10/04/2015

മോട്ടോര്‍സൈക്കിള്‍ കുറിപ്പുകള്‍ - 2a

പതിനെട്ടാം തിയതി വെള്ളിയാഴ്ചയാണ് പത്തു ദിവസത്തെ മുംബൈ സന്ദര്‍ശനം കഴിഞ്ഞ്, രാജ്യത്തിന്‍റെ തെക്കേ കോണിലെ ഒരു കുഗ്രാമത്തില്‍ കിടക്കുന്ന എന്‍റെ ഓഫീസില്‍ തിരിച്ചെത്തിയത്. നല്ല ക്ഷീണമുണ്ട്. കുളിയും മറ്റും വേഗം കഴിച്ച് മൂന്നരക്ക് അലാറം വെച്ച് കിടന്നു. അടുത്തയാഴ്ച പെരുന്നാളാണ്. പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ഭാര്യയേയും കൂട്ടി  നാട്ടില്‍ പോവണം. കല്യാണം കഴിഞ്ഞു ഒരു  പെരുന്നാള്‍ പോലും നാട്ടില്‍ കൂടിയിട്ടില്ല.  ആയിരത്തഞ്ഞൂറോളം കിലോമീറ്റര്‍ മാത്രം ഓടിയിട്ടുള്ള, ഒരുപാട് ഓടാന്‍ കൊതിക്കുന്ന എന്‍റെ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് ഷെഡില്‍ ചുമ്മാ കിടക്കുന്നുമുണ്ട്. അങ്ങനെയാണ് അതുണ്ടായത്. ഒരാഴ്ചയും ആയിരത്തഞ്ഞൂറു കിലോമീറ്ററും നീണ്ട ബൈക്ക് യാത്ര.
തിരുനെല്‍വേലി മുതല്‍ കാരൈക്കല്‍ വരെ.
19-സെപ്റ്റംബര്‍-2015, പുലര്‍ച്ചെ മൂന്നര. അലാറം അടിച്ചു. ഉറക്കം മാറിയിട്ടില്ല.  ഓഫ് ചെയ്തു വീണ്ടും കിടന്നു. നാലര. അവസാനം അഞ്ചരക്ക് എണീറ്റു. ദിവസവും നിര്‍ബന്ധമായി ചെയ്യാനുള്ള കാര്യങ്ങളൊക്കെ പെട്ടെന്ന് ചെയ്തു. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. പാതി മയക്കത്തിലായിരുന്ന സെക്യൂരിറ്റിക്കാര്‍ ഉണര്‍ന്നു. ആറുമണി; കാര്യമായ ഇരുട്ടൊന്നും ഇല്ല. സുജായി തിരുച്ചെന്തൂര്‍ - തിരുനെല്‍വേലി സ്റ്റേറ്റ് ഹൈവേയില്‍ പ്രവേശിച്ചു, മുന്നോട്ട് കുതിച്ചു. എട്ടു കിലോമീറ്റര്‍ ചെന്നപ്പോള്‍ തിരുനെല്‍വേലി നഗരത്തിന്‍റെ കിഴക്കുഭാഗത്തുള്ള വി.എം.ചത്രം എന്ന സ്ഥലത്ത് വെച്ച് നാഷണല്‍ ഹൈവേ 7 - ല്‍ പ്രവേശിച്ചു. ഇടത്തോട്ട് തിരിഞ്ഞാല്‍ കന്യാകുമാരിയിലേക്ക് പോകാം, എണ്പതു കിലോമീറ്റര്‍ ദൂരം. പക്ഷെ, എനിക്ക് പോകേണ്ടത് വലത്തോട്ടാണ് കന്യാകുമാരിയിലെക്കല്ല. കന്യാകുമാരിയില്‍ നിന്നും വാരാണസി വരെ ചെല്ലുന്ന, ഇന്ത്യയിലെ ഏറ്റവും നീളമുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു ഹൈവേ ആണ് നാഷണല്‍ ഹൈവേ - 7. ഇത്രയും കാലം യാത്ര ചെയ്തതില്‍ ഏറ്റവുമധികം മനം മടുപ്പിക്കുന്ന റോഡ്‌ ആണ് എന്‍എച്ച് - 7 ന്‍റെ തിരുനെല്‍വേലി മുതല്‍ മധുരൈ വരെയുള്ളഭാഗം; തരിശ് റോഡ്‌, ഒന്നുമില്ല കണ്ണിനും മനസ്സിനും സന്തോഷം ഇല്ല. വിശാലമായ നാലുവരിപ്പാത നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നു. വളഞ്ഞുപുളഞ്ഞുള്ള മലയാള നാടിന്‍റെ റോഡുകളുടെ സുഖം ഒന്ന് വേറെ തന്നെ എന്ന് ചിന്തിച്ചു പോയി! ഇരുവശവും ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. നടുവില്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു. എതിര്‍വശത്ത് നിന്നും വരുന്ന വണ്ടികളുടെ ലൈറ്റ്കാഴ്ച്ചയെ മറക്കാതിരിക്കാന്‍ ചിലവുകുറഞ്ഞ ഒരു മാര്‍ഗമാണത്. എണ്‍പത് സ്പീഡില്‍ വണ്ടി മുന്നോട്ട് കുതിച്ചു. രണ്ടായിരം കിലോമീറ്റര്‍ വരെ അതാണ്‌ ഈ വണ്ടിയുടെ സ്പീഡ് ലിമിറ്റ്.

