5/19/2014

ബ്രഹ്മപുത്രയുടെ തീരത്തുകൂടി ഒരു സാഹസിക യാത്ര



ദേശീയ സ്പേസ് സയന്‍സ് സിമ്പോസിയത്തില്‍ പങ്കെടുക്കാനാണ് ഞങ്ങള്‍ കുറെ പേര്‍ ആസ്സാമിന്‍റെ വടക്കുകിഴക്ക് ബ്രഹ്മപുത്രയുടെ തീരത്തുള്ള ആ കൊച്ചു നഗരത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ വണ്ടിയിറങ്ങിയത്. കോട മൂടിയ പുലര്‍ക്കാലത്ത് രാജധാനി എക്സ്പ്രസ് പതുക്കെ ദിബ്രുഗഡ് റെയില്‍വേ സ്റ്റേഷനില്‍ അടുത്തുകൊണ്ടിരിക്കെ, ആയുധധാരികളായ പാരാമിലിട്ടറിക്കാര്‍ റോന്തു ചുറ്റുന്ന, പത്രങ്ങളില്‍ മാത്രം വായിച്ച ആസാമിന്‍റെ കിഴക്കന്‍ പ്രദേശം നേരിട്ടനുഭവിക്കാന്‍  ഞങ്ങള്‍ തയ്യാറെടുത്തു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നെട്ടിസം എന്ന സ്ഥാപനത്തില്‍ നിന്നും ഞങ്ങള്‍ പത്തിരുപത് പേരുണ്ടായിരുന്നു. യാത്രക്ക് മുന്‍പേ തന്നെ കാസിരംഗ ദേശീയോദ്യാനം ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്നു. ബ്രഹ്മപുത്രയുടെ തീരങ്ങളില്‍ എണ്ണൂറ്റി അമ്പത്തെട്ടു ചതുരശ്ര കിലോമീറ്റര്‍ വിസ്താരമുള്ള, പുല്‍മേടുകളും ചതുപ്പുകളും നിബിഡ വനവും ഒക്കെയുള്ള കാസിരംഗ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ലോക പൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചത് അതിന്‍റെ വ്യത്യസ്തത ഒന്ന് കൊണ്ട് തന്നെയാവണം!

 പക്ഷെ, സിമ്പോസിയം തീരുമ്പോഴേക്കും പദ്ധതികള്‍ പാളി. ആസ്സാമിലെ പ്രശ്നങ്ങള്‍ കേട്ടു ചിലര്‍ക്ക് പേടിയായി. ഒരു ദിവസം മുമ്പ് ഒരു നോര്‍ത്ത്-ഈസ്റ്റ്‌ വിദ്യാര്‍ത്ഥി ഡല്‍ഹിയില്‍ കൊല്ലപ്പെടുകയും ആസ്സാമില്‍ പല സ്ഥലങ്ങളിലായി പോലീസും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്ന വാര്‍ത്തകള്‍ വരികയും, അങ്ങിങ്ങായി പോസ്റ്റുകള്‍ കെട്ടി തോക്കും തൂക്കി കാത്തിരിക്കുകയും ട്രക്കുകളില്‍ റോന്തു ചുറ്റുകയും ചെയ്യുന്ന പാരാമിലിട്ടറിക്കാരും ചിലരുടെ എങ്കിലും മനസ്സിനെ ഇളക്കിക്കാണണം. എന്തായാലും കാസിരംഗക്ക് ബുക്ക്‌ ചെയ്ത കാര്‍ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. ബുക്ക്‌ ചെയ്ത പൈസ നഷ്ടമായി. അല്ലെങ്കിലും രാജകീയമായ യാത്രകള്‍ കൊണ്ട് എന്താണ് കാര്യം? ഒരു നാടുകാണാന്‍ പോയിട്ട് അവിടത്തെ ‘നാട്ടുകാരെ’ കണ്ടില്ലെങ്കില്‍ പിന്നെ എന്ത് കണ്ടിട്ടെന്ത്!




