Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

6/04/2012

വേദന പുരണ്ട ഒരു മഴക്കാലത്തിന്‍റെ ഓര്‍മയ്ക്ക്‌

ഭ്രാന്തമായി പെയ്യുന്ന പേമാരിയും വിങ്ങി വിങ്ങി പെയ്യുന്ന  ചാറ്റല്‍ മഴയും എന്‍റെ ഹൃദയത്തെ കീഴടക്കിയത് അതിന്‍റെ സംഗീത സ്വരം ഒന്ന് കൊണ്ട് മാത്രമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ അകത്തിരുന്നു മഴയെ കണ്ടു ഞാന്‍ തൃപ്തിയടഞ്ഞേനെ! മഴയുടെ നനുത്ത സ്പര്‍ശവും അതിന്‍റെ സീല്‍ക്കാരം പോലെ പ്രണയാര്‍ദ്രമായിരുന്നു. വീണ്ടുമൊരു മണ്‍സൂണ്‍ വന്നെന്‍റെ നാടിനെ കുളിരണിയിക്കുമ്പോള്‍ ഇങ്ങു ദൂരെ തമിഴ്‌ നാട്ടിലെ ഒരു ഉണങ്ങിയ കുഗ്രാമത്തില്‍ ഇരുന്ന് ഭൂതകാല സ്മരണകളെ അയവിറക്കുകയല്ലാതെ പിന്നെ ഞാന്‍ എന്ത് ചെയ്യും?

മഴയെ മാത്രമല്ല, മഴക്കാലത്തെയും ഞാന്‍ പ്രണയിച്ചിരുന്നു, പ്രണയിക്കുന്നു. കാരണം അവര്‍ മാത്രമേ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് ശാശ്വതമായ പ്രണയം പകരം നല്‍കുന്നുള്ളൂ.

പാടത്ത്‌ നിറഞ്ഞു നില്‍ക്കുന്ന മഴവെള്ളത്തില്‍ കൂട്ടുകാരോടൊപ്പം കാല്‍പന്തു കളിച്ചതും, കളി കഴിഞ്ഞു നേരെ തോട്ടില്‍ ചാടിക്കുളിക്കാന്‍ പോകുമ്പോള്‍ ഒരു ലോറി ഇടിച്ചതും ഒരു മഴക്കാലത്തായിരുന്നു എന്ന് ഞാന്‍ ഓര്‍ക്കുന്നു. കോയാസ് ഹോസ്പിറ്റലിന്‍റെ ആസ്ബെസ്റ്റോസ് മേഞ്ഞ, മുകളിലത്തെ നിലയിലെ മുറിയില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ ശക്തിയായി പെയ്യുന്ന മഴ എന്നെ പുറത്തേക്ക് വിളിക്കുകയായിരുന്നുവോ?

ആശുപത്രിക്കിടക്കയില്‍ നിന്നും പുറത്തു വന്ന നാള്‍ ഞാന്‍ കണ്ടു, വീണ്ടും തമ്മില്‍ കണ്ട ആനന്ദത്തില്‍ മഴ എന്നെ വരവേല്‍ക്കുന്നത്. പക്ഷെ മഴയുടെ തഴുകല്‍ ഏറ്റുവാങ്ങാന്‍ ഞാന്‍ ചെന്നില്ല. പോര്‍ച്ചില്‍ നിന്ന് ഞാന്‍ അവള്‍ക്കു കൈ വീശി. അന്ന് അവളെന്നോട് എന്താണ് പറഞ്ഞിരുന്നത് എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ചീറിപ്പാഞ്ഞു പോകുന്ന കാറില്‍ ഞാന്‍ മഴയെ നോക്കി നോക്കിയിരുന്നു. പക്ഷെ, ഞങ്ങള്‍ ഇനിയും സന്ധിക്കണമെങ്കില്‍ നാളൊരുപാട് കാത്തിരിക്കേണ്ടി വരും എന്ന് അവള്‍ക്കറിയില്ലായിരുന്നു. ഞാന്‍ പറഞ്ഞതുമില്ല. കാറിന്‍റെ ചില്ലിനു മുകളില്‍ ശക്തിയായി ഇടിച്ചും കരഞ്ഞും തഴുകിയും അവളെന്നെ പുറത്തേക്ക് വിളിച്ചു. പക്ഷെ എനിക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

മിക്ക പ്രണയങ്ങളും നിങ്ങള്‍ക്ക് നിരാശ തരുന്നു. എന്നാല്‍ മഴയെ പ്രണയിക്കൂ, ഒരു പ്രണയിനിയുടെ എല്ലാ ഭാവങ്ങളിലും അവള്‍ നിങ്ങളെ പ്രണയിക്കും. ഒരു പ്രണയിനിയില്‍ നിന്നും നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും നല്ല അനുഭവങ്ങള്‍ എന്ന് നിങ്ങള്‍ കരുതുന്നവയൊക്കെയും മഴ നിങ്ങള്‍ക്ക് തരും; ആശ്വാസം, തലോടല്‍, കൊഞ്ചല്‍, പിണക്കം, വേദന, വിരഹം നിങ്ങള്‍ പറയൂ എന്തൊക്കെയാണ് ഒരു പ്രണയം നിങ്ങള്‍ക്ക് സമ്മാനിക്കുന്നത്? അതെല്ലാം മഴ നിങ്ങള്‍ക്ക് നല്‍കും.

കാര്‍ വീടിനു മുന്നില്‍ നിര്‍ത്തി. മഴ തോര്‍ന്നു കഴിഞ്ഞിരുന്നു. രക്തം കലര്‍ന്ന കണ്ണീര്‍ പോലെ മഴവെള്ളം കാലിനടിയില്‍ ഒഴുകിപ്പോയി. മേഘങ്ങള്‍ക്കുള്ളിലിരുന്ന് മഴ എന്തോ പറയാന്‍ വെമ്പി. പക്ഷെ, അപ്പോഴേക്കും തൂക്കിയെടുത്തെന്നെ എന്‍റെയുമ്മ അകത്തെ കട്ടിലില്‍ ഇരുത്തിക്കഴിഞ്ഞിരുന്നു.