പ്രാതല്‍ സമയം
ഏകദേശം എട്ട് എട്ടര മണിയോടെ മധുരൈ നഗരത്തോടടുത്തെത്തി. അവിടെ പോകേണ്ടതില്ല, എന്‍റെ ലക്‌ഷ്യം വേറെയാണ്. ബൈപാസില്‍ പ്രവേശിച്ചു. എന്‍എച്ച് - 7 ല്‍ നിന്നും തിരുച്ചിയിലെക്കുള്ള  എന്‍എച്ച് 45B - ല്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇടതുവശത്ത് ഒരു ഹോട്ടല്‍ കണ്ടു. സമയം എട്ടര മണിയായിട്ടുണ്ട്, വിശപ്പുമുണ്ട്; പ്രാതല്‍ കഴിക്കണം. വിശാലമായ മുറ്റമുള്ള ഹോട്ടല്‍. തീന്മേശയില്‍ നിന്നും നോക്കിയാല്‍ കാണാവുന്നിടത്ത് ഒരു മരച്ചുവട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. നല്ല ചുടുദോശയും ചായയും കഴിച്ചു. നല്ല  ആശ്വാസം തോന്നി. ഒന്ന് തൂറണം എന്നാലെ  പൂര്‍ണ ആശ്വാസമാകൂ. കാശ് കൊടുത്ത് പുറത്തിറങ്ങി. തൊട്ടപ്പുറത്ത് കക്കൂസ്, അതിനു മുന്നില്‍ ഒരു പയ്യന്‍ കസേരയിട്ട് ഇരിക്കുന്നു, തൂറാന്‍ അഞ്ചു രൂപ. ബാഗ് പയ്യനെ ഏല്‍പ്പിച്ച് കക്കൂസില്‍ കയറി, വൃത്തിയുണ്ട് പക്ഷെ ആരെങ്കിലും തള്ളിയാല്‍ തുറക്കുന്ന അവസ്ഥയിലാണ് വാതില്‍ ഉള്ളത്! എന്തും സഹിക്കാം, പക്ഷെ മുട്ട് സഹിക്കാന്‍  കഴിയില്ലല്ലോ! ആരും വാതില്‍ തള്ളാന്‍ വന്നില്ല; കാര്യം ഭംഗിയായി അവസാനിച്ചു, കാശുകൊടുത്ത് സുജായിയുടെ അടുത്തെത്തി. ട്രിപ്പ്‌ മീറ്ററില്‍ നൂറ്റി അറുപത്തഞ്ചു കിലോമീറ്റര്‍ കാണിക്കുന്നുണ്ടായിരുന്നു.

വീണ്ടും പാത, കറുത്ത് നീണ്ടു കിടക്കുന്ന, ഒരിക്കലും അവസാനിക്കാത്ത വഴികള്‍. വൃക്ഷങ്ങളില്ലാത്ത തെക്കുകിഴക്കന്‍ സമതലങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. റോഡിനു ഇരുവശവും ഇത്തിരി പച്ചപ്പും ആള്‍താമസവും ഉള്ള പ്രദേശം വന്നുതുടങ്ങി. ഹൃദ്യമായ കാഴ്ചകള്‍. റോഡില്‍ ട്രക്കുകളുടെ ടയറുകള്‍ അമര്‍ന്നുണ്ടായ ചാലുകളും വരമ്പുകളും റിപ്പയര്‍ ചെയ്തിട്ടില്ല. ഇരുച്ചക്രവാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കേണ്ടാതില്ലാത്തത് കൊണ്ട് അവരോടു ഒന്നും പറയാനും പറ്റില്ല. വലിയ വാഹനക്കാര്‍ ഒന്നും മിണ്ടാതെ ടോളും കൊടുത്തു അതിവേഗം പായുന്നു. ഒരു മലകീറിമുറിച്ചു കൊണ്ട് ഹൈവേ മുന്നോട്ട് കുതിച്ചു, വീണ്ടും വരണ്ട സമതലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

തിരുച്ചി: സമയം പതിനൊന്ന് മണി. വെയില്‍ കത്തുന്നു. ട്രിച്ചി പഴയ ട്രിച്ചിയല്ല. ഒരുപാട് മാറിയിരിക്കുന്നു! പഴയ ടിവിഎസ് ടോള്‍ഗേറ്റ്, ടാള്‍ ഗേറ്റ്! ടോള്‍ഗേറ്റ് എന്ന് പറഞ്ഞാല്‍ തമിഴന് മനസ്സിലാവില്ല, ടാള്‍ഗേറ്റ് എന്ന് തന്നെ  പറയണം! ഞാന്‍ പഠിച്ച ജമാല്‍ മുഹമ്മദ്‌ കോളേജ് ദാ തൊട്ടുമുന്നില്‍! പിജി ന്യൂ ഹോസ്റ്റല്‍, ഇപ്പൊ ലേഡീസ് ഹോസ്റ്റലാക്കിയിട്ടുണ്ട്! രാവിലെ എണീറ്റ് ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ ഉള്ള റോഡ്‌ ഏറെ മാറിയിരിക്കുന്നു; കാഴ്ചകളും. അന്നൊക്കെ ഹോസ്റ്റലിനു നേരെ പിന്തിരിഞ്ഞ് തൂറാനിരിക്കുന്ന മനുഷ്യരെയാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് അവിടെ ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ രാജവീഥിയാണ്. ആര്‍ക്കും തൂറാന്‍ കഴിയില്ല! ഒന്ന് നിര്‍ത്തി ആ സ്ഥാപനം ഒരു വട്ടം കൂടെ കാണണം എന്ന് തോന്നി. വണ്ടി നിര്‍ത്താനാവില്ല, പാലമാണ്, അപകടകരമാണ്. മടിച്ചു മടിച്ചു അവസാനം ഒരു സൈഡില്‍ നിര്‍ത്തി പെട്ടെന്ന് ഒരു ഫോട്ടോ എടുത്തു. ഒന്നും വ്യക്തമല്ല. മരങ്ങളും ടവറുകളും കെട്ടിടങ്ങളും മാത്രം കാണാം കോളേജ് ആണെന്ന് മനസ്സിലാവില്ല. ഏകദേശം പത്തു വര്‍ഷം മുന്പ് ഞാന്‍ അവിടെ ജീവിച്ചിരുന്നു ഒരു സീനിയര്‍ ന്യൂ ഹോസ്റ്റലില്‍ ഉപേക്ഷിച്ചു പോയ ഒരുവണ്ടിയുമായി (പച്ച നിറത്തിലുള്ള ആ ഹീറോ സൈക്കിളിനെ ഞങ്ങള്‍ കൊണ്ടോട്ടിക്കാര്‍ അങ്ങനെയാണ് പറയാറ്) ആ നഗരത്തിലൂടെ കറങ്ങി നടന്നിരുന്നു! ട്രിച്ചി ഒരുപാട് മാറിയിരിക്കുന്നു.