അങ്ങനെയാണ് ദിബ്രുഗഡ് സര്‍വകലാശാലയിലെ ഒരു സുഹൃത്ത് മുഖേന വളരെ ചുരുങ്ങിയ ചെലവില്‍ കാസിരംഗ സന്ദര്‍ശിക്കാന്‍ വഴി തെളിഞ്ഞത്. എന്ത് വന്നാലും കാസിരംഗ പോകുമെന്ന് പ്രഖ്യാപിച്ചു. അരമനസ്സുകാരെയും പെണ്ണുങ്ങളെയും കൂടെകൂട്ടാതെ, സിമ്പോസിയം കഴിഞ്ഞു അടുത്ത ദിവസം ഞങ്ങള്‍ വളരെക്കുറച്ചുപേര്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ആസ്സാംകാരി സുഹൃത്ത് റിമ്പിയുടെ കൂടെ ദിബ്രുഗഡ് ബസ് സ്റ്റാന്റില്‍ ചെന്ന് സുകാന്ത, ജെനി, ദേവ, വെങ്കി എന്നിവര്‍ക്ക് കൂടി ചേര്‍ത്ത് ടിക്കറ്റ്‌ എടുത്തു. ആസ്സാമികള്‍ എല്ലാവരെയും പോലെയുള്ള, വളരെ നല്ലവരായ, സാധാരണ മനുഷ്യര്‍ തന്നെ എന്ന് മനസ്സിലായത് സുഹൃത്ത് റിമ്പിയുടെ ആത്മാര്‍ത്ഥമായ സഹായം അനുഭവിച്ചത് കൊണ്ട് മാത്രമല്ല, കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഉണ്ടായ മറ്റു നിരവധി അനുഭവങ്ങള്‍ കൊണ്ട് കൂടിയായിരുന്നു. അതൊക്കെ മറ്റൊരിടത്ത് പറയേണ്ട കഥകള്‍.

പിറ്റേന്ന് വൈകുന്നേരം നന്നായി ഭക്ഷണവും കഴിച്ചു ഞങ്ങള്‍ അഞ്ചു പേരും ദിബ്രുഗഡ് ബസ് സ്റ്റാന്‍ഡില്‍ എത്തി. ആസാം സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ വക ‘രുദ്രാണീ’ എന്ന ബസ് അവിടെ ഞങ്ങളെ കാത്ത് ‘കിടക്കുന്നുണ്ടായിരുന്നു. ആരാണപ്പാ ഇത്ര ധൈര്യമായി പബ്ലിക് ബസില്‍, ദീര്‍ഘദൂര യാത്രക്ക് വന്നിരിക്കുന്ന വിദേശികള്‍’ എന്ന ഭാവത്തിലാണോ എന്തോ, മറ്റു യാത്രക്കാര്‍ ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. ചെറിയൊരു ഭയം ഉള്ളില്‍ ഇല്ലാതില്ല എന്ന് പറയേണ്ടല്ലോ. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബസില്‍ നിന്നിറക്കി ചില ഉത്തരേന്ത്യക്കാരെ വെടി വെച്ചുകൊന്ന വാര്‍ത്ത മറന്നിട്ടുണ്ടായിരുന്നില്ല. നല്ല വൃത്തിയുള്ള ബസ്‌ ആയിരുന്നു. ഒരു പ്രത്യേകത കണ്ടത്; അതില്‍ ഒരു നിരയില്‍ മൂന്നു സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. നമ്മുടെ നാട്ടില്‍ നാലും പോരാഞ്ഞിട്ട് അഞ്ചാമത്തെ സീറ്റും കൂടി തിരുകുന്ന സ്വകാര്യ ബസുകളുടെ കാര്യം ഓര്‍ത്തുപോയി!

സിഖുകാരന്‍ ഡ്രൈവര്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. സുഖ ശീതളമായ കാറ്റും കൊണ്ട് യാത്ര. പക്ഷെ ശരീരത്തിന്‍റെ ചൂട് മാറിയപ്പോള്‍ പിന്നെ കാറ്റിന്‍റെ തണുപ്പ് സഹിക്കാന്‍ കഴിഞ്ഞില്ല. ജനലുകള്‍ അടച്ച് ഒന്ന് മയങ്ങി. ഏതോ കുഗ്രാമത്തില്‍ ബസ് നിര്‍ത്തിയിരിക്കുന്നു. മൂത്രം ഒഴിക്കാന്‍ നിര്‍ത്തിയതാണെന്ന് മനസ്സിലായി. വേഗം ഇറങ്ങി വിശാലമായി കാര്യം സാധിച്ചു. ഹാ! മുളകള്‍ കൊണ്ടും മണ്ണ് കൊണ്ടും ഉണ്ടാക്കിയ നിരവധി കുടിലുകള്‍ അവിടവിടെ ഉണ്ടായിരുന്നു. ജല്‍ദി, ജല്‍ദി എന്ന് കിളി വാതിലില്‍ അടിച്ചു. വണ്ടി വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു. വളഞ്ഞു പുളഞ്ഞുള്ള ആ ഓട്ടം നമ്മുടെ കെ.എസ്.ആര്‍.ടി.സി. ബസില്‍ ഒരു രാത്രികാല യാത്രപോലെ തന്നെ ഉണ്ടായിരുന്നു.