5/22/2012

അണ്ടര്‍ ഓഫീസര്‍ വിജയന്‍റെ റിപ്പബ്ലിക്‌ ദിനം

"പരേ.....ഡ്‌, സാമ്നെ സേ തേ.....ച്ച്ചാല്‍" തൊണ്ട പൊട്ടുമാറുച്ചത്തില്‍ അണ്ടര്‍ ഓഫീസര്‍ വിജയന്‍ ആഞ്ഞു വിളിച്ചു.
ഏക്‌, ദോ, ഏക്‌....ഏക്‌, ദോ, ഏക്‌...പരേഡ്‌ തുടങ്ങി.
നാളെ ജനുവരി ഇരുപത്താറ്. റിപ്പബ്ലിക്‌ ദിനം. എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്‌ മത്സരാടിസ്ഥാനത്തിലാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി ഉണ്ട്. പത്തു മണിയോടെ എല്ലാവരും പ്രാക്ടീസ് നിറുത്തി. കുളിച്ചു വൃത്തിയായി വന്നു ഭക്ഷണം കഴിച്ചു.

എന്‍.സി.സി. ഓഫീസര്‍ മേജര്‍ വേലായുധന്‍  സാറും വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം പ്രായമായ ചില സീനിയര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടി സാര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് നടന്നു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പക്ഷെ മറ്റു കാഡറ്റുകളുടെ കൂടെ കിടന്നുറങ്ങാന്‍ പോയി. സ്വാതിഷ്‌ ആ നാട്ടുകാരനും രണ്ടാം വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയും ആണ്. കോളേജിലേക്ക് വരുന്നതിനു മുമ്പ് രാവിലെയും വൈകീട്ട് കോളേജു വിട്ട ശേഷവും ഒഴിവു ദിവസങ്ങളിലും ഒക്കെ ഓട്ടോ ഓടിച്ചു ജീവിക്കുന്നു. നന്നായി കുടിക്കും. കോളെജിലേക്ക് ഓട്ടോയിലാണ് വരിക. ഭാഗ്യമുണ്ടെങ്കില്‍ അവിടെയും ചിലപ്പോള്‍ ചില ഓട്ടങ്ങള്‍ കിട്ടും. പിന്നെ ജഗദീഷ്‌, പാരലെല്‍ കോളേജ്‌ നടത്തുന്നു. ഏതു ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും അവന്‍റെ സ്ഥാപനത്തില്‍ പ്രവേശനം ഉണ്ട്. പക്ഷെ, കുട്ടികള്‍ക്ക് എന്തോ ഒരു താല്പര്യമില്ലായ്മ. അത് കൊണ്ട് അവന്‍റെ സ്ഥാപനത്തില്‍ ചിലപ്പോള്‍ എട്ടാം ക്ലാസ്‌ ഉണ്ടാവും പക്ഷെ ഒമ്പതാം ക്ലാസ്‌ ഉണ്ടാവില്ല! കണക്ക്‌, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ അവന്‍ തന്നെയാണ് എല്ലാ ക്ലാസിലും എടുക്കുക. ഇംഗ്ലീഷിനു അവന്‍റെ കൂട്ടുകാരന്‍ ജാഫര്‍ ഉണ്ട്. ജാഫര്‍ ബി.എ. ഇംഗ്ലീഷിനു പഠിക്കുകയാണ്; അടുത്തുള്ള കോ-ഓപറേറ്റീവ് കോളേജില്‍. പോക്കറ്റ് മണി ഒക്കെ ഒക്കും. ഇവര്‍ രണ്ടു പേരുമാണ് പാരലല്‍ കോളേജിലെ അധ്യാപകര്‍. ജഗദീഷും സ്വാതിഷും ഞങ്ങളുടെ കോളേജിലെ തല മൂത്ത വിദ്യാര്‍ത്ഥികള്‍ ആണ്. അതുകൊണ്ട് ഇവരെ മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും ബഹുമാനിച്ചു പോന്നു.

വേലായുധന്‍ സാറും സ്വാതിഷും ജഗദീഷും കോളേജ്‌ ഗ്രൗണ്ടിന്റെ വടക്കേ മൂലയിലുള്ള മാവിന്‍റെ ചുവട്ടിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ കഷ്ണത്തിന്മേല്‍ ഉപവിഷ്ടരായി. സ്ഥിരമായി മദ്യപിക്കുന്ന ആരോ ചിലര്‍ അവിടെ പാകത്തിന് ഇരിക്കാനുള്ള സംവിധാനങ്ങളൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. സ്വാതിഷ്‌ കുപ്പികള്‍ പുറത്തെടുത്തു. "ചിയേഴ്സ്". കുപ്പികള്‍ കാലിയായി.

പിറ്റേന്ന് എല്ലാവരും പുലര്‍ച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റു. ഉറക്കം തൂങ്ങി എല്ലാവരും സ്വാതിഷിന്‍റെ ഓട്ടോയില്‍ കയറി, വണ്ടി പുഴക്കരയിലേക്ക് വിട്ടു. കാട് മൂടിക്കിടക്കുന്ന കടലുണ്ടിപ്പുഴയുടെ വശത്തു കൂടെ എല്ലാവരും കുറ്റിക്കാടുകളിലേക്ക് നീങ്ങി. വളരെ പ്രയാസപ്പെട്ട് പലരും കാര്യം നിര്‍വഹിച്ചുവെങ്കിലും അണ്ടര്‍ ഓഫീസര്‍ ആയ വിജയന് സംഗതി നടത്താന്‍ കഴിഞ്ഞില്ല. പുറത്തു വരുന്നില്ല! എന്ത് ചെയ്യും?  കുളിച്ചു തിരികെ വന്നു. ഏഴു മണിക്ക് കെ.എസ.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും വണ്ടി വന്നു. അപ്പോഴേക്കും എല്ലാവരും യൂണിഫോം മാറ്റി തയ്യാറായിട്ടുണ്ടായിരുന്നു. പരേഡ്‌ നയിക്കേണ്ടത് താനാണ്. കുളിച്ചു വന്നു യൂണിഫോം മാറ്റുന്നതിന് മുമ്പും കുറെ ശ്രമിച്ചു നോക്കി. പക്ഷെ നടന്നില്ല. എന്നും ഒമ്പത് മണിക്ക് എഴുന്നേല്‍ക്കുന്ന താന്‍ ഇന്ന് നേരം തെറ്റി എഴുന്നേറ്റതാണ് പ്രശ്നകാരണം എന്ന് വിജയന് മനസ്സിലായി. പാട്ടും കൂത്തുമായി ബസ്‌ എം.എസ്.പി.യിലെത്തി. കൃത്യം എട്ടു മണിക്ക് പരേഡ്‌ ആരംഭിക്കും. എല്ലാ പ്ലറ്റൂനുകളും മൈതാനത്തിനു പുറത്തു വരിവരിയായി നിന്നു. ഇനിയും പത്തു മിനിട്ടില്‍ പരേഡ്‌ ആരംഭിക്കും. ബാന്‍ഡ്‌ ടീം ആദ്യം മൈതാനത്തിലേക്ക് നടക്കും; അതിനെ പിന്തുടര്‍ന്ന് വിവിധ പോലീസ്‌, എന്‍.സി.സി., സ്കൗട്ട് ആന്‍ഡ്‌ ഗൈഡ്‌ ട്രൂപ്പുകള്‍ എന്നിവര്‍ മാര്‍ച്ച് നടത്തും.

