5/29/2012

മലയാള ലിപി: ആശങ്കകള്‍ അസ്ഥാനത്ത്

മംഗ്ലീഷ് കൊണ്ട് മരിക്കില്ല മലയാളം എന്ന കുറിപ്പിന് ശേഷം നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച എന്‍റെ രണ്ടാമത്തെ കുറിപ്പ്.

ഏതൊരു ഭാഷയും പോലെ മലയാള ഭാഷ മലയാളിയുടെ സംസ്കൃതിയും ചരിത്രവുമായി കൂടിപ്പിണഞ്ഞു കിടക്കുന്ന ഒന്നാണ് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ടാവാനിടയില്ല. മലയാളികള്‍ മംഗ്ലീഷ് സംസാരിക്കുമ്പോള്‍, അല്ലെങ്കില്‍ ആംഗലേയ ലിപിയില്‍ മലയാളം എഴുതുമ്പോള്‍ മലയാളത്തിന് എന്താണ് സംഭവിക്കാന്‍ പോകുന്നത്? ഇതിനുള്ള ഉത്തരം ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, മലയാളം മരിക്കുന്നേയ് എന്ന നിലവിളിയാണ്‌.

അതുകൊണ്ട് ഈയൊരു ഭയം നാം വിശകലനം ചെയ്യേണ്ടതുണ്ട്. മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്?. ആംഗലേയ ലിപിയില്‍ മലയാളം എഴുതുന്നത്‌.. അമ്മമാര്‍/അച്ഛന്മാര്‍ കുട്ടികളോട് മലയാളത്തിനു പകരം ഇംഗ്ലീഷില്‍ സംസാരിക്കുന്നത്.ഇവയല്ലേ നമ്മുടെ 'ഭാഷാ പ്രേമികള്‍' കണ്ടുപിടിച്ച പ്രധാന ലക്ഷണങ്ങള്‍? ഇതിനു പുറത്തു മറ്റെന്താണ്‌ ഉള്ളത്?


നമ്മുടെ ഭാഷാ സ്നേഹികളുടെ ഭയം പ്രകാരം മലയാളത്തിനു മൂന്ന് തരം മാറ്റങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഭാഷയുടെ വാമൊഴി നിലനില്‍ക്കുകയും ലിപി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് ഒന്ന്. ഭാഷയുടെ വാമൊഴിയില്‍ അന്യഭാഷാ പദങ്ങള്‍ കടന്നു വരികയും ഒപ്പം, വരമൊഴി ആംഗലേയ വല്ക്കരിക്കപ്പെടുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ഭാഷയുടെ ലിപിയില്‍ മാറ്റം വരാതെ വാമൊഴി മാത്രം അന്യഭാഷാ പദങ്ങള്‍ കൊണ്ട് നിറയുന്നതാണ് മൂന്നാമത്തേത്.


ഇന്ന് മലയാളികളില്‍ കാണുന്ന മാറ്റങ്ങളെ മേല്പറഞ്ഞ പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ കാര്യങ്ങളുടെ പോക്ക് ഏതാണ്ട് പിടികിട്ടും.


മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളിലും മറ്റും മംഗ്ലീഷ് ടൈപ്പ്‌ ചെയ്യുന്നതാണ് ഒരു മലയാളം മരിക്കാന്‍ പോകുന്നതിന്‍റെ ഒന്നാമത്തെ ലക്ഷണം. യഥാര്‍ത്ഥത്തില്‍ ഇതൊരു ഭയപ്പെടേണ്ട പ്രശ്നമേ അല്ല. കൂടുതല്‍ എളുപ്പമുള്ള വഴി ആളുകള്‍ തിരഞ്ഞെടുക്കുന്നു എന്നേ ഉള്ളൂ.ഒരു ഭാഷയെ, താല്‍ക്കാലികമായി മറ്റൊരു ഭാഷയില്‍ ഉപയോഗിച്ചുവരുന്ന ലിപി വഴി രേഖപ്പെടുത്തുമ്പോള്‍ എന്താണ് ഇടിഞ്ഞു വീഴാന്‍ പോകുന്നത്? പാരമ്പര്യമോ, സംസ്കാരമോ അതോ ചരിത്രമോ? ഞാനീ കുറിപ്പ്‌ എഴുതുന്നതും മംഗ്ലീഷിലാണ്. ഭാഷയ്ക്ക്‌ വേണ്ടി 'മുറവിളി' കൂട്ടുന്നവരും മിക്കപ്പോഴും ഉപയോഗിക്കുന്നത് മംഗ്ലീഷ് തന്നെ. അമ്പത്തിയാറു അക്ഷരങ്ങള്‍ വെച്ച് മലയാളം ടൈപ്പ്‌ ചെയ്യുന്ന രീതി പണ്ടേ നിലവിലുള്ളതാണെന്നു എനിക്കും നിങ്ങള്‍ക്കും അറിയാം. പിന്നെ എന്ത് കൊണ്ട് നാം മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്യുന്നു? ഈ മെത്തേഡ് എളുപ്പമായത് കൊണ്ട് തന്നെ!
'ഭാഷാ സ്നേഹികള്‍' ഭയപ്പെടുന്ന ഒരു കാലം വന്നു എന്ന് കരുതുക. ആ കാലത്ത് എല്ലാ മലയാളികളും, മലയാള ലിപിയേക്കാള്‍ ഇംഗ്ലീഷ്‌ ലിപി ഇഷ്ടപ്പെടുന്നവരാണ് എന്നും സങ്കല്‍പ്പിക്കുക. അപ്പോള്‍ എന്തായിരിക്കും അവസ്ഥ? ആളുകള്‍ മലയാളത്തില്‍ സംസാരിക്കുന്നു, പക്ഷെ എഴുത്ത് ആംഗലേയ ലിപിയില്‍. ഇങ്ങനെ ഒന്ന് സംഭവിച്ചാല്‍ തന്നെ അത് നമ്മുടെ സംസ്ക്കാരത്തെയും മൂല്യങ്ങളെയും ഏത് തരത്തിലാണ് ജീര്‍ണ്ണിപ്പിക്കാന്‍ പോകുന്നത്? ചരിത്രം രേഖപ്പെടുത്തലിനെ എങ്ങനെയാണ് ബാധിക്കുന്നത്? ഇവിടെ അത്തരം ഒരു പരിഷ്കരണം വേണമെന്നല്ല പറയുന്നത്,
ലിപി രൂപപ്പെടുത്തി എടുക്കാന്‍ നടത്തിയ അധ്വാനം വളരെ വിലപ്പെട്ടതാണ്. ആ മുന്‍ഗാമികളെ നാം ആദരിക്കുന്നു. പക്ഷെ ആ ആദരവ് ആരാധനയാവുകയും ലിപിയുടെയും ഭാഷയുടെയും പരിണാമത്തിന്റെ കാലം കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നത് തികഞ്ഞ യാഥാസ്ഥിതികതയാണ്. അത് നമ്മുടെ സംസ്ക്കാരത്തിന്റെ മുരടിപ്പിന് മാത്രമേ ഉപകാരപ്പെടൂ. ഭാഷയും സംസ്ക്കാരവും തമ്മിലുള്ള പൊക്കിള്‍ക്കൊടി ബന്ധം അംഗീകരിക്കുന്നവര്‍ക്ക് എങ്ങനെയാണ് ഇങ്ങനെ ഒരു പ്രഖ്യാപനം നടത്താനാവുക? നമ്മുടെ സംസ്ക്കാരത്തിന്‍റെ വളര്‍ച്ച പൂര്‍ണ്ണതയില്‍ എത്തിക്കഴിഞ്ഞു എന്നാണോ ഇവര്‍ പറഞ്ഞു വരുന്നത്? മലയാള ലിപി വിവിധ ദശകള്‍ പിന്നിട്ട് ഇന്നെത്തി നില്‍ക്കുന്നത്, കുരങ്ങന്‍ പരിണമിച്ചു മനുഷ്യനില്‍ എത്തി നില്‍ക്കുന്നത് പോലെയാണെന്ന് പറയുന്നു. പരിണാമ വാദം അംഗീകരിച്ചാല്‍ തന്നെ, മനുഷ്യ ജന്മം പരിണാമത്തിന്റെ പാരമ്യതയാണെന്നു ആരെങ്കിലും വാദിച്ചാല്‍ അത് വെറും ഒരു വാദം മാത്രമേ ആവുകയുള്ളൂ. അതെ പോലെ മലയാള ലിപിയുടെ പരിണാമം ഇപ്പോള്‍ പാരമ്യത്തിലാണ് എന്ന വാദം, മലയാളത്തിന്‍റെ മുരടിപ്പിലേക്ക് നയിക്കും. ഒരു ഭാഷയുടെ മാത്രം കാര്യത്തിലല്ല, എല്ലാ കാര്യങ്ങളിലും ഇത്തരം യാഥാസ്ഥിതികര്‍ വിശ്വസിക്കുന്നത് അവര്‍ അപ്പോള്‍ ഉള്ള അവസ്ഥ പരിപൂര്‍ണമാനെന്നും എന്ത് തരം മാറ്റവും ആ സംഗതിയുടെ അപചയത്തിലേക്ക് നയിക്കും എന്നുമാണ്.അത് കൊണ്ട് ഇവിടെ ഊന്നിപ്പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രയുമാണ്: 'ലിപിയില്‍ ചില മാറ്റങ്ങള്‍ വരുന്നതോ ചില പ്രത്യേക സാഹചര്യങ്ങളില്‍ മംഗ്ലീഷ് ടൈപ്പിംഗ് നടത്തുന്നതോ മലയാളത്തെ നശിപ്പിക്കാന്‍ പോകുന്നില്ല. നമ്മുടെ സംസ്ക്കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും തകര്‍ക്കാന്‍ പോകുന്നില്ല'.
ഇവിടെ പ്രസക്തമായ ഒരു സംഭവം ഞാന്‍ പറയട്ടെ. എന്‍റെ കുടുംബത്തില്‍ നാലഞ്ചു തലമുറകള്‍ക്ക് മുമ്പ് ഒരു ഉപ്പാപ്പ പണിത തറവാട്ടു വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു പുതിയ വീട് പണിത് എല്ലാവരും അതിലേക്കു താമസം മാറ്റി. പഴയ വീട് പൊളിച്ചു നല്ല വസ്തുക്കളെല്ലാം ഉപയോഗപ്പെടുത്തുകയും ഉപയോഗയോഗ്യമല്ലാത്തവ ഒഴിവാക്കുകയും ചെയ്യും എന്ന് സ്വാഭാവികമായും ഞങ്ങളൊക്കെ കരുതി. പക്ഷെ അപ്പോഴാണ് വല്യുപ്പ പറയുന്നത് ആ വീട് പൊളിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. വലിയ വീട്, നിറയെ മരം. അതില്‍ താമസിക്കാനും ആളില്ല, അത് പൊളിക്കാനും പാടില്ല! അങ്ങനെ ആ വീട് നശിക്കാന്‍ തുടങ്ങി. കുട്ടികളായ ഞങ്ങള്‍ വല്യുപ്പയോടു ചോദിച്ചു എന്തിനാണ് ഉപ്പാപ്പ ഇങ്ങനെ ഒരു വഖഫ്‌ എഴുതി വെച്ചത്? അപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിവായി. തറവാട് നമ്മുടെ അഭിമാനത്തിന്‍റെ പ്രതീകമാണ്. അത് പൊളിക്കാന്‍ പാടില്ല, എത്ര വര്ഷം കഴിഞ്ഞാലും! കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന ആള്‍ക്കാണ് അവിടെ താമസിക്കാന്‍ അധികാരം. അത് മാത്രമല്ല, തറവാട്‌ വീട്ടിനു ചുറ്റും നിശ്ചിത പറമ്പ് അവിടെ താമസിക്കുന്നവര്‍ക്ക് ഉപയോഗിക്കാം. വീട്ടില്‍ എന്നും യാസീന്‍ ഓതാന്‍ മൊല്ലാക്കയെ ഏര്‍പ്പാട്‌ ചെയ്യണം. മൊല്ലാക്കക്ക് ഒരു കണ്ടം പാടത്ത് നിന്നുള്ള മുഴുവന്‍ നെല്ലും വഖഫ്‌ ചെയ്തു വെച്ചിരിക്കുന്നു! ഒരു അണുവിട വ്യത്യാസമില്ലാതെ, ആദിയില്‍ തറവാട് വീട് കെട്ടിയ ഉപ്പാപ്പയുടെ അതേ വികാരം തന്നെ അല്ലെ നമ്മുടെ ഇപ്പോഴത്തെ 'ഭാഷാ പ്രേമികളെ' നയിക്കുന്നത്? കൂട്ടത്തില്‍ പറയട്ടെ, ആ വീട് നശിച്ചു കൊണ്ടിരിക്കെ തറവാട്ടിലെ 'ബുദ്ധിയുള്ള' ചിലര്‍ പടിപ്പുരയിലുള്ള, തേക്കില്‍ തടിയില്‍ നിര്‍മ്മിച്ച പടുകൂറ്റന്‍ ആന വാതിലടക്കം ഓരോന്നായി മരസാമഗ്രികള്‍ ഊരിയെടുത്തു പോകാന്‍ തുടങ്ങി. തനി യാഥാസ്ഥിതികനായ വല്യുപ്പാക്ക് അതും കിട്ടിയില്ല! വീട് ആ പ്രദേശത്തെ കള്ളുകുടിയന്മാരും തോന്നിവാസികളും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടും അവിടേക്ക് കാര്യമായി ശ്രദ്ധിക്കാന്‍ ആരും ഉണ്ടായില്ല. അവസാനം കാരണവന്മാര്‍ എല്ലാവരും ചേര്‍ന്ന് വഖ്ഫിനു വിരുദ്ധമായി വീടും അതിലെ ഉരുപ്പടികളും വീതിച്ചെടുത്തു. തികഞ്ഞ സാത്വികനായ വല്യുപ്പ അതില്‍ നിന്നും ഒരു മങ്കട്ട പോലും സ്വീകരിച്ചില്ല. മാറ്റങ്ങളെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമ്പോള്‍ ഈ തറവാടിന്‍റെ കഥ എല്ലാവരും ഓര്‍ക്കുക.ലിപിയെ ഒരു ഇരുമ്പുലക്കയാക്കുന്നവര്‍ക്ക് ഈ കഥ, സ്വന്തം സംസ്ക്കാരത്തിന്‍റെ 'വില' മനസ്സിലാക്കാന്‍ ശേഷിയില്ലാത്ത പുതു തലമുറയുടെ പുലമ്പലായാണ് തോന്നുക. പാരമ്പര്യവും ഭാഷയും മനുഷ്യന് വേണ്ടിയുള്ളതാണ്, വരും തലമുറയ്ക്ക് വേണ്ടി ഉള്ളതാണ്. അല്ലാതെ മനുഷ്യന്‍ അവക്ക് വേണ്ടി അല്ല എന്ന് ഓര്‍ക്കുന്നത് എല്ലാവര്ക്കും നന്ന്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, തറവാട് മനുഷ്യന് വേണ്ടി ഉള്ളതാണ്, അല്ലാതെ മനുഷ്യന്‍ തറവാടിനു വേണ്ടി അല്ല.

