1/11/2016

മോട്ടോര്‍സൈക്കിള്‍ കുറിപ്പുകള്‍ - 2b

കാവേരിയുടെ കൈവഴികള്‍ പിരിഞ്ഞു പിരിഞ്ഞു പലവഴിയിലൂടെ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന കാവേരി ഡെല്‍റ്റ. അതിന്‍റെ ഒരറ്റത്ത് കാരൈക്കല്‍ പട്ടണത്തില്‍ അവളുണ്ടാക്കിത്തരുന്ന ഭക്ഷണവും കഴിച്ച് രണ്ടു നാള്‍ പൂര്‍ണ വിശ്രമം. ചൊവ്വാഴ്ച്ച: രാത്രി ആവുമ്പോഴേക്കും യാത്രയുടെ അടുത്ത ഘട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. വീട്ടിലേക്കുള്ള യാത്രയില്‍ അവളും കൂടെ പോരുന്നുണ്ട്. ആദ്യ ഘട്ടത്തിലെയെന്ന പോലെ തോളില്‍ ഇടുന്ന ഒരു ലാപ്ടോപ് ബാഗും മോട്ടോര്‍സൈക്കിളിന്‍റെ സൈഡില്‍ കെട്ടിവെക്കാവുന്ന മറ്റൊരും ബാഗും ആണുള്ളത്. ലെസ്സ് ലഗേജ്, മോര്‍ കംഫര്‍ട്ട് എന്നാണല്ലോ ആപ്തവാക്യം. ലാപ്ടോപ് തോളില്‍ തൂക്കിയാല്‍ അവള്‍ ഒരു വഴിക്കാവും. അതുകൊണ്ട് സൈഡില്‍ കെട്ടിവെക്കാന്‍ ഉദ്ദേശിക്കുന്ന ബാഗിന്‍റെ അടിഭാഗത്തും വശങ്ങളിലും ഒക്കെ തുണികള്‍ നിറച്ചു ലാപ്ടോപ്പ് ഒത്ത നടുവില്‍ വരുന്ന പോലെ ബാഗ്‌ നിറച്ചു.
തിരുവാരൂര്‍ ക്ഷേത്രക്കുളം
ഇരുപത്തി മൂന്നാം തിയതി ബുധനാഴ്ച്ച: പുലര്‍ച്ചെ നാലര-അഞ്ചുമണി സമയത്ത് എണീറ്റു. പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം അവള്‍ ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്കും ഞാന്‍ ബാഗ്‌ ബൈക്കില്‍ വരിഞ്ഞു കെട്ടാന്‍ താഴേക്കും പോയി. വെയിലില്‍ കുളിച്ചുകൊണ്ട്‌ നീണ്ട യാത്രയാണ് ഞങ്ങളെ കാത്തിരിക്കുന്നത്. യാത്ര കഴിയുന്നത്ര അനായാസമാക്കണം. പ്രത്യേകിച്ചും അവള്‍ പിന്നില്‍ ഇരിക്കുമ്പോള്‍. ഇങ്ങോട്ട് വരുമ്പോള്‍ ബാഗ് കെട്ടുന്നത്   ഒരു പ്രശ്നമായിരുന്നില്ല, പക്ഷെ ഇത്തവണ അവള്‍ പിന്നിലുണ്ടല്ലോ, അവള്‍ക്കു കാലു വെക്കാന്‍ ബുദ്ധിമുട്ടുണ്ടാവരുത്. ഇത്തിരി  കഷ്ടപ്പെട്ടാണെങ്കിലും പത്തു മിനുറ്റ് കൊണ്ട് ബാഗ്‌ ഭദ്രമായി കെട്ടിവെച്ചു. സുജായിയെ കുറച്ചു നേരം ഓണ്‍ ചെയ്തുവെച്ചു. ഒന്ന് ചൂടാവട്ടെ! ഇളം തണുപ്പുള്ള സുഖകരമായ കാലാവസ്ഥ, ചൂട് ചായയും കുടിച്ചു റൂട്ട് പ്ലാന്‍ അവള്‍ക്കു വിശദീകരിച്ചു. കഴിഞ്ഞ ദിവസം അവള്‍ ഓഫീസിലായിരുന്നപ്പോള്‍ ഞാന്‍ വീട്ടിലിരുന്നു വിശദമായ യാത്രാ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഈ റൂട്ടില്‍ ആദ്യമായാണ് ഞാന്‍ വാഹനമോടിച്ച് പോവുന്നത്. അതുകൊണ്ട് ഇത്തിരി കൂടുതല്‍ ശ്രദ്ധിക്കണം. വീടടച്ച്‌ പൂട്ടി പുറത്തിറങ്ങി.