അണ്ടര്‍ ഓഫീസര്‍ വിജയന് ബേജാറ് തുടങ്ങി. ഇന്ന് അവന്‍റെ അഭിമാന ദിവസമാണ്. ഒന്നാം സ്ഥാനം കരസ്ഥമാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരേഡിലും തന്‍റെ കോളേജ്‌ യൂണിറ്റ് ഒന്നാം സ്ഥാനം നേടിയതാണ്. പിറകോട്ടു പോയാല്‍ അപമാനം തനിക്കാണ്, എന്നിങ്ങനെ ചിന്തിച്ചു പുള്ളി ടെന്‍ഷനായികൊണ്ടിരുന്നു. അത് പ്രശ്നമായി. കൃത്യം എട്ടുമണിക്ക് വിസില്‍ മുഴങ്ങി. അണ്ടര്‍ ഓഫീസര്‍ വിജയന് സമ്മര്‍ദ്ദം ഏറി തൂറാന്‍ മുട്ടി. ഇതിലും വലിയ വണ്ടിയും വലയും വേറെ ഉണ്ടോ? ആവതു പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷെ, ഒരു രക്ഷയുമില്ല! "വെട്ടു തടുക്കാം, പക്ഷെ മുട്ട് തടുക്കാനാവില്ല" എന്ന് ഹമീദ്‌ പറഞ്ഞത് ഓര്‍ത്തു.

ഹമീദിനോട് പരേഡ്‌ നയിക്കാന്‍ പറഞ്ഞു, എക്സ്ട്രാ വന്നിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഹമീദിന്‍റെ സ്ഥാനത്ത് നിര്‍ത്തി വിജയന്‍ ഓടെടാ ഓട്ടം! കക്കൂസ് തിരഞ്ഞു ഓടി നടന്ന വിജയന് വഴി കാണിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.  വിജയന് നിയന്ത്രണം വിട്ടു. ക്യാമ്പ്‌ ആശുപത്രിയുടെ പിന്നിലെ ചെരുവില്‍ ഒരു മാവിന്‍ ചുവട്ടില്‍ വെച്ച് വിജയന്‍ തന്‍റെ ബെല്‍റ്റ്‌, പറിച്ചെറിഞ്ഞു, കാല്‍ശരായിയും ജെട്ടിയും പാതി നീക്കി. അണക്കെട്ട് തുറന്നു വിട്ടപോലെ വിജയന്‍റെ വയറ്റില്‍ നിന്നും മലം പ്രവഹിച്ചു. ആദ്യ റൌണ്ട് പുറത്തു വന്ന ശേഷം പാന്‍റും ജെട്ടിയും അഴിച്ചുമാറ്റി.

ഹാ! എന്തൊരു സുഖം! കഴുകാന്‍ പക്ഷെ, അടുത്തൊന്നും വെള്ളം കണ്ടില്ല. അവിടെ നിന്നും നീങ്ങി മറ്റാരുടെ എങ്കിലും കണ്ണില്‍ പെട്ടാല്‍ പിന്നെ പെട്ടത് തന്നെ! അടുത്തു കണ്ട പൊടുവണ്ണി മരത്തിന്‍റെ ഇല പറിച്ചു താല്‍ക്കാലിക പരിഹാരം കണ്ടു. സമാധാനത്തോടെ എഴുന്നേറ്റു. അഴിച്ചു മാറ്റിയ വസ്ത്രം ധരിച്ചു. സമയം എട്ടേകാല്‍ കഴിഞ്ഞിരിക്കുന്നു. ബാന്‍ഡ്‌ മുട്ടുന്ന ശബ്ദം കേള്‍ക്കാം. ഊരിയെറിഞ്ഞ ബെല്‍റ്റ് എടുത്ത്‌ തിരുകാന്‍ തുടങ്ങുമ്പോള്‍ ഘോരമായ ഒരു ശബ്ദം! "ആരെടാ അവിടെ?" മൊട്ടയടിച്ചു യൂണിഫോം ധരിച്ച ഒരു പോലീസുകാരന്‍! വിജയന്‍ ഭയന്നു. അടിക്കുന്നെങ്കില്‍ അടിക്കട്ടെ, എന്ത് വേണമെങ്കിലും ചെയ്യട്ടെ, എന്ന ചിന്തയോടെ വിജയന്‍ പോലീസുകാരന്‍റെ നേരെ നടന്നു. "എന്താടാ തനിക്കവിടെ പണി?" അയാള്‍ ചോദിച്ചു. വിജയന്‍ സംഗതികളെല്ലാം വിശദീകരിച്ചു. പോലീസുകാരന് ദയ തോന്നി. അയാള്‍ അത് വൃത്തിയാക്കാന്‍ വിജയനോട് പറഞ്ഞു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പൊടുവണ്ണിയുടെ ഒരു ഇല പറിച്ചു മലം കോരി അപ്പുറത്തെ  പൊട്ടക്കുഴിയില്‍ നിക്ഷേപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വിജയന്‍ ഗാലറിയിലേക്ക് നടന്നു.