ഇനി ഒരാള്‍ മംഗ്ലീഷില്‍ ടൈപ്പ്‌ ചെയ്ത്, അക്ഷരങ്ങള്‍ ആംഗലേയ ലിപിയില്‍ പ്രത്യക്ഷപ്പെടുന്ന ഒരു സിസ്റ്റം ഉപയോഗിക്കുന്നു എന്ന് കരുതുക. സാധാരണ മൊബൈല്‍ ഫോണുകളില്‍ അയക്കുന്ന മെസേജ് ഉദാഹരണം: 'അടുത്ത വീട്ടിലെ പുതിയ താമസക്കാര്‍ കെട്ടിട നിര്‍മ്മാണ വിദഗ്ധര്‍ ആണ്' എന്ന വാചകം മംഗ്ലീഷില്‍ എഴുതുമ്പോള്‍ ഇങ്ങനെയാവും; 'adutta veettile puthiya thaamasakkar kettidanirmmaana vidagdhar aanu'. ഈ രണ്ടു സംഗതികളില്‍ ഏതാണ് കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്? തീര്‍ച്ചയായും ആദ്യത്തേത് തന്നെ! അപ്പോള്‍ എത്ര വലിയ 'ഭാഷാ വിരോധി' ആണെങ്കിലും അവസരമുണ്ടെങ്കില്‍ആദ്യത്തെ ഉദാഹരണത്തിലെ മെത്തേഡ്‌ തന്നെയാണ് ഉപയോഗിക്കുക. അവസരമില്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വഴി സ്വീകരിക്കുന്നത് എന്നര്‍ത്ഥം. അവസരമുണ്ടായിട്ടും രണ്ടാമത്തെ വഴി നാം സ്വീകരിക്കാന്‍ തുടങ്ങിയാല്‍ അതിനര്‍ത്ഥം നമ്മുടെ ലിപി കോംപ്ലിക്കേറ്റഡ് ആണെന്നും അത് ലഖൂകരിക്കണം എന്നും ആണ്. അപ്പോള്‍ ലിപി പരിഷ്കരണം ആവാം. സ്വാഭാവികമായി ഉരുത്തിരിഞ്ഞു വരേണ്ട ലിപി പരിഷ്കരണത്തെ 'മലയാളം മരിക്കുന്നേ' എന്ന മുറവിളി കൊണ്ട് തടയാന്‍ ശ്രമിക്കുന്നതിന് പകരം ആ ആവശ്യം മനസ്സിലാകുകയും അതിനു പരിഹാരം കാനുകയുമാണ് വേണ്ടത്. ഭയം മാറി വെച്ച് ലിപിയില്‍ ചില പരിഷ്കരണങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നിര്‍മ്മാണപരമാവുന്നു. മറിച്ച് നമ്മുടെ സംസ്ക്കാരം ഇതാ തകരാന്‍ പോകുന്നേ എന്ന് നിലവിളിച്ചാല്‍ അത് വെറും യാഥാസ്ഥിതികത മാത്രമാവുന്നു, സംസ്ക്കാര സംരക്ഷണം ആകുന്നില്ല. ഇത്തരം യാഥാസ്ഥിതികത, ആ ഭയം ഒരു യാഥാര്‍ത്ഥ്യമായി മാറുന്നതിലേക്ക് വഴി വെക്കുകയേ ഉള്ളൂ.

മറിച്ചു ഭാവനയുടെ അങ്ങേയറ്റത്ത് കിടക്കുന്ന ഒരു സാധ്യതപോലും ഉണ്ടാക്കുന്നത്‌ അത്ര വലിയ ആഘതമല്ല എന്നാണ്.

തുര്‍ക്കിയില്‍ നടന്ന ലിപി പരിഷ്കരണം നാമൊക്കെ കണ്ടു.ആ ഒരു പരിഷ്കരണം കൊണ്ട് പ്രത്യേകമായി എന്തെങ്കിലും പ്രശ്നം അവിടെ ഉണ്ടായോ?മലയാളം അറിയാത്ത ആദ്യകാല മാപ്പിള സാഹിത്യകാരന്മാര്‍ മലയാളത്തെ അറബി ലിപിയില്‍ എഴുതിയത് കൊണ്ട് എന്ത് നഷ്ടമാണ് മലയാളഭാഷക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ളത്? ഇന്ന് അതിനെ അറബി-മലയാള ഭാഷ എന്ന് പേരിട്ടു അരികുവല്‍ക്കരിച്ചതു കൊണ്ട് അത് മലയാളം അല്ലാതായിത്തീരുമോ? മോയിന്‍ കുട്ടി വൈദ്യര്‍ക്ക് ഉണ്ടായിരുന്നത് കേരളത്തിന്‍റെ സംസ്ക്കാരവും ചരിത്രബോധവും പാരമ്പര്യവും തന്നെ ആയിരുന്നില്ലേ? ഇനി കേരളീയം എന്നത് കൊണ്ട് 'ഭാഷാ പ്രേമികള്‍' ഉദ്ദേശിക്കുന്നത് ഹൈന്ദവം എന്നാണോ? ഭാഷയുടെയും സംസ്ക്കാരത്തിന്റെയും കാര്യത്തില്‍ വിശാലമായ ഒരു സമീപനം ഉണ്ടാക്കാന്‍ എന്തുകൊണ്ട് ശ്രമങ്ങള്‍ നടക്കുന്നില്ല?

5/22/2012

അണ്ടര്‍ ഓഫീസര്‍ വിജയന്‍റെ റിപ്പബ്ലിക്‌ ദിനം

"പരേ.....ഡ്‌, സാമ്നെ സേ തേ.....ച്ച്ചാല്‍" തൊണ്ട പൊട്ടുമാറുച്ചത്തില്‍ അണ്ടര്‍ ഓഫീസര്‍ വിജയന്‍ ആഞ്ഞു വിളിച്ചു.
ഏക്‌, ദോ, ഏക്‌....ഏക്‌, ദോ, ഏക്‌...പരേഡ്‌ തുടങ്ങി.
നാളെ ജനുവരി ഇരുപത്താറ്. റിപ്പബ്ലിക്‌ ദിനം. എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്‌ മത്സരാടിസ്ഥാനത്തിലാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി ഉണ്ട്. പത്തു മണിയോടെ എല്ലാവരും പ്രാക്ടീസ് നിറുത്തി. കുളിച്ചു വൃത്തിയായി വന്നു ഭക്ഷണം കഴിച്ചു.

