7/29/2012

ഒരു ആത്മഹത്യാ കുറിപ്പ്

നമ്മുടെ മത പണ്ഡിതര്‍, അധ്യാപകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആത്മഹത്യയെ എതിര്‍ക്കുന്നത് കാണുമ്പോള്‍ അല്ലെങ്കില്‍ കേള്‍ക്കുമ്പോള്‍ അതുമല്ലെങ്കില്‍ വായിക്കുമ്പോള്‍ അവരോടുള്ള രോഷം കാരണം ആത്മഹത്യ ചെയ്യാന്‍ തോന്നാറുണ്ട്. എങ്കിലും ആത്മഹത്യ ചെയ്യാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് അത് ചെയ്യുന്നില്ല എന്ന് മാത്രം.അതെ, ആത്മഹത്യ ചെയ്യാന്‍ ധൈര്യം ആവശ്യമാണ്. ആത്മഹത്യാ വിരോധികള്‍ പറയും ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കള്‍ ആണെന്ന്. യഥാര്‍ത്ഥത്തില്‍ ഈ ആത്മഹത്യക്കാരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിക്കാന്‍ വേണ്ടി അവര്‍ നടത്തുന്ന പല ശ്രമങ്ങളില്‍ ഒന്നാണ് ഈ ഭീരുത്വാരോപണം. ചില ആളുകള്‍ക്ക് തങ്ങള്‍ ഭീരുക്കളാണെന്നു ലോകം മനസ്സിലാക്കുന്നത് ഇഷ്ടമല്ല. അത്തരക്കാര്‍ തീര്‍ച്ചയായും ഈ ധാര്‍മികക്കാരുടെ വലയില്‍ പെട്ട് ആത്മഹത്യ ചെയ്യാതെ പോകാന്‍ സാധ്യത ഉണ്ട് എന്ന് നാം ധരിക്കുന്നു. അത് തെറ്റിദ്ധാരണ മാത്രമാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ക്ക്‌ വ്യക്തമായി അറിയാം ഈ ഭീരുത്വാരോപണം ഇവന്മാര്‍ ചുമ്മാ പറയുന്നതാണ് എന്ന്.
 

ഇതുതന്നെയാണ് കൊലപാതകിയുടെയും അവസ്ഥ. കൊലയെ എതിര്‍ക്കുന്നവര്‍ ചിലരെങ്കിലും പക്ഷെ, കൊല ചെയ്യാന്‍ ധൈര്യം ആവശ്യമാണെന്ന് സമ്മതിക്കുന്നു!

പിന്നെ ചിലര്‍ പറയുന്നു ആത്മഹത്യ/കൊല ഒരു വൈകാരിക തീരുമാനം ആണെന്ന്. വൈകാരികം അത്ര മോശമൊന്നുമല്ല. ചിന്തകള്‍ മാത്രമാണ് യഥാര്‍ത്ഥം, വികാരം യഥാര്‍ത്ഥമല്ല എന്ന് കരുതുന്നവര്‍ നിരവധിയാണ്. പക്ഷെ, അത് ശരിയല്ല. രണ്ടും യഥാര്‍ത്ഥങ്ങള്‍ ആണ്. വികാരം എന്ന സംഗതി ഇല്ലെങ്കില്‍ നാമൊക്കെ ഈ ഭൂമിയില്‍ പിറക്കുമോ? വികാരം ഇല്ലെങ്കില്‍ നമ്മുടെ പട്ടാളക്കാരെ വികാരിപ്പിച്ചു ദേശസ്നേഹികളാക്കി യുദ്ധത്തിനു പ്രേരിപ്പിക്കാന്‍ കഴിയുമോ? കാക്കി ട്രൗസറും കുറുവടിയും ഇട്ടു കവാത്ത് നടത്താന്‍ ആര്‍.എസ്സ്.എസ്സുകാര്‍ക്ക് വളണ്ടിയര്‍മാരെ കിട്ടുമോ? തീവ്രവാദികള്‍ക്ക് ജിഹാദ്‌ നടത്താന്‍ ഭക്തന്മാരെ കിട്ടുമോ? കമ്മ്യൂണിസ്റ്റുകാര്‍ക്ക്‌ മറ്റു പാര്‍ട്ടിക്കാരെ കൊല്ലാന്‍ ആദര്‍ശവാദികളെ കിട്ടുമോ? കോണ്ഗ്രസ്സ്കാര്‍ സിക്കുകാരെ കൊല്ലുമായിരുന്നോ?  ഇല്ലേയില്ല. വികാരം കൊണ്ട് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തെറ്റാണോ? അല്ല. ചിലത് തെറ്റും ചിലത് ശരിയും ആകും.തെറ്റും ശരിയും വേര്‍തിരിച്ചു മനസ്സിലാക്കാനുള്ള അറിവും പക്വതയും ആണ് നാം വളര്‍ത്തേണ്ടത്.