5/18/2012

കുഞ്ഞാപ്പായുടെ പഞ്ചായത്ത് കുളം

പഞ്ചായത്തിലെ കാര്യങ്ങളൊക്കെ നന്നായി അറിയാം കുഞ്ഞാപ്പക്ക്. പക്ഷെ മറ്റുള്ളവര്‍ക്ക് ഒന്നും പറഞ്ഞു കൊടുക്കില്ല. എന്ത് ആനുകൂല്യങ്ങള്‍ വന്നാലും വാങ്ങി സ്വന്തം കീശയിലിടും. ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്നു പറഞ്ഞു പഞ്ചായത്തില്‍ നിന്നും അയാള്‍ വാങ്ങിയ കാശിനു കണക്കില്ല. കുഞ്ഞാപ്പായുടെ പറമ്പില്‍ പാടത്തിനോട് ചേര്‍ന്ന് ഒരു പൊട്ടക്കുളം ഉണ്ട്. പഞ്ചായത്തില്‍ നിന്നും വലിയൊരു സംഖ്യ വാങ്ങി ആ കുളം മൊത്തം കരിങ്കല്ല് പതിച്ചു പഞ്ചായത്ത് കുളം എന്നെഴുതി വെച്ചു കുഞ്ഞാപ്പ. പക്ഷെ അതിനെ ചുറ്റി ഉള്ള എല്ലാ ഭൂമിയും കുഞ്ഞാപ്പായുടെതാണ്. അത് കൊണ്ട് ആര്‍ക്കും ആ കുളത്തിലെ വെള്ളം എടുത്തു തങ്ങളുടെ കൃഷിഭൂമി നനക്കാന്‍ കഴിയില്ല. പക്ഷെ നാട്ടുകാര്‍ ഇവിടെ ദിവസവും രണ്ടു നേരം കുളിച്ചു വന്നു. കുഞ്ഞാപ്പക്ക് പക്ഷെ അതിഷ്ടമല്ല. കുട്ടികള്‍ കുളത്തിന്‍റെ മതിലില്‍ കയറി കുളത്തിലേക്ക് ചാടുന്നതും കുളം നിറഞ്ഞു നീന്തുന്നതും കണ്ടാല്‍ കുഞ്ഞാപ്പക്ക് കലി വരും. അതിനു അയാള്‍ ഒരു വഴി കണ്ടു പിടിച്ചു: കുളം നിറയെ മുള  വെട്ടിക്കൊണ്ടു വന്നു നിറച്ചു. കുട്ടികള്‍ ആദ്യമൊക്കെ മുള ഒരു വശത്തേക്ക് നീക്കി നീന്തിക്കളിച്ചെങ്കിലും കുഞ്ഞാപ്പ കൂടുതല്‍ മുളകള്‍ ഇറക്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. അളവറ്റ സമ്പത്തിനുടമയായ കുഞ്ഞാപ്പ നാട്ടിലെ കുട്ടികളെ ഇങ്ങനെ ദ്രോഹിക്കുന്നതില്‍ മുതിര്‍ന്നവര്‍ക്ക് ഇഷ്ടക്കെടുണ്ടെങ്കിലും അവര്‍ അത് പുറത്തു കാട്ടാറില്ല. കാരണം, സ്ഥലത്തെ പ്രധാന തറവാട്ടുകാരനും, പള്ളിക്കമ്മിറ്റി മെമ്പര്‍മാരുടെ പേടിസ്വപ്നവുമായ കുഞ്ഞാപ്പായെ പിണക്കിയാല്‍ ആകെ ഗുലുമാലാകും എന്നാണു അവരുടെ ഭയം. അങ്ങനെ നാട്ടുകാര്‍ ഭയന്ന്‍ നടക്കുന്നതിനിടയില്‍ വേനലവധി വന്നു. ഞാന്‍ അന്ന് പത്താം ക്ലാസ്‌ കഴിഞ്ഞു പ്ലസ്‌-ടുവിന് ചേരാന്‍ തീരുമാനിച്ചു നടക്കുകയാണ്.

ഉമ്മമാരുടെ കൂടെ നാട്ടിലെത്തുന്ന വിരുന്നു കാരായ കുട്ടികളുണ്ടോ കുഞ്ഞാപ്പയെ കാര്യമാക്കുന്നു! അവര്‍ മുളകള്‍ മുഴുവനും വലിച്ചു കുളത്തില്‍ നിന്നും പുറത്തേക്ക് കയറ്റാന്‍ തുടങ്ങി. ഏതാണ്ട് പാതി മുളകളും പുറത്തെത്തിയപ്പോള്‍ അതാ കുഞ്ഞാപ്പ അലറുന്ന ശബ്ദം കേള്‍ക്കുന്നു. നാട്ടുകാരായ കുട്ടികള്‍ ഓടി രക്ഷപ്പെട്ടു. വിരുന്നുകാര്‍ ഭയന്ന് കുളത്തില്‍ നിന്നും പുറത്തു വന്നു. കുഞ്ഞാപ്പയുടെ പച്ചത്തെറി വയര് നിറയെ കിട്ടി. കുട്ടികള്‍ തിരിച്ചു പോയി.

കുഞ്ഞാപ്പക്ക് മനസ്സിലായി, ഇത് ഒന്നോ രണ്ടോ ദിവസം കൊണ്ട് പോകുന്ന കേസുകളല്ല, രണ്ടു മാസമാണ് അവധി. ഈ കുട്ടികളെ എങ്ങനെയും കുളത്തില്‍ നിന്നും അകറ്റണം. കുഞ്ഞാപ്പ കൂലങ്കുഷമായി ചിന്തിച്ചു! പതിവില്ലാതെ, പിറ്റേന്ന് നേരം പുലരും മുമ്പ് കുഞ്ഞാപ്പ കുളക്കരയിലേക്ക് നടന്നു. തുണിയഴിച്ച് കുളത്തിലിറങ്ങി. പത്തു മണിയോടെ കുളക്കരയിലെത്തിയ കുട്ടിപ്പട്ടാളം അന്തിച്ചു പോയി. കുളം നിറയെ മലത്തിന്‍റെ കഷ്ണങ്ങള്‍ പരന്നു കിടക്കുന്നു! അവര്‍ ഒന്നും മിണ്ടാതെ തിരിച്ചു പോയി.