നിദാമംഗലം റയില്‍വെ സ്റ്റേഷന്‍
അഞ്ചര, വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. നിശബ്ദമായ പുലരിയെ കീറിമുറിച്ചു കൊണ്ട് സുജായി ശബ്ദമുയര്‍ത്തി. താഴെ നിലയിലെ വീട്ടുകാരന്‍ യാത്രാ മംഗളം നേര്‍ന്നു. 'സൂക്ഷിച്ചു പോണം', അയാള്‍ പറഞ്ഞു. ശരി, ഞാന്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പൊളിഞ്ഞു പാളീസായ റോഡുകളിലൂടെ കുറെ ദൂരം പോകണം, പിന്നെ നല്ല ഹൈവേ ഉണ്ടാവും. പ്രഭാതത്തിന്‍റെ അരണ്ട വെളിച്ചം, ഇടക്ക് എതിരെ നിന്നും വാഹനങ്ങള്‍ വരുന്നു. തലേദിവസം വൈകുന്നേരം ദൂരെയുള്ള നഗരങ്ങളില്‍ നിന്നും വേളാങ്കണ്ണിയിലേക്കും പോണ്ടിച്ചെരിയിലെക്കും ഒക്കെ യാത്രക്കാരെയും കൊണ്ട് പുറപ്പെട്ട സ്വകാര്യ ബസുകള്‍ ഇടക്ക് പ്രത്യക്ഷപ്പെട്ടു. യൂണിവേര്‍സല്‍ ബസ് കടന്നു പോയി, അതാണ്‌ സാധാരണ ഞാന്‍ യാത്ര ചെയ്തുവന്ന ബസ്. വൈകുന്നേരം തിരുനെല്‍വേലിയില്‍ നിന്നും കയറിയാല്‍ രാവിലെ കാരൈക്കല്‍ എത്താം. രണ്ടു ദിവസം മുന്‍പ് എനിക്ക് ചന്തിവേദന സമ്മാനിച്ച റോഡിനു പകരം അതിനു സമാന്തരമായിപോകുന്ന മറ്റൊരു  റോഡാണ് തെരഞ്ഞെടുത്തത്. ആറര മണിയോടെ തിരുവാരൂര്‍ ക്ഷേത്രത്തിന്‍റെ പിന്നിലെ കുളത്തിനു മുന്നില്‍ ചെന്ന്  അതവസാനിച്ചു. വേണ്ടായിരുന്നു. വന്നവഴിക്കു തന്നെ പോയാല്‍ മതിയായിരുന്നു എന്ന് തോന്നി. റോഡും മോശം, കുറെ സമയവും പാഴായി. കുഴപ്പമില്ല, ചോദിച്ചു ചോദിച്ചു ഞങ്ങള്‍ മുന്നോട്ട് പോയി.
ശ്രീ സംഗീത റസ്റ്റോറണ്ട്, കരൂര്‍ റോഡ്‌, ട്രിച്ചി.
