11/24/2013

മദ്ഹുകള്‍ പാടപ്പെടാത്ത സുല്‍ത്താന്മാരുടെ നാട്ടിലേക്ക് - 2താജ് ബാവ്ടി: പുറത്തുനിന്നുള്ള കാഴ്ച
പതിനാലാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക് ഡല്‍ഹിയില്‍ നിന്നും ഡക്കാനിലെ ദൗലത്താബാദിലെക്ക് തന്‍റെ തലസ്ഥാനം മാറ്റി. വെള്ളമില്ലാത്ത പ്രദേശമായതിനാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു ഡല്‍ഹിക്ക് തന്നെ പോവുകയും ചെയ്തു. ഒരുപാട് ജീവനുകള്‍ ഈ തലസ്ഥാന മാറ്റത്തില്‍ തുഗ്ലക്കിന് നഷ്ടമായി. പിന്നീട് ചില ഭരണ മാറ്റങ്ങള്‍ക്കു ശേഷം ഡക്കാനിലെ ബീജാപ്പൂര്‍ പ്രദേശം ഭരിക്കാന്‍ യൂസുഫ് ആദില്‍ ഷാഹി വന്നെത്തി. വരണ്ടുണങ്ങിയിരുന്ന ആ പ്രദേശത്തെ; ശാസ്ത്രീയമായ ജലസേചനത്തിലൂടെ ബീജാപൂര്‍ സുല്‍ത്താന്മാര്‍ പുനരുജ്ജീവിപ്പിച്ചു. അങ്ങനെ ശക്തമായ ഒരു ക്ഷേമ രാഷ്ട്രം ഡക്കാനില്‍ പണിതുയര്‍ത്തിയതാണ് മറ്റു രാജാക്കന്മാരെ അപേക്ഷിച്ച് ആദില്‍ ശാഹികളുടെ ശ്രേഷ്ഠത.

താജ് ബാവ്ടിയുടെ ഉള്‍ഭാഗം
രണ്ടു ഡാമുകള്‍, പടവുകളോട് കൂടിയ എഴുനൂറു വലിയ കുളങ്ങള്‍, മുന്നൂറു ചെറിയ കുളങ്ങള്‍, കിണറുകള്‍, ഡാമുകളില്‍ നിന്നും ഈ കുളങ്ങളിലെക്ക് വെള്ളമെത്തിക്കാന്‍ വിസ്മയകരമായ അണ്ടര്‍ഗ്രൗണ്ട് പൈപ്പുകള്‍. ഇതൊക്കെ പണിതു കൊണ്ടാണ് ഉണങ്ങി വരണ്ടിരുന്ന ബീജാപ്പൂരിനെ ആദില്‍ ശാഹികള്‍ നനവിന്‍റെ സമൃദ്ധിയിലേക്ക്‌ ഉയര്‍ത്തിയത്.

താജ് ബാവ്ടി
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ തൊട്ടടുത്തു തന്നെ കണ്ടു, തകര്‍ന്നടിഞ്ഞ കോട്ടക്കുള്ളില്‍ ഗോല്‍ ഗുംബസിന്‍റെ മിനാരം. ഗോല്‍ ഗുംബസും ജുമാ മസ്ജിദും സന്ദര്‍ശിച്ച് അസര്‍ മഹലിന്‍റെ കുളക്കരയില്‍ ഇരിക്കുമ്പോഴാണ് അനില്‍ കുമാര്‍ കുല്‍ക്കര്‍ണി എന്ന ഒരു എഞ്ചിനീയറെ പരിചയപ്പെട്ടത്‌. അസര്‍ മഹലിന്‍റെ അടുത്ത് തന്നെയാണ് വീട്. ബീജാപൂരിനു വെള്ളം നല്‍കാന്‍ ആദില്‍ ഷാഹി സുല്‍ത്താന്മാര്‍ നടത്തിയ എഞ്ചിനീയറിംഗ് വിസ്മയത്തെ കുറിച്ച് അദ്ദേഹം വാചാലനായി. 'ഇതാ ഈ കുളവും കനാല്‍ വഴി മറ്റു കുളങ്ങളുമായി ബന്ധിപ്പിച്ചിരുന്നതാണ്. ഇപ്പോള്‍ ഒക്കെ വൃത്തികേടായി'- അസര്‍മഹലിലെ കുളത്തെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ചുമരുകള്‍ പൊളിഞ്ഞു തുടങ്ങി. നഗരത്തില്‍ ഒരുപാട് കനാലുകള്‍ ഉണ്ടായിരുന്നു. എല്ലാം കാലക്രമേണ നശിച്ചു പോയി. തന്‍റെ വീടിനു തറ എടുക്കുമ്പോള്‍ താഴെ ആദില്‍ശാഹികളുടെ കാലത്തെ അണ്ടര്‍ഗ്രൗണ്ട് പൈപ്പ്/കനാല്‍ കണ്ടെത്തിയ കാര്യം അദ്ദേഹം ഓര്‍ത്തെടുത്തു. ഇന്ന് നഗരം വേണ്ടത്ര ശുദ്ധജലം ഇല്ലാതെ വിഷമിക്കുന്നു എന്നദ്ദേഹം സങ്കടത്തോടെ പറഞ്ഞു. പണ്ടത്തെ വീടുകളിലൊക്കെ പടവുകളോട് കൂടിയ കുളങ്ങള്‍ ഉണ്ടായിരുന്നുവത്രേ. എന്നാല്‍ ഇന്ന് അവയൊക്കെ വറ്റിവരണ്ടു തൂര്‍ന്നു പോയി. അതില്‍ പുതിയ കെട്ടിടങ്ങള്‍ പൊങ്ങി.