എന്‍.സി.സി. ഓഫീസര്‍ മേജര്‍ വേലായുധന്‍  സാറും വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം പ്രായമായ ചില സീനിയര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടി സാര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് നടന്നു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പക്ഷെ മറ്റു കാഡറ്റുകളുടെ കൂടെ കിടന്നുറങ്ങാന്‍ പോയി. സ്വാതിഷ്‌ ആ നാട്ടുകാരനും രണ്ടാം വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയും ആണ്. കോളേജിലേക്ക് വരുന്നതിനു മുമ്പ് രാവിലെയും വൈകീട്ട് കോളേജു വിട്ട ശേഷവും ഒഴിവു ദിവസങ്ങളിലും ഒക്കെ ഓട്ടോ ഓടിച്ചു ജീവിക്കുന്നു. നന്നായി കുടിക്കും. കോളെജിലേക്ക് ഓട്ടോയിലാണ് വരിക. ഭാഗ്യമുണ്ടെങ്കില്‍ അവിടെയും ചിലപ്പോള്‍ ചില ഓട്ടങ്ങള്‍ കിട്ടും. പിന്നെ ജഗദീഷ്‌, പാരലെല്‍ കോളേജ്‌ നടത്തുന്നു. ഏതു ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും അവന്‍റെ സ്ഥാപനത്തില്‍ പ്രവേശനം ഉണ്ട്. പക്ഷെ, കുട്ടികള്‍ക്ക് എന്തോ ഒരു താല്പര്യമില്ലായ്മ. അത് കൊണ്ട് അവന്‍റെ സ്ഥാപനത്തില്‍ ചിലപ്പോള്‍ എട്ടാം ക്ലാസ്‌ ഉണ്ടാവും പക്ഷെ ഒമ്പതാം ക്ലാസ്‌ ഉണ്ടാവില്ല! കണക്ക്‌, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ അവന്‍ തന്നെയാണ് എല്ലാ ക്ലാസിലും എടുക്കുക. ഇംഗ്ലീഷിനു അവന്‍റെ കൂട്ടുകാരന്‍ ജാഫര്‍ ഉണ്ട്. ജാഫര്‍ ബി.എ. ഇംഗ്ലീഷിനു പഠിക്കുകയാണ്; അടുത്തുള്ള കോ-ഓപറേറ്റീവ് കോളേജില്‍. പോക്കറ്റ് മണി ഒക്കെ ഒക്കും. ഇവര്‍ രണ്ടു പേരുമാണ് പാരലല്‍ കോളേജിലെ അധ്യാപകര്‍. ജഗദീഷും സ്വാതിഷും ഞങ്ങളുടെ കോളേജിലെ തല മൂത്ത വിദ്യാര്‍ത്ഥികള്‍ ആണ്. അതുകൊണ്ട് ഇവരെ മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും ബഹുമാനിച്ചു പോന്നു.

വേലായുധന്‍ സാറും സ്വാതിഷും ജഗദീഷും കോളേജ്‌ ഗ്രൗണ്ടിന്റെ വടക്കേ മൂലയിലുള്ള മാവിന്‍റെ ചുവട്ടിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ കഷ്ണത്തിന്മേല്‍ ഉപവിഷ്ടരായി. സ്ഥിരമായി മദ്യപിക്കുന്ന ആരോ ചിലര്‍ അവിടെ പാകത്തിന് ഇരിക്കാനുള്ള സംവിധാനങ്ങളൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. സ്വാതിഷ്‌ കുപ്പികള്‍ പുറത്തെടുത്തു. "ചിയേഴ്സ്". കുപ്പികള്‍ കാലിയായി.

പിറ്റേന്ന് എല്ലാവരും പുലര്‍ച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റു. ഉറക്കം തൂങ്ങി എല്ലാവരും സ്വാതിഷിന്‍റെ ഓട്ടോയില്‍ കയറി, വണ്ടി പുഴക്കരയിലേക്ക് വിട്ടു. കാട് മൂടിക്കിടക്കുന്ന കടലുണ്ടിപ്പുഴയുടെ വശത്തു കൂടെ എല്ലാവരും കുറ്റിക്കാടുകളിലേക്ക് നീങ്ങി. വളരെ പ്രയാസപ്പെട്ട് പലരും കാര്യം നിര്‍വഹിച്ചുവെങ്കിലും അണ്ടര്‍ ഓഫീസര്‍ ആയ വിജയന് സംഗതി നടത്താന്‍ കഴിഞ്ഞില്ല. പുറത്തു വരുന്നില്ല! എന്ത് ചെയ്യും?  കുളിച്ചു തിരികെ വന്നു. ഏഴു മണിക്ക് കെ.എസ.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും വണ്ടി വന്നു. അപ്പോഴേക്കും എല്ലാവരും യൂണിഫോം മാറ്റി തയ്യാറായിട്ടുണ്ടായിരുന്നു. പരേഡ്‌ നയിക്കേണ്ടത് താനാണ്. കുളിച്ചു വന്നു യൂണിഫോം മാറ്റുന്നതിന് മുമ്പും കുറെ ശ്രമിച്ചു നോക്കി. പക്ഷെ നടന്നില്ല. എന്നും ഒമ്പത് മണിക്ക് എഴുന്നേല്‍ക്കുന്ന താന്‍ ഇന്ന് നേരം തെറ്റി എഴുന്നേറ്റതാണ് പ്രശ്നകാരണം എന്ന് വിജയന് മനസ്സിലായി. പാട്ടും കൂത്തുമായി ബസ്‌ എം.എസ്.പി.യിലെത്തി. കൃത്യം എട്ടു മണിക്ക് പരേഡ്‌ ആരംഭിക്കും. എല്ലാ പ്ലറ്റൂനുകളും മൈതാനത്തിനു പുറത്തു വരിവരിയായി നിന്നു. ഇനിയും പത്തു മിനിട്ടില്‍ പരേഡ്‌ ആരംഭിക്കും. ബാന്‍ഡ്‌ ടീം ആദ്യം മൈതാനത്തിലേക്ക് നടക്കും; അതിനെ പിന്തുടര്‍ന്ന് വിവിധ പോലീസ്‌, എന്‍.സി.സി., സ്കൗട്ട് ആന്‍ഡ്‌ ഗൈഡ്‌ ട്രൂപ്പുകള്‍ എന്നിവര്‍ മാര്‍ച്ച് നടത്തും.

അണ്ടര്‍ ഓഫീസര്‍ വിജയന് ബേജാറ് തുടങ്ങി. ഇന്ന് അവന്‍റെ അഭിമാന ദിവസമാണ്. ഒന്നാം സ്ഥാനം കരസ്ഥമാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരേഡിലും തന്‍റെ കോളേജ്‌ യൂണിറ്റ് ഒന്നാം സ്ഥാനം നേടിയതാണ്. പിറകോട്ടു പോയാല്‍ അപമാനം തനിക്കാണ്, എന്നിങ്ങനെ ചിന്തിച്ചു പുള്ളി ടെന്‍ഷനായികൊണ്ടിരുന്നു. അത് പ്രശ്നമായി. കൃത്യം എട്ടുമണിക്ക് വിസില്‍ മുഴങ്ങി. അണ്ടര്‍ ഓഫീസര്‍ വിജയന് സമ്മര്‍ദ്ദം ഏറി തൂറാന്‍ മുട്ടി. ഇതിലും വലിയ വണ്ടിയും വലയും വേറെ ഉണ്ടോ? ആവതു പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷെ, ഒരു രക്ഷയുമില്ല! "വെട്ടു തടുക്കാം, പക്ഷെ മുട്ട് തടുക്കാനാവില്ല" എന്ന് ഹമീദ്‌ പറഞ്ഞത് ഓര്‍ത്തു.

ഹമീദിനോട് പരേഡ്‌ നയിക്കാന്‍ പറഞ്ഞു, എക്സ്ട്രാ വന്നിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഹമീദിന്‍റെ സ്ഥാനത്ത് നിര്‍ത്തി വിജയന്‍ ഓടെടാ ഓട്ടം! കക്കൂസ് തിരഞ്ഞു ഓടി നടന്ന വിജയന് വഴി കാണിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.  വിജയന് നിയന്ത്രണം വിട്ടു. ക്യാമ്പ്‌ ആശുപത്രിയുടെ പിന്നിലെ ചെരുവില്‍ ഒരു മാവിന്‍ ചുവട്ടില്‍ വെച്ച് വിജയന്‍ തന്‍റെ ബെല്‍റ്റ്‌, പറിച്ചെറിഞ്ഞു, കാല്‍ശരായിയും ജെട്ടിയും പാതി നീക്കി. അണക്കെട്ട് തുറന്നു വിട്ടപോലെ വിജയന്‍റെ വയറ്റില്‍ നിന്നും മലം പ്രവഹിച്ചു. ആദ്യ റൌണ്ട് പുറത്തു വന്ന ശേഷം പാന്‍റും ജെട്ടിയും അഴിച്ചുമാറ്റി.