ജമാല്‍ മുഹമ്മദ്‌ കോളേജ്, മരങ്ങള്‍ക്കിടയില്‍.
തഞ്ചാവൂര്‍ റോഡിലേക്ക് കടന്നു; ദേശീയപാത അറുപത്തേഴ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ട്രിച്ചി ഇടതുവശത്തായുണ്ട്. ഒരു പഴയ സുഹൃത്ത് അവിടെയുണ്ട്. പോയി നോക്കി. ഇല്ല, അവന്‍ നാട്ടില്‍ പോയിരിക്കുന്നു. അവിടെ ഒരു അധ്യാപകനെ പരിചയപ്പെട്ടു. ഒരു റിസര്‍ച് സ്കോളറെയും. തിരുനെല്‍വേലിയില്‍ എന്‍റെ സ്ഥാപനത്തിനടുത്ത് ഒരു കോളേജില്‍ ഫിസിക്സ് പഠിപ്പിക്കുകയാണ് അദ്ദേഹം. ചായയും കുടിച്ചു കുറച്ചു നേരം  അദ്ദേഹത്തോടൊപ്പം സംസാരിച്ചു കൊണ്ടിരുന്നു. ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. പുറത്തിറങ്ങി സമയം നോക്കി, പന്ത്രണ്ടു മണി! മുന്നൂറു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. നാലുവരിപ്പാത തന്നെ, മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത പോലും ടിവിഎസ് ചാമ്പില്‍ ഇഴഞ്ഞു നീങ്ങുന്ന പ്രതീതി സൃഷ്ടിക്കുന്നു! കൈ ആക്സിലറേറ്റര്‍ സാവധാനം തിരിച്ചു. തൊണ്ണൂറ്, നൂറ്, നൂറ്റിപ്പത്ത്. വേണ്ട ഇതുക്കു മേലെ വേണ്ട. വണ്ടി വിറക്കുന്നു. ഇത് ഭ്രാന്തമായ വേഗതയാണ്, വീണ്ടും എണ്‍പത് വേഗത്തിലേക്കു തിരിച്ചു വന്നു. അര-മുക്കാല്‍ മണിക്കൂര് കൊണ്ട് തഞ്ചാവൂര്‍ ബൈപാസില്‍ എത്തി.

ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്: എന്‍.ഐ.ടി.ട്രിച്ചി.
എന്‍എച്ച് 67 നാഗപട്ടണം വരെയുണ്ട്. പക്ഷെ, തഞ്ചാവൂര്‍ പിന്നിട്ടു കഴിഞ്ഞാല്‍ പിന്നെ പൊളിഞ്ഞ രണ്ടുവരിപ്പാതയാണ്. ചന്തി വേദന ശക്തമായി തുടങ്ങി. റോഡിനെ മാത്രം കുറ്റം പറയാനാവില്ല; ധരിച്ച വസ്ത്രത്തിനും പിന്നിലെ രോമങ്ങള്‍ക്കും അതില്‍ കാര്യമായ പങ്കുണ്ട്. ഇരുവശവും പുളിമരങ്ങള്‍ തണല്‍ വിരിച്ച പഴയ റോഡ്‌. പക്ഷെ യന്ത്രങ്ങള്‍ അവയൊക്കെ വെട്ടി വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. നാലുവരിപ്പാതയാക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. കാവേരി നദി ഒരു നൂറായിരം കൈവഴികളായി പിരിഞ്ഞു നിറഞ്ഞൊഴുകുന്ന സുന്ദരമായ കാവേരി ഡെല്‍റ്റ! അതിലൂടെയാണ് ഞാന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഫലപൂയിഷ്ടമായ മണ്ണ്. ചരിത്രം പതിയിരിക്കുന്ന പാതകള്‍!

നാഗപട്ടണം റോഡ്‌
എങ്ങും കൃഷിയും സമൃദ്ധിയും. ഇടയ്ക്കു ഭാര്യയുടെ വിളി ഉടനെ എങ്ങാനും എത്തുമോ? ഭക്ഷണം തയ്യാറാവുന്നതേ ഉള്ളൂവത്രേ. ഇവള്‍ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത്! തല്‍ക്കാലം വിശപ്പും ദാഹവും കുറക്കാന്‍ റോഡരികില്‍ കണ്ട ഒരു കരിമ്പ് ജ്യൂസ്കാരനില്‍ നിന്നും രണ്ടു ഗ്ലാസ് കരിമ്പ് നീര് കുടിച്ചു. കുത്തിക്കുലുങ്ങി തിരുവാരൂര്‍ താണ്ടി മോട്ടോര്‍ സൈക്കിള്‍ നാഗൂര്‍ എത്തി. ഇത്രയും മോശമായ റോഡ്‌ തമിഴ്നാട്ടില്‍ ഉണ്ടാവും എന്ന് കരുതിയില്ല. ഇടത്തോട്ടു തിരിഞ്ഞ് തിരുമാലരായ പട്ടണം കഴിഞ്ഞു കാരൈക്കാല്‍ നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും സമയം മൂന്നു മണി കഴിഞ്ഞിരുന്നു. വീടിനു മുന്നില്‍ വണ്ടി ഓരമാക്കി നിറുത്തി, ബാഗ്കെട്ടഴിച്ചു. 485 കിലോമീറ്റര്‍ ഓടിയിരിക്കുന്നു എന്ന് ട്രിപ്പ്‌ മീറ്റര്‍ കാണിച്ചു. ഒന്നാം നിലയിലെ വീട്ടില്‍ കയറി ബെല്‍ അടിച്ചു. ഭാര്യ വാതില്‍ തുറന്നു. അവള്‍ ഭക്ഷണം ഏകദേശം ഉണ്ടാക്കി വരുന്നെ ഉള്ളൂ. പോയി കിടക്കയില്‍ വീണു കുറച്ചു നേരം വിശ്രമം പിന്നെ കുളി ഭക്ഷണം ഉറക്കം. അതാണ്‌ പ്ലാന്‍. പത്തു മിനുറ്റ് കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണം. ഇനി നന്നായി ഒന്നുറങ്ങണം.
അരസലാര്‍, കാരൈക്കല്‍: ഒരു വളവുമില്ലാതെ രണ്ടു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പുഴയും സമാന്തരമായി റോഡും ഇടക്ക് നടപ്പാതയും. അതിനപ്പുറം ഒരു തടയണ. അപ്പുറത്ത് ശുദ്ധ ജലം, ഇപ്പുറത്ത് ഉപ്പുവെള്ളം. അരസലാറിന്‍റെ അറ്റത്ത് ബംഗാള്‍ ഉള്‍ക്കടല്‍.