പണ്ട് കാലത്ത് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ചില തടാകങ്ങളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇന്നവ ഒട്ടും ആകര്‍ഷകമായിരുന്നില്ല. താജ് കുളവും ചന്ദാ കുളവും നിറയെ ചപ്പു ചവറുകള്‍!

താജ് ബാവ്ടിയിലെ മുറി. അകവും പുറവും
താജ് കുളത്തിന്‍റെ പ്രവേശന കവാടത്തില്‍ ചീട്ടുകളി സംഘങ്ങള്‍, ഇടയ്ക്കു പാന്‍ ചവച്ചു തുപ്പി ചുമരുകളും നിലവും ഒക്കെ വൃത്തിഹീനമാക്കി വെച്ചിരിക്കുന്നു. ആടും പശുവും കാഷ്ടിച്ചു വെച്ചത് വൃത്തിയാക്കാന്‍ ആരുമില്ല. ലോറികളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടാനും, മൂത്രമൊഴിക്കാനും ആ പരിസരം ആണ് ആളുകള്‍ ഉപയോഗിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ബോര്‍ഡില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു: ഈ കെട്ടിടം ദേശീയ പ്രാധാന്യമുള്ളതാണ്. നശിപ്പിക്കുകയോ, കേടുവരുത്തുകയോ, ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും.കുളത്തിലേക്ക് ഇറങ്ങി നോക്കിയപ്പോള്‍ അതിലും കഷ്ടം; നിറയെ ചപ്പു ചവറുകള്‍, ഒരു ഭാഗത്ത് രണ്ടു അമ്മൂമ്മമാര്‍ വസ്ത്രം അലക്കുന്നു, തൊട്ടപ്പുറത്ത് ചിലര്‍ കുളിക്കുന്നു. നാല് മൂലകളിലും പ്ലാസ്റ്റിക് കുപ്പികളും, മദ്യക്കുപ്പികളും, പ്ലാസ്റ്റിക് കവറുകളും, മറ്റു അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്നു. കുളത്തിന്‍റെ മറ്റു മൂന്നു വശങ്ങളിലും ശില്പ ചാതുര്യമുള്ള മുറികള്‍ ഉണ്ടായിരുന്നു. അവയില്‍ പോയി നോക്കിയപ്പോഴാണ് വൃത്തികെടിന്‍റെ അങ്ങേയറ്റം കണ്ടത്: എല്ലാത്തിലും മനുഷ്യന്‍റെ കാഷ്ടം മാത്രം. തലേന്ന് കുളം നന്നാക്കിയ ചില സാമൂഹിക പ്രവര്‍ത്തകര്‍ അപ്പികള്‍ക്ക് മുകളില്‍ എന്തോ മഞ്ഞപ്പൊടി വിതറിയതുകൊണ്ട് നാറ്റത്തിന്റെ തീവ്രത കാമറയില്‍പതിഞ്ഞില്ല.

നഗരത്തിലേക്കുള്ള യാത്രയുടെ തലേ ദിവസം; ആകെ വൃത്തികേടായി കിടക്കുന്ന താജ് ബാവ്ടി വൃത്തിയാക്കുന്ന ഫോട്ടോ ദി ബീജാപൂര്‍ സിറ്റി എന്ന വെബ്സൈറ്റില്‍ കണ്ടിരുന്നു. വലിയ സന്തോഷത്തോടെയാണ് ആ കുളം കാണാന്‍ പോയത്. പക്ഷെ ചെന്നപ്പോള്‍ കണ്ടത് അങ്ങേയറ്റം വൃത്തികേടായി കിടക്കുന്ന കുളമാണ്. ഒരു ദിവസം കൊണ്ടാണ് പഴയ വൃത്തികേടുകള്‍ വീണ്ടും കുളത്തില്‍ 'പുനര്‍ജനിച്ചു(?)' തുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത് കൊണ്ട് മാത്രം ഒരു സ്മാരകം വൃത്തിയായി കിടക്കില്ല എന്നതിനു ഇത് തെളിവാണ്.

ഗഗന്‍ മഹലിന് മുന്നിലെ കുളം
മറ്റൊരു പ്രധാന സ്മാരകമായ ഗഗന്‍ മഹലിന്റെ കഥ അതിദയനീയം. അതിനു മുന്നിലുള്ള കുളവും വൃത്തികെട്ടുനാറാന്‍ തുടങ്ങിയിരിക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രതിനിധി ആദില്‍ ശാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന, അയാള്‍ ഏറെ പുകഴ്ത്തിയ കൊട്ടാരത്തിന്‍റെ മുന്നിലുള്ള കുളത്തിന്‍റെ അവസ്ഥയും പരിതാപകരം.