ഹാ! എന്തൊരു സുഖം! കഴുകാന്‍ പക്ഷെ, അടുത്തൊന്നും വെള്ളം കണ്ടില്ല. അവിടെ നിന്നും നീങ്ങി മറ്റാരുടെ എങ്കിലും കണ്ണില്‍ പെട്ടാല്‍ പിന്നെ പെട്ടത് തന്നെ! അടുത്തു കണ്ട പൊടുവണ്ണി മരത്തിന്‍റെ ഇല പറിച്ചു താല്‍ക്കാലിക പരിഹാരം കണ്ടു. സമാധാനത്തോടെ എഴുന്നേറ്റു. അഴിച്ചു മാറ്റിയ വസ്ത്രം ധരിച്ചു. സമയം എട്ടേകാല്‍ കഴിഞ്ഞിരിക്കുന്നു. ബാന്‍ഡ്‌ മുട്ടുന്ന ശബ്ദം കേള്‍ക്കാം. ഊരിയെറിഞ്ഞ ബെല്‍റ്റ് എടുത്ത്‌ തിരുകാന്‍ തുടങ്ങുമ്പോള്‍ ഘോരമായ ഒരു ശബ്ദം! "ആരെടാ അവിടെ?" മൊട്ടയടിച്ചു യൂണിഫോം ധരിച്ച ഒരു പോലീസുകാരന്‍! വിജയന്‍ ഭയന്നു. അടിക്കുന്നെങ്കില്‍ അടിക്കട്ടെ, എന്ത് വേണമെങ്കിലും ചെയ്യട്ടെ, എന്ന ചിന്തയോടെ വിജയന്‍ പോലീസുകാരന്‍റെ നേരെ നടന്നു. "എന്താടാ തനിക്കവിടെ പണി?" അയാള്‍ ചോദിച്ചു. വിജയന്‍ സംഗതികളെല്ലാം വിശദീകരിച്ചു. പോലീസുകാരന് ദയ തോന്നി. അയാള്‍ അത് വൃത്തിയാക്കാന്‍ വിജയനോട് പറഞ്ഞു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പൊടുവണ്ണിയുടെ ഒരു ഇല പറിച്ചു മലം കോരി അപ്പുറത്തെ  പൊട്ടക്കുഴിയില്‍ നിക്ഷേപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വിജയന്‍ ഗാലറിയിലേക്ക് നടന്നു.

5/18/2012

കുഞ്ഞാപ്പായുടെ പഞ്ചായത്ത് കുളം

പഞ്ചായത്തിലെ കാര്യങ്ങളൊക്കെ നന്നായി അറിയാം കുഞ്ഞാപ്പക്ക്. പക്ഷെ മറ്റുള്ളവര്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കില്ല. എന്ത് ആനുകൂല്യങ്ങള്‍ വന്നാലും വാങ്ങി സ്വന്തം കീശയിലിടും. ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്നു പറഞ്ഞു പഞ്ചായത്തില്‍ നിന്നും അയാള്‍ വാങ്ങിയ കാശിനു കണക്കില്ല. കുഞ്ഞാപ്പായുടെ പറമ്പില്‍ പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളം ഉണ്ട്. പഞ്ചായത്തില്‍ നിന്നും വലിയൊരു സംഖ്യ വാങ്ങി ആ കുളം മൊത്തം കരിങ്കല്ല് പതിച്ചു പഞ്ചായത്ത് കുളം എന്നെഴുതി വെച്ചു കുഞ്ഞാപ്പ. പക്ഷെ അതിനെ ചുറ്റി ഉള്ള എല്ലാ ഭൂമിയും കുഞ്ഞാപ്പായുടെതാണ്. അത് കൊണ്ട് ആര്‍ക്കും ആ കുളത്തിലെ വെള്ളം എടുത്തു തങ്ങളുടെ കൃഷിഭൂമി നനക്കാന്‍ കഴിയില്ല. പക്ഷെ നാട്ടുകാര്‍ ഇവിടെ ദിവസവും രണ്ടു നേരം കുളിച്ചു വന്നു. കുഞ്ഞാപ്പക്ക് പക്ഷെ അതിഷ്ടമല്ല. കുട്ടികള്‍ കുളത്തിന്‍റെ മതിലില്‍ കയറി കുളത്തിലേക്ക് ചാടുന്നതും കുളം നിറഞ്ഞു നീന്തുന്നതും കണ്ടാല്‍ കുഞ്ഞാപ്പക്ക് കലി വരും. അതിനു അയാള്‍ ഒരു വഴി കണ്ടു പിടിച്ചു: കുളം നിറയെ മുള  വെട്ടിക്കൊണ്ടു വന്നു നിറച്ചു. കുട്ടികള്‍ ആദ്യമൊക്കെ മുള ഒരു വശത്തേക്ക് നീക്കി നീന്തിക്കളിച്ചെങ്കിലും കുഞ്ഞാപ്പ കൂടുതല്‍ മുളകള്‍ ഇറക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അളവറ്റ സമ്പത്തിനുടമയായ കുഞ്ഞാപ്പ നാട്ടിലെ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടക്കെടുണ്ടെങ്കിലും അവര്‍ അത് പുറത്തു കാട്ടാറില്ല. കാരണം, സ്ഥലത്തെ പ്രധാന തറവാട്ടുകാരനും, പള്ളിക്കമ്മിറ്റി മെമ്പര്‍മാരുടെ പേടിസ്വപ്നവുമായ കുഞ്ഞാപ്പായെ പിണക്കിയാല്‍ ആകെ ഗുലുമാലാകും എന്നാണു അവരുടെ ഭയം. അങ്ങനെ നാട്ടുകാര്‍ ഭയന്ന്‍ നടക്കുന്നതിനിടയില്‍ വേനലവധി വന്നു. ഞാന്‍ അന്ന് പത്താം ക്ലാസ്‌ കഴിഞ്ഞു പ്ലസ്‌-ടുവിന് ചേരാന്‍ തീരുമാനിച്ചു നടക്കുകയാണ്.

ഉമ്മമാരുടെ കൂടെ നാട്ടിലെത്തുന്ന വിരുന്നു കാരായ കുട്ടികളുണ്ടോ കുഞ്ഞാപ്പയെ കാര്യമാക്കുന്നു! അവര്‍ മുളകള്‍ മുഴുവനും വലിച്ചു കുളത്തില്‍ നിന്നും പുറത്തേക്ക് കയറ്റാന്‍ തുടങ്ങി. ഏതാണ്ട് പാതി മുളകളും പുറത്തെത്തിയപ്പോള്‍ അതാ കുഞ്ഞാപ്പ അലറുന്ന ശബ്ദം കേള്‍ക്കുന്നു. നാട്ടുകാരായ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. വിരുന്നുകാര്‍ ഭയന്ന് കുളത്തില്‍ നിന്നും പുറത്തു വന്നു. കുഞ്ഞാപ്പയുടെ പച്ചത്തെറി വയര് നിറയെ കിട്ടി. കുട്ടികള്‍ തിരിച്ചു പോയി.

