4/12/2012

സഖാവ് കരീം

കോട്ടപ്പറമ്പിലെ ഒരു മാതൃകാ സാമൂഹിക പ്രാവര്‍ത്തകനാണ്‌ കരീം. ഞാന്‍ മലപ്പുറം കോളേജില്‍ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ ലോക്കല്‍ സെക്രട്ടറി ആയിരുന്നുപുള്ളിക്കാരന്‍. എനിക്കാണെങ്കില്‍ ആ പാര്‍ട്ടിയോട്‌ യാതൊരു താല്‍പര്യവും ഇല്ല താനും. എന്റെ അടുത്ത സുഹൃത്ത് അലി വഴിയാണ് ഞാന്‍ സഖാവ് കരീമിനെ പരിചയപ്പെടുന്നത്. ആ സമയത്ത്‌ അലി എസ്.എഫ്.ഐ. യുടെ ലോക്കല്‍ സെക്രട്ടറിയാണ്‌. വൈകീട്ട്‌ ഞാനും അലിയും കോളേജ് വിട്ടു വന്നാല്‍ പിന്നെ ഇവര്‍ രണ്ടു പേരും ചേര്‍ന്നു എനിക്ക്‌ ക്ലാസ് എടുത്തു തരും: എന്താണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദൌത്യം, പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി എന്ത്‌ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘമായ പ്രസംഗം തന്നെ നടത്തിക്കളയും. ആദ്യമാദ്യം എല്ലാം ക്ഷമയോടെ കേട്ടു, സഖാവിനോടുള്ള ബഹുമാനം കൊണ്ട്‌. കാരണം അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നു എനിക്ക്‌ തോന്നിയിരുന്നു. സാമൂഹ്യ നീതിയേയും മുതലാളിത്തത്തിന്റെ ഭീകരതയെയും കുറിച്ചു വികാര ഭരിതനായി സംസാരിച്ചിരുന്ന അദ്ദേഹമാണ്‌ സംപൂജ്യരായിരുന്ന സി.പി.എമ്മിനെ ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന പാര്‍ട്ടിയായി വളര്‍ത്തിയത്‌ എന്ന് പറഞ്ഞാല്‍ അതു അതിശയോക്തിയാവില്ല.

എനിക്ക്‌ പൊതുവില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളോട്‌ താല്‍പര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ എന്നെ കാര്യമായി സ്വാധീനിച്ചിട്ടും ഉണ്ടായിരുന്നില്ല. അവരുടെ പല വാദങ്ങളും കേരളത്തിലെ സാഹചര്യത്തില്‍ പരിഷ്കരണ വിധേയമാക്കേണ്ടതാണ്‌ എന്ന് പലപ്പോഴും എനിക്ക്‌ തോന്നിയിരുന്നു. കാരണം, കേരളത്തിലെ സാമൂഹിക പരിതസ്ഥിതിയില്‍ തൊഴിലാളി വര്‍ഗ്ഗം ഒട്ടും പാര്‍ശ്വവല്‍കൃതര്‍ അല്ല. മാത്രമല്ല, കേരളത്തില്‍ ഒരു പരിധി വരെ സ്വയം നിര്‍ണയിക്കുന്നതിനു സാധിച്ച ഒരേ ഒരു വിഭാഗം തൊഴിലാളി വര്‍ഗമായിരുന്നു. കാരണം ഇവിടെ തൊഴിലാളികള്‍ തന്നെ ആണ് അവരുടെ ജോലി സമയവും കൂലിയും എല്ലാം നിശ്ചയിക്കുന്നത്‌. മാത്രമല്ല, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത്‌ തൊഴിലാളിയുടെ സേവനം കിട്ടുന്നത്‌ വളരെ അപൂര്‍വം മാത്രം! അവര്‍ക്ക് തോന്നുമ്പോഴാണ്‌ അവര്‍ നിങ്ങള്‍ക്കാവശ്യമായ ജോലി നിര്‍വഹിച്ചു തരുന്നത്‌! തൊഴിലാളികളുടെ ഈ വൃത്തികെട്ട സ്വഭാവം കാരണം കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ തൊഴിലാളി പ്രവാഹമാണ് ഈ കാലങ്ങളില്‍ ഉണ്ടായി കൊണ്ടിരുന്നത്‌. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുമ്പ് തമിഴര്‍ മാത്രം വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ബംഗാള്‍, ഒറീസ്സ, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും തൊഴിലാളികള്‍ പ്രവഹിക്കുന്നു.