വര്‍ഷങ്ങള്‍ക്കിപ്പുറം, ഞാന്‍ നീന്താന്‍ പഠിച്ച, നിരവധി ബാല്യകാല ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ആ കുളവും പരിസരവും കാണാന്‍  ഞാന്‍ പോയി. ചുറ്റുമുള്ള പറമ്പുകള്‍ക്കൊക്കെ പുതിയ വേലികള്‍ വന്നിരിക്കുന്നു.  കുളത്തിന്‍റെ അക്കരയില്‍ കൂരകെട്ടി ജീവിക്കുന്ന വേലായുധന്‍ അല്ലാതെ മറ്റാരും ഇപ്പോള്‍ ആ പഞ്ചായത്ത് കുളത്തില്‍ കുളിക്കാന്‍ വരാറില്ല. ഇപ്പോള്‍ കുളത്തില്‍ കുട്ടികളുടെ ശല്യമില്ലാതെ കുഞ്ഞാപ്പ സമാധാനത്തോടെ ജീവിക്കുന്നു. കുളത്തിലെ വെള്ളം വല്ലാതെ കറുത്തിരിക്കുന്നുവോ? കുഞ്ഞപ്പയോടു മുഖം കറുപ്പിച്ചിരിക്കുന്നതാണോ? കുളത്തിലെ വെള്ളം തികച്ചും നിശ്ചലമായിരുന്നു. കുറെ നേരം നോക്കി നിന്ന് ഞാന്‍ തിരിച്ചു നടന്നു.

5/15/2012

ഇരുള്‍ ഗോപാലന്‍

ഇരുട്ടിനാണോ ഗോപാലനാണോ കൂടുതല്‍ കറുപ്പ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്. ചിലപ്പോള്‍ തോന്നും ഇരുട്ട് ഗോപാലനെക്കാള്‍ കറുപ്പാണെന്ന്. മറ്റു ചിലപ്പോള്‍ തോന്നും ഗോപാലന്‍ ഇരുട്ടിനെക്കാള്‍ കറുത്തിട്ടാണെന്ന്. റോഡിലൂടെ രാത്രിയില്‍ നടക്കുമ്പോള്‍ ഗോപാലന്റെ രൂപം ഏത്‌ അമാവാസിയിലും ഒരു നിഴല്‍ രൂപം പോലെ കാണാം. എന്നാല്‍ കവുങ്ങിന്‍ തോപ്പിലൂടെയുള്ള നാട്ടു വഴിയില്‍ ഗോപാലനെ ഇരുട്ടില്‍ നിന്നും വേര്‍തിരിക്കുക അസാധ്യം. അങ്ങനെയാണ് തോട്ടുപിലാക്കള്‍ ഗോപാലന്‍ ഇരുള്‍ ഗോപാലനായത്. സിനിമ കഴിഞ്ഞു വരുന്ന രാത്രികളില്‍ ഗോപാലന്‍ പാട്ടും മൂളി ഏറ്റവും പിന്നിലേ നടക്കൂ. ബസ്‌ സ്റ്റോപ്പില്‍ നിന്നും രണ്ടു കിലോ മീറ്റര്‍ നടക്കണം നാട്ടു വഴിയിലൂടെ. കവുങ്ങിന്‍ തോപ്പിലൂടെ ഒഴുകുന്ന തോട്ടിന്‍ കരയിലൂടെ വേണം ഗോപാലന്റെ വീട്ടിലെത്താന്‍. തോട്ടിന്‍ കരയില്‍ വെച്ച് പിരിയുമ്പോള്‍ കൂട്ടുകാര്‍ ഗോപാലനോട് പറയും: "ഗോപാലാ, ഒന്ന് ചിരിച്ചു കൊണ്ട് നടക്കണേ, ആ പല്ലുകള്‍ പുറത്തു കണ്ടോട്ടെ. ഇല്ലെങ്കില്‍ എതിരില്‍ നിന്നും വരുന്നവര്‍ നിന്‍റെ മേല്‍ ഇടിച്ചു തോട്ടിലേക്ക് വീഴും". അത് തന്നെ കളിയാക്കുന്നതാനെന്നു ഗോപാലനറിയാം എന്നാലും ഗോപാലന്‍ വെറുതെ ചിരിക്കുകയെ ഉള്ളൂ.

സമീപത്തുള്ള ഓട്ടോ മെക്കാനിക്കിന്‍റെ കടയില്‍ വാഹനങ്ങള്‍ തുടച്ചു വൃത്തിയാക്കലാണ് ഗോപാലന്‍റെ ജോലി. പെണ്ണ് വീട്ടില്‍ നിന്നും ഗോപാലനെ അന്വേഷിച്ചു അമ്മാവന്‍ ആദ്യം തന്നെ അവിടെ വന്നപ്പോള്‍ ഗോപാലന്‍ മോട്ടോര്‍ സൈക്കിളിന്  എണ്ണയിട്ടുകൊണ്ടിരിക്കുകയായിരുന്നു. അമ്മാവന്‍ ഗോപാലനോട് ചോദിച്ചു: "അല്ല, ഇത് താങ്കളുടെ തനി നിറം തന്നെയോ അതോ ചളിയും ഗ്രീസും പുരണ്ടത് കൊണ്ട് എനിക്ക് തോന്നുന്നതാണോ?"

ഗോപാലന്‍ തന്‍റെ തനി നിറം കാണിക്കാന്‍ മെനക്കെട്ടില്ല. എന്തായാലും കെട്ടാന്‍ പോകുന്ന പെണ്ണിന്‍റെ തന്തയല്ലേ എന്ന് കരുതി ക്ഷമിച്ചു.

ഗോപാലന്‍റെ പെണ്ണ്  അത്ര കറുത്തിട്ടല്ല, പക്ഷെ സുന്ദരിയാണ്. ഗോപാലനും ഭാര്യയും റോട്ടിലൂടെ പോകുമ്പോള്‍ ആരും അവളെ ഒന്ന് നോക്കിപ്പോകും. എന്നിട്ട് ഗോപാലനെ നോക്കി 'ഈ കോന്തനാണോ ആ പെണ്ണിനെ കെട്ടിയത്‌' എന്ന് കമന്റ് പാസാക്കും.