രാത്രി റിമ്പിയുടെ കാള്‍ വന്നു; അവള്‍ പറഞ്ഞിരുന്ന ബോഖാറയില്‍ ഇറങ്ങിയിട്ട് കാര്യമില്ലെന്നും ചില പ്രശ്നങ്ങള്‍ കാരണം റേഞ്ച് ഓഫീസ് തുറക്കില്ലെന്നും പറഞ്ഞു: മുന്‍ വനം വകുപ്പ് ഉദ്യോഗസ്ഥനായ അവളുടെ അച്ഛന് നന്ദി. ഇനി എന്ത് ചെയ്യും? നേരെ പോയി ബസ് ജീവനക്കാരോട് തന്നെ ചോദിച്ചു. നവ്ഗാവില്‍ ഇറങ്ങാന്‍ പറഞ്ഞു. അവിടെ ആന സഫാരിയും ജീപ്പ് സഫാരിയും ഒക്കെയുണ്ടത്രേ. ഇത്ര കാലം കേരളത്തില്‍ ജീവിച്ചിട്ട് ആനപ്പുറത്തു കയറിയിട്ടില്ല, എന്നാല്‍ പിന്നെ കന്നി ആനസവാരി ആസാമിലെ കാട്ടില്‍ തന്നെയാവട്ടെ എന്ന് കരുതി. രാത്രി ഒരു പന്ത്രണ്ടു  മണിക്ക് ഒരു വഴിയോര ധാഭയില്‍ ബസ്‌ നിര്‍ത്തി. നല്ല തണുപ്പും കോടയും. ഉഷാറായി ഒന്ന് മൂത്രമൊഴിച്ചു. പിന്നെ ഒന്നുരണ്ടു കപ്പ് ചൂടന്‍ ചായ. അങ്ങിങ്ങായി ആളുകള്‍ ചായ കുടിച്ചും സിഗരറ്റ് വലിച്ചും പലഹാരങ്ങള്‍ വാങ്ങിക്കഴിച്ചും സൊറ പറഞ്ഞും നില്‍ക്കുന്നുണ്ടായിരുന്നു.

പുലര്‍ച്ചെ മൂന്നുമണി ആയപ്പോഴേക്കും ബസ് നവ്ഗാവ് ബസ് സ്റ്റാന്റിനു മുന്നിലെത്തി. അഞ്ചു പേരും ഇറങ്ങി. മുടിഞ്ഞ തണുപ്പ്! കുറച്ചു മനുഷ്യര്‍ ആ ബസ്‌ സ്റ്റാന്‍ഡില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കൊക്കെ നല്ല ഉറക്കം വരുന്നുണ്ടായിരുന്നു. പണ്ടാരം, ഇനിയിപ്പോ കാസിരംഗയില്‍ എത്തണം. പാതിമയക്കത്തില്‍ എല്ലാവരും അങ്ങനെ അന്തം വിട്ടു നിന്നു. അപ്പുറത്ത് ചിലര്‍ ചപ്പു ചവറുകള്‍ കൂട്ടിയിട്ട് തീ കായുന്നുണ്ടായിരുന്നു. നേരം വെളുത്താല്‍ മാത്രമേ ബസ് കിട്ടൂ എന്ന് ഒരു നാട്ടുകാരന്‍ പറഞ്ഞു. ആകെ വട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ!