ചന്ദാ ബാവ്ടി
ചന്ദാ ബവ്ടി നില്‍ക്കുന്നത് ഒരു ആശുപത്രിയോട്‌ ചേര്‍ന്നാണ്. ആ കുളം അടച്ചു പൂട്ടിട്ടിരിക്കുന്നു. എന്നിട്ടും അതില്‍ നിറയെ വൃത്തികേടുകള്‍. ഈ കുളങ്ങള്‍ ഒക്കെയും ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിക്കുന്നവ ആണെന്ന് ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു.

ജല സമൃദ്ധിയില്‍ കഴിഞ്ഞ ബീജാപ്പൂര്‍ ഇന്ന് ശുദ്ധജല ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാവുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ പക്ഷെ, അധികൃതര്‍ക്ക് താല്പര്യമില്ല. എച്ചില്‍ സ്മാരകങ്ങളുടെ നഗരമായി മാറിക്കൊണ്ടിരിക്കുന്നു, ഒരുപാട് സാധ്യതകള്‍ ഉള്ള ഈ ചരിത്രഭൂമി.

11/20/2013

മദ്ഹുകള്‍ പാടപ്പെടാത്ത സുല്‍ത്താന്മാരുടെ നാട്ടിലേക്ക് - 1

സൈനുദ്ധീന്‍ മഖ്ദൂം എഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന പുസ്തകം വഴിയാണ് ബീജാപൂരിനെ പറ്റി ആദ്യമായി കേള്‍ക്കുന്നത്തന്‍റെ പുസ്തകം അദ്ദേഹം സമര്‍പ്പിച്ചത് ബീജാപൂര്‍ സുല്‍ത്താന്‍ ആയിരുന്ന അലി ആദില്‍ഷാ ഒന്നാമനായിരുന്നു. ഒരു കാലത്ത് പ്രതാപശാലികളായിരുന്ന സുല്‍ത്താന്മാര്‍ ഭരിച്ച ബീജാപൂരിന്‍റെ ഇന്നത്തെ ദയനീയാവസ്ഥയെ കുറിച്ച് ഈയിടെ ഒരു ലേഖനം കാണാനിടയായപ്പോള്‍ ആ ചരിത്ര നഗരം സന്ദര്‍ശിക്കല്‍ അത്യാവശ്യമാണെന്ന് തോന്നി. ഞാന്‍ താമസിക്കുന്ന മുംബൈയില്‍ നിന്നും ഏകദേശം ഒരു രാത്രിയുടെ യാത്ര മതി ബീജാപ്പൂരിലെത്താന്‍. അധികൃതരുടെ കുറ്റകരമായ അനാസ്ഥയില്‍ അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന ഒരു നഗരം അങ്ങനെയാണ് എന്‍റെ കണ്മുന്നില്‍ അനാവൃതമാവുന്നത്. മുന്‍പ് ഇത്തരം ഒരു യാത്രയില്‍ എന്‍റെ കൂടെ ഉണ്ടായിരുന്ന ഹമീസുമൊത്ത് തകര്‍ന്നടിഞ്ഞ ആ നഗരത്തിലേക്ക് നടത്തിയ യാത്രക്കൊടുവില്‍ മനസ്സില്‍ അവശേഷിച്ചത് ഇത്തിരി വേദന മാത്രം.

യുഗങ്ങള്‍ക്കുമപ്പുറം ഒരു അഗ്നിപര്‍വത സ്ഫോടനത്തില്‍ ലാവ ഉറച്ചുണ്ടായ ഭൂമി. തുംഗഭദ്രയും കൃഷ്ണയും പരന്നൊഴുകുന്ന ഡക്കാണ്‍ സമതലം. പ്രാചീനകാലം തൊട്ടേ ഒട്ടേറെ രഥങ്ങള്‍ ഉരുണ്ടു ചോരപ്പുഴകള്‍ കീറിയ ഭൂമി. കരിമ്പും പരുത്തിയും വിളയുന്ന, ചാലൂക്യരും, സുല്‍ത്താന്മാരും, മറാത്താ പേഷ്വാമാരും, മുഗളരും, നൈസാമും മാറിമാറി ഭരിച്ച നാട്. വരണ്ടുണങ്ങിയ ഡക്കാണിന്‍റെ ഹൃദയഭാഗത്ത്‌  ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അസ്ഥിവാരമിട്ട ആദില്‍ ഷാഹി സുല്‍ത്താന്മാരുടെ സമൃദ്ധിയുടെ അവശിഷ്ടങ്ങള്‍ തേടി ഒരു യാത്ര.