അതു മാത്രമല്ല, തൊട്ടതിനും പിടിച്ചതിനും എല്ലാം നാട്ടിലെ സകല പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുക, പൊതു മുതല്‍ നശിപ്പിക്കുക തുടങ്ങിയ നശീകരണാത്മകമായ പ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെടുന്ന ഈ പാര്‍ട്ടിയെ പിന്തുണക്കാന്‍ എനിക്കാവുമായിരുന്നില്ല. എന്നെ പാര്‍ട്ടിയുടെ ഒപ്പം കൂട്ടാന്‍ അവര്‍ ആവത് ശ്രമിച്ചിട്ടുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഞാന്‍ വഴങ്ങതായപ്പോള്‍ ഒരു ദിവസം കരീം എന്നോട്‌ ചോദിച്ചു: ശരി, അപ്പോള്‍ പിന്നെ ഏതു പാര്‍ട്ടി ആണ് നല്ലത്? ലീഗ്‌ ആണോ? ഈ സംശയം അദ്ദേഹത്തിനു വളരെ കാലമായി ഉണ്ടായിരുന്നു എന്നു എനിക്ക്‌ തോന്നിയിട്ടുണ്ട്‌. പലപ്പോഴും ഒരു ലീഗ്‌കാരന്‍ എന്ന നിലക്കാണ്‌ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ കണ്ടിരുന്നത്‌. എനിക്ക്‌ ലീഗ്‌ എന്നല്ല, കേരളത്തിലെ ഒരു മുഖ്യധാരാ പാര്‍ട്ടിയോടും ഇഷ്ടമായിരുന്നില്ല. ഞാന്‍ ഉത്തരം പറയുന്നതിനു മുമ്പേ ലീഗ്‌, കുഞ്ഞാലിക്കുട്ടി, ഐസ്ക്രീം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച്‌ ഒരു ഗംഭീരന്‍ തെറി വര്‍ഷം തന്നെ നടത്തിക്കളഞ്ഞു സഖാവ്. ഞാന്‍ ലീഗ്‌ കാരനല്ല, ഞാന്‍ പറഞ്ഞു. ഇത്തവണ സഖാവിന്‌ കലി കയറി. അതു മുഖത്ത്‌ പ്രത്യക്ഷപ്പെട്ടെങ്കിലും അദ്ദേഹം പുറത്ത് കാണിച്ചില്ല.

പിന്നെ എന്താണ് തന്റെ രാഷ്ട്രീയം? നീ അരാഷ്ട്രീയവാദി ആണോ?

അതിന് എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരം ഞാന്‍ അരാഷ്ട്രീയ വാദി തന്നെ ആയിരുന്നു. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട്‌ വെച്ചു പുലര്‍ത്തുന്ന ഒരു പാര്‍ട്ടി അന്ന് എന്റെ കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല. സാമൂഹിക നീതി ഉറപ്പാക്കുക എന്നത്‌ മുഖ്യ അജണ്ട ആയി പ്രഖ്യാപിക്കുന്ന പാര്‍ട്ടി എവിടെ ഉണ്ട്‌? ഇതല്ലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട മുഖ്യ അജണ്ട? കേരളീയ സമൂഹത്തില്‍ താഴെ തട്ടില്‍ നിന്നും ഇന്നും പുറത്ത് കടക്കാനാവാതെ കിടക്കുന്ന ഹരിജനങ്ങള്‍, അവരേക്കാള്‍ മോശമല്ലെങ്കിലും മറ്റുള്ള സമുദായങ്ങളേക്കാള്‍ ബഹുദൂരം പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായം, ഇവരെയെല്ലാം മുന്നോട്ട്‌ കൊണ്ടുവരാന്‍ എന്നാണ്‌ ഒരു പാര്‍ട്ടി രംഗത്ത് വരിക എന്നതായിരുന്നു എന്റെ ചോദ്യം. പുരോഗതിയുടെ ഒരു ഗ്രാഫ് വരഞ്ഞ്‌ നോക്കിയാല്‍ കാണാം ഏറ്റവും താഴെ കിടക്കുന്നു മണ്ണാനും, ആദിവാസിയും, മൂസാല്‍മാനും. അതു കഴിഞ്ഞു ഒരു വലിയ വിടവ്! പിന്നെ വരുന്നു ഈഴവനും, ക്രിസ്ത്യാനിയും, നായരും, നമ്പൂതിരിയും എല്ലാം! ഇങ്ങനെ ഉള്ള കേരളീയ സമൂഹത്തില്‍ ബ്രാഹ്മണനും നായര്‍ക്കും സംവരണം കൊണ്ട്‌ വന്നതാണു ഈ ലീഗ്‌കാരന്റെ നേട്ടം! പിന്നോക്ക സമുദായങ്ങളെ ഉയര്‍ത്തി കൊണ്ട്‌ വരാന്‍ വിഭാവന ചെയ്യപ്പെട്ട സംവരണം, മേല്‍ ജാതിയില്‍ പെട്ട ദരിദ്രര്‍ക്കു കൂടി കൊടുത്തു കൊണ്ട്‌ പിന്നോക്കാക്കാരന്റെ പിച്ച ചട്ടിയില്‍ കൈയിട്ട്‌ വാരി വിതരണം ചെയ്തതാണു കോണ്‍ഗ്രസ്സിന്റെ സംഭാവന! കേരളത്തിലെ ദരിദ്ര ബ്രാഹ്മണന്മാരുടെ കണക്കെടുത്താല്‍ മൊത്തം എണ്ണം ഒരു കൈക്ക്‌ തികയുമോ? എവിടെയാണ് സാമൂഹിക നീതി? ദൌര്‍ഭാഗ്യവശാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ക്ക് താല്‍പര്യം ഇല്ലാതെ പോയി. പിഴവ് വന്നത്‌ അവര്‍ സമൂഹത്തെ വിഭജിച്ച രീതിയില്‍ ആയിരുന്നു.