വളരെ മോശം റോഡുകള്‍. അര മണിക്കൂര്‍ കൂടി  കഴിഞ്ഞപ്പോള്‍ റോഡ്‌ ബ്ലോക്ക്. അവള്‍ പറഞ്ഞു: "നിദാമംഗലം". അതെങ്ങനെ അറിയാം? "റോഡ്‌ ബ്ലോക്ക് കണ്ടാല്‍ അറിയാം". വാഹനങ്ങളൊക്കെ ഓഫ് ചെയ്തു വെച്ചിരിക്കുന്നു. അതിനിടയിലൂടെ ഞങ്ങള്‍ മുന്നോട്ട് പോയി. തമിഴ്നാട്‌ ട്രാന്‍സ്പോര്‍ട്ട് ബസുകളൊക്കെ നിര്‍ത്തിയിട്ടു ഡ്രൈവര്‍മാര്‍ മയങ്ങുന്നു. ങ്ങേ! അങ്ങനെ ഞങ്ങള്‍ ഏറ്റവും മുന്നിലെത്തി; ഇരുചക്രവാഹനങ്ങള്‍ ഏതു ബ്ലോക്കിലും മുന്നില്‍ തന്നെ ഉണ്ടാവണമല്ലോ! കാര്യം മറ്റൊന്നുമല്ല, നിദാമംഗലം റയില്‍വേ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു. ആ ട്രെയിന്‍ പോയാലേ റോട്ടിലുള്ള വാഹനങ്ങള്‍ക്ക് പോകാനാവൂ. ഇതെങ്ങനെ ഒരു റയില്‍വേ സ്റ്റേഷന്‍ മെയിന്‍ റോഡിനു നടുവില്‍ വന്നു പെട്ടു?! മഹാത്ഭുതം തന്നെ! ഈ ട്രെയിന്‍ എപ്പോ എടുക്കും? മുന്നില്‍ കണ്ട ഒരാളോട് ചോദിച്ചു. 'അര മണി നേരം എടുക്കും'. അയാള്‍ പറഞ്ഞു. ക്രാസ് പണ്ട്രതുക്ക് വേറെ വഴി ഇല്ലിയാ? "ടു വീലെര്‍ നാ അപ്ടി സുത്തി പോണാ പോളാം" എന്‍റെ ഇടതുവശത്തേക്ക് ചൂണ്ടിക്കൊണ്ട് അയാള്‍ പറഞ്ഞു. ശരി പോയി നോക്കി, റയില്‍വെ ട്രാക്കിനടിയിലൂടെ ഒരു ചെറിയ മണ്‍പാത, നിദാമംഗലവും കടന്നു ഞങ്ങള്‍ തഞ്ചാവൂര്‍ ലക്ഷ്യമാക്കി കുതിച്ചു. "എന്തെങ്കിലും അകത്താക്കണം", പിന്നിലിരുന്ന ഭവതി പറഞ്ഞു. ട്രിച്ചിയില്‍ എത്താതെ ഒന്നും അകത്താക്കാന്‍  പറ്റില്ല, അത്  സമയ  നഷ്ടത്തിന്  കാരണമാവും.
കാവേരിക്കരയില്‍: ട്രിച്ചി
തഞ്ചാവൂര്‍ പിന്നിട്ട് ഏകദേശം എട്ടര മണിയോടെ   ട്രിച്ചിയില്‍ നിന്നും കരൂരിലേക്ക് തിരിയുന്ന ഹൈവേയില്‍ പ്രവേശിച്ചു. ഇടതു വശത്ത്‌ ഒരു പുതിയ കെട്ടിടം, 'ശ്രീ സംഗീതാസ്', കണ്ടാല്‍ തന്നെ അറിയാം ഹോട്ടല്‍  ആണെന്ന്. കയറി. വണ്ടി അങ്ങോട്ട്‌ തിരിച്ചു. വെയിലില്‍ നിന്നും മാറ്റി കെട്ടിടത്തോട് ചേര്‍ത്ത് നിര്‍ത്തി. ചന്തി സീറ്റില്‍ നിന്നും പറിച്ചെടുത്തു. നന്നായി സോപ്പ് പതപ്പിച്ചു കയ്യും മുഖവും കഴുകി.കറുത്ത ചെളിവെള്ളം! റോഡില്‍ കുറെ നേരം നടന്നാല്‍ പോലും ഇത് നിര്‍ബന്ധമാണ്‌. നഗരങ്ങളിലൂടെ കുറച്ചു നേരം നടന്നാലും മതി, ആകെ കരിയും പൊടിയും പിടിക്കും. അപ്പോള്‍ എത്ര കരി നമ്മുടെ മൂക്കിലൂടെ അകത്തേക്ക് കയറുന്നുണ്ടാവും!

ഒരു മസാലദോശ, ഒരു സെറ്റ് ഇഡലിയും കഴിച്ചു, ചായ കുടിച്ചു, കാശ് കൊടുത്തു, ഇന്ന് രാവിലെയായിരുന്നു ആ ഹോട്ടലിന്‍റെ ഉല്‍ഘാടനം, വെയിറ്റര്‍ പറഞ്ഞു. പുറത്തിറങ്ങി മൂരിനിവര്ന്നു. കക്കൂസ് കര്‍മം കൂടി നടത്തിക്കളയാം. പിന്നില്‍ നല്ല മോഡേണ്‍ കക്കൂസ്. പുതിയതായത്‌ കൊണ്ടായിരിക്കണം, നല്ല വൃത്തിയുണ്ട്. കാര്യം സാധിച്ചു.