അപ്പോള്‍ ഒരു ഓട്ടോ വന്നു. കുറേപ്പേര്‍ അതിന്‍റെ എല്ലാ ദ്വാരങ്ങളിലൂടെയും തുളച്ചു കയറി. വന്ന പോലെ തന്നെ ഓട്ടോ പോയി. ഒരു ഓട്ടോയും ജീപ്പും ഒന്നും ഇപ്പോള്‍ കിട്ടാന്‍ പോകുന്നില്ല. അപ്പുറത്ത് ജീപ്പ് പോലൊരു സാധനം നിര്‍ത്തിയിട്ടിരിക്കുന്നു, കാസിരംഗ പോകുമോ എന്ന് അതിന്‍റെ ഡ്രൈവറോട് ചോദിച്ചു. ഇല്ലെന്നു ഉത്തരം കിട്ടി. കുറച്ചു കഴിഞ്ഞു മറ്റൊരാള്‍ ആ വഴിക്ക് തിരക്ക് പിടിച്ചു നടക്കുന്നത് കണ്ടു. കാര്യം പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു, ‘വരൂ, ഞാന്‍ വഴിയുണ്ടാക്കാം’. അയാള്‍ ഞങ്ങളെ കൊണ്ട് പോയത് നിര്‍ത്തിയിട്ടിരുന്ന ഒരു മിനി ലോറിയുടെ അടുത്തേക്കാണ്. മുകളിലും വശങ്ങളും താര്‍പ്പായകൊണ്ട് ഭദ്രമായി മറച്ചിരുന്നു. പിന്‍ഭാഗം തുറന്നു കിടന്നു. എല്ലാവര്‍ക്കും കൂടി ‘അഞ്ഞൂറ് രൂപ’-ഡ്രൈവര്‍ പറഞ്ഞു. ‘ഓക്കേ’ ഞങ്ങള്‍ സമ്മതിച്ചു. എല്ലാവരും ബാഗുകള്‍ വണ്ടിയിലേക്കെറിഞ്ഞു പറ്റിപ്പിടിച്ച് ഉള്ളില്‍ കയറി. ഉള്ളില്‍ വേറെയും ആളുകള്‍ ഉണ്ടായിരുന്നു. അഞ്ചോ ആറോ ഗ്രാമീണര്‍. എല്ലാവരും ബീഡിയും വലിച്ചു പതുക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വണ്ടിയില്‍ നിറയെ അവരുടെ സാമാനങ്ങളും പത്രക്കെട്ടുകളും പെയിന്റ് ബക്കറ്റുകളും ആയിരുന്നു. അതൊരു പത്രവണ്ടി ആണെന്ന് അപ്പോഴാണ്‌ മനസ്സിലായത്. മിക്ക നാട്ടിലും പത്രവണ്ടിക്കാര്‍ ഇങ്ങനെ അധികവരുമാനം ഉണ്ടാക്കും എന്ന് മനസ്സിലായത് അപ്പോഴാണ്‌. പണ്ട് ട്രിച്ചിയില്‍ നിന്നും ടീ ഗാര്‍ഡന്‍ എക്സ്പ്രസ്സില്‍ ഒലവക്കോട് വന്നിറങ്ങുമ്പോള്‍ അവിടെയും ഇതുപോലെ പത്രംവണ്ടി ഉണ്ടാവാറുള്ളത് ഓര്‍ത്തു. അതില്‍ കയറിയാണ് പലപ്പോഴും വീട്ടില്‍ പോയിരുന്നത്. ബക്കറ്റുകള്‍ നിരയായി ഇട്ടതിന്‍റെ മുകളില്‍ രണ്ടു പേര്‍ കിടന്നുറങ്ങുന്നത് കണ്ട് ഉറങ്ങാന്‍ കൊതിയായി. എന്ത് ചെയ്യും, ഇത് തന്നെ കിട്ടിയത് ഭാഗ്യം.

