4/23/2015

ഒരുല്‍ക്കാ പതനത്തിന്‍റെ ശേഷിപ്പുകള്‍ തേടി

ലോനാറിന്‍റെ ജിയോളജിക്കല്‍ മാപ്പ്
ഏകദേശം രണ്ടു കിലോമീറ്റര്‍ വ്യാസവും, നൂറ്റമ്പതു മീറ്റര്‍ ആഴവുമുള്ള, വൃത്താകൃതിയിലുള്ള ഒരു ഗര്‍ത്തം. അതിന്റെ മദ്ധ്യത്തില്‍ ഏകദേശം ഒരു കിലോമീറ്റര്‍ വ്യാസത്തില്‍ ഉപ്പുതടാകം. തടാകം കഴിച്ചു ബാക്കി മുഴുവന്‍ കാടും കുറച്ചു പക്ഷികളും കുരങ്ങന്മാര്‍ ഉള്‍പ്പെടെ ജന്തുക്കളും. പിന്നെ കുറച്ച് അമ്പലങ്ങളും, ചിലത് തകര്‍ന്നടിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രം, ചിലത് ഭക്തജനങ്ങള്‍ വന്നുപോയിക്കൊണ്ടിരിക്കുന്നവയും, പിന്നെ ഒരു ദര്‍ഗയും. തണുത്തു വിറയ്ക്കുന്ന വെളുപ്പാന്‍ കാലത്ത് മഹാശിലായുഗത്തെ അനുസ്മരിപ്പിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങുമ്പോള്‍ ഞങ്ങളുടെ മുന്നിലുള്ള, ലോണാര്‍ തടാകത്തിന്‍റെ കാഴ്ച ഇങ്ങനെയായിരുന്നു. മൂടല്‍ മഞ്ഞില്‍ നിന്നും ലോണാര്‍ പതിയെ ഉണരുന്നെ ഉണ്ടായിരുന്നുള്ളൂ. ലോണാര്‍ ടൌണില്‍ നിന്നും തടാകത്തിനടുത്തുള്ള എം.ടി.ഡി.സി. റിസോര്‍ട്ട് വരെ ഓട്ടോക്ക് നാല്പ്പതു രൂപാ ചാര്‍ജ്ജ്.
ബാഗും ക്യാമറയും എടുത്തു ഞങ്ങള്‍ മുറിയിലേക്ക് ചെന്നു. ഒരു ദിവസത്തേക്ക് ആയിരത്തി അഞ്ഞൂറ് രൂപയാണ് രണ്ടാള്‍ക്ക് ചാര്‍ജ്. ഈ റിസോര്‍ട്ട് എന്ന് പറയുന്നത് കുറെ കോണ്ക്രീറ്റ് കുടിലുകളാണ്. ഓരോ കുടിലിനും രണ്ടു വീതം ബാല്ക്കണിയോട് കൂടിയ സൂട്ടുകള്‍. കുളിക്കാന്‍ തോന്നുന്നില്ല, അത്രയ്ക്ക് തണുപ്പ്. ഗീസര്‍ കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നില്ല. പുതുതായി പണി കഴിപ്പിച്ച മുറികളാണ് എല്ലാം. പക്ഷെ സൂപ്പര്‍ മുറിയും സൗകര്യങ്ങളും. കൈകാലുകള്‍ കഴുകി പല്ലുതേച്ചു ഭക്ഷണശാലയിലേക്ക് ചെന്നു. തൊട്ടടുത്തു തന്നെയാണ് റസ്റ്റോറന്റ് ഉള്ക്കൊള്ളുന്ന കെട്ടിടം; മുന്നില്‍ ലോണാര്‍ തടാകം!
ഇതാണ്, ഈ കൊച്ചു തടാകമാണ് ഞങ്ങളുടെ ഒരു സീനിയര്‍ സുഹൃത്തിന് പി.എച്.ഡി. നേടിക്കൊടുത്ത ഇട്ടാവട്ടം! പി.എച്ച്.ഡിയുടെ അവസാന ഘട്ടത്തിലാണ് അവനിപ്പോള്‍. ലോകത്തിന്‍റെ. പല ഭാഗത്തുനിന്നുമുള്ള നിരവധി ശാസ്ത്രകാരന്മാര്‍ പഠനം നടത്തിയ കുഞ്ഞുദേശം! നാസ, ഐ.ഐ.എസ്.സി., ഐ.ഐ.ടികള്‍., ഐ.ഐ.ജി., എന്‍.ജി.ആര്‍.ഐ. എന്ന് തുടങ്ങി നിരവധി ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ ഈ കൊച്ച് സ്ഥലത്തേക്ക് യാത്രകള്‍ സംഘടിപ്പിക്കുകയും നിരവധി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