എന്റെ വാദങ്ങള്‍ക്ക്‌ നിലവിലുള്ള കേരള രാഷ്ട്രീയത്തില്‍ വിപണി ഇല്ല എന്ന് എനിക്കറിയാമായിരുന്നു. അതു കൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പാര്‍ട്ടിയോടും പ്രതിപത്തി തോന്നിയില്ല. എങ്കിലും, ഒരു കാര്യം കൂടെ ചേര്‍ക്കാതെ വയ്യ. എല്ലാ തെറ്റുകളും മാറ്റി വെച്ച്‌, നിലവിലുള്ള പാര്‍ട്ടികള്‍ക്ക്‌ മാര്‍ക്ക്‌ നല്‍കാന്‍ പറഞ്ഞാല്‍ ഞാന്‍ സി.പി.എമ്മിനു തന്നെ കൂടുതല്‍ മാര്‍ക്ക്‌ കൊടുക്കുമായിരുന്നു, തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

എന്നാല്‍, എന്റെ എല്ലാ വിചാരങ്ങളെയും അട്ടിമറിക്കുന്ന ഒരു പ്രസംഗം മദ്രാസ്‌ യൂണിവേര്‍സിറ്റിയില്‍ വെച്ചു ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടയായി. ആയിടക്കു ഇടത്‌ പക്ഷത്ത്‌ നിന്നും ഒരു പാട്‌ പേര്‍ വലത്ത് കക്ഷികളായ കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കേറുന്ന സമയമായിരുന്നു. ഈ പ്രതിഭാസം ഇടതു പക്ഷം നാറിയത്‌ കൊണ്ടോ, വലത്‌ പക്ഷം എല്ലാം തികഞ്ഞു നില്‍ക്കുന്നത് കൊണ്ടോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്‌, ഇവന്മാരുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്‌. നൂറു ശതമാനം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ തന്നെ ആയിരുന്നു ഈ കൂട് മാറ്റങ്ങള്‍ക്ക്‌ കാരണം. ഇത്‌ അവരുടെ പിന്നീടുള്ള സംസാരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. നിരവധി പ്രമുഖറും അല്ലാത്തവരും ഈ കാലയളവില്‍ 'മതം' മാറി!

ഞാന്‍ കേട്ട പ്രസംഗം ഏതൊരു ലീഗ്‌കാരനും വര്‍ഷങ്ങളായി ലീഗിനെ പുകഴ്ത്താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ ആയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ലീഗ്‌ കൈക്കൊണ്ട നിലപാട്‌, കേരള മുസ്ലിംകള്‍ വര്‍ഗീയ ചിന്ത ഇല്ലാത്തവര്‍ ആയതിനു ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍, (മറ്റു നാടുകളിലെ മുസ്ലിംകളൊക്കെ തീവ്രവാദികളാണെന്നാണേല്ലോ വെപ്പ്! ഇപ്പോള്‍ കേരള മുസ്ലിംകളും തീവ്രവാദികള്‍ ആണെന്ന് കേള്‍ക്കുന്നു! ), മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ സാമൂഹികവും സാമ്പത്തികവുമായി മെച്ചപ്പെട്ടതിനു ലീഗ്‌ എങ്ങനെ കാരണമായി വര്‍ത്തിച്ചു എന്നിങ്ങനെയുള്ള വാചകക്കസര്‍ത്തുകള്‍. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു കൊണ്ട്‌ എതിര്‍ക്കപ്പെടുന്നു, കമ്മ്യൂണിസ്റ്റൂകള്‍ വന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടാകും എന്നിത്യാദി സ്ഥിരം ചേരുവകള്‍. അതിനും പുറമേ കേരളത്തില്‍ കമ്മ്യൂണിസ്റ്റൂകാര്‍ മാത്രം ഉപയോഗിക്കാന്‍ ധൈര്യപ്പെടുന്ന പച്ച തെറികള്‍ കൂടി ചേര്‍ത്ത ഒരു ഗംഭീരന്‍ അഭ്യാസം! ഞാന്‍ അത്ഭുത പരതന്ത്രനായി മൊബൈല്‍ ഫോണ്‍ വാങ്ങി ആരപ്പാ ഈ പുലി എന്നു നോക്കുമ്പോഴുണ്ട്‌ പേരു തെളിയുന്നു: കരീം കോട്ടപ്പറമ്പ്! ഒന്നു കൂടെ ഉറപ്പിക്കാന്‍ ഞാന്‍ വീഡിയോ റീപ്ലേ ചെയ്തു നോക്കി, അതേ, അതു നമ്മുടെ സഖാവ് കരീം തന്നെ ആയിരുന്നു!