മരത്തണലില്‍ ഇത്തിരി നേരം, കരൂര്‍ എത്തുന്നതിനു മുമ്പ്
ഒന്‍പതര, കാവേരി പല കൈവഴികളായി പിരിയുന്നതിനു മുന്‍പുള്ള അതിന്‍റെ വലുപ്പം കാണാന്‍ ട്രിച്ചിയില്‍ വരണം, വെള്ളം നിറഞ്ഞൊഴുകുന്നു. കര്‍ണാടകയില്‍ മഴ തിമിര്‍ത്തു പെയ്യുകയാവണം! കാവേരിയുടെ കരയിലൂടെ രണ്ടുവരിപ്പാതയിലൂടെയുള്ള യാത്ര. മണല്‍ വാരല്‍ തകൃതിയായി നടക്കുന്നു, നൂറോ  അതിലധികമോ എണ്ണിയാല്‍ ഒടുങ്ങാത്ത അത്രയും ടിപ്പര്‍ ലോറികള്‍ നിരന്നു കിടക്കുന്നു. ഇത്രയധികം മണല്‍ ഉണ്ടോ ഈ  കാവേരിയില്‍? ഒരു വശത്ത്‌ കരിമ്പിന്‍ തോട്ടങ്ങള്‍. കരൂര്‍ എത്തുന്നതിനു തൊട്ടുമുന്‍പ് ഇടത്തോട്ടു തിരിഞ്ഞു. ധാരാപുരം വഴി പൊള്ളാച്ചി, അതാണ്‌ വഴി. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ഒരു നരകയാത്ര, അതാഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ റൂട്ട്ആണ് ധാരാപുരം - പൊള്ളാച്ചി റൂട്ട്. നാഗപട്ടണം - തഞ്ചാവൂര്‍ റോഡും അതുപോലെ തന്നെ!  ഉച്ചഭക്ഷണം കഴിക്കേണ്ടത് പൊള്ളാച്ചിയില്‍ വെച്ചാണ്. രണ്ടര മണിക്കാണ് പൊള്ളാച്ചിയില്‍ എത്തിയത്. നമ്മുടെ സ്വന്തം കേരളാ സാപ്പാട് കൂടെ പൊരിച്ച മീനും. ഏതോ കോളേജിലെ കുട്ടികള്‍ ജോഡികളായി ഇരുന്ന് ഉണ്ണുകയും സൊറ പറയുകയും ചെയ്യുന്നു. ഞങ്ങള്‍ രണ്ടാളും ശരിക്കും ക്ഷീണിച്ചിട്ടുണ്ട്. കയ്യും മുഖവും സോപ്പിട്ടു കഴുകി, സുഖം! ഇനിയുള്ള റോഡുകള്‍ വെയില്‍ ഇല്ലാത്തതും അത്യാവശ്യം ചെറിയ കുണ്ട് കുഴികള്‍ ഉള്ളതുമാണ്,  നല്ല പച്ചപ്പുമുണ്ട്, കാഴ്ചകള്‍ മനോഹരമാണ്, ആ വഴിക്ക് പോയിട്ടുള്ളവര്‍ക്കറിയാം. ഈ വഴിയിലൂടെ തിരുനെല്‍വേലിയില്‍ നിന്നും നാട്ടിലേക്ക് പോവുകയും വരികയും ചെയ്തിട്ടുണ്ട്.
പാലക്കാട് - കോഴിക്കോട് ദേശീയപാതയോരത്ത്
കൊഴിഞ്ഞാമ്പാറ, പാലക്കാട്, കേരളത്തില്‍ എത്തി! അവളുടെ വീട്ടിലേക്കു ഇനി അധികം ദൂരമില്ല വേണമെങ്കില്‍ ഇന്നവിടെ അന്തിയുറങ്ങി നാളെ  പോവാം. പക്ഷെ അത് പറ്റില്ല, ഞങ്ങള്‍ രണ്ടാളും ഉള്ള ആദ്യത്തെ പെരുന്നാളാണ് വന്നിരിക്കുന്നത്, അതെന്‍റെ വീട്ടില്‍ തന്നെ വേണം.