9/12/2015

മോട്ടോര്‍ സൈക്കിള്‍ കുറിപ്പുകള്‍ - 1ഇടത്ത്: ആദ്യം പ്ലാന്‍ ചെയ്ത റൂട്ട്. വലത്ത്: ശരിക്കും യാത്ര ചെയ്ത റൂട്ട്.
കൊടും വെയിലിനു പ്രസിദ്ധിയാര്‍ജ്ജിച്ച തമിഴ്നാടിന്‍റെ കിഴക്കന്‍ കടല്‍ക്കരപ്പാതയിലൂടെ, മൂസാ നബിയും അനുയായികളും ഈജിപ്തിലെ ഫറോവയുടെ കിരാത പീഡനങ്ങളില്‍ നിന്നും രക്ഷപ്പെട്ടു പോകുമ്പോള്‍ ദൈവം അവര്‍ക്ക് വിരിച്ചു നല്‍കിയ അതേ മേഘങ്ങള്‍ തണല്‍ വിരിച്ച ഒരു പകലില്‍ നടത്തിയ നീണ്ട മോട്ടോര്‍സൈക്കിള്‍ യാത്ര. പതിനാലു മണിക്കൂറും അറുനൂറു കിലോമീറ്ററും നീണ്ടു നിന്ന ആ യാത്രയില്‍ ഒരിക്കല്‍ പോലും സൂര്യന്‍ എത്തി നോക്കിയതില്ല എന്നത് ഇപ്പോഴും ദൈവത്തോടുള്ള അകമഴിഞ്ഞ നന്ദിയോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. പുതിയ റോയല്‍ എന്‍ഫീല്‍ഡ് വാങ്ങി അന്ന് തന്നെ നടത്തിയ ദീര്‍ഘദൂര യാത്രയുടെ അനുഭവം വെച്ച് തണ്ടര്‍ബേഡ് 350 നെ കുറിച്ച് നടത്തുന്ന വിലയിരുത്തല്‍ ആണിത്. കാരിരുമ്പിന്‍റെ ശരീരമുള്ള ഈ ഇരുചക്രവാഹനം ഇന്ന് വളരെ ജനപ്രിയത നേടിക്കൊണ്ടിരിക്കുമ്പോള്‍ അതിനെ കുറിച്ച് സത്യസന്ധമായ ഒരു റിവ്യൂ പുതുതായി വാങ്ങാന്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഉപകാരപ്പെടും എന്ന് തോന്നുന്നു.

സുജായി
എട്ടുമാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിരകാല സ്വപ്നമായിരുന്ന മോട്ടോര്‍സൈക്കിള്‍ തയ്യാറാണെന്ന വിളി പോണ്ടിച്ചേരിയിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്നും വന്നത്. തിരുനെല്‍വേലിയില്‍ നിന്നും ബസില്‍ പോണ്ടിച്ചേരി എത്തി. അവിടെ ഞങ്ങളുടെ സ്ഥാപനത്തിന്‍റെ നീരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അനില്‍ സാറിന്‍റെ വീട്ടില്‍ ഗംഭീരമായ ഉച്ചയൂണ്‍. ശേഷം രണ്ടു പേരും ഷോറൂമില്‍ ചെന്ന് റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് 350 ഏറ്റുവാങ്ങി. പുറത്തെ മറ്റൊരു കടയില്‍ നിന്നും ഹെല്‍മറ്റും വാങ്ങി കഴിഞ്ഞപ്പോഴെക്ക് നേരം വൈകി. പോണ്ടിച്ചേരി യൂനിവേര്‍സിറ്റിയിലെ സുഹൃത്തായ റഷീദിന്‍റെ വീട്ടില്‍ അന്ന് രാത്രി താമസം. അടുത്ത സുഹൃത്തായ, നീരീക്ഷണ കേന്ദ്രത്തിലെ തന്നെ ഷെയ്ഖ് പരീതിന്‍റെ കൂടെ അത്താഴം. നല്ല ക്ഷീണമുണ്ടായിരുന്നു. കൂടാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള പിന്‍ഭാഗത്തെ വേദനയും, ജലദോഷവും എല്ലാം കൂടി നല്ല മൂഡില്‍ ആയിരുന്നില്ല. ആയിടെ യൂനിവേര്‍സിറ്റിയില്‍ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാമ്പസില്‍ പോലീസ് കാവലും ഉണ്ടായിരുന്നു.
സഹയാത്രികന്‍, ചെയുടെ ഭാഷയില്‍ കോ-പൈലറ്റ്: ഡോക്ടര്‍ ജവാഹര്‍ രാമനാഥപുരത്തിനും തൂത്തുകുടിക്കും ഇടയില്‍ എവിടെയോ വെച്ച് എടുത്തത്.

ശാരീരിക അസുഖങ്ങള്‍ക്കിടയില്‍ വണ്ടിയോടിച്ച് തിരുനെല്‍വേലി വരെ പോകണമല്ലോ എന്ന ചിന്ത ഇത്തിരി അസ്വസ്ഥത ഉണ്ടാക്കി. ആദ്യത്തെ ആയിരം കിലോമീറ്റര്‍ ദൂരം വരെ അറുപതു വേഗതക്ക് മുകളില്‍ ഓടിക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നത് കൊണ്ട്, വണ്ടിയെടുത് തിരുനെല്‍വേലി വരെ ഇത്രയും സമയം എങ്ങനെ തുടര്‍ച്ചയായി ഓടിക്കും എന്ന ശങ്കയും ഉണ്ടായിരുന്നു. കൂടാതെ, ഒറ്റക്കുള്ള യാത്ര വേണ്ട എന്ന് ഷെയ്ഖ്, അനില്‍ സാര്‍ എന്നിവര്‍ നിരന്തരം ഓര്‍മപ്പെടുത്തിയും കൊണ്ടിരുന്നു. അവസാനം തിരുനെല്‍വേലിയിലെ ടെക്നിക്കല്‍ ഓഫീസര്‍, യാത്രാ പ്രാന്തനായ മധുരക്കാരന്‍ ജവാഹര്‍ സാറിനെ വിളിച്ചു നോക്കാന്‍ തീരുമാനിച്ചു. ഒരു കൂട്ടിനു ആരെങ്കിലും ഉണ്ടായാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ അങ്ങോട്ട്‌ എത്താമല്ലോ. വിളിക്കുമ്പോള്‍ ആള് തിരുനെല്‍വേലിയില്‍ നിന്ന് മധുരയിലെ തന്‍റെ വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ഫോണ്‍ വിളി കിട്ടിയതും, വീട്ടില്‍ പോവാതെ, മധുരയില്‍ നിന്നും പോണ്ടിച്ചേരി പോകുന്ന ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറി അയാള്‍ നേരെ പോണ്ടിച്ചേരിക്ക് പോന്നു! രാവിലെ അഞ്ചരയോടെ ആള്‍ പോണ്ടിച്ചേരി ബസ്റ്റാന്റില്‍ ബസിറങ്ങി.

