. Very nice... And you are greattttttttt...........

    ReplyDelete
  2. ഇതിലൂടെ നീ എന്നെ കുട്ടിക്കാലത്തേക്ക് ഒരു തിരിച്ചുപോക്കിന് പ്രേരിപ്പിച്ചു വളരെ നന്ദി!

    ReplyDelete
  3. നന്ദി, ഭായി.

    ReplyDelete