കുഞ്ഞാപ്പക്ക് മനസ്സിലായി, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്ന കേസുകളല്ല, രണ്ടു മാസമാണ് അവധി. ഈ കുട്ടികളെ എങ്ങനെയും കുളത്തില്‍ നിന്നും അകറ്റണം. കുഞ്ഞാപ്പ കൂലങ്കുഷമായി ചിന്തിച്ചു! പതിവില്ലാതെ, പിറ്റേന്ന് നേരം പുലരും മുമ്പ് കുഞ്ഞാപ്പ കുളക്കരയിലേക്ക് നടന്നു. തുണിയഴിച്ച് കുളത്തിലിറങ്ങി. പത്തു മണിയോടെ കുളക്കരയിലെത്തിയ കുട്ടിപ്പട്ടാളം അന്തിച്ചു പോയി. കുളം നിറയെ മലത്തിന്‍റെ കഷ്ണങ്ങള്‍ പരന്നു കിടക്കുന്നു! അവര്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ നീന്താന്‍ പഠിച്ച, നിരവധി ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ കുളവും പരിസരവും കാണാന്‍  ഞാന്‍ പോയി. ചുറ്റുമുള്ള പറമ്പുകള്‍ക്കൊക്കെ പുതിയ വേലികള്‍ വന്നിരിക്കുന്നു.  കുളത്തിന്‍റെ അക്കരയില്‍ കൂരകെട്ടി ജീവിക്കുന്ന വേലായുധന്‍ അല്ലാതെ മറ്റാരും ഇപ്പോള്‍ ആ പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ വരാറില്ല. ഇപ്പോള്‍ കുളത്തില്‍ കുട്ടികളുടെ ശല്യമില്ലാതെ കുഞ്ഞാപ്പ സമാധാനത്തോടെ ജീവിക്കുന്നു. കുളത്തിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നുവോ? കുഞ്ഞപ്പയോടു മുഖം കറുപ്പിച്ചിരിക്കുന്നതാണോ? കുളത്തിലെ വെള്ളം തികച്ചും നിശ്ചലമായിരുന്നു. കുറെ നേരം നോക്കി നിന്ന് ഞാന്‍ തിരിച്ചു നടന്നു.

5/15/2012

ഇരുള്‍ ഗോപാലന്‍

ഇരുട്ടിനാണോ ഗോപാലനാണോ കൂടുതല്‍ കറുപ്പ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ തോന്നും ഇരുട്ട് ഗോപാലനെക്കാള്‍ കറുപ്പാണെന്ന്. മറ്റു ചിലപ്പോള്‍ തോന്നും ഗോപാലന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടാണെന്ന്. റോഡിലൂടെ രാത്രിയില്‍ നടക്കുമ്പോള്‍ ഗോപാലന്റെ രൂപം ഏത്‌ അമാവാസിയിലും ഒരു നിഴല്‍ രൂപം പോലെ കാണാം. എന്നാല്‍ കവുങ്ങിന്‍ തോപ്പിലൂടെയുള്ള നാട്ടു വഴിയില്‍ ഗോപാലനെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുക അസാധ്യം. അങ്ങനെയാണ് തോട്ടുപിലാക്കള്‍ ഗോപാലന്‍ ഇരുള്‍ ഗോപാലനായത്. സിനിമ കഴിഞ്ഞു വരുന്ന രാത്രികളില്‍ ഗോപാലന്‍ പാട്ടും മൂളി ഏറ്റവും പിന്നിലേ നടക്കൂ. ബസ്‌ സ്റ്റോപ്പില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ നടക്കണം നാട്ടു വഴിയിലൂടെ. കവുങ്ങിന്‍ തോപ്പിലൂടെ ഒഴുകുന്ന തോട്ടിന്‍ കരയിലൂടെ വേണം ഗോപാലന്റെ വീട്ടിലെത്താന്‍. തോട്ടിന്‍ കരയില്‍ വെച്ച് പിരിയുമ്പോള്‍ കൂട്ടുകാര്‍ ഗോപാലനോട് പറയും: "ഗോപാലാ, ഒന്ന് ചിരിച്ചു കൊണ്ട് നടക്കണേ, ആ പല്ലുകള്‍ പുറത്തു കണ്ടോട്ടെ. ഇല്ലെങ്കില്‍ എതിരില്‍ നിന്നും വരുന്നവര്‍ നിന്‍റെ മേല്‍ ഇടിച്ചു തോട്ടിലേക്ക് വീഴും". അത് തന്നെ കളിയാക്കുന്നതാനെന്നു ഗോപാലനറിയാം എന്നാലും ഗോപാലന്‍ വെറുതെ ചിരിക്കുകയെ ഉള്ളൂ.

സമീപത്തുള്ള ഓട്ടോ മെക്കാനിക്കിന്‍റെ കടയില്‍ വാഹനങ്ങള്‍ തുടച്ചു വൃത്തിയാക്കലാണ് ഗോപാലന്‍റെ ജോലി. പെണ്ണ് വീട്ടില്‍ നിന്നും ഗോപാലനെ അന്വേഷിച്ചു അമ്മാവന്‍ ആദ്യം തന്നെ അവിടെ വന്നപ്പോള്‍ ഗോപാലന്‍ മോട്ടോര്‍ സൈക്കിളിന്  എണ്ണയിട്ടുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന്‍ ഗോപാലനോട് ചോദിച്ചു: "അല്ല, ഇത് താങ്കളുടെ തനി നിറം തന്നെയോ അതോ ചളിയും ഗ്രീസും പുരണ്ടത് കൊണ്ട് എനിക്ക് തോന്നുന്നതാണോ?"

ഗോപാലന്‍ തന്‍റെ തനി നിറം കാണിക്കാന്‍ മെനക്കെട്ടില്ല. എന്തായാലും കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ തന്തയല്ലേ എന്ന് കരുതി ക്ഷമിച്ചു.

ഗോപാലന്‍റെ പെണ്ണ്  അത്ര കറുത്തിട്ടല്ല, പക്ഷെ സുന്ദരിയാണ്. ഗോപാലനും ഭാര്യയും റോട്ടിലൂടെ പോകുമ്പോള്‍ ആരും അവളെ ഒന്ന് നോക്കിപ്പോകും. എന്നിട്ട് ഗോപാലനെ നോക്കി 'ഈ കോന്തനാണോ ആ പെണ്ണിനെ കെട്ടിയത്‌' എന്ന് കമന്റ് പാസാക്കും.

കല്യാണം കഴിഞ്ഞു ഒരു ദിവസം ഗോപാലന്‍ ഭാര്യയേയും കൂട്ടി കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി. തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കവുങ്ങിന്‍ തോപ്പിലൂടെ നടക്കുമ്പോള്‍  എതിരെ നിന്ന് അശോകന്‍ വരുന്നുണ്ടായിരുന്നു. തമ്മില്‍ സംസാരിക്കാറില്ലാത്തത് കൊണ്ട് ഗോപാലന്‍ മെല്ലെ അയാള്‍ക്ക്‌ വഴി മാറിക്കൊടുത്തു. പിന്നാലെ വരുന്ന ഭാര്യയും വഴി മാറിക്കൊടുത്തു.  അശോകന്‍ പക്ഷെ ഗോപാലനെ കണ്ടില്ലെങ്കിലും ഭാര്യയെ കണ്ടു. "എന്താ ലക്ഷ്മി, ഈ നേരത്ത് എവിടെ നിന്നും വരുന്നു?"
"കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയിട്ട് വരുന്ന വഴിയാ"
"ഒറ്റയ്ക്കാണോ പോയത്?"
"അല്ല, ഗോപാലേട്ടന്‍റെ കൂടെയാ"
"അവന്‍ അല്ലെങ്കിലും ഒരു മരക്കഴുതയാ, ഭാര്യയെ നേരാം വണ്ണം വീട്ടില്‍ ആക്കിക്കൊടുത്തിട്ടു പോയ്ക്കൂടെ അവന്‍റെ മറ്റു പണികള്‍ക്ക്? ഞാന്‍ വീട്ടില്‍ കൊണ്ടാക്കിത്തരണോ?"
അതിനു മറുപടി വന്നത് അത് വരെ വന്ന വായില്‍ നിന്നായിരുന്നില്ല!
"എടാ, നായിന്‍റെ മോനെ, നിനക്ക് എന്‍റെ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കണം അല്ലേടാ" എന്നലറിക്കൊണ്ട് ഗോപാലന്‍ അശോകന്‍റെ നേരെ ചീറിയടുത്തു. അശോകന്‍ ഓടി രക്ഷപ്പെട്ടു. എതിരെ നടന്നു വന്നു കൊണ്ടിരുന്ന കോയാലിക്കായോട്, "പിന്നാലെ ഗോപാലന്‍ വരുന്നുണ്ട്, കൂട്ടി ഇടിച്ചു തോട്ടില്‍ വീഴണ്ട എങ്കില്‍ വഴിയില്‍ നിന്നും മാറിക്കോ" എന്ന് വിളിച്ചലറിക്കൊണ്ട് അശോകന്‍ ഓടി മറഞ്ഞു.