എല്ലാ മതങ്ങളും മതമില്ലാത്തവരും പറയുന്നു, ലോകത്ത്‌ ഏറ്റവും വില കൂടിയ സാധനം ജീവന്‍ ആണെന്ന്. അതെങ്ങനെ ഇവര്‍ക്കറിയാം? അപ്പോള്‍ ഒരു കാര്യത്തിനും ജീവന്‍ ചെലവാക്കാന്‍ പാടില്ലല്ലോ. എന്തിനാണ് പട്ടാളക്കാര്‍? നിങ്ങള്‍ പറയും, അത് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ആണെന്ന്. അല്ലെന്നു ഞാന്‍ പറയും. ഒരു പട്ടാളവും രൂപികരിക്കപ്പെടുന്നത് ആ നാട്ടിലെ ജനങ്ങളെ മറ്റുള്ളവര്‍ കൂട്ടക്കൊല ചെയ്യും എന്ന് ഭയക്കുന്നത് കൊണ്ടല്ല. പ്രധാനമായും ആ നാടിന്‍റെ അതിര്‍ത്തികള്‍ കാക്കാന്‍ വേണ്ടിയാണ്. ആര്‍.എസ്സ.എസ്സുകാര്‍ ട്രൗസര്‍ ഇട്ടു നടക്കുന്നത് സ്വന്തം രാജ്യത്തിനുള്ളില്‍ തന്നെ തങ്ങളുടെ 'സംസ്ക്കാരത്തെ' തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന മുസ്ലിം മത ഭ്രാന്തന്മാരില്‍ നിന്നും കമ്മ്യൂണിസ്റ്റുകാരില്‍ നിന്നും സ്വന്തം 'സംസ്ക്കാര'ത്തെ സംരക്ഷിക്കാനാണ്. അപ്പോള്‍ ജീവനേക്കാള്‍ വലുത് പട്ടാളക്കാര്‍ക്ക് അതിര്‍ത്തിയും ആര്‍.എസ്സ്.എസ്സുകാര്‍ക്ക് 'സംസ്ക്കാരവും' മത ചാവേറുകള്‍ക്ക് മതവും ആണ് എന്നര്‍ത്ഥം. അമേരിക്കക്ക് ജീവനേക്കാള്‍ വലുത് പെട്രോള്‍ ആണ്, പണമാണ്. വ്യക്തികളില്‍ മിക്കവര്‍ക്കും ജീവനേക്കാള്‍ വലുത് അഭിമാനമാണ്.

അഭിമാനം കാട് കയറി ദുരഭിമാനമാവുന്നു. ദേശസ്നേഹം കാട് കയറി അന്ധമായ ദേശീയതാവാദം ആവുന്നു. പണത്തിനോടും സമ്പത്തിനോടും ഉള്ള താല്പര്യം മൂത്ത് ആര്‍ത്തിയാവുന്നു. മത ഭക്തി മൂത്ത് മത ഭ്രാന്താവുന്നു. ഇത്തരം അവസ്ഥകളില്‍ വ്യക്തികളും സംഘടനകളും രാജ്യങ്ങളും എത്തിപ്പെടുമ്പോള്‍ അവര്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ തെറ്റാണെന്ന് അവര്‍ക്ക് തോന്നുന്നില്ല എന്ന് മാത്രമല്ല, അത് ധീരമായ ഒരു പ്രവര്‍ത്തനമാണെന്ന് അവര്‍ക്ക് തോന്നുന്നു. തീര്‍ച്ചയായും ആ പ്രവര്‍ത്തനങ്ങള്‍ ഭീരുത്വത്തിന്‍റെ പട്ടികയില്‍ വരുന്നില്ല.

ദുരഭിമാനം കാക്കാന്‍, സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന തന്‍റെ മക്കളെ കൊല ചെയ്യുന്ന ഒരാള്‍ കരുതുന്നത് താന്‍ തന്‍റെയും തന്‍റെ കുടുമ്പത്തിന്‍റെയും അഭിമാനം കാത്തു എന്നാണു. ദുരഭിമാനം കാക്കാന്‍ ആത്മഹത്യ ചെയ്യുന്നവന്‍ കരുതുന്നത് തനിക്കുണ്ടായ അല്ലെങ്കില്‍ തന്‍റെ കുടുമ്പത്തിനു ഉണ്ടായ മാനഹാനി തന്‍റെ ആത്മഹത്യയിലൂടെ പ്രായശ്ചിത്തം ചെയ്യപ്പെടും എന്നാണു. അയാള്‍ മരിക്കുമ്പോള്‍ അല്ലെങ്കില്‍ കൊല്ലുമ്പോള്‍ ഒരു ഭീരുവല്ല, മറിച്ചു അപാര ധൈര്യത്തിന്‍റെ ഉടമയാണ്.