സംഭവം നടക്കുന്നത് ഒരു അമ്പതോ അറുപതോ എഴുപതോ, ആയിരം വര്ഷങ്ങള്ക്കു മുമ്പാണ്. (കൃത്യമായ ഒരു തീരുമാനത്തില്‍ ഇതുവരെ ശാസ്ത്രകാരന്മാര്‍ എത്തിയിട്ടില്ല). രാമായണത്തിനും മഹാഭാരതത്തിനും മുമ്പ്. അന്ന് മനുഷ്യന്‍ ഉണ്ടായിട്ടില്ല, ഭാഷയും. അല്ലെങ്കില്‍ മനുഷ്യന്‍ ഉണ്ടായിത്തുടങ്ങുന്ന സമയമായിരിക്കണം. പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നും കൂടാതെ ഭൂമി സൂര്യന് ചുറ്റും ചുമ്മാ തിരിഞ്ഞു നടന്ന കാലം. അങ്ങകലെ അണ്ഠകടാഹത്തിന്‍റെ ഏതോ മൂലയില്‍ ഇരിക്കുന്ന ഒരു വന്‍ മല, അല്ലെങ്കില്‍ ഏതോ ഒരു ക്ഷുദ്രഗ്രഹം അതുമല്ലെങ്കില്‍ ഒരു ഗ്രഹത്തിന്റെ ശരീരത്തില്‍ നിന്നും അടര്ന്നു വീണ ഒരു കഷ്ണം, ഒരുല്‍ക്കാശില ഭൂമിയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു. മുമ്പൊരു ഒരു അഗ്നി പര്‍വത സ്ഫോടനം കഴിഞ്ഞു ഉറഞ്ഞ ലാവയുടെ പുതപ്പുമൂടിക്കിടക്കുന്ന ഭാരതമാതാവിന്‍റെ നാഭി ലക്ഷ്യമാക്കി കുതിച്ചു വന്ന ആ കശ്മലന്‍ ഭാരതാംബയുടെ വയറ്റില്‍ ഇടിച്ചു കയറി ഒരു പൊക്കിള്‍ക്കൊടി ഉണ്ടാക്കി! പിന്നീട് മനുഷ്യന്‍ ഉണ്ടായി, ഭാരതാംബ ഒരു പാട് മക്കളെ പ്രസവിച്ചു. പിറന്നു വീണ മനുഷ്യക്കുഞ്ഞുങ്ങള്‍ ചിലര്‍ ആ പൊക്കിള്‍ക്കൊടി കണ്ടു. അതിനെ ചുറ്റിപ്പറ്റി ഒരുപാട് കഥകള്‍ ഉണ്ടായി, ഒരു പാട് ഐതിഹ്യങ്ങള്‍ ഉണ്ടായി, ഒരു പാട് ശാസ്ത്രവും. ആ പൊക്കിള്‍ കൊടിയാണ് ഇന്നത്തെ ലോണാര്‍ തടാകം.
ഒരു പാട് ഗവേഷണങ്ങള്ക്കൊടുവിലാണ് അടുത്ത കാലത്ത് ലോണാറിലെ തടാകം ഒരു Meteor Impact Crater (ഉല്ക്കാകഘാതഗര്ത്തം എന്ന് പരിഭാഷപ്പെടുത്താം എന്ന് തോന്നുന്നു!) ആണെന്ന് കണ്ടെത്തിയത്. അതൊരു അഗ്നിപര്‍വതമുഖം ആണെന്നായിരുന്നു അത്രയും കാലം ആളുകള്‍ ധരിച്ചിരുന്നത്. ശക്തമായ വേഗതയില്‍ വന്ന ഉല്ക്ക ഭൂമിയുമായി കൂട്ടിയിടിച്ചുണ്ടായ അതിശക്തമായ ചൂടിലും മര്ദ്ദത്തിലും അവിടെയുള്ള പദാര്ത്ഥങ്ങള്‍ ഉരുകി ദ്രാവകാവസ്ഥ കൈവരിക്കുകയും ചിതറിത്തെറിക്കുകയും ആ തുള്ളികള്‍ അന്തരീക്ഷവായുവില്‍ വെച്ച് തണുത്ത് വീണ്ടും ഘരാവസ്ഥ കൈവരിക്കുകയും ഭൂമിയിലേക്ക് തിരികെ പതിക്കുകയും ചെയ്തു (ഇതൊക്കെ ഏതാനും മിനിട്ടുകള്‍ കൊണ്ടോ മറ്റോ നടന്നിരിക്കണം!). Spherules എന്നും melts എന്നും രണ്ടു തരം പദാര്ത്ഥ്ങ്ങള്‍ ഇത്തരം ആഘാതം നടക്കുമ്പോള്‍ രൂപപ്പെടാറുണ്ട്. അവ എങ്ങനെയാണ് ഈ craterനു ചുറ്റും വിതരണം ചെയ്യപ്പെട്ടിരിക്കുന്നത് എന്നതിനെ പഠന വിധേയമാക്കുകയും അതില്‍ നിന്നും ഉല്ക്ക ഏതു ദിശയില്‍ നിന്നാണ് വന്നതെന്നും മറ്റും ഒട്ടനവധി കാര്യങ്ങള്‍ ഇന്ന് ശാസ്ത്രലോകം കണ്ടെത്തിക്കഴിഞ്ഞു, ഇന്നും ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഭീമനൊരു ഉല്ക്ക അതി വേഗതയില്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ ഉണ്ടാവുന്ന ചൂടും മര്ദ്ദവും കാരണം അവിടെ നിലവിലുള്ള പദാര്ത്ഥങ്ങളും ഉല്ക്കയിലെ പദാര്ഥരങ്ങളും ഉരുകി ചേര്ന്ന് രൂപം കൊള്ളുന്നവയാണ് melt (ഉരുക്ക്). ഇങ്ങനെ ഉരുകിയ വസ്തുക്കളില്‍ ചിലവ അന്തരീക്ഷത്തിലേക്ക് വെള്ളം പോലെ ചിതറിത്തെരിക്കുകയും താഴെ പതിക്കുന്നതിനു മുമ്പേ അവ ഖരീഭവിക്കുകയും ചെയ്യുമ്പോഴാണ് വായുവില്‍ അവക്കുണ്ടായിരുന്ന അതെ ആകൃതി നിലനിര്ത്തി ഒരു കല്‍ത്തുള്ളിയായി (Spherule) അവ താഴെ വീഴുന്നത്. സുഹൃത്തിന്റെ ഗവേഷണാവശ്യത്തിന് ഇത്തരം ഉരുക്കും ഉണ്ടയുമൊക്കെ ശേഖരിക്കാനും കൂടിയാണ് ഞങ്ങള്‍ യാത്ര നടത്തിയത്.
ഒരു വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് പനവേലിലെ ലാബില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി, ഞാനും സുഹൃത്ത് ദൂപിന്ദര്‍ സിങ്ങും. മുംബൈ നിന്നും ഔറംഗാബാദ് പോകുന്ന ഒരു ട്രെയിനുണ്ട്‌, അത് പിടിക്കണം. എത്തുമോ എന്നറിയില്ല. കൃത്യ സമയത്തിനു ഞങ്ങളുടെ ഗൈഡ് കാറുമായി ഇന്സ്റ്റിട്ട്യൂട്ടില്‍ നിന്നും പുറത്തു വന്നു. ഖാര്‍ഘര്‍ ആണ് അദ്ദേഹത്തിന്റെന വീട്. അദ്ദേഹം ഞങ്ങളെ ഖാര്‍ഘര്‍ സ്റ്റേഷനില്‍ വിട്ട് തന്നു. സാറോട് നന്ദിയും പറഞ്ഞു ഓടിപ്പോയി ടിക്കറ്റെടുത്തു. തിക്കും തിരക്കും ആളുകള്‍ തമ്മില്‍ കലപിലയുമായി ഒരു രാത്രി തീവണ്ടിയിലെ ജനറല്‍ ക്ലാസ് പെട്ടിയില്‍ കഴിച്ചുകൂട്ടി. നേരം പുലരുമ്പോള്‍ ജല്നയിലെത്തി. അവിടെ നിന്നും ലോണാറിലേക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ ബസില്‍ യാത്ര. ഏതോ ട്രെയിനിന്‍റെ കമ്പാര്ട്ട്മെന്റിനു ചക്രം വെച്ചപോലൊരു ബസ്! നമ്മുടെ കെ.എസ്.ആര്‍.ടി.സി.യിലൊക്കെ ചെയ്യുന്നത് തീര്ച്ചയായും സ്വര്ഗീയ യാത്രയാണ്!