ഹുസൈന്‍ സാഗര്‍ എക്സ്പ്രസ്സിന്‍റെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആന്ധ്രക്കാരുടെ സീറ്റ് തര്‍ക്കങ്ങള്‍ക്കിടയില്‍ മുംബൈയില്‍ നിന്നും സോലാപൂരിലേക്ക് ഒരു രാത്രി സഞ്ചാരം. പുലരുമ്പോള്‍ കണ്ണ് തുറന്നത് വരണ്ടുണങ്ങി ചെമ്പന്‍ പുല്ലുകള്‍ മൂടിയ ഡക്കാണിന്‍റെ കറുത്ത ഭൂമിയിലേക്ക്. സമയം തെറ്റി ഓടിയെത്തിയ ഹുസൈന്‍ സാഗറില്‍ നിന്നും സോലാപൂര്‍ സ്റ്റേഷനില്‍ ഇറങ്ങി ബീജാപൂരിലെക്കുള്ള പാസഞ്ചറില്‍ രണ്ടു മണിക്കൂര്‍ യാത്ര. എഞ്ചിന്‍ തകരാറായി ഏതാനും മണിക്കൂറുകള്‍ അപഹരിച്ച ഈ വണ്ടി അവസാനം കുണുങ്ങിക്കുണുങ്ങി ബീജാപൂര്‍ നഗരത്തില്‍ എത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പോര്‍ച്ചുഗീസ് നരാധമന്മാര്‍ക്കെതിരെ ആയുധമെടുക്കാന്‍ എന്‍റെ മുന്ഗാമികളോട് ആഹ്വാനം ചെയ്ത സൈനുദ്ധീന്‍ മഖ്ദൂമിനെയും അദ്ദേഹം വളരെയേറെ ബഹുമാനിച്ച ആദില്‍ശാഹി സുല്‍ത്താനെയും മനസ്സില്‍ ഓര്‍ത്തുകൊണ്ട്‌ സ്റ്റേഷന് പുറത്തിറങ്ങി. പോരാട്ട വീര്യത്തിന്റെയും കീഴടങ്ങാന്‍ കൂട്ടാക്കാത്ത വീറിന്റെയും പ്രതീകമായ ഡക്കാണിലെ പെണ്‍പുലി ആയിരുന്ന ചാന്ദ്ബീബിയുടെ അവസാന നിമിഷങ്ങള്‍ ഓര്‍മയിലേക്ക് ഓടിയെത്തി. സ്വന്തം പടയാളികളില്‍ ചിലര്‍ ചേര്‍ന്ന് ആ അമ്പതുകാരിയെ കൊലപ്പെടുത്തുമ്പോള്‍ ഇന്ത്യാ ചരിത്രത്തിലെ മറ്റൊരു പെണ്‍സിംഹത്തിന്‍റെ അന്ത്യം നടക്കുകയായിരുന്നു.

തകര്‍ന്നു കിടക്കുന്ന കോട്ട
ഇരുനൂറു വര്‍ഷം ബീജാപ്പൂര്‍ ഭരിച്ച ആദില്‍ശാഹികള്‍ തങ്ങളുടെ രാജ്യത്തെ നയിച്ചത് അതുല്യമായ ജീവിത നിലവാരത്തിലേക്കായിരുന്നു. ഒരു വൃത്തം പോലെ കിടക്കുന്ന ബിജാപ്പൂര്‍ നഗരത്തിനു ചുറ്റും പടുകൂറ്റന്‍ കോട്ടയും കെട്ടി അനേകം എടുപ്പുകള്‍ ഉയര്‍ത്തിയ ഡക്കാന്‍ സുല്‍ത്താന്മാരുടെ പ്രസിദ്ധി നാലുദിക്കുകളിലും പരന്നത് വളരെ പെട്ടെന്നായിരുന്നു.

ഇബ്രാഹിം റോസാ
കഥ: 1450-ല്‍ തുര്‍ക്കിയിലെ ഓട്ടോമന്‍ സുല്‍ത്താന്‍ ആയിരുന്ന മുറാദ് രണ്ടാമന്‍റെ മരണത്തോടെയാണ് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടാതെ പോയ ആദില്‍ ഷാഹി രാജവംശത്തിന്‍റെ കഥ തുടങ്ങുന്നത്. വിശാലമായ ഓട്ടോമന്‍ സാമ്രാജ്യത്തിന്‍റെ അധികാരം മെഹ്മദ് എന്ന മകന്‍ കയ്യടക്കുകയും മറ്റു സഹോദരങ്ങളെ കൊലചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ കൊട്ടാരത്തിലെ ഒരു അടിമയെ പകരക്കാരനാക്കിക്കൊണ്ട് യൂസുഫ് എന്ന രാജകുമാരനെ തന്‍റെ അമ്മ തന്ത്രപൂര്‍വ്വം രക്ഷപ്പെടുത്തി. യൂസുഫ് രാജകുമാരന്‍ എന്ന നവ 'അടിമയെ' അവര്‍ ഒരു പേര്‍ഷ്യക്കാരന് വില്‍ക്കുകയും ഡക്കാനിലെ പ്രധാനമന്ത്രി അയാളെ വാങ്ങുകയും അങ്ങനെ അയാള്‍ ബഹ്മാനി കൊട്ടാരത്തില്‍ എത്തുകയും ചെയ്യുന്നു. വെറും 'ഒരടിമ'യായ യൂസുഫ് പക്ഷെ തന്‍റെ അതുല്യമായ മിടുക്ക് കൊണ്ട് ബീജാപൂര്‍ പ്രവിശ്യയുടെ ഗവര്‍ണറായി നിയമിതനാവുന്നു.

മേത്തര്‍ മഹല്‍
ബഹ്മാനികള്‍ ക്ഷയിക്കുകയും പ്രവിശ്യകള്‍ ഓരോന്നായി സ്വതന്ത്ര രാഷ്ട്രങ്ങളാവുകയും ചെയ്തു തുടങ്ങുമ്പോള്‍ ബീജാപൂരിനെ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുകയും 1489-ല്‍ ബീജാപൂരിന്‍റെ സുല്‍ത്താനായി യൂസുഫ് ആദില്‍ ഷാഹി സ്വയം അവരോധിതനാവുകയും ചെയ്തു.

