5/29/2012

മലയാള ലിപി: ആശങ്കകള്‍ അസ്ഥാനത്ത്

മംഗ്ലീഷ് കൊണ്ട് മരിക്കില്ല മലയാളം എന്ന കുറിപ്പിന് ശേഷം നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കുറിപ്പ്.

ഏതൊരു ഭാഷയും പോലെ മലയാള ഭാഷ മലയാളിയുടെ സംസ്കൃതിയും ചരിത്രവുമായി കൂടിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല. മലയാളികള്‍ മംഗ്ലീഷ് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ ആംഗലേയ ലിപിയില്‍ മലയാളം എഴുതുമ്പോള്‍ മലയാളത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇതിനുള്ള ഉത്തരം ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, മലയാളം മരിക്കുന്നേയ് എന്ന നിലവിളിയാണ്‌.

അതുകൊണ്ട് ഈയൊരു ഭയം നാം വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?. ആംഗലേയ ലിപിയില്‍ മലയാളം എഴുതുന്നത്‌.. അമ്മമാര്‍/അച്ഛന്മാര്‍ കുട്ടികളോട് മലയാളത്തിനു പകരം ഇംഗ്ലീഷില്‍ സംസാരിക്കുന്നത്.ഇവയല്ലേ നമ്മുടെ 'ഭാഷാ പ്രേമികള്‍' കണ്ടുപിടിച്ച പ്രധാന ലക്ഷണങ്ങള്‍? ഇതിനു പുറത്തു മറ്റെന്താണ്‌ ഉള്ളത്?


നമ്മുടെ ഭാഷാ സ്നേഹികളുടെ ഭയം പ്രകാരം മലയാളത്തിനു മൂന്ന് തരം മാറ്റങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഭാഷയുടെ വാമൊഴി നിലനില്‍ക്കുകയും ലിപി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് ഒന്ന്. ഭാഷയുടെ വാമൊഴിയില്‍ അന്യഭാഷാ പദങ്ങള്‍ കടന്നു വരികയും ഒപ്പം, വരമൊഴി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഭാഷയുടെ ലിപിയില്‍ മാറ്റം വരാതെ വാമൊഴി മാത്രം അന്യഭാഷാ പദങ്ങള്‍ കൊണ്ട് നിറയുന്നതാണ് മൂന്നാമത്തേത്.


ഇന്ന് മലയാളികളില്‍ കാണുന്ന മാറ്റങ്ങളെ മേല്പറഞ്ഞ പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കാര്യങ്ങളുടെ പോക്ക് ഏതാണ്ട് പിടികിട്ടും.


മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലും മറ്റും മംഗ്ലീഷ് ടൈപ്പ്‌ ചെയ്യുന്നതാണ് ഒരു മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ഒന്നാമത്തെ ലക്ഷണം. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭയപ്പെടേണ്ട പ്രശ്നമേ അല്ല. കൂടുതല്‍ എളുപ്പമുള്ള വഴി ആളുകള്‍ തിരഞ്ഞെടുക്കുന്നു എന്നേ ഉള്ളൂ.ഒരു ഭാഷയെ, താല്‍ക്കാലികമായി മറ്റൊരു ഭാഷയില്‍ ഉപയോഗിച്ചുവരുന്ന ലിപി വഴി രേഖപ്പെടുത്തുമ്പോള്‍ എന്താണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത്? പാരമ്പര്യമോ, സംസ്കാരമോ അതോ ചരിത്രമോ? ഞാനീ കുറിപ്പ്‌ എഴുതുന്നതും മംഗ്ലീഷിലാണ്. ഭാഷയ്ക്ക്‌ വേണ്ടി 'മുറവിളി' കൂട്ടുന്നവരും മിക്കപ്പോഴും ഉപയോഗിക്കുന്നത് മംഗ്ലീഷ് തന്നെ. അമ്പത്തിയാറു അക്ഷരങ്ങള്‍ വെച്ച് മലയാളം ടൈപ്പ്‌ ചെയ്യുന്ന രീതി പണ്ടേ നിലവിലുള്ളതാണെന്നു എനിക്കും നിങ്ങള്‍ക്കും അറിയാം. പിന്നെ എന്ത് കൊണ്ട് നാം മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്നു? ഈ മെത്തേഡ് എളുപ്പമായത് കൊണ്ട് തന്നെ!
'ഭാഷാ സ്നേഹികള്‍' ഭയപ്പെടുന്ന ഒരു കാലം വന്നു എന്ന് കരുതുക. ആ കാലത്ത് എല്ലാ മലയാളികളും, മലയാള ലിപിയേക്കാള്‍ ഇംഗ്ലീഷ്‌ ലിപി ഇഷ്ടപ്പെടുന്നവരാണ് എന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ എന്തായിരിക്കും അവസ്ഥ? ആളുകള്‍ മലയാളത്തില്‍ സംസാരിക്കുന്നു, പക്ഷെ എഴുത്ത് ആംഗലേയ ലിപിയില്‍. ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ തന്നെ അത് നമ്മുടെ സംസ്ക്കാരത്തെയും മൂല്യങ്ങളെയും ഏത് തരത്തിലാണ് ജീര്‍ണ്ണിപ്പിക്കാന്‍ പോകുന്നത്? ചരിത്രം രേഖപ്പെടുത്തലിനെ എങ്ങനെയാണ് ബാധിക്കുന്നത്? ഇവിടെ അത്തരം ഒരു പരിഷ്കരണം വേണമെന്നല്ല പറയുന്നത്,
ലിപി രൂപപ്പെടുത്തി എടുക്കാന്‍ നടത്തിയ അധ്വാനം വളരെ വിലപ്പെട്ടതാണ്. ആ മുന്‍ഗാമികളെ നാം ആദരിക്കുന്നു. പക്ഷെ ആ ആദരവ് ആരാധനയാവുകയും ലിപിയുടെയും ഭാഷയുടെയും പരിണാമത്തിന്റെ കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തികഞ്ഞ യാഥാസ്ഥിതികതയാണ്. അത് നമ്മുടെ സംസ്ക്കാരത്തിന്റെ മുരടിപ്പിന് മാത്രമേ ഉപകാരപ്പെടൂ. ഭാഷയും സംസ്ക്കാരവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അംഗീകരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനാവുക? നമ്മുടെ സംസ്ക്കാരത്തിന്‍റെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിക്കഴിഞ്ഞു എന്നാണോ ഇവര്‍ പറഞ്ഞു വരുന്നത്? മലയാള ലിപി വിവിധ ദശകള്‍ പിന്നിട്ട് ഇന്നെത്തി നില്‍ക്കുന്നത്, കുരങ്ങന്‍ പരിണമിച്ചു മനുഷ്യനില്‍ എത്തി നില്‍ക്കുന്നത് പോലെയാണെന്ന് പറയുന്നു. പരിണാമ വാദം അംഗീകരിച്ചാല്‍ തന്നെ, മനുഷ്യ ജന്മം പരിണാമത്തിന്റെ പാരമ്യതയാണെന്നു ആരെങ്കിലും വാദിച്ചാല്‍ അത് വെറും ഒരു വാദം മാത്രമേ ആവുകയുള്ളൂ. അതെ പോലെ മലയാള ലിപിയുടെ പരിണാമം ഇപ്പോള്‍ പാരമ്യത്തിലാണ് എന്ന വാദം, മലയാളത്തിന്‍റെ മുരടിപ്പിലേക്ക് നയിക്കും. ഒരു ഭാഷയുടെ മാത്രം കാര്യത്തിലല്ല, എല്ലാ കാര്യങ്ങളിലും ഇത്തരം യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നത് അവര്‍ അപ്പോള്‍ ഉള്ള അവസ്ഥ പരിപൂര്‍ണമാനെന്നും എന്ത് തരം മാറ്റവും ആ സംഗതിയുടെ അപചയത്തിലേക്ക് നയിക്കും എന്നുമാണ്.അത് കൊണ്ട് ഇവിടെ ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രയുമാണ്: 'ലിപിയില്‍ ചില മാറ്റങ്ങള്‍ വരുന്നതോ ചില പ്രത്യേക സാഹചര്യങ്ങളില്‍ മംഗ്ലീഷ് ടൈപ്പിംഗ് നടത്തുന്നതോ മലയാളത്തെ നശിപ്പിക്കാന്‍ പോകുന്നില്ല. നമ്മുടെ സംസ്ക്കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ പോകുന്നില്ല'.
ഇവിടെ പ്രസക്തമായ ഒരു സംഭവം ഞാന്‍ പറയട്ടെ. എന്‍റെ കുടുംബത്തില്‍ നാലഞ്ചു തലമുറകള്‍ക്ക് മുമ്പ് ഒരു ഉപ്പാപ്പ പണിത തറവാട്ടു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പുതിയ വീട് പണിത് എല്ലാവരും അതിലേക്കു താമസം മാറ്റി. പഴയ വീട് പൊളിച്ചു നല്ല വസ്തുക്കളെല്ലാം ഉപയോഗപ്പെടുത്തുകയും ഉപയോഗയോഗ്യമല്ലാത്തവ ഒഴിവാക്കുകയും ചെയ്യും എന്ന് സ്വാഭാവികമായും ഞങ്ങളൊക്കെ കരുതി. പക്ഷെ അപ്പോഴാണ് വല്യുപ്പ പറയുന്നത് ആ വീട് പൊളിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. വലിയ വീട്, നിറയെ മരം. അതില്‍ താമസിക്കാനും ആളില്ല, അത് പൊളിക്കാനും പാടില്ല! അങ്ങനെ ആ വീട് നശിക്കാന്‍ തുടങ്ങി. കുട്ടികളായ ഞങ്ങള്‍ വല്യുപ്പയോടു ചോദിച്ചു എന്തിനാണ് ഉപ്പാപ്പ ഇങ്ങനെ ഒരു വഖഫ്‌ എഴുതി വെച്ചത്? അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവായി. തറവാട് നമ്മുടെ അഭിമാനത്തിന്‍റെ പ്രതീകമാണ്. അത് പൊളിക്കാന്‍ പാടില്ല, എത്ര വര്ഷം കഴിഞ്ഞാലും! കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കാണ് അവിടെ താമസിക്കാന്‍ അധികാരം. അത് മാത്രമല്ല, തറവാട്‌ വീട്ടിനു ചുറ്റും നിശ്ചിത പറമ്പ് അവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. വീട്ടില്‍ എന്നും യാസീന്‍ ഓതാന്‍ മൊല്ലാക്കയെ ഏര്‍പ്പാട്‌ ചെയ്യണം. മൊല്ലാക്കക്ക് ഒരു കണ്ടം പാടത്ത് നിന്നുള്ള മുഴുവന്‍ നെല്ലും വഖഫ്‌ ചെയ്തു വെച്ചിരിക്കുന്നു! ഒരു അണുവിട വ്യത്യാസമില്ലാതെ, ആദിയില്‍ തറവാട് വീട് കെട്ടിയ ഉപ്പാപ്പയുടെ അതേ വികാരം തന്നെ അല്ലെ നമ്മുടെ ഇപ്പോഴത്തെ 'ഭാഷാ പ്രേമികളെ' നയിക്കുന്നത്? കൂട്ടത്തില്‍ പറയട്ടെ, ആ വീട് നശിച്ചു കൊണ്ടിരിക്കെ തറവാട്ടിലെ 'ബുദ്ധിയുള്ള' ചിലര്‍ പടിപ്പുരയിലുള്ള, തേക്കില്‍ തടിയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ ആന വാതിലടക്കം ഓരോന്നായി മരസാമഗ്രികള്‍ ഊരിയെടുത്തു പോകാന്‍ തുടങ്ങി. തനി യാഥാസ്ഥിതികനായ വല്യുപ്പാക്ക് അതും കിട്ടിയില്ല! വീട് ആ പ്രദേശത്തെ കള്ളുകുടിയന്മാരും തോന്നിവാസികളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടും അവിടേക്ക് കാര്യമായി ശ്രദ്ധിക്കാന്‍ ആരും ഉണ്ടായില്ല. അവസാനം കാരണവന്മാര്‍ എല്ലാവരും ചേര്‍ന്ന് വഖ്ഫിനു വിരുദ്ധമായി വീടും അതിലെ ഉരുപ്പടികളും വീതിച്ചെടുത്തു. തികഞ്ഞ സാത്വികനായ വല്യുപ്പ അതില്‍ നിന്നും ഒരു മങ്കട്ട പോലും സ്വീകരിച്ചില്ല. മാറ്റങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമ്പോള്‍ ഈ തറവാടിന്‍റെ കഥ എല്ലാവരും ഓര്‍ക്കുക.ലിപിയെ ഒരു ഇരുമ്പുലക്കയാക്കുന്നവര്‍ക്ക് ഈ കഥ, സ്വന്തം സംസ്ക്കാരത്തിന്‍റെ 'വില' മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത പുതു തലമുറയുടെ പുലമ്പലായാണ് തോന്നുക. പാരമ്പര്യവും ഭാഷയും മനുഷ്യന് വേണ്ടിയുള്ളതാണ്, വരും തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ മനുഷ്യന്‍ അവക്ക് വേണ്ടി അല്ല എന്ന് ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തറവാട് മനുഷ്യന് വേണ്ടി ഉള്ളതാണ്, അല്ലാതെ മനുഷ്യന്‍ തറവാടിനു വേണ്ടി അല്ല.