കല്യാണം കഴിഞ്ഞു ഒരു ദിവസം ഗോപാലന്‍ ഭാര്യയേയും കൂട്ടി കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയി. തിരിച്ചു വരുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. കവുങ്ങിന്‍ തോപ്പിലൂടെ നടക്കുമ്പോള്‍  എതിരെ നിന്ന് അശോകന്‍ വരുന്നുണ്ടായിരുന്നു. തമ്മില്‍ സംസാരിക്കാറില്ലാത്തത് കൊണ്ട് ഗോപാലന്‍ മെല്ലെ അയാള്‍ക്ക്‌ വഴി മാറിക്കൊടുത്തു. പിന്നാലെ വരുന്ന ഭാര്യയും വഴി മാറിക്കൊടുത്തു.  അശോകന്‍ പക്ഷെ ഗോപാലനെ കണ്ടില്ലെങ്കിലും ഭാര്യയെ കണ്ടു. "എന്താ ലക്ഷ്മി, ഈ നേരത്ത് എവിടെ നിന്നും വരുന്നു?"
"കൊണ്ടോട്ടി നേര്‍ച്ച കാണാന്‍ പോയിട്ട് വരുന്ന വഴിയാ"
"ഒറ്റയ്ക്കാണോ പോയത്?"
"അല്ല, ഗോപാലേട്ടന്‍റെ കൂടെയാ"
"അവന്‍ അല്ലെങ്കിലും ഒരു മരക്കഴുതയാ, ഭാര്യയെ നേരാം വണ്ണം വീട്ടില്‍ ആക്കിക്കൊടുത്തിട്ടു പോയ്ക്കൂടെ അവന്‍റെ മറ്റു പണികള്‍ക്ക്? ഞാന്‍ വീട്ടില്‍ കൊണ്ടാക്കിത്തരണോ?"
അതിനു മറുപടി വന്നത് അത് വരെ വന്ന വായില്‍ നിന്നായിരുന്നില്ല!
"എടാ, നായിന്‍റെ മോനെ, നിനക്ക് എന്‍റെ ഭാര്യയെ വീട്ടില്‍ കൊണ്ടാക്കണം അല്ലേടാ" എന്നലറിക്കൊണ്ട് ഗോപാലന്‍ അശോകന്‍റെ നേരെ ചീറിയടുത്തു. അശോകന്‍ ഓടി രക്ഷപ്പെട്ടു. എതിരെ നടന്നു വന്നു കൊണ്ടിരുന്ന കോയാലിക്കായോട്, "പിന്നാലെ ഗോപാലന്‍ വരുന്നുണ്ട്, കൂട്ടി ഇടിച്ചു തോട്ടില്‍ വീഴണ്ട എങ്കില്‍ വഴിയില്‍ നിന്നും മാറിക്കോ" എന്ന് വിളിച്ചലറിക്കൊണ്ട് അശോകന്‍ ഓടി മറഞ്ഞു.

4/12/2012

സഖാവ് കരീം

കോട്ടപ്പറമ്പിലെ ഒരു മാതൃകാ സാമൂഹിക പ്രാവര്‍ത്തകനാണ്‌ കരീം. ഞാന്‍ മലപ്പുറം കോളേജില്‍ ഡിഗ്രി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശക്തനായ ലോക്കല്‍ സെക്രട്ടറി ആയിരുന്നുപുള്ളിക്കാരന്‍. എനിക്കാണെങ്കില്‍ ആ പാര്‍ട്ടിയോട്‌ യാതൊരു താല്‍പര്യവും ഇല്ല താനും. എന്റെ അടുത്ത സുഹൃത്ത് അലി വഴിയാണ് ഞാന്‍ സഖാവ് കരീമിനെ പരിചയപ്പെടുന്നത്. ആ സമയത്ത്‌ അലി എസ്.എഫ്.ഐ. യുടെ ലോക്കല്‍ സെക്രട്ടറിയാണ്‌. വൈകീട്ട്‌ ഞാനും അലിയും കോളേജ് വിട്ടു വന്നാല്‍ പിന്നെ ഇവര്‍ രണ്ടു പേരും ചേര്‍ന്നു എനിക്ക്‌ ക്ലാസ് എടുത്തു തരും: എന്താണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദൌത്യം, പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതി എന്ത്‌ തുടങ്ങിയ വിഷയങ്ങളില്‍ ദീര്‍ഘമായ പ്രസംഗം തന്നെ നടത്തിക്കളയും. ആദ്യമാദ്യം എല്ലാം ക്ഷമയോടെ കേട്ടു, സഖാവിനോടുള്ള ബഹുമാനം കൊണ്ട്‌. കാരണം അദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നു എനിക്ക്‌ തോന്നിയിരുന്നു. സാമൂഹ്യ നീതിയേയും മുതലാളിത്തത്തിന്റെ ഭീകരതയെയും കുറിച്ചു വികാര ഭരിതനായി സംസാരിച്ചിരുന്ന അദ്ദേഹമാണ്‌ സംപൂജ്യരായിരുന്ന സി.പി.എമ്മിനെ ഞങ്ങളുടെ നാട്ടിലെ ഒരു പ്രധാന പാര്‍ട്ടിയായി വളര്‍ത്തിയത്‌ എന്ന് പറഞ്ഞാല്‍ അതു അതിശയോക്തിയാവില്ല.

എനിക്ക്‌ പൊതുവില്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളോട്‌ താല്‍പര്യം ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ എന്നെ കാര്യമായി സ്വാധീനിച്ചിട്ടും ഉണ്ടായിരുന്നില്ല. അവരുടെ പല വാദങ്ങളും കേരളത്തിലെ സാഹചര്യത്തില്‍ പരിഷ്കരണ വിധേയമാക്കേണ്ടതാണ്‌ എന്ന് പലപ്പോഴും എനിക്ക്‌ തോന്നിയിരുന്നു. കാരണം, കേരളത്തിലെ സാമൂഹിക പരിതസ്ഥിതിയില്‍ തൊഴിലാളി വര്‍ഗ്ഗം ഒട്ടും പാര്‍ശ്വവല്‍കൃതര്‍ അല്ല. മാത്രമല്ല, കേരളത്തില്‍ ഒരു പരിധി വരെ സ്വയം നിര്‍ണയിക്കുന്നതിനു സാധിച്ച ഒരേ ഒരു വിഭാഗം തൊഴിലാളി വര്‍ഗമായിരുന്നു. കാരണം ഇവിടെ തൊഴിലാളികള്‍ തന്നെ ആണ് അവരുടെ ജോലി സമയവും കൂലിയും എല്ലാം നിശ്ചയിക്കുന്നത്‌. മാത്രമല്ല, നിങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത്‌ തൊഴിലാളിയുടെ സേവനം കിട്ടുന്നത്‌ വളരെ അപൂര്‍വം മാത്രം! അവര്‍ക്ക് തോന്നുമ്പോഴാണ്‌ അവര്‍ നിങ്ങള്‍ക്കാവശ്യമായ ജോലി നിര്‍വഹിച്ചു തരുന്നത്‌! തൊഴിലാളികളുടെ ഈ വൃത്തികെട്ട സ്വഭാവം കാരണം കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ശക്തമായ തൊഴിലാളി പ്രവാഹമാണ് ഈ കാലങ്ങളില്‍ ഉണ്ടായി കൊണ്ടിരുന്നത്‌. അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു. മുമ്പ് തമിഴര്‍ മാത്രം വന്നിരുന്ന സ്ഥലത്ത് ഇപ്പോള്‍ ബംഗാള്‍, ഒറീസ്സ, ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും തൊഴിലാളികള്‍ പ്രവഹിക്കുന്നു.