ഗഗന്‍ മഹല്‍/ബാരാകമാന്‍
അവിടെ നിന്നാണ് മറ്റൊരു നാടിനും അവകാശപ്പെടാനാവാത്ത കീര്‍ത്തി ബീജാപൂരിനു സ്വന്തമാവുന്നത്. 1686-ല്‍ ഔറംഗസീബ് പിടിച്ചടക്കുന്നത് വരെ ബീജാപൂര്‍ പൂര്‍ണ പ്രതാപത്തോടെ ജ്വലിച്ചു നിന്നു. നഗരത്തിനു ചുറ്റും ശക്തമായ ആര്‍കില്ല എന്ന കോട്ടയും ഫാറൂഖ് മഹല്‍ എന്ന കൊട്ടാരവും സുല്‍ത്താന്‍ യൂസുഫ് പണിതു. പേര്‍ഷ്യ, റോം, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും കവികളും കലാകാരന്മാരും ശില്‍പ്പികളും വന്നു. സുല്‍ത്താന്‍റെ പിന്മുറക്കാരും മോശക്കാരായിരുന്നില്ല. നഗരത്തിലുടനീളം ഇന്ന് കാണുന്ന തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ അതിനു തെളിവാണ്. ബീജാപൂരിന്‍റെ ജലസേചന സംവിധാനങ്ങള്‍ അങ്ങേയറ്റത്തെ എഞ്ചിനീയറിംഗ് പാടവം ആവശ്യമായവയായിരുന്നു.

താജ് ബാവ്ടി
ഇന്നോ: ബീജാപൂര്‍ ഒരു വരണ്ട നഗരം. തകര്‍ന്നടിഞ്ഞ കോട്ടയും പ്രതാപകാല കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും. ഇരുപതോളം എടുപ്പുകള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സംരക്ഷിത കെട്ടിടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, അതെഴുതി വെച്ച ബോര്‍ഡുകള്‍ പോലും ചുറ്റും മലവും മൂത്രവും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു സര്‍ക്കാര്‍ ഇത്രയധികം അവഗണന കാണിക്കുന്ന മറ്റൊരു സ്മാരകം ഇന്ത്യയില്‍ ഉണ്ടാകുമോ എന്ന് സംശയമാണ്. ദല്‍ഹി പോലെയോ ആഗ്ര പോലെയോ ഒക്കെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിക്കേണ്ട ബീജാപൂര്‍ ആര്‍ക്കുമറിയാതെ കിടക്കുന്നത് ഈ അവഗണന മൂലമാണ്. മാന്യമായ രീതിയില്‍ സംരക്ഷിച്ചാല്‍ ചിലവാക്കിയതിന്‍റെ മുതലും പലിശയും കൂട്ടുപലിശയും അടക്കം തിരിച്ചു കിട്ടാവുന്നത്ര സാധ്യതകള്‍ ഈ നഗരത്തിനുണ്ട്. പക്ഷെ, സര്‍ക്കാര്‍ ഈ നഗരത്തെ പകയോടെയാണ് നോക്കിക്കാണുന്നത്.


ആനന്ദ് മഹല്‍
വൃത്തിഹീനവും തകര്‍ന്നു തുടങ്ങിയതുമെങ്കിലും ഇവിടത്തെ എടുപ്പുകള്‍ ഇന്നും വിദേശികളടക്കം പലരെയും ആകര്‍ഷിക്കുന്നു. ചുമരുകള്‍, ചുറ്റുമതിലുകള്‍ എല്ലാം തകര്‍ന്നു തുടങ്ങിയിരിക്കുന്നു. ചിലതൊക്കെ തകര്‍ന്നു കഴിഞ്ഞു. കൊത്തുപണികള്‍ ചെയ്തു വെച്ച കല്‍പ്പലകകള്‍ അടര്‍ന്നു വീണു തുടങ്ങിയിരിക്കുന്നു. വൃത്തിയാക്കാനും മറ്റും തൊഴിലാളികള്‍ ഉണ്ടെങ്കിലും പലരും ആ വഴിക്ക് തന്നെ വരുന്നില്ല. മറ്റു ചിലരാകട്ടെ പുല്ലും ചപ്പു ചവറും അടിച്ചു കൂട്ടി ഗാര്‍ഡനിലെ ചെടികള്‍ക്കിടയില്‍ തന്നെ നിറക്കുന്നു! മിനാരങ്ങള്‍ പൊട്ടിത്തുടങ്ങിയിരിക്കുന്നു. കോട്ടയുടെ ചുമരുകള്‍ കുത്തിപ്പൊളിച്ച് റോഡുണ്ടാക്കിയിരിക്കുന്നു. അതെ, ബീജാപ്പൂരിന്‍റെ പൈതൃകം മൃതിയടയാന്‍ പോകുന്നു. സര്‍ക്കാര്‍ ഈ ചരിത്ര ഭൂമിയെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. വിവരമില്ലാത്ത നാട്ടുകാര്‍ അതിനു ആക്കം കൂട്ടുകയും ചെയ്യുന്നു!