ഇടക്ക് പല സ്ഥലങ്ങളിലും വണ്ടി നിര്‍ത്തി പത്രക്കെട്ടുകള്‍ ഇട്ടു കൊണ്ടിരുന്നു. യാത്രക്കാരില്‍ പലരും പലസ്ഥലങ്ങളില്‍ ഇറങ്ങിക്കൊണ്ടുമിരുന്നു. വണ്ടി കാലിയായി വന്നു. വണ്ടിക്കുള്ളില്‍ ഉള്ള ഗ്രാമീണര്‍ ബീഡി വലിച്ചു കൊണ്ടേയിരുന്നു. തണുത്ത കാറ്റ് മനുഷ്യനെ ഭ്രാന്തു പിടിപ്പിച്ചു കൊണ്ടും ഇരുന്നു. ഉറങ്ങാനും വയ്യ, എന്തിനു, മര്യാദക്ക് ഇരിക്കാന്‍ പോലും വയ്യ. വണ്ടി കുതിച്ചു പായുന്നു. ഇടക്ക് നല്ലൊരു കുഴിയില്‍ ചാടുന്നു. അപ്പോള്‍ ആരോ എടുത്ത് മുകളിലേക്ക് എറിയുന്ന പോലെ പൊങ്ങുന്നു, താഴുന്നു. വീണ്ടും ഉറങ്ങാന്‍ ശ്രമിക്കുന്നു. നാട്ടുകാര്‍ പല സ്ഥലങ്ങളിലായി ഇറങ്ങിക്കഴിഞ്ഞു.

ഒരു നാല് - അഞ്ച് മണിയായിക്കാണും; വണ്ടി ഒരു ചായക്കടയുടെ മുന്നില്‍ നിര്‍ത്തി. ഡ്രൈവര്‍ ചായ ബീഡി എന്നീ പരിപാടികളും മൂത്രമൊഴിക്കല്‍ കര്‍മവും നടത്താന്‍ ഞങ്ങളെ ക്ഷണിച്ചു. അവിടെ ചായ കുടിച്ചു കൊണ്ടിരുന്ന ഒരാള്‍ ഞങ്ങള്‍ എവിടുന്നാണെന്ന് അന്വേഷിച്ചു. സുകാന്ത പറഞ്ഞു: ‘ബംഗാള്‍’, ജെനിയും ദേവയും പറഞ്ഞു: ‘തമിഴ്നാട്’, വെങ്കി പറഞ്ഞു: ‘ആന്ധ്ര’, ഞാന്‍ പറഞ്ഞു: ‘കേരള’. അയാള്‍ക്ക് അത്ഭുതമായി; ‘ഇവിടെ എല്ലാവരും പണി തേടി കേരളത്തിലേക്ക് പോകുന്നു. നിങ്ങള്‍ കേരളത്തില്‍ നിന്നും ഇങ്ങോട്ട് വന്നിരിക്കുന്നതെന്തിന്!’ ഞങ്ങള്‍ ചിരിച്ചു. അയാളുടെ സഹോദരന്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടത്രേ. ഒരു സമ്മേളനത്തിന് പങ്കെടുക്കാന്‍ വന്നതാണെന്ന് പറഞ്ഞു.

അപ്പൊ ശരി പോകാം. വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. കുണ്ടും കുഴിയും ഒഴിഞ്ഞ ഗ്രാമ പ്രദേശങ്ങളും തണുപ്പും. ഞാനും ദേവയും പെയിന്‍റ് ബക്കറ്റുനിരക്ക് മുകളില്‍ കയറിക്കിടന്നു. എവിടെ ഉറക്കം വരാന്‍! വണ്ടി മനുഷ്യനെ മേലോട്ടും താഴോട്ടും എറിഞ്ഞു കളിക്കുകയല്ലേ! പെട്ടെന്ന്‍ വണ്ടി നിര്‍ത്തി, ഡ്രൈവര്‍ ഇറങ്ങി വന്നു ഞങ്ങളോട് പറഞ്ഞു: ‘അതാ, റൈനോ’ അങ്ങകലെ ചതുപ്പില്‍ ഒരു റൈനോയെ കണ്ടു.ഒരു പാട് ദൂരെ ആണെങ്കിലും സന്തോഷമായി. ഡ്രൈവര്‍ നല്ലവനാണ്. വണ്ടി വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്യുന്നതിന് മുമ്പായി ഡ്രൈവര്‍ പറഞ്ഞു: "ഈ സ്ഥലങ്ങളെല്ലാം കാസിരംഗ വനത്തിന്‍റെ ഭാഗം തന്നെയാണ്. ആന സഫാരിയും മറ്റും റേഞ്ച് ഓഫീസിനടുത്താണ് ഉണ്ടാവുക. ഞാന്‍ നിങ്ങളെ അവിടെ കൊണ്ട് വിട്ടേക്കാം."