ഇനി ഒരാള്‍ മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത്, അക്ഷരങ്ങള്‍ ആംഗലേയ ലിപിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സിസ്റ്റം ഉപയോഗിക്കുന്നു എന്ന് കരുതുക. സാധാരണ മൊബൈല്‍ ഫോണുകളില്‍ അയക്കുന്ന മെസേജ് ഉദാഹരണം: 'അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍ കെട്ടിട നിര്‍മ്മാണ വിദഗ്ധര്‍ ആണ്' എന്ന വാചകം മംഗ്ലീഷില്‍ എഴുതുമ്പോള്‍ ഇങ്ങനെയാവും; 'adutta veettile puthiya thaamasakkar kettidanirmmaana vidagdhar aanu'. ഈ രണ്ടു സംഗതികളില്‍ ഏതാണ് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്? തീര്‍ച്ചയായും ആദ്യത്തേത് തന്നെ! അപ്പോള്‍ എത്ര വലിയ 'ഭാഷാ വിരോധി' ആണെങ്കിലും അവസരമുണ്ടെങ്കില്‍ആദ്യത്തെ ഉദാഹരണത്തിലെ മെത്തേഡ്‌ തന്നെയാണ് ഉപയോഗിക്കുക. അവസരമില്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വഴി സ്വീകരിക്കുന്നത് എന്നര്‍ത്ഥം. അവസരമുണ്ടായിട്ടും രണ്ടാമത്തെ വഴി നാം സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം നമ്മുടെ ലിപി കോംപ്ലിക്കേറ്റഡ് ആണെന്നും അത് ലഖൂകരിക്കണം എന്നും ആണ്. അപ്പോള്‍ ലിപി പരിഷ്കരണം ആവാം. സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ലിപി പരിഷ്കരണത്തെ 'മലയാളം മരിക്കുന്നേ' എന്ന മുറവിളി കൊണ്ട് തടയാന്‍ ശ്രമിക്കുന്നതിന് പകരം ആ ആവശ്യം മനസ്സിലാകുകയും അതിനു പരിഹാരം കാനുകയുമാണ് വേണ്ടത്. ഭയം മാറി വെച്ച് ലിപിയില്‍ ചില പരിഷ്കരണങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നിര്‍മ്മാണപരമാവുന്നു. മറിച്ച് നമ്മുടെ സംസ്ക്കാരം ഇതാ തകരാന്‍ പോകുന്നേ എന്ന് നിലവിളിച്ചാല്‍ അത് വെറും യാഥാസ്ഥിതികത മാത്രമാവുന്നു, സംസ്ക്കാര സംരക്ഷണം ആകുന്നില്ല. ഇത്തരം യാഥാസ്ഥിതികത, ആ ഭയം ഒരു യാഥാര്‍ത്ഥ്യമായി മാറുന്നതിലേക്ക് വഴി വെക്കുകയേ ഉള്ളൂ.