അതു മാത്രമല്ല, തൊട്ടതിനും പിടിച്ചതിനും എല്ലാം നാട്ടിലെ സകല പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കുക, പൊതു മുതല്‍ നശിപ്പിക്കുക തുടങ്ങിയ നശീകരണാത്മകമായ പ്രവര്‍ത്തനങ്ങളിള്‍ ഏര്‍പ്പെടുന്ന ഈ പാര്‍ട്ടിയെ പിന്തുണക്കാന്‍ എനിക്കാവുമായിരുന്നില്ല. എന്നെ പാര്‍ട്ടിയുടെ ഒപ്പം കൂട്ടാന്‍ അവര്‍ ആവത് ശ്രമിച്ചിട്ടുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും ഞാന്‍ വഴങ്ങതായപ്പോള്‍ ഒരു ദിവസം കരീം എന്നോട്‌ ചോദിച്ചു: ശരി, അപ്പോള്‍ പിന്നെ ഏതു പാര്‍ട്ടി ആണ് നല്ലത്? ലീഗ്‌ ആണോ? ഈ സംശയം അദ്ദേഹത്തിനു വളരെ കാലമായി ഉണ്ടായിരുന്നു എന്നു എനിക്ക്‌ തോന്നിയിട്ടുണ്ട്‌. പലപ്പോഴും ഒരു ലീഗ്‌കാരന്‍ എന്ന നിലക്കാണ്‌ സംസാരിക്കുമ്പോള്‍ അദ്ദേഹം എന്നെ കണ്ടിരുന്നത്‌. എനിക്ക്‌ ലീഗ്‌ എന്നല്ല, കേരളത്തിലെ ഒരു മുഖ്യധാരാ പാര്‍ട്ടിയോടും ഇഷ്ടമായിരുന്നില്ല. ഞാന്‍ ഉത്തരം പറയുന്നതിനു മുമ്പേ ലീഗ്‌, കുഞ്ഞാലിക്കുട്ടി, ഐസ്ക്രീം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച്‌ ഒരു ഗംഭീരന്‍ തെറി വര്‍ഷം തന്നെ നടത്തിക്കളഞ്ഞു സഖാവ്. ഞാന്‍ ലീഗ്‌ കാരനല്ല, ഞാന്‍ പറഞ്ഞു. ഇത്തവണ സഖാവിന്‌ കലി കയറി. അതു മുഖത്ത്‌ പ്രത്യക്ഷപ്പെട്ടെങ്കിലും അദ്ദേഹം പുറത്ത് കാണിച്ചില്ല.

പിന്നെ എന്താണ് തന്റെ രാഷ്ട്രീയം? നീ അരാഷ്ട്രീയവാദി ആണോ?

അതിന് എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല. കാരണം, അദ്ദേഹത്തിന്റെ നിര്‍വചന പ്രകാരം ഞാന്‍ അരാഷ്ട്രീയ വാദി തന്നെ ആയിരുന്നു. എന്റെ രാഷ്ട്രീയ കാഴ്ചപ്പാട്‌ വെച്ചു പുലര്‍ത്തുന്ന ഒരു പാര്‍ട്ടി അന്ന് എന്റെ കാഴ്ചപ്പുറത്ത് ഉണ്ടായിരുന്നില്ല. സാമൂഹിക നീതി ഉറപ്പാക്കുക എന്നത്‌ മുഖ്യ അജണ്ട ആയി പ്രഖ്യാപിക്കുന്ന പാര്‍ട്ടി എവിടെ ഉണ്ട്‌? ഇതല്ലേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കേണ്ട മുഖ്യ അജണ്ട? കേരളീയ സമൂഹത്തില്‍ താഴെ തട്ടില്‍ നിന്നും ഇന്നും പുറത്ത് കടക്കാനാവാതെ കിടക്കുന്ന ഹരിജനങ്ങള്‍, അവരേക്കാള്‍ മോശമല്ലെങ്കിലും മറ്റുള്ള സമുദായങ്ങളേക്കാള്‍ ബഹുദൂരം പിന്നോക്കം നില്‍ക്കുന്ന മുസ്ലിം സമുദായം, ഇവരെയെല്ലാം മുന്നോട്ട്‌ കൊണ്ടുവരാന്‍ എന്നാണ്‌ ഒരു പാര്‍ട്ടി രംഗത്ത് വരിക എന്നതായിരുന്നു എന്റെ ചോദ്യം. പുരോഗതിയുടെ ഒരു ഗ്രാഫ് വരഞ്ഞ്‌ നോക്കിയാല്‍ കാണാം ഏറ്റവും താഴെ കിടക്കുന്നു മണ്ണാനും, ആദിവാസിയും, മൂസാല്‍മാനും. അതു കഴിഞ്ഞു ഒരു വലിയ വിടവ്! പിന്നെ വരുന്നു ഈഴവനും, ക്രിസ്ത്യാനിയും, നായരും, നമ്പൂതിരിയും എല്ലാം! ഇങ്ങനെ ഉള്ള കേരളീയ സമൂഹത്തില്‍ ബ്രാഹ്മണനും നായര്‍ക്കും സംവരണം കൊണ്ട്‌ വന്നതാണു ഈ ലീഗ്‌കാരന്റെ നേട്ടം! പിന്നോക്ക സമുദായങ്ങളെ ഉയര്‍ത്തി കൊണ്ട്‌ വരാന്‍ വിഭാവന ചെയ്യപ്പെട്ട സംവരണം, മേല്‍ ജാതിയില്‍ പെട്ട ദരിദ്രര്‍ക്കു കൂടി കൊടുത്തു കൊണ്ട്‌ പിന്നോക്കാക്കാരന്റെ പിച്ച ചട്ടിയില്‍ കൈയിട്ട്‌ വാരി വിതരണം ചെയ്തതാണു കോണ്‍ഗ്രസ്സിന്റെ സംഭാവന! കേരളത്തിലെ ദരിദ്ര ബ്രാഹ്മണന്മാരുടെ കണക്കെടുത്താല്‍ മൊത്തം എണ്ണം ഒരു കൈക്ക്‌ തികയുമോ? എവിടെയാണ് സാമൂഹിക നീതി? ദൌര്‍ഭാഗ്യവശാല്‍ ഇത്തരം ചര്‍ച്ചകളില്‍ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ക്ക് താല്‍പര്യം ഇല്ലാതെ പോയി. പിഴവ് വന്നത്‌ അവര്‍ സമൂഹത്തെ വിഭജിച്ച രീതിയില്‍ ആയിരുന്നു.