മറ്റു മത വിശ്വാസികള്‍ അല്ലെങ്കില്‍ മതമില്ലാത്തവര്‍ തങ്ങളുടെ പാരമ്പര്യത്തിന്‍റെയും  ആചാരങ്ങളുടെയും യുക്തി ചോദ്യം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അവ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെടും എന്ന് ഭയപ്പെടുമ്പോള്‍, തങ്ങളുടെ സംസ്കാരത്തെ/മതത്തെ ഉപേക്ഷിച്ചു ചിലര്‍ മറ്റു സംസ്ക്കാരങ്ങളെ/ മതങ്ങളെ പുല്കുമ്പോള്‍ ഒക്കെ ചിലര്‍ക്ക് അനുഭവപ്പെടുന്ന ആ 'രക്ഷകന്‍' മനോഭാവം രൂപം കൊള്ളുന്നതും മറ്റെവിടെ നിന്നും അല്ല. ''വിദേശ' മതം വിശ്വസിക്കുന്ന ഈ ന്യൂനപക്ഷം ഭൂരിപക്ഷമായ നമ്മുടെ സംസ്ക്കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവോ, നമ്മുടെ ആചാരങ്ങളെ ചോദ്യം ചെയ്യുന്നുവോ' എന്ന മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ 'ന്യൂനപക്ഷം, ഭൂരിപക്ഷത്തിന്‍റെ ദയാദാക്ഷിണ്യത്തില്‍ കഴിയുന്നവരാണ് എന്ന ചിന്ത ഉണ്ടാക്കുന്നതു. ഇതിന്‍റെ അടിസ്ഥാനവും പക്ഷെ അഭിമാന ബോധമാണ്.

രണ്ടോ മൂന്നോ വ്യക്തികള്‍ തങ്ങളുടെ അഭിമാന സ്തംഭങ്ങള്‍ ഇടിച്ച് തകര്‍ക്കുമ്പോള്‍ ഒരു മഹാ രാഷ്ട്രത്തിനും അവിടത്തെ ജനങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും തോന്നുന്നതും മറ്റൊന്നല്ല. തിരിച്ചടിക്കാന്‍ ആരും ഇല്ല, തങ്ങളുടെ അഭിമാനവും പോയി എന്ന അവസ്ഥയില്‍ എവിടെ എങ്കിലും തങ്ങളുടെ വികാരം തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ്, തങ്ങളുടെ ശക്തി ലോകത്തിനു മുമ്പില്‍ പുന:സ്ഥാപിക്കണം എന്ന വികാരം ശക്തമാവുമ്പോഴാണ്  തങ്ങള്‍ക്കു അപമാനം വരുത്തി വെച്ചവരുമായി എന്തെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന, എന്നാല്‍ ഒന്നിനും ശേഷിയില്ലാത്ത, തീരെ ആയുധ ബലമില്ലാത്ത, എന്നാല്‍ തങ്ങളുടെ അതെ അളവില്‍ അഭിമാന ബോധമുള്ള ആളുകളുമായി 'യുദ്ധം' പ്രഖ്യാപിക്കേണ്ടി വരുന്നത്. അതാണ്‌ വേള്‍ഡ്‌ ട്രയിഡ സെന്‍റര്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അമേരിക്കക്ക് ഉണ്ടായത്. തങ്ങളുടെ അഭിമാന ബോധം ഈ 'പീറകള്‍' കാണിക്കുമ്പോള്‍, അത് കാണിച്ചു കൊണ്ട് ലോകത്തോട് അവര്‍ വിളിച്ചു പറയുന്നു, കണ്ടില്ലേ ഇവര്‍ എത്ര ഭീകരന്മാര്‍ ആണെന്ന്! അതാണ്‌ അമേരിക്ക ഇറാഖിലും അഫ്ഘാനിലും നടത്തിയ നരനായാട്ടിന്‍റെ പിന്നിലെ പ്രധാന ചേതോവികാരം.