ഇരുപതു ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കില്‍ ഫുള്‍ പെട്രോള്‍ അടിച്ച് രാവിലെ ആറരക്കു തന്നെ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. വില്ലുപുരം, ട്രിച്ചി, മധുര നഗരങ്ങളിലൂടെ നാഷണല്‍ ഹൈവേ വഴി പോകാനാണ് ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത് എങ്കിലും, ഈസ്റ്റ് കോസ്റ്റ് റോഡില്‍ അതുവരെ യാത്ര ചെയ്തിട്ടില്ലാത്ത ജവഹര്‍ സാറിനു വേണ്ടി ഞങ്ങളുടെ യാത്ര അതിലൂടെയാക്കാന്‍ തീരുമാനിച്ചു. കടലൂര്‍ ചിദംബരം വഴി കാരക്കല്‍ എത്തുമ്പോള്‍ ഏകദേശം രാവിലെ പത്തുമണി, ഇടക്ക് കണ്ട ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു ഒന്നും രണ്ടും നടത്തി. കാരക്കല്‍ വെച്ച് വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. ഒരേ വേഗതയില്‍ (രണ്ടായിരം ആര്‍.പി.എമ്മില്‍ മണിക്കൂറില്‍ അറുപതു കിലോമീറ്റര്‍) തന്നെ പോയത് കൊണ്ടാണെന്നു തോന്നുന്നു, നാല്പത്തഞ്ചു കിലോമീറ്റര്‍ ആണ് ഒരു ലിറ്റര്‍ പെട്രോളിന് മൈലേജ് കിട്ടിയത്! ആളൊരു സുജായി തന്നെ! ഇതുവരെ വായിച്ച ഒരു റിവ്യൂയിലും ഇത്ര വലിയ മൈലേജ് ആര്‍ക്കും ലഭിച്ചതായി ഓര്‍ക്കുന്നില്ല! കാരക്കല്‍ നിന്നും വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് നാഗപട്ടണം വഴി തെക്കോട്ട്‌. ഇടക്കൊരു കൊച്ചു പട്ടണത്തില്‍ വെച്ചൊരു ചായ. ആള്‍താമസം കുറഞ്ഞ, തമിഴ്‌നാട്ടിന്‍റെ കിഴക്കന്‍ തീരത്ത് കൂടി ഇരുചക്ര യന്ത്രം മുന്നോട്ടു കുതിച്ചു.
ഉച്ചഭക്ഷണം കഴിക്കാന്‍ രാമനാഥപുരം നഗരത്തില്‍ കണ്ട മല്ലിഗൈ ഹോട്ടലില്‍ കയറിയപ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചു വീണ്ടും തെക്കോട്ട് യാത്ര തുടര്‍ന്നു. സയലഗുഡിയും കഴിഞ്ഞ് തൂത്തുകുടി എത്തുന്നതിനു മുന്‍പേ വലത്തോട്ടു തിരിഞ്ഞു. തിരുനെല്‍വേലിയിലെ താമസ സ്ഥലത്ത് എത്തുമ്പോള്‍ സമയം രാത്രി എട്ടര. ഓഡോമീറ്റര്‍ നോക്കുമ്പോള്‍ അറുനൂറു കിലോമീറ്ററിനു മുകളില്‍ ഓടിയിട്ടുണ്ട്. ഒന്നാമത്തെ സര്‍വീസിനുള്ള ദൂര പരിധിയായ അഞ്ഞൂറ് കിലോമീറ്ററും താണ്ടിയിരിക്കുന്നു! ശനിയും ഞായറും വണ്ടിക്കു റസ്റ്റ്‌ കൊടുത്തു. തിങ്കളാഴ്ച രാവിലെ തന്നെ തിരുനെല്‍വേലിയിലെ ഷോറൂമില്‍ ആദ്യ സര്‍വീസിനു കൊടുത്തു. മുന്‍പില്‍ പുതുതായി ഒരു ഇരുമ്പ് ഗാര്‍ഡ് ഫിറ്റ്‌ ചെയ്യിച്ചു. എല്ലാം കൂടി രണ്ടായിരം രൂപയ്ക്കു മുകളില്‍ ചെലവായി. വണ്ടി വാങ്ങിയ പോണ്ടിച്ചേരി ഷോറൂമിനെ അപേക്ഷിച്ച് തിരുനെല്‍വേലി സര്‍വീസ് സെന്ററില്‍ പൊതുവേ മനുഷ്യനോട് നന്നായി പെരുമാറുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നത് വലിയ സന്തോഷം ഉളവാക്കി! അതോടെ ഇനി പോണ്ടിച്ചേരി ഷോറൂമില്‍ പോകുന്ന പ്രശ്നമില്ല എന്ന് തീരുമാനിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ്‌ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്‍റെ വിവിധ മോഡലുകളെ കുറിച്ച ഗവേഷണം. അതില്‍ നിന്നും മനസ്സിലായ ഒരു കാര്യം, തണ്ടര്‍ബേഡ് 350, ഹൈവേയില്‍ 30-35 കിലോമീറ്റര്‍ മാത്രമേ ഒരു ലിറ്ററിന് മൈലേജ് നല്‍കുകയുള്ളൂ എന്നായിരുന്നു. പക്ഷെ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് നാല്‍പത്തഞ്ചിനും അമ്പതിനും ഇടയില്‍ മൈലേജ് കിട്ടി. തിരുനെല്‍വേലി എത്തുമ്പോള്‍ ടാങ്കില്‍ പകുതി ഇന്ധനം ബാക്കിയായിരുന്നു! ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍; ബൈക്കിന്‍റെ ഹാന്‍ഡില്‍ മെയിന്‍ ബോഡിയുമായി ബന്ധിപ്പിക്കുന്ന വലിയ സ്ക്രൂ ലൂസായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതൊരു ഗൗരവമുള്ള പ്രശ്നമായി കണ്ട് അടുത്ത സര്‍വീസിങ്ങിനു കൊടുക്കുമ്പോള്‍ പരിഹരിക്കണം എന്ന് കരുതുന്നു. യാത്രയില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, അറുപതിനു മുകളില്‍ പോകുമ്പോള്‍ വണ്ടിയുടെ ശബ്ദത്തിന് മാറ്റം വരുന്നുണ്ടായിരുന്നു എന്നതായിരുന്നു! മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇപ്പോള്‍ വണ്ടി മൊത്തം ആയിരത്തി ഇരുനൂറു കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. ഇതില്‍ മണപ്പാട് ബീച്ചിലേക്ക് നടത്തിയ നൂറ്റമ്പതു കിലോമീറ്റര്‍ യാത്രയും, മണിമുത്താര്‍-പാപനാസം മലമുകളിലേക്ക് നടത്തിയ മറ്റൊരു നൂറ്റമ്പതു കിലോമീറ്റര്‍ യാത്രയും പെടും.
ഇ.ജി.ആര്‍.എല്‍. കാമ്പസില്‍