5/02/2012

മലയാളത്തിനു മരണമണി മുഴങ്ങുകയോ?

നാലാമിടം പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കപ്പെട്ട എന്‍റെ കുറിപ്പ്, എന്‍റെ ബ്ലോഗ്‌ സന്ദര്‍ശകര്‍ക്കായി  മറ്റൊരു തലക്കെട്ടില്‍  ഇവിടെ വീണ്ടും പോസ്റ്റ്‌ ചെയ്യുന്നു.


തെരുവിലിറങ്ങിയാല്‍ വഴി തെറ്റിപ്പോവുമോ എന്ന് ഭയന്ന് തന്‍റെ കുഞ്ഞിനെ വീട്ടു തടങ്കലിലാക്കാന്‍ മനസ്സ് വെമ്പുന്ന ഒരമ്മയെ പോലെയാണ് ഞാന്‍ കണ്ട മലയാള ഭാഷാ പ്രേമികള്‍. മലയാളത്തെ റോമന്‍ ലിപിയില്‍ എഴുതുന്നതും മലയാളം സംസാരിക്കുന്നതിനിടക്ക് ആംഗലേയ പദങ്ങള്‍ കടന്നു വരുന്നതും മലയാള ഭാഷയുടെ മരണത്തിലേക്ക് നയിക്കും എന്നിവര്‍ ഭയപ്പെടുന്നു. ഭാഷയെ വെറും ലിപികളില്‍ ചുരുട്ടിക്കൂട്ടുകയും അതിന്‍റെ മറ്റു വശങ്ങള്‍ ഓര്‍ക്കാതെയിരിക്കുകയും ചെയ്യുന്നവരാണ് ഇത്തരം ഒരു ഭയം മനസ്സില്‍ കൊണ്ട് നടക്കുന്നത്. ഭാഷയുടെ ജീവന്‍ ആ ജനതയുടെ സംസ്കാരത്തിലും ശൈലികളിലും മറ്റു സംസ്ക്കാരങ്ങളുമായുള്ള ഇടപഴകലുകളിലും പുറത്തു ചാടുന്ന ഒന്നാണ് എന്നാണു എന്‍റെ അനുഭവം. മലയാളികള്‍ എന്ന് കേള്‍ക്കുമ്പോള്‍ മലയാളത്തിനു പുറത്തുള്ളവരുടെ മനസ്സില്‍ എന്ത് തരം ചിത്രമാണ് രൂപപ്പെടുന്നത് എന്നതാണ് നമ്മുടെ പാരമ്പര്യവും സംസ്ക്കാരവും എത്രത്തോളം മൂല്യവത്താണ് എന്ന് കാണിക്കുന്നത്. തമിഴന്‍ എന്നോ, ഇംഗ്ലീഷു കാരന്‍ എന്നോ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ആ ഭാഷയും ആ ആളുകളും അവരുടെ പെരുമാറ്റ രീതിയും എല്ലാമാണ് ഓടിയെത്തുക അവരുടെ ലിപിയല്ല. തമിഴരുമായും ഇംഗ്ലീഷുകാരുമായും ഇടപഴകിയിട്ടുള്ള ഒരാള്‍ ആ രണ്ടു കൂട്ടരെയും ഏതു രീതിയിലാണോ കാണുന്നത് അത് അവരുടെ സംസ്ക്കാര-പാരമ്പര്യങ്ങളുടെ പ്രതിഫലനമാണ്. അവര്‍ ഉപയോഗിക്കുന്ന ലിപി അവരുടെ ഒന്നിനെയും പ്രതിനിധാനം ചെയ്യുന്നില്ല. ഭാഷ പ്രതിനിധാനം ചെയ്യുന്നത് ഒരു സംസ്ക്കാരത്തെയാണ്. ഭാഷ മരിക്കുക എന്നാല്‍ സംസ്ക്കാരം മരിക്കുക എന്നാണ്.

ലിപി പ്രശ്നം:

മലയാളം സംസ്കൃതത്തില്‍ നിന്നും വന്നതാണെന്ന അറിവിനല്ല പ്രസക്തി, മറിച്ചു അങ്ങനെ ഒരു ഭാഷ ഈ നാട്ടില്‍ രൂപപ്പെട്ടു വന്നു എന്നതിനാണ്. ഒരു പൊതു ഭാഷ രൂപപ്പെടുകയും അങ്ങനെ ഒരു ജനതയുടെ ഉള്ളില്‍ സംസ്ക്കാരത്തിന്റെയും അറിവിന്‍റെയും മൂല്യങ്ങളുടെയും ഒഴുക്ക് നടക്കുകയും ചെയ്തു എന്നത് വളരെ പ്രധാനമാണ്. ആദ്യത്തെ അറിവിന്‌ പ്രാധാന്യം കൊടുക്കുന്നവര്‍ മലയാളത്തില്‍ സംസ്കൃത ബാഹ്യമായ എല്ലാ ഇടപെടലുകളും ഭാഷാ മലിനീകരണത്തിന് കാരണമാവും എന്ന് ഭയപ്പെടുന്നു. അതൊരു തരം വസ്വാസ് ആണെന്ന് ഞാന്‍ പറയും.


തമിഴനും ഇംഗ്ലീഷുകാരനും മലയാളിക്കും ഇടയിലുള്ള പൊതുവായ സാംസ്കാരിക വ്യത്യാസങ്ങള്‍ മുഴുവനും ഈ ജനതയുടെ ഭാഷ അവരില്‍ ഉത്പാദിപ്പിച്ചതാണ്. അത് കൊണ്ട്, ഭാഷയുടെ ധര്‍മ്മം, ശരീരത്തില്‍ രക്തത്തിന്‍റെതു പോലെ ഉള്ള ഒന്നാണ്. പോഷകങ്ങളും വിഷാംശവും അത് ഒരു ജനതയില്‍ തുല്യമായി വിതരണം ചെയ്യുന്നു. രക്തം ഉണ്ടാവുക, അത് അതിന്‍റെ ധര്‍മ്മം നിര്‍വഹിക്കുക എന്നതാണ് പ്രധാനം, അല്ലാതെ അതിനു ഒരു പ്രത്യേക നിറം ഉണ്ടാവുക എന്നതല്ല. ഇത് പോലെ ഭാഷയുടെ ലിപി എങ്ങനെ ഉള്ളതാണെന്നതിനു പ്രസക്തിയില്ല. അക്ഷരങ്ങള്‍ കാണുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ കാണുന്നത് വെറും കുത്തിവരകള്‍ മാത്രമാണ്. അതിനു ജീവനില്ല. നാം വായിക്കുമ്പോള്‍ ആ അക്ഷരങ്ങളില്‍ നാം ജീവന്‍ ദര്‍ശിക്കുന്നു. ഒരാള്‍ റോമന്‍ ലിപിയില്‍ മലയാളം എഴുതിയാലും ആ എഴുത്തിന്‍റെ സത്ത നാം സ്വാംശീകരിക്കുന്നുണ്ട്. രണ്ടു പേര്‍ റോമന്‍ ലിപിയില്‍ പരസ്പരം മലയാളം എസ്.എം.എസ്. അയച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടെ മലയാള ഭാഷയ്ക്ക്‌ ഒന്നും സംഭവിക്കുന്നില്ല. അത് പഴയ പടി തന്നെ ജീവസ്സുറ്റതാണ്‌.