6/12/2013

ചരിത്രം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ഒരു സിംഹക്കുട്ടിയുടെ കഥ

ഷേര്‍ അലി
1871 സെപ്തംബര്‍ 20; കല്‍ക്കട്ടയിലെ ചീഫ് ജസ്റ്റിസ് നോര്‍മന്‍ കൊല്ലപ്പെട്ടു. പ്രതി അബ്ദുള്ള എന്ന ഒരു വഹാബി അനുഭാവി ആയിരുന്നു. വഹാബിസം ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. കല്‍ക്കട്ടയില്‍ നിന്ന് തിരിക്കുമ്പോള്‍ അന്നത്തെ വൈസ്രോയ് മേയോ പ്രഭു പ്രഖ്യാപിച്ചു: "വഹാബിസത്തെ ഞാന്‍ തകര്‍ത്ത് തരിപ്പണമാക്കും". ആ കാലഘട്ടത്തില്‍ നിരവധി ബ്രിട്ടീഷ് ഓഫീസര്‍മാര്‍ വഹാബി വിപ്ലവകാരികളുടെ കയ്യാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രക്തസാക്ഷി പരിവേഷം ചാര്‍ത്തപ്പെടാതെയിരിക്കാന്‍ അവര്‍ ഈ വീര പുരുഷന്മാരെ കത്തിച്ചു ചാരം പുഴകളില്‍ ഒഴുക്കിക്കളഞ്ഞു. പക്ഷെ വീരപരിവേഷം കൊതിക്കാത്ത പോരാളികള്‍ തങ്ങളുടെ പോരാട്ടം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വഹാബി ചിന്തകള്‍ നെഞ്ചിലേറ്റി നടന്ന പണ്ഡിതരും ജനങ്ങളുമാണ് ആയിരത്തി എണ്ണൂറ്റി അമ്പത്തേഴിലെ കലാപത്തിനു കാരണക്കാര്‍ എന്ന് ബ്രിട്ടീഷ് ഗവണ്മെന്‍റ് പ്രഖ്യാപിച്ചു. വഹാബിസം തകര്‍ക്കേണ്ടത് കൊളോണിയലിസത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു. നിരവധി വഹാബി പണ്ഡിതരും അനുയായികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളിലായി. ഒരു പാട് പേരെ കൊളോണിയല്‍ സര്‍ക്കാര്‍ കൊന്നു കളഞ്ഞു.

1869-70 കാലങ്ങളില്‍ നിരവധി വഹാബി പ്രസ്ഥാനപ്രവര്‍ത്തകര്‍ ആന്തമാനിലെ ജയിലുകളില്‍ വന്നടിഞ്ഞുകൊണ്ടിരുന്നു. ബ്രിട്ടീഷ് എഴുത്തുകാര്‍ വഹാബികളെ മതഭ്രാന്തന്മാരായി ചിത്രീകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. സര്‍ക്കാര്‍ രേഖകളും പത്ര-മാധ്യമങ്ങളും വഹാബികളെ തീവ്രവാദികളായി ചിത്രീകരിച്ചു. അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ ഉയിര്‍ക്കൊണ്ട പ്രസ്ഥാനം അങ്ങനെ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യ സമരം മര്‍ദ്ദക സര്‍ക്കാര്‍ അടിച്ചമര്‍ത്തി. 1857 സെപ്റ്റംബര്‍ ആവുമ്പോഴേക്കും ദല്‍ഹി ഒരു പ്രേത നഗരം പോലെ ആയിക്കഴിഞ്ഞിരുന്നു. മുഗള്‍ രാജാവ് ബഹദൂര്‍ഷായെ റംഗൂണിലേക്ക് നാടുകടത്തി.  ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ട പേരുകള്‍ പലതും നൂറ്റാണ്ടിനിപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രകാരന്മാര്‍ ക്രൂരമായി തമസ്ക്കരിച്ചു.