4/23/2015

ഒരുല്‍ക്കാ പതനത്തിന്‍റെ ശേഷിപ്പുകള്‍ തേടി

ലോനാറിന്‍റെ ജിയോളജിക്കല്‍ മാപ്പ്
ഏകദേശം രണ്ടു കിലോമീറ്റര്‍ വ്യാസവും, നൂറ്റമ്പതു മീറ്റര്‍ ആഴവുമുള്ള, വൃത്താകൃതിയിലുള്ള ഒരു ഗര്‍ത്തം. അതിന്റെ മദ്ധ്യത്തില്‍ ഏകദേശം ഒരു കിലോമീറ്റര്‍ വ്യാസത്തില്‍ ഉപ്പുതടാകം. തടാകം കഴിച്ചു ബാക്കി മുഴുവന്‍ കാടും കുറച്ചു പക്ഷികളും കുരങ്ങന്മാര്‍ ഉള്‍പ്പെടെ ജന്തുക്കളും. പിന്നെ കുറച്ച് അമ്പലങ്ങളും, ചിലത് തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രം, ചിലത് ഭക്തജനങ്ങള്‍ വന്നുപോയിക്കൊണ്ടിരിക്കുന്നവയും, പിന്നെ ഒരു ദര്‍ഗയും. തണുത്തു വിറയ്ക്കുന്ന വെളുപ്പാന്‍ കാലത്ത് മഹാശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള, ലോണാര്‍ തടാകത്തിന്‍റെ കാഴ്ച ഇങ്ങനെയായിരുന്നു. മൂടല്‍ മഞ്ഞില്‍ നിന്നും ലോണാര്‍ പതിയെ ഉണരുന്നെ ഉണ്ടായിരുന്നുള്ളൂ. ലോണാര്‍ ടൌണില്‍ നിന്നും തടാകത്തിനടുത്തുള്ള എം.ടി.ഡി.സി. റിസോര്‍ട്ട് വരെ ഓട്ടോക്ക് നാല്പ്പതു രൂപാ ചാര്‍ജ്ജ്.
ബാഗും ക്യാമറയും എടുത്തു ഞങ്ങള്‍ മുറിയിലേക്ക് ചെന്നു. ഒരു ദിവസത്തേക്ക് ആയിരത്തി അഞ്ഞൂറ് രൂപയാണ് രണ്ടാള്‍ക്ക് ചാര്‍ജ്. ഈ റിസോര്‍ട്ട് എന്ന് പറയുന്നത് കുറെ കോണ്ക്രീറ്റ് കുടിലുകളാണ്. ഓരോ കുടിലിനും രണ്ടു വീതം ബാല്ക്കണിയോട് കൂടിയ സൂട്ടുകള്‍. കുളിക്കാന്‍ തോന്നുന്നില്ല, അത്രയ്ക്ക് തണുപ്പ്. ഗീസര്‍ കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. പുതുതായി പണി കഴിപ്പിച്ച മുറികളാണ് എല്ലാം. പക്ഷെ സൂപ്പര്‍ മുറിയും സൗകര്യങ്ങളും. കൈകാലുകള്‍ കഴുകി പല്ലുതേച്ചു ഭക്ഷണശാലയിലേക്ക് ചെന്നു. തൊട്ടടുത്തു തന്നെയാണ് റസ്റ്റോറന്റ് ഉള്ക്കൊള്ളുന്ന കെട്ടിടം; മുന്നില്‍ ലോണാര്‍ തടാകം!
ഇതാണ്, ഈ കൊച്ചു തടാകമാണ് ഞങ്ങളുടെ ഒരു സീനിയര്‍ സുഹൃത്തിന് പി.എച്.ഡി. നേടിക്കൊടുത്ത ഇട്ടാവട്ടം! പി.എച്ച്.ഡിയുടെ അവസാന ഘട്ടത്തിലാണ് അവനിപ്പോള്‍. ലോകത്തിന്‍റെ. പല ഭാഗത്തുനിന്നുമുള്ള നിരവധി ശാസ്ത്രകാരന്മാര്‍ പഠനം നടത്തിയ കുഞ്ഞുദേശം! നാസ, ഐ.ഐ.എസ്.സി., ഐ.ഐ.ടികള്‍., ഐ.ഐ.ജി., എന്‍.ജി.ആര്‍.ഐ. എന്ന് തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഈ കൊച്ച് സ്ഥലത്തേക്ക് യാത്രകള്‍ സംഘടിപ്പിക്കുകയും നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം നടക്കുന്നത് ഒരു അമ്പതോ അറുപതോ എഴുപതോ, ആയിരം വര്ഷങ്ങള്ക്കു മുമ്പാണ്. (കൃത്യമായ ഒരു തീരുമാനത്തില്‍ ഇതുവരെ ശാസ്ത്രകാരന്മാര്‍ എത്തിയിട്ടില്ല). രാമായണത്തിനും മഹാഭാരതത്തിനും മുമ്പ്. അന്ന് മനുഷ്യന്‍ ഉണ്ടായിട്ടില്ല, ഭാഷയും. അല്ലെങ്കില്‍ മനുഷ്യന്‍ ഉണ്ടായിത്തുടങ്ങുന്ന സമയമായിരിക്കണം. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഭൂമി സൂര്യന് ചുറ്റും ചുമ്മാ തിരിഞ്ഞു നടന്ന കാലം. അങ്ങകലെ അണ്ഠകടാഹത്തിന്‍റെ ഏതോ മൂലയില്‍ ഇരിക്കുന്ന ഒരു വന്‍ മല, അല്ലെങ്കില്‍ ഏതോ ഒരു ക്ഷുദ്രഗ്രഹം അതുമല്ലെങ്കില്‍ ഒരു ഗ്രഹത്തിന്റെ ശരീരത്തില്‍ നിന്നും അടര്ന്നു വീണ ഒരു കഷ്ണം, ഒരുല്‍ക്കാശില ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. മുമ്പൊരു ഒരു അഗ്നി പര്‍വത സ്ഫോടനം കഴിഞ്ഞു ഉറഞ്ഞ ലാവയുടെ പുതപ്പുമൂടിക്കിടക്കുന്ന ഭാരതമാതാവിന്‍റെ നാഭി ലക്ഷ്യമാക്കി കുതിച്ചു വന്ന ആ കശ്മലന്‍ ഭാരതാംബയുടെ വയറ്റില്‍ ഇടിച്ചു കയറി ഒരു പൊക്കിള്‍ക്കൊടി ഉണ്ടാക്കി! പിന്നീട് മനുഷ്യന്‍ ഉണ്ടായി, ഭാരതാംബ ഒരു പാട് മക്കളെ പ്രസവിച്ചു. പിറന്നു വീണ മനുഷ്യക്കുഞ്ഞുങ്ങള്‍ ചിലര്‍ ആ പൊക്കിള്‍ക്കൊടി കണ്ടു. അതിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകള്‍ ഉണ്ടായി, ഒരു പാട് ഐതിഹ്യങ്ങള്‍ ഉണ്ടായി, ഒരു പാട് ശാസ്ത്രവും. ആ പൊക്കിള്‍ കൊടിയാണ് ഇന്നത്തെ ലോണാര്‍ തടാകം.
ഒരു പാട് ഗവേഷണങ്ങള്ക്കൊടുവിലാണ് അടുത്ത കാലത്ത് ലോണാറിലെ തടാകം ഒരു Meteor Impact Crater (ഉല്ക്കാകഘാതഗര്ത്തം എന്ന് പരിഭാഷപ്പെടുത്താം എന്ന് തോന്നുന്നു!) ആണെന്ന് കണ്ടെത്തിയത്. അതൊരു അഗ്നിപര്‍വതമുഖം ആണെന്നായിരുന്നു അത്രയും കാലം ആളുകള്‍ ധരിച്ചിരുന്നത്. ശക്തമായ വേഗതയില്‍ വന്ന ഉല്ക്ക ഭൂമിയുമായി കൂട്ടിയിടിച്ചുണ്ടായ അതിശക്തമായ ചൂടിലും മര്ദ്ദത്തിലും അവിടെയുള്ള പദാര്ത്ഥങ്ങള്‍ ഉരുകി ദ്രാവകാവസ്ഥ കൈവരിക്കുകയും ചിതറിത്തെറിക്കുകയും ആ തുള്ളികള്‍ അന്തരീക്ഷവായുവില്‍ വെച്ച് തണുത്ത് വീണ്ടും ഘരാവസ്ഥ കൈവരിക്കുകയും ഭൂമിയിലേക്ക് തിരികെ പതിക്കുകയും ചെയ്തു (ഇതൊക്കെ ഏതാനും മിനിട്ടുകള്‍ കൊണ്ടോ മറ്റോ നടന്നിരിക്കണം!). Spherules എന്നും melts എന്നും രണ്ടു തരം പദാര്ത്ഥ്ങ്ങള്‍ ഇത്തരം ആഘാതം നടക്കുമ്പോള്‍ രൂപപ്പെടാറുണ്ട്. അവ എങ്ങനെയാണ് ഈ craterനു ചുറ്റും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിനെ പഠന വിധേയമാക്കുകയും അതില്‍ നിന്നും ഉല്ക്ക ഏതു ദിശയില്‍ നിന്നാണ് വന്നതെന്നും മറ്റും ഒട്ടനവധി കാര്യങ്ങള്‍ ഇന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു, ഇന്നും ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഭീമനൊരു ഉല്ക്ക അതി വേഗതയില്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂടും മര്ദ്ദവും കാരണം അവിടെ നിലവിലുള്ള പദാര്ത്ഥങ്ങളും ഉല്ക്കയിലെ പദാര്ഥരങ്ങളും ഉരുകി ചേര്ന്ന് രൂപം കൊള്ളുന്നവയാണ് melt (ഉരുക്ക്). ഇങ്ങനെ ഉരുകിയ വസ്തുക്കളില്‍ ചിലവ അന്തരീക്ഷത്തിലേക്ക് വെള്ളം പോലെ ചിതറിത്തെരിക്കുകയും താഴെ പതിക്കുന്നതിനു മുമ്പേ അവ ഖരീഭവിക്കുകയും ചെയ്യുമ്പോഴാണ് വായുവില്‍ അവക്കുണ്ടായിരുന്ന അതെ ആകൃതി നിലനിര്ത്തി ഒരു കല്‍ത്തുള്ളിയായി (Spherule) അവ താഴെ വീഴുന്നത്. സുഹൃത്തിന്റെ ഗവേഷണാവശ്യത്തിന് ഇത്തരം ഉരുക്കും ഉണ്ടയുമൊക്കെ ശേഖരിക്കാനും കൂടിയാണ് ഞങ്ങള്‍ യാത്ര നടത്തിയത്.