രണ്ടു ദിവസം ലോനാറില്‍ കഴിച്ചുകൂട്ടി. എം.ടി.ഡി.സി.യുടെ റസ്റ്റോറന്റിലെ ഭക്ഷണം വളരെ നന്നായിരുന്നു, ചായയും. ആദ്യത്തെ ദിവസം ഞങ്ങള്‍ ഉദ്ദേശിച്ച പാറക്കഷ്ണങ്ങളൊന്നും കിട്ടിയില്ല. രണ്ടാമത്തെ ദിവസം രാവിലെ തന്നെ ഇറങ്ങി. തടാകം മുഴുവനും ഒരു റൌണ്ട് അടിച്ചു. ഇറങ്ങുമ്പോള്‍ വെള്ളമെടുക്കാന്‍ മറന്നു. തിരിച്ചെത്തുമ്പോഴേക്കും നായിക്കോലമായി എന്ന് പറയേണ്ടല്ലോ! പക്ഷെ ഒരു കവര്‍ നിറയെ ഞങ്ങള്‍ അന്വേഷിച്ച സാധനങ്ങളും കൊണ്ടാണ് തിരിച്ചു റസ്റ്റോറന്റില്‍ എത്തിയത്. തിരിച്ചു പോരുമ്പോള്‍, ലോനാര്‍ മുതല്‍ ജല്ന വരെയുള്ള യാത്ര മഹാരാഷ്ട്ര സര്ക്കാ്ര്‍ ബസിലായിരുന്നു. ഇത്രയും മോശമായ റോഡും ബസും ഡ്രൈവിങ്ങും ആദ്യമായാണ്‌ അനുഭവിച്ചത്. മുംബൈ, പൂനെ തുടങ്ങിയ ആധുനിക നഗരങ്ങള്‍ ഒഴിച്ചാല്‍ ഉള്നാടുകളില്‍ ഒന്നിലും സര്ക്കാരുകള്ക്ക് ഒരു താല്പര്യവും ഇല്ല എന്നതിന്റെ തെളിവ് കൂടിയായിരുന്നു ആ യാത്ര. നടുവ് ഒടിയാതെ ജല്നയില്‍ എത്തിയത് ഭാഗ്യം! അവിടുന്ന് മുംബൈ വരെ പ്രൈവറ്റ് ബസ് ബുക്ക്‌ ചെയ്തിരുന്നു. തിങ്കളാഴ്ച നേരം പുലരുമ്പോള്‍ പനവേല്‍ എത്തി.
റൂട്ട്: ഔറംഗാബാദ് ഭാഗത്തേക്കുള്ള ട്രെയിന്‍, ബസ് എന്നിവയില്‍ വന്നു ജല്നയില്‍ ഇറങ്ങുക. അവിടന്ന് ലോണാറിലേക്ക് ബസുകള്‍ കിട്ടും. ലോണാര്‍ ടൌണില്‍ നിന്നും അധികം ദൂരമില്ല തടാകത്തിലേക്ക്, നടക്കാവുന്നതെയുള്ളൂ. ടൌണിലും ആവശ്യത്തിന് ഹോട്ടലുകള്‍ ഉണ്ട്. തടാകത്തില്‍ നിന്നും ടൌണിലേക്കുള്ള റോഡില്‍ നടന്നാല്‍ അവിടെ തന്നെ നല്ല കോഴിയും ചപ്പാത്തിയും മറ്റും കിട്ടുന്ന, രാത്രി കുറേനേരം തുറന്നിരിക്കുന്ന ഒരു ഹോട്ടലും ഉണ്ട്.

തടാകത്തിലെ ക്ഷേത്രങ്ങള്‍: 1,2: ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് (ഒരേ ക്ഷേത്രം, വ്യത്യസ്ത കോണില്‍ നിന്നും). 3: ഉപേക്ഷിക്കപ്പെട്ടത്


ലോനാറിലെ കാട്ടിലൂടെ കൂട്ടുകാരന്‍ ദൂപീന്ദര്‍സിങ്ങിന്‍റെ കൂടെ


തടാകക്കരയില്‍ എം.ടി.ഡി.സി. നടത്തുന്ന റിസോര്‍ട്ട്


തടാകക്കരയില്‍ എം.ടി.ഡി.സി.യുടെ റസ്റ്റോറന്റ്

വാച്ച് ടവര്‍: ഇവിടെ നിന്നുള്ള തടാകക്കാഴ്ച്ച


Reference:
1. http://suvratk.blogspot.in/2011/02/remotely-india-5-lonar-crater.html