വാക്കുകളുടെ പ്രശ്നം:

മംഗ്ലീഷില്‍ സംസാരിക്കുന്നത് ഒരു തരം പുച്ഛത്തോടെ കാണുന്നവരാണ് ഭാഷാപ്രേമികള്‍. രണ്ടു തരം മനോഭാവങ്ങള്‍ ഇത്തരം മംഗ്ലീഷുകാരില്‍ നമുക്ക് കാണാം. ഒന്ന് പൂര്‍ണമായും മലയാള വാക്കുകള്‍ ഉപയോഗിച്ചു സംസാരിച്ചാല്‍ സ്വയം ഒരു തരം നിലവാരക്കുറവു അനുഭവിക്കുന്ന വിഭാഗം. മറ്റേതു ശരിക്കും മലയാള വാക്കുകളുടെ കുറവ് അനുഭവിക്കുന്നവര്‍.

ഒന്നാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ സാംസ്കാരികമായി തന്നെ മംഗ്ലീഷു കാരായിരിക്കും. എന്ന് പറഞ്ഞാല്‍ മലയാള സംസ്കാരത്തോട് പുച്ഛവും ആംഗലേയ സംസ്കാരത്തോട് ആരാധനയും തോന്നുന്ന ഒരു തരം മാനസിക രോഗത്തിന് അടിമപ്പെട്ടവര്‍. അവര്‍ക്ക് ആത്മാഭിമാനം എന്നത് തന്നെക്കാള്‍ 'ഉയര്‍ന്ന' വര്‍ഗ്ഗത്തോടുള്ള അടിമത്ത മനോഭാവവും, താന്‍ കൂടെ ഭാഗഭാക്കായ, എന്നാല്‍ അത്ര നിലവാരമില്ലാതതെന്നു സ്വയം വിശ്വസിക്കുന്ന സംസ്ക്കാരത്തോടുള്ള പുച്ഛവുമാണ്. ഇവരെ നമുക്ക് വെറുതെ വിടാം.

രണ്ടാമത്തെ വിഭാഗം യഥാര്‍ത്ഥത്തില്‍ തങ്ങളുടെ ഭാഷയും സംസ്ക്കാരത്തെയും ബഹുമാനിക്കുന്നവരാണ്. എന്നാല്‍ മറ്റു ഭാഷകളോട് ഒരു വിരോധവും ഇല്ല താനും. കേരള ജനത മൊത്തം ഇത്തരക്കാരായാലും മലയാള ഭാഷയ്ക്ക്‌ അത് ഗുണം അല്ലാതെ എന്തെങ്കിലും ദോഷം ചെയ്യില്ല.
കാരണം ഭാഷ അവരിലൂടെ നിലനില്‍ക്കുന്നതോടൊപ്പം തന്നെ വികാസം പ്രാപിക്കുകയും ചെയ്യുന്നുണ്ട്. തികച്ചും നാമറിയാതെ കടന്നു കൂടുന്ന അന്യഭാഷാ പദങ്ങള്‍ക്ക് നമ്മുടെ ഭാഷയില്‍ സ്ഥാനമുണ്ട്. കുറച്ചു ഇംഗ്ലീഷ്‌ വാക്കുകളോ അറബി വാക്കുകളോ കയറിക്കൂടിയാല്‍ തകരുന്നതല്ല നമ്മുടെ പാരമ്പര്യത്തിന്‍റെ ഫലമായ നമ്മുടെ ഭാഷ. അന്യ ഭാഷാ പദങ്ങള്‍ മലയാളത്തിന്‍റെ ഭാഗമായാല്‍ ഭാഷ മലിനപ്പെടും എന്നത് തികച്ചും യാഥാസ്ഥിതികമായ ഒരു മനോഭാവമാണ്. ഭാഷ എത്ര തന്നെ മികച്ചതാണ്എങ്കിലും അത് കൊണ്ട് നടക്കുന്നവര്‍ യാഥാസ്തിക മനോഭാവം പുലര്‍ത്തിയാല്‍ ആ ഭാഷ അറു ബോറനാവും, അത് കാലത്തിനൊപ്പം വളരാന്‍ അപര്യാപ്തമാവും. മലയാളത്തില്‍ തന്നെ വാക്കുകള്‍ ഉണ്ടാക്കണം എന്ന് വാശി പിടിച്ചു നമ്മുടെ ഭാഷാ പണ്ഡിതന്മാര്‍ 'ഡ്രൈവര്‍ക്കും', 'സ്വിച്ചി'നും ഒക്കെ കണ്ടു പിടിച്ച വാക്കുകള്‍ കേട്ടാല്‍ ചിരിക്കാത്ത ഏതു മലയാളിയാനുള്ളത്? ആരെങ്കിലും ആ വാക്കുകള്‍ ഉപയോഗിക്കുമോ, അത് കണ്ടു പിടിച്ചവര്‍ എങ്കിലും?!

അതെ പോലെ മുഖ്യധാരാ മലയാള പ്രചാരണ മാധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്ന ഒന്നാണ് കേരളത്തില്‍ തന്നെ പ്രാദേശികമായി പ്രചാരത്തിലിരിക്കുന്ന വാക്കുകള്‍. മലബാര്‍ പ്രദേശത്തു പ്രചാരത്തിലിരിക്കുന്ന ഒട്ടനവധി വാക്കുകള്‍ ഇപ്പോഴും മാപ്പിളമാരുടെ മാത്രം മലയാളമായി മുദ്രകുത്തപ്പെട്ടു മാറ്റിനിര്‍ത്തിയിരിക്കുകയാണിവര്‍! ബേജാര്‍, വസവാസ്, ഹലാഖ്‌ തുടങ്ങിയ പദങ്ങള്‍ അറബി മൂലത്തില്‍ നിന്നും വരുന്നവയാണ് എങ്കിലും അവ നല്‍കുന്ന അര്‍ത്ഥവ്യാപ്തിക്ക് തുല്യമായ മലയാള പദങ്ങള്‍ ഉണ്ടെങ്കില്‍ പോലും ഇവയോളം ജനകീയമല്ല. അപ്പോള്‍ നാം ആ വാക്കുകള്‍ ഏറ്റെടുത്തേ മതിയാകൂ. അതൊരു സ്വാഭാവിക ഏറ്റെടുക്കലാണ്. അല്ലെങ്കിലുള്ള ഫലം എന്താണ്? മലയാള ഭാഷയുടെ വികാസം എന്ന ഒന്ന് നടക്കാതെ പോകുന്നു.

വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ സാഹിത്യത്തോട് നമ്മുടെ നാട്ടിലെ പല സാഹിത്യസാമ്രാട്ടുകള്‍ക്കും പുച്ഛം തോന്നിയതിനു പിന്നിലുള്ളതും ഈ ഒരു യാഥാസ്ഥിതിക മനോഭാവമാണ്.

ഇംഗ്ലീഷിലേക്ക് ദിനവും വന്നു കൊണ്ടിരിക്കുന്ന പുതിയ പുതിയ വാക്കുകള്‍ ആ ഭാഷയുടെ ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒട്ടും മലിനപ്പെടുത്തുന്നില്ല. ഭാഷയുടെ ഗുണപരമായ പരിണാമം സംഭവിക്കേണ്ടത് ഇങ്ങനെ കൊണ്ടും കൊടുത്തും തന്നെയാണ്. അത് കൊണ്ട് മലയാള ഭാഷയുടെ മരണമണി മുഴങ്ങുന്നുവോ എന്ന സന്ദേഹം അസ്ഥാനത്താണ്.