രാവിലെ ഒരു അഞ്ചു മണിയോടെ പടിഞ്ഞാറന്‍ റേഞ്ച് ആസ്ഥാനമായ ബഗോരി റേഞ്ച് ഓഫീസിനടുത്ത് വണ്ടി നിര്‍ത്തി. (കാസിരംഗ ദേശീയോദ്യാനം അഞ്ചു റേഞ്ചുകള്‍ ആയിട്ടാണ് തിരിച്ചിരിക്കുന്നത്). ഏഴു മണി മുതല്‍ പന്ത്രണ്ടു മണി വരെയും ഉച്ചക്ക് ശേഷം ഒന്നര മുതല്‍ സൂര്യാസ്തമനം വരെയുമാണ് സന്ദര്‍ശന സമയം. ആന സഫാരി പക്ഷേ അഞ്ചര മുതല്‍ ഏഴര വരെയും ഉച്ചക്ക് ശേഷം മൂന്നു മണി മുതല്‍ നാല് മണി വരെയും മാത്രമേയുള്ളൂ. ഈ വക വിവരങ്ങളൊക്കെ ഞങ്ങള്‍ ആദ്യമേ ഇന്റര്‍നെറ്റില്‍ നോക്കുകയും കൂടാതെ റിമ്പി തന്നെ അന്വേഷിച്ചു ഉറപ്പു വരുത്തിയതുമായിരുന്നു.

നേരെ ഓഫീസില്‍ കയറി രണ്ടാനകളെ ബുക്ക് ചെയ്തു. ഒരു മണിക്കൂര്‍ നേരം ആ പുല്‍മേടുകളിലൂടെ ആനകള്‍ ഞങ്ങളെ ചുമക്കും. റൈനോകളെ തൊട്ടടുത്തു നിന്നും കാണിച്ചു തരും.

അങ്ങനെ കാട്ടിലേക്ക്: രണ്ടോ മൂന്നോ ആനകള്‍ ചേര്‍ന്ന് റൈനോകളെ പലപ്പോഴായി വളയുകയും; അടുത്തു നിന്ന് കൊണ്ട് അവയെ കാണാന്‍ അവസരമുണ്ടാക്കുകയും ചെയ്തു. ആ പാവം നാല്‍ക്കാലി ചിലപ്പോള്‍ പേടിച്ചു നില്‍ക്കുകയും അപൂര്‍വമായി ആനയോട് മസില് പിടിക്കാന്‍ നില്‍ക്കുകയും ചിലപ്പോള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. മൃഗശാലയില്‍ വെച്ച് കാണുമ്പോഴുള്ള ആ ക്രൂരമായ ലുക്കൊന്നും യഥാര്‍ത്ഥ ജീവിതത്തില്‍ ആശാനില്ല എന്ന് മനസ്സിലായി.

കാര്യങ്ങളൊക്കെ ഭംഗിയായി അവസാനിച്ചു. ഞങ്ങള്‍ പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. ഗുവാഹട്ടിയിലേക്ക് ഒരു സര്‍ക്കാര്‍ ബസ് ആ സമയത്ത് വന്നു. എല്ലാവരും വലിഞ്ഞു കയറി. ഞങ്ങളുടെ കൂട്ടുകാര്‍ സകല ബാഗുകളും ട്രെയിനില്‍ കയറ്റി അടുത്ത ദിവസം ഗുവാഹട്ടിയില്‍ എത്തും. അവിടെ ഒന്നിക്കാം എന്നായിരുന്നു പ്ലാന്‍. ഇരുട്ട് കനംവെക്കും മുമ്പേ തന്നെ ബസ് ഗുവാഹട്ടി നഗരത്തില്‍ പ്രവേശിച്ചു. മൂട്ടകള്‍ ഇഷ്ടം പോലെയുള്ള വൃത്തികെട്ട ബാത്രൂം ഉള്ള ഒരു ഹോട്ടലില്‍ തല്‍ക്കാലം രാത്രി തങ്ങി (ചുളു വാടക ആയതു കൊണ്ട് സഹിച്ചു). രണ്ടു ദിവസം രാജധാനിയില്‍ സുഖമായി ഉറങ്ങാലോ!