എന്റെ വാദങ്ങള്‍ക്ക്‌ നിലവിലുള്ള കേരള രാഷ്ട്രീയത്തില്‍ വിപണി ഇല്ല എന്ന് എനിക്കറിയാമായിരുന്നു. അതു കൊണ്ട്‌ തന്നെ എനിക്ക്‌ ഒരു പാര്‍ട്ടിയോടും പ്രതിപത്തി തോന്നിയില്ല. എങ്കിലും, ഒരു കാര്യം കൂടെ ചേര്‍ക്കാതെ വയ്യ. എല്ലാ തെറ്റുകളും മാറ്റി വെച്ച്‌, നിലവിലുള്ള പാര്‍ട്ടികള്‍ക്ക്‌ മാര്‍ക്ക്‌ നല്‍കാന്‍ പറഞ്ഞാല്‍ ഞാന്‍ സി.പി.എമ്മിനു തന്നെ കൂടുതല്‍ മാര്‍ക്ക്‌ കൊടുക്കുമായിരുന്നു, തമ്മില്‍ ഭേദം തൊമ്മന്‍ തന്നെ!

എന്നാല്‍, എന്റെ എല്ലാ വിചാരങ്ങളെയും അട്ടിമറിക്കുന്ന ഒരു പ്രസംഗം മദ്രാസ്‌ യൂണിവേര്‍സിറ്റിയില്‍ വെച്ചു ഒരു സുഹൃത്തിന്റെ മൊബൈല്‍ ഫോണില്‍ ഞാന്‍ കേള്‍ക്കാന്‍ ഇടയായി. ആയിടക്കു ഇടത്‌ പക്ഷത്ത്‌ നിന്നും ഒരു പാട്‌ പേര്‍ വലത്ത് കക്ഷികളായ കോണ്‍ഗ്രസ്സിലേക്കും ലീഗിലേക്കും ചേക്കേറുന്ന സമയമായിരുന്നു. ഈ പ്രതിഭാസം ഇടതു പക്ഷം നാറിയത്‌ കൊണ്ടോ, വലത്‌ പക്ഷം എല്ലാം തികഞ്ഞു നില്‍ക്കുന്നത് കൊണ്ടോ ആണെന്ന് ആരും തെറ്റിദ്ധരിക്കരുത്‌, ഇവന്മാരുടെ സാമൂഹിക പ്രതിബദ്ധത കൊണ്ടാണെന്ന് തെറ്റിദ്ധരിക്കരുത്‌. നൂറു ശതമാനം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ തന്നെ ആയിരുന്നു ഈ കൂട് മാറ്റങ്ങള്‍ക്ക്‌ കാരണം. ഇത്‌ അവരുടെ പിന്നീടുള്ള സംസാരങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. നിരവധി പ്രമുഖറും അല്ലാത്തവരും ഈ കാലയളവില്‍ 'മതം' മാറി!

ഞാന്‍ കേട്ട പ്രസംഗം ഏതൊരു ലീഗ്‌കാരനും വര്‍ഷങ്ങളായി ലീഗിനെ പുകഴ്ത്താന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ തന്നെ ആയിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ലീഗ്‌ കൈക്കൊണ്ട നിലപാട്‌, കേരള മുസ്ലിംകള്‍ വര്‍ഗീയ ചിന്ത ഇല്ലാത്തവര്‍ ആയതിനു ശിഹാബ്‌ തങ്ങളുടെ സംഭാവനകള്‍, (മറ്റു നാടുകളിലെ മുസ്ലിംകളൊക്കെ തീവ്രവാദികളാണെന്നാണേല്ലോ വെപ്പ്! ഇപ്പോള്‍ കേരള മുസ്ലിംകളും തീവ്രവാദികള്‍ ആണെന്ന് കേള്‍ക്കുന്നു! ), മറ്റു സംസ്ഥാനങ്ങളിലെ മുസ്ലിംകളെ അപേക്ഷിച്ച് കേരള മുസ്ലിംകള്‍ സാമൂഹികവും സാമ്പത്തികവുമായി മെച്ചപ്പെട്ടതിനു ലീഗ്‌ എങ്ങനെ കാരണമായി വര്‍ത്തിച്ചു എന്നിങ്ങനെയുള്ള വാചകക്കസര്‍ത്തുകള്‍. കൂടാതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തു കൊണ്ട്‌ എതിര്‍ക്കപ്പെടുന്നു, കമ്മ്യൂണിസ്റ്റൂകള്‍ വന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും എന്തെല്ലാം നഷ്ടങ്ങള്‍ ഉണ്ടാകും എന്നിത്യാദി സ്ഥിരം ചേരുവകള്‍. അതിനും പുറമേ കേരളത്തില്‍ കമ്മ്യൂണിസ്റ്റൂകാര്‍ മാത്രം ഉപയോഗിക്കാന്‍ ധൈര്യപ്പെടുന്ന പച്ച തെറികള്‍ കൂടി ചേര്‍ത്ത ഒരു ഗംഭീരന്‍ അഭ്യാസം! ഞാന്‍ അത്ഭുത പരതന്ത്രനായി മൊബൈല്‍ ഫോണ്‍ വാങ്ങി ആരപ്പാ ഈ പുലി എന്നു നോക്കുമ്പോഴുണ്ട്‌ പേരു തെളിയുന്നു: കരീം കോട്ടപ്പറമ്പ്! ഒന്നു കൂടെ ഉറപ്പിക്കാന്‍ ഞാന്‍ വീഡിയോ റീപ്ലേ ചെയ്തു നോക്കി, അതേ, അതു നമ്മുടെ സഖാവ് കരീം തന്നെ ആയിരുന്നു!