കോഴിക്കോട് റോഡ്‌: ദേശീയ പാത 213. ഇനിയുള്ള നൂറ്റിരുപത് കിലോമീറ്റര്‍ ക്ഷമാ പരീക്ഷണമാണ്. ഇടയ്ക്കിടയ്ക്ക് നിര്‍ത്തി കരിമ്പ് ജ്യൂസും കരിക്കിന്‍ വെള്ളവും ഒക്കെ അകത്താക്കി മെല്ലെ മുന്നോട്ട്. അറുപതില്‍ അധികം സ്പീഡില്‍ സുരക്ഷിതമായ വേഗതയില്‍ പോകാന്‍ പറ്റിയ ഒരിത്തിരി ദൂരം പോലുമില്ല. ട്രിപ്പ്‌ മീറ്ററില്‍ ആവറേജ് സ്പീഡ് അറുപതായിരുന്നത് കുറഞ്ഞു കുറഞ്ഞു വന്നു. വൈകുന്നേരം ആറു - ആറര മണിയായിക്കാണും, 'മലപ്പുറം' പച്ച ബോര്‍ഡില്‍ വെള്ള അക്ഷരങ്ങള്‍ കൊണ്ടെഴുതി വെച്ചിരിക്കുന്നു ഹോ സമാധാനം! ബൈപാസിലേക്ക് തിരിഞ്ഞു ഒരു ചായയും പഴം നിറവും കഴിച്ചു, അവള്‍ ഒരു ചായയും പഫ്സും. കാശ് കൊടുക്കുന്നിടത്ത് വലിയ കുപ്പിയില്‍ രസഗുള കിടക്കുന്നു, ഉപ്പാക്ക് വലിയ ഇഷ്ടമാണ് എന്നവള്‍ പറഞ്ഞു, ശരി അത് കുറച്ചു വാങ്ങി ഉപ്പയുടെ പുന്നാര മരുമോളല്ലേ! സജമോള്‍ വീട്ടിലുണ്ടാവും, അവള്‍ക്കൊരു ഉടുപ്പ് വാങ്ങാം. അനിയത്തിയുടെ മോളാണ് സജമോള്‍. ശരി അതും വാങ്ങി. ഇരുട്ടായി സുജായി പതുക്കെയാണ് മുന്നോട്ടു പോകുന്നത്. തളര്‍ന്നിട്ടല്ല, ഈ റോട്ടില്‍ വേഗത്തിലുള്ള പോക്ക് സുരക്ഷിതമല്ല. ഡാം തുറന്നുവിട്ട പോലെ വാഹനങ്ങള്‍ റോട്ടില്‍ പതഞ്ഞ് ഒഴുകുകയാണ്! കൊണ്ടോട്ടി കഴിഞ്ഞു, കൊട്ടപ്പുറം, ഇടത്തോട്ടു തിരിഞ്ഞു, വീണ്ടും തിരിഞ്ഞു. മുരള്‍ച്ചയോടെ സുജായി വീട്ടുമുറ്റത്ത് നിന്നു. പെരുന്നാള്‍ രാവാണ്‌. തക്ബീര്‍ ധ്വനികള്‍, കലപില, ചായ, പലഹാരം, അഗാധമായ നിദ്ര.

വാല്‍ക്കഷണം:

വീട്ടിലെത്തുമ്പോള്‍ മൊത്തം സഞ്ചരിച്ച ദൂരം അഞ്ഞൂറ്റി നാല്‍പ്പത്തഞ്ച്‌ കിലോമീറ്റര്‍, പതിനഞ്ചു മണിക്കൂര്‍, ശരാശരി വേഗം നാല്‍പത്തിയൊന്ന്. ധാരപുരം വരെ അത് അറുപതും പൊള്ളാച്ചി വരെ അന്‍പത്തിരണ്ടും ആയിരുന്നു. ഒരു ഫുള്‍ടാങ്ക് പെട്രോള്‍ പൂര്‍ണമായും തീര്‍ന്നു, ഏകദേശം ഇരുപത് ലിറ്ററിലും കൂടുതല്‍ പെട്രോള്‍. അതായത് ഒരു ലിറ്റര്‍ പെട്രോളിന് ഇരുപത്തേഴു കിലോമീറ്റര്‍ മാത്രമാണ് മൈലേജ്!. ഏകദേശം ഇതേ ദൂരം പോണ്ടിച്ചേരി മുതല്‍ തിരുനെല്‍വേലി വരെ ഓടിയത് നാല്പത്തഞ്ചിലും മേലെ മൈലേജ് കിട്ടിയിരുന്നു. ഡ്രൈവിംഗ് കണ്ടീഷന്‍, റോഡ്‌ കണ്ടീഷന്‍, സ്പീഡ്, ആക്സിലറേഷന്‍, ബ്രേക്കിംഗ് തുടങ്ങിയവ മൈലെജിനെ എത്രത്തോളം ബാധിക്കുന്നു എന്ന് ബോധിപ്പിച്ച യാത്രയായിരുന്നു ഇത്.