മറിച്ചു ഭാവനയുടെ അങ്ങേയറ്റത്ത് കിടക്കുന്ന ഒരു സാധ്യതപോലും ഉണ്ടാക്കുന്നത്‌ അത്ര വലിയ ആഘതമല്ല എന്നാണ്.

തുര്‍ക്കിയില്‍ നടന്ന ലിപി പരിഷ്കരണം നാമൊക്കെ കണ്ടു.ആ ഒരു പരിഷ്കരണം കൊണ്ട് പ്രത്യേകമായി എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായോ?മലയാളം അറിയാത്ത ആദ്യകാല മാപ്പിള സാഹിത്യകാരന്മാര്‍ മലയാളത്തെ അറബി ലിപിയില്‍ എഴുതിയത് കൊണ്ട് എന്ത് നഷ്ടമാണ് മലയാളഭാഷക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ളത്? ഇന്ന് അതിനെ അറബി-മലയാള ഭാഷ എന്ന് പേരിട്ടു അരികുവല്‍ക്കരിച്ചതു കൊണ്ട് അത് മലയാളം അല്ലാതായിത്തീരുമോ? മോയിന്‍ കുട്ടി വൈദ്യര്‍ക്ക് ഉണ്ടായിരുന്നത് കേരളത്തിന്‍റെ സംസ്ക്കാരവും ചരിത്രബോധവും പാരമ്പര്യവും തന്നെ ആയിരുന്നില്ലേ? ഇനി കേരളീയം എന്നത് കൊണ്ട് 'ഭാഷാ പ്രേമികള്‍' ഉദ്ദേശിക്കുന്നത് ഹൈന്ദവം എന്നാണോ? ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കാര്യത്തില്‍ വിശാലമായ ഒരു സമീപനം ഉണ്ടാക്കാന്‍ എന്തുകൊണ്ട് ശ്രമങ്ങള്‍ നടക്കുന്നില്ല?

No comments:

Post a Comment