വഹാബി അനുഭാവി ആണെന്ന് തോന്നുന്നവരെ മൊത്തം കൊലപ്പെടുത്തുകയും പീഡന മുറകള്‍ക്ക്‌ ഇരകളാക്കുകയും ചെയ്യുന്നത് പല ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്കും വിനോദമായിക്കഴിഞ്ഞിരുന്നു. ക്രൂരതയുടെ പര്യായമായിരുന്ന ഡോക്ടര്‍ വാക്കറുടെ നേതൃത്വത്തില്‍ 1858-ല്‍ 200 പേര്‍ അടങ്ങുന്ന ആദ്യത്തെ സംഘം തടവുകാര്‍ കാലാപാനിയില്‍ കപ്പലിറങ്ങി. തടവുപുള്ളികളെ അവരുടെ സ്വഭാവത്തിനും സാഹചര്യങ്ങല്‍ക്കുമനുസരിച്ചു ആറു ഗ്രൂപ്പുകളാക്കി തിരിച്ചു. ഏറ്റവും മോശം തടവുകാരെ പാര്‍പ്പിച്ചിരുന്നത് വൈപ്പര്‍ ദ്വീപിലായിരുന്നു. പാറ്റ്നയിലെയും ലാഹോറിലെയും തങ്ങളുടെ കേന്ദ്രത്തിലിരുന്നു ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത നിരവധി വഹാബി പണ്ഡിതര്‍ ആന്തമാനിലെ ആ കൊച്ചു ദ്വീപില്‍ കിടപ്പുണ്ടായിരുന്നു.
വൈപ്പര്‍ജയില്‍, ആന്തമാന്‍
ആയിടക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയ് മേയോ പ്രഭുവിന് ഒരു മോഹം; തന്‍റെ ഭരണ പരിഷ്ക്കാരങ്ങള്‍ ഒക്കെ ഒന്ന് നേരിട്ട് വിലയിരുത്തണം! മേയോയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് ജയിലുകള്‍ നവീകരിച്ചു കൊണ്ടിരുന്ന സമയമായതു കൊണ്ട് ആന്തമാനിലെ കുപ്രസിദ്ധമായ ജയിലുകളും ഒന്ന് കണ്ടേക്കാം എന്ന് തോന്നി. ആന്തമാനിലെക്ക് പുറപ്പെടും മുമ്പെഴുതിയ തന്‍റെ അവസാന കത്തിലും പക്ഷെ, ബിട്ടീഷ് സര്‍ക്കാര്‍ വഹാബികളില്‍ നിന്നും നേരിടുന്ന ഭീഷണിയെ കുറിച്ചാണ് അയാള്‍ ബേജാറായിരുന്നത്. ദേശാഭിമാനം കൊണ്ട് സ്വന്തം ജീവനില്‍ പോലും കൊതി നഷ്ടപ്പെട്ടിരുന്ന വഹാബി തടവുകാരുടെ ഇടയിലേക്കാണ് താന്‍ പോകുന്നതെന്ന കാര്യം മേയോ പ്രഭു ഒരിട മറന്നിരിക്കണം.

വൈസ്രോയിയുടെ സന്ദര്‍ശനം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ചിലരെങ്കിലും തങ്ങളെ വൈസ്രോയ് തടവില്‍ നിന്നും മോചിപ്പിക്കും എന്ന് സ്വപ്നം കണ്ടു. പക്ഷെ, ശത്രു ഒരിക്കലും കരുണ കാണിക്കില്ല എന്നറിയാമായിരുന്ന ഒരാള്‍ ഒറ്റക്ക് ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. പെഷവാറില്‍ നിന്നുള്ള ഒരു പത്താനി: ഷേര്‍ അലി, അതായിരുന്നു അയാളുടെ പേര്. പേര്പോലെ തന്നെ താന്‍ ഒരു സിംഹക്കുട്ടി ആണെന്ന് അയാള്‍ തെളിയിക്കാന്‍ പോവുകയായിരുന്നു. നാടുകടത്തപ്പെട്ട് ആന്തമാനില്‍ ബാര്‍ബര്‍ ജോലി ചെയ്തു വന്ന ആ മനുഷ്യന്‍ അന്ന് തന്‍റെ കൂട്ടുകാരായ, ഹിന്ദുക്കളും മുസ്ലിംകളും അടങ്ങുന്ന തടവ്‌ പുള്ളികള്‍ക്ക് മധുരം വിതരണം ചെയ്തു. തന്‍റെ അത് വരെ ഉള്ള സമ്പാദ്യം മൊത്തം ഇതിനായി അയാള്‍ ചെലവഴിച്ചു. ഇതെല്ലാം പക്ഷെ ഒരു മനുഷ്യന്‍റെ മരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു എന്ന കാര്യം ആര്‍ക്കും മനസ്സിലായില്ല! എല്ലാവരും മധുരം കഴിച്ചു സന്തോഷത്തോടെ ഇരിക്കുമ്പോള്‍ വൈപ്പര്‍ ദ്വീപിലെ ഹാരിയറ്റ് കുന്നിന്‍ ചെരുവില്‍ ആ മനുഷന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

മേയോ പ്രഭു കൊല്ലപ്പെട്ട സ്ഥലം
1872 ഫെബ്രുവരി എട്ട്: സമയം ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. അതീവ സുരക്ഷയുള്ള, അനേകം സുരക്ഷാ ഭടന്മാരാല്‍ വലയം ചെയ്യപ്പെട്ട മേയോ പ്രഭുവും പരിവാരങ്ങളും കുന്നിറങ്ങി വരുമ്പോള്‍ താഴെ ഹോപ്‌ടൌണ്‍ ബോട്ട് ജെട്ടിക്കടുത്തുള്ള പാലത്തിനരികെ ഷേര്‍ അലി പതുങ്ങിയിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒറ്റക്ക് പതുങ്ങിയിരുന്ന്‍ മാന്‍കൂട്ടത്തിലേക്ക് ചാടി വീണാക്രമിക്കുന്ന ഒരു സിംഹത്തെ പോലെ, തന്‍റെ അടുത്തെത്തിയ മേയോ പ്രഭുവിന്‍റെ മേല്‍ അയാള്‍ ചാടി വീണു. കയ്യില്‍ ഭദ്രമായി വെച്ച ആ കത്തി രണ്ടുപ്രാവശ്യം വൈസ്രോയിയുടെ പുറം പിളര്‍ന്ന് അകത്തേക്ക് കയറി. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വൈസ്രോയ് മരിച്ചു വീണു.