മുകളില്‍ പറഞ്ഞ ഓരോ വിഭാഗം കൊലയാളികളും ആത്മഹത്യക്കാരും ഒരേ വികാരം പേറുന്നവര്‍ ആണ്. പല കാരണങ്ങള്‍ കൊണ്ട് അഭിമാനം ദുരഭിമാനമായി മാറിയവരാണിവര്. പല കാരങ്ങള്‍ കൊണ്ട് രാജ്യസ്നേഹം ദേശീയതാവാദം ആയവര്‍ - ഉദാഹരണത്തിന് ഹിറ്റ്ലര്, സംഘപരിവാര്. പല കാരണങ്ങള്‍ കൊണ്ട് മതസ്നേഹവും സംസ്ക്കാര-പാരമ്പര്യങ്ങളോടുള്ള ബഹുമാനവും വര്‍ദ്ധിച്ചു മതഭ്രാന്തരായവര്. മത തീവ്രവാദികള്‍ ഉദാഹരണം. മുകളില്‍ പറഞ്ഞ ഓരോസംഗതികളിലും അന്തര്‍ലീനമായ വികാരം അഭിമാന-ദുരഭിമാന ദ്വയങ്ങള്‍ ആണ്. വികാരം അത്ര മോശമൊന്നുമല്ല!

ലോകത്ത് അന്തസ്സോടെ ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന എല്ലാവരും ജീവനേക്കാള്‍ വില കല്‍പ്പിക്കുന്നത് അഭിമാനത്തിനാണ് എന്ന് തീര്‍ച്ചയാണ്. അഭിമാന ബോധം അല്ലെങ്കില്‍ ദുരഭിമാന ബോധം പുറത്തു വരുന്നത് പല രൂപങ്ങളില്‍ ആയാണെന്ന് മാത്രം. ആത്മഹത്യ ചെയ്യുന്നതും കൊല ചെയ്യുന്നതും മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ നൂറു ശതമാനവും തുല്യമായ പ്രവര്‍ത്തനങ്ങളാണ്. രണ്ടിനും ധൈര്യം ആവശ്യമാണ. പക്ഷെ രണ്ടിന്റെയും വേരുകള്‍ കിടക്കുന്നത് അഭിമാന ബോധത്തില്‍ അല്ല, മറിച്ചു ദുരഭിമാന ബോധത്തിലാണ് എന്ന് മാത്രം. അഭിമാനത്തിന്‍റെയും ദുരഭിമാനത്തിന്‍റെയും ഇടയിലുള്ള അതിര്‍ വരമ്പ് വളരെ വ്യക്തമാണ്, ചിന്തിക്കാന്‍ ഒരല്‍പം സമയം ചെലവാക്കിയാല് ആ കാര്യം ബോധ്യമാവുകയും ചെയ്യും..

അഭിമാനവും അഭിമാന ബോധവും നല്ലതാണ്. അവ നിലനില്‍ക്കുന്നത് നല്ല മനസ്സുകളിലാണ്. ദുരഭിമാനം വളരെ നീചമാണ്. അത് നിലനില്‍ക്കുന്ന മനസ്സുകള്‍ അപകടകരമാണ് എന്ന സത്യം മനസ്സിലാക്കുക. ഈ സത്യം ഉള്‍ക്കൊള്ളുക, പ്രചരിപ്പിക്കുക എന്നതാണ് ലോകത്ത് നടക്കുന്ന ആത്മഹത്യകളും അന്യായമായ കൊലകളും  കുറച്ചു കൊണ്ട് വരാനുള്ള ഫലപ്രദമായ മാര്‍ഗം. കൊല ചെയ്യുക, ആത്മഹത്യ ചെയ്യുക എന്നീ രണ്ടു കാര്യങ്ങളും ഗുരുതരമായ ക്രിമിനല്‍ മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. അവക്ക് ചികിത്സ ആവശ്യമാണ്‌.

മേല്‍പറഞ്ഞ എല്ലാ വിഭാഗക്കാരും സമയം എടുത്തു ചിന്തിച്ചു തന്നെയാണ് ആത്മഹത്യ ചെയ്യാനോ കൊല ചെയ്യാനോ ഉള്ള തീരുമാനം എടുക്കുന്നത്. പക്ഷെ, തന്നെ നയിക്കുന്നത് അഭിമാന ബോധമോ അതല്ല ദുരഭിമാനമോ എന്നത് ചിന്തിക്കാന്‍ അവര്‍ മെനക്കെടാറില്ല. 'ശത്രു'വിനെ കുറിച്ചുള്ള ചിന്ത സൃഷ്ടിക്കുന്ന ബഹളത്തില്‍ തന്നെ നയിക്കുന്ന വികാരത്തെ കുറിച്ച് ചിന്തിക്കാന്‍ കൊലയാളിക്ക് സമയം കിട്ടുന്നില്ല. ക്ഷതപ്പെട്ടു പോയ, അല്ലെങ്കില്‍ ക്ഷതം സംഭവിക്കാന്‍ പോകുന്ന തന്‍റെ 'അഭിമാനത്തെ' കുറിച്ച ചിന്ത കാരണമായി; ആത്മഹത്യ ചെയ്യാന്‍ പോകുന്നവന്; തന്നെ നയിക്കുന്ന വികാരം ഏതു എന്ന് ചിന്തിക്കാനുള്ള അവസരം ഉണ്ടാവുന്നില്ല.

എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ മനസ്സ് സമനിലയില്‍ നില്‍ക്കുന്ന അവസ്ഥയും സമനിലയില്‍ നിന്ന് തെറ്റിയ അവസ്ഥയും ഉണ്ടാവും. മനസ്സ് സമനിലയില്‍ ആയിരിക്കുമ്പോള്‍ തന്നെ അഭിമാനത്തെയും ദുരഭിമാനത്തെയും കുറിച്ച് മേല്പറഞ്ഞ രീതിയില്‍ ചിന്തിക്കുകയും അവക്കിടയിലെ വ്യത്യാസം  മനസ്സിലാകുകയും ചെയ്തിട്ടുള്ളവര്‍ക്ക് പൊതുവേ അക്രമ/ആത്മഹത്യാ  വാസനകള്‍ കുറവായിരിക്കും. അത്തരക്കാര്‍ ഈ രണ്ടു കാര്യങ്ങളെയും ക്രിമിനല്‍ കുറ്റമായി കണക്കാക്കാന്‍ കഴിയുന്നവരായിരിക്കും. എന്തൊക്കെ പറഞ്ഞാലും അവര്‍ ആത്മഹത്യയിലെക്കോ കൊലപാതകത്തിലെക്കോ പോവുകയില്ല. കാരണം ജീവിതം, അത് കുറ്റവാളിയുടെതാകട്ടെ, സാത്വികന്‍റെതാവട്ടെ, അത് ഒഴുകാനുള്ളതാണ് ഒരു ശുഭ മുഹൂര്‍ത്തത്തില്‍ അതിനു ഫുള്‍സ്റ്റോപ്‌ ഇടാന്‍ ഒരു നല്ല മനുഷ്യന് താല്പര്യം ഉണ്ടാവില്ല.

1 comment:

  1. തീർച്ചയായും യോജിക്കുന്നുണ്ട്, ആത്മഹത്യയോ കൊലപാതകമോ ചുമ്മാ ചിന്തിക്കാതെ ചെയ്യുന്നത് ഒന്നോ രണ്ടോ ശതമാനം മാത്രമാവും, ബാക്കിയെല്ലാം വ്യക്തമായി ചിന്തിച്ച് തീരുമാനമെടുക്കുന്നത് തന്നെയാവും. നിരന്തരമായ മാനസിക പിരിമുറുക്കങ്ങളും പകയും ഒക്കെ മനസിന്റെ ഗതി തെറ്റിക്കാറുണ്ട്. സത്യത്തിൽ അവസാനത്തിൽ ഇവർ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊല നടത്തുന്ന സമയത്ത് അവർ മാനസിക നില തകരാറിലായ ഒരവസ്ഥയിൽ തന്നെയാണ്. അത് അവരെക്കൊണ്ട് മുന്നിലേക്കുള്ള വഴിയില്ലെന്ന് തോന്നിപ്പിക്കാം, അല്ലെങ്കിൽ അയാളെ തകർത്ത് കളയണമെന്ന് ചിന്തിപ്പിക്കാം, അത് തന്നെയാണ് കാര്യം. എന്നാൽ ഇതിനെല്ലാം പിന്നിലെ വില്ലൻ സാഹചര്യം എന്ന മഹാൻ തന്നെയാണ്. അതുകൊണ്ട് തന്നെയാണ് ചില കൊലകളെ/ആത്മഹത്യകളെ ഒക്കെ പലപ്പോളും എതിർത്ത് കൊണ്ട് അംഗീകരിക്കേണ്ടി വരുന്നതും. സത്യം പറഞ്ഞാൽ ഇന്നലെയും ഇന്നും ചർച്ചക്കെടുത്ത ഒരു വിഷയം ആയതിനാൽ തന്നെ മടുപ്പുണ്ട് ഈ വിഷയം എന്നതിനാൽ കൂടുതൽ എഴുതാതെ നിർത്തുന്നു,.

    ReplyDelete