ഒരു വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പനവേലിലെ ലാബില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി, ഞാനും സുഹൃത്ത് ദൂപിന്ദര്‍ സിങ്ങും. മുംബൈ നിന്നും ഔറംഗാബാദ് പോകുന്ന ഒരു ട്രെയിനുണ്ട്‌, അത് പിടിക്കണം. എത്തുമോ എന്നറിയില്ല. കൃത്യ സമയത്തിനു ഞങ്ങളുടെ ഗൈഡ് കാറുമായി ഇന്സ്റ്റിട്ട്യൂട്ടില്‍ നിന്നും പുറത്തു വന്നു. ഖാര്‍ഘര്‍ ആണ് അദ്ദേഹത്തിന്റെന വീട്. അദ്ദേഹം ഞങ്ങളെ ഖാര്‍ഘര്‍ സ്റ്റേഷനില്‍ വിട്ട് തന്നു. സാറോട് നന്ദിയും പറഞ്ഞു ഓടിപ്പോയി ടിക്കറ്റെടുത്തു. തിക്കും തിരക്കും ആളുകള്‍ തമ്മില്‍ കലപിലയുമായി ഒരു രാത്രി തീവണ്ടിയിലെ ജനറല്‍ ക്ലാസ് പെട്ടിയില്‍ കഴിച്ചുകൂട്ടി. നേരം പുലരുമ്പോള്‍ ജല്നയിലെത്തി. അവിടെ നിന്നും ലോണാറിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ബസില്‍ യാത്ര. ഏതോ ട്രെയിനിന്‍റെ കമ്പാര്ട്ട്മെന്റിനു ചക്രം വെച്ചപോലൊരു ബസ്! നമ്മുടെ കെ.എസ്.ആര്‍.ടി.സി.യിലൊക്കെ ചെയ്യുന്നത് തീര്ച്ചയായും സ്വര്ഗീയ യാത്രയാണ്!
രണ്ടു ദിവസം ലോനാറില്‍ കഴിച്ചുകൂട്ടി. എം.ടി.ഡി.സി.യുടെ റസ്റ്റോറന്റിലെ ഭക്ഷണം വളരെ നന്നായിരുന്നു, ചായയും. ആദ്യത്തെ ദിവസം ഞങ്ങള്‍ ഉദ്ദേശിച്ച പാറക്കഷ്ണങ്ങളൊന്നും കിട്ടിയില്ല. രണ്ടാമത്തെ ദിവസം രാവിലെ തന്നെ ഇറങ്ങി. തടാകം മുഴുവനും ഒരു റൌണ്ട് അടിച്ചു. ഇറങ്ങുമ്പോള്‍ വെള്ളമെടുക്കാന്‍ മറന്നു. തിരിച്ചെത്തുമ്പോഴേക്കും നായിക്കോലമായി എന്ന് പറയേണ്ടല്ലോ! പക്ഷെ ഒരു കവര്‍ നിറയെ ഞങ്ങള്‍ അന്വേഷിച്ച സാധനങ്ങളും കൊണ്ടാണ് തിരിച്ചു റസ്റ്റോറന്റില്‍ എത്തിയത്. തിരിച്ചു പോരുമ്പോള്‍, ലോനാര്‍ മുതല്‍ ജല്ന വരെയുള്ള യാത്ര മഹാരാഷ്ട്ര സര്ക്കാ്ര്‍ ബസിലായിരുന്നു. ഇത്രയും മോശമായ റോഡും ബസും ഡ്രൈവിങ്ങും ആദ്യമായാണ്‌ അനുഭവിച്ചത്. മുംബൈ, പൂനെ തുടങ്ങിയ ആധുനിക നഗരങ്ങള്‍ ഒഴിച്ചാല്‍ ഉള്നാടുകളില്‍ ഒന്നിലും സര്ക്കാരുകള്ക്ക് ഒരു താല്പര്യവും ഇല്ല എന്നതിന്റെ തെളിവ് കൂടിയായിരുന്നു ആ യാത്ര. നടുവ് ഒടിയാതെ ജല്നയില്‍ എത്തിയത് ഭാഗ്യം! അവിടുന്ന് മുംബൈ വരെ പ്രൈവറ്റ് ബസ് ബുക്ക്‌ ചെയ്തിരുന്നു. തിങ്കളാഴ്ച നേരം പുലരുമ്പോള്‍ പനവേല്‍ എത്തി.
റൂട്ട്: ഔറംഗാബാദ് ഭാഗത്തേക്കുള്ള ട്രെയിന്‍, ബസ് എന്നിവയില്‍ വന്നു ജല്നയില്‍ ഇറങ്ങുക. അവിടന്ന് ലോണാറിലേക്ക് ബസുകള്‍ കിട്ടും. ലോണാര്‍ ടൌണില്‍ നിന്നും അധികം ദൂരമില്ല തടാകത്തിലേക്ക്, നടക്കാവുന്നതെയുള്ളൂ. ടൌണിലും ആവശ്യത്തിന് ഹോട്ടലുകള്‍ ഉണ്ട്. തടാകത്തില്‍ നിന്നും ടൌണിലേക്കുള്ള റോഡില്‍ നടന്നാല്‍ അവിടെ തന്നെ നല്ല കോഴിയും ചപ്പാത്തിയും മറ്റും കിട്ടുന്ന, രാത്രി കുറേനേരം തുറന്നിരിക്കുന്ന ഒരു ഹോട്ടലും ഉണ്ട്.

തടാകത്തിലെ ക്ഷേത്രങ്ങള്‍: 1,2: ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് (ഒരേ ക്ഷേത്രം, വ്യത്യസ്ത കോണില്‍ നിന്നും). 3: ഉപേക്ഷിക്കപ്പെട്ടത്


ലോനാറിലെ കാട്ടിലൂടെ കൂട്ടുകാരന്‍ ദൂപീന്ദര്‍സിങ്ങിന്‍റെ കൂടെ


തടാകക്കരയില്‍ എം.ടി.ഡി.സി. നടത്തുന്ന റിസോര്‍ട്ട്


തടാകക്കരയില്‍ എം.ടി.ഡി.സി.യുടെ റസ്റ്റോറന്റ്

വാച്ച് ടവര്‍: ഇവിടെ നിന്നുള്ള തടാകക്കാഴ്ച്ച


Reference:
1. http://suvratk.blogspot.in/2011/02/remotely-india-5-lonar-crater.html