ആരാണ് ഈ കൊല നടത്താന്‍ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന്  "ദൈവം പറഞ്ഞാണ് ഞാന്‍ മേയോയെ കൊലപ്പെടുത്തിയത്" എന്നായിരുന്നു ഷേര്‍ അലിയുടെ മറുപടി!

1873 മാര്‍ച്ച് 11: കൊലക്കയര്‍ തയ്യാറായി നില്‍ക്കുന്നു. അതീവ സംതൃപ്തമായ മുഖത്തോടെ ഷേര്‍ അലി തൂക്കുമരത്തില്‍ കയറി, തൂക്കു കയര്‍ ചുംബിച്ചു. എന്നിട്ട് പറഞ്ഞു: "വൈസ്രോയിയെ കൊല്ലാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് ഇതുതന്നെയായിരുന്നു! സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളുടെ ശത്രുവിനെ കൊന്നു കളഞ്ഞിരിക്കുന്നു. ഞാന്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ആണെന്നതിന് നിങ്ങള്‍ സാക്ഷികളാണ്." തൂക്കുകയറില്‍ തൂങ്ങിയാടുമ്പോള്‍ ശഹാദത്ത് കലിമ രണ്ടു പ്രാവശ്യം ഉറക്കെ ഉയര്‍ന്നു കേട്ടു. മൂന്നാമത്തേത് പാതി വഴിയില്‍ മുറിഞ്ഞു പോയി. ആ ഏതാനും മിനുട്ടുകളില്‍ ഷേര്‍ അലിയുടെ ആത്മാവ് പരലോകം പൂകി.

കാലങ്ങള്‍ക്കിപ്പുറം, ഏതോ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓഫീസറുടെ മുഖത്തടിച്ചവനും തുപ്പിയവനും തെറി വിളിച്ചവനും വരെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരന്മാരുടെ സ്ഥാനം പിടിച്ചുപറ്റി. അവരുടെ ചരിത്രം പിന്നീട് വന്ന തലമുറകള്‍ വീര കഥകള്‍ പോലെ പാടി നടന്നു. സ്മാരകങ്ങളും പാര്‍ക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരുടെ പേരില്‍ ഉയര്‍ന്നു വന്നു.  സിനിമകളും നാടകങ്ങളും കഥാ പ്രസംഗങ്ങളും നോവലുകളും അവരുടെ അപദാനങ്ങള്‍ പാടി നടന്നു.  ഭഗത്സിംഗും ഉദ്ദംസിംഗും മംഗള്‍പാണ്ടെയും ചരിത്രത്തില്‍ വീര പുരുഷന്മാരായി.  പക്ഷെ, ഇന്ത്യയുടെ നാലാമത്തെ വൈസ്രോയ് മേയോ പ്രഭുവിന്‍റെ ഘാതകന്‍ ചരിത്രത്തില്‍ നിന്നും തമസ്ക്കരിക്കപ്പെട്ടു.

ഷേര്‍ അലിയും അബ്ദുള്ളയും ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെട്ടു. ഷേര്‍ അലിയെ രാജ്യം മറന്നു. രാജ്യസ്നേഹം മതവിശ്വാസത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി കണ്ട, അങ്ങനെ തന്നെ ജീവിച്ച, രാജ്യത്തിന്‌ വേണ്ടിയുള്ള രക്തസാക്ഷിത്വം മതത്തില്‍ ഏറ്റവും വലിയ പുണ്യകര്‍മമായി കണ്ട അബ്ദുള്ളയും ഷേര്‍ അലിയും പേരുകള്‍ എഴുതപ്പെടാതെ പോയ മറ്റനേകം വഹാബി പ്രസ്ഥാന നായകരും പിന്നെയും അനേകം പേരും ഇന്ന് ഈ രാജ്യത്തിന്‍റെ വീരപുത്രന്മാരല്ല! വൈപ്പര്‍ ദ്വീപിലെ ഒരു മൂലയില്‍, ഷേര്‍ അലിയെ തൂക്കിക്കൊന്നിടത്ത് എഴുതി വെച്ച ഒരു ഫലകം മാത്രമാണ് ആ ധീരന് നമ്മുടെ നാട് ബാക്കി വെച്ചത്. ആന്തമാനിലെ ചരിത്ര മ്യൂസിയത്തില്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ഫോട്ടോ കാണാം. പക്ഷെ ആ ഫോട്ടോയുടെ കൂടെയുള്ള കുറിപ്പില്‍ ഷേര്‍ അലിയെ പറ്റി അല്ല, മേയോ പ്രഭുവിനെയാണ് ഏറെ പറയുന്നത് എന്നത് ചരിത്രത്തിലെ അനേകം വിരോധാഭാസങ്ങളില്‍ ഒന്ന് മാത്രം!

Ref:-
1. The Assassination of Lord Mayo: The 'First' Jihad?, Helen James, International Journal of Asia Pacific Studies(IJAPS), Vol.5, No. 2, (July 2009).
2. http://islamicvoice.com/
3. http://www.andaman.org/
4. http://www.hindu.com/thehindu/features/andaman/stories/2004081500270300.htm
5. http://www.andamantourism.in/andamans-history-india.html