ഇടത്ത്: ആദ്യം പ്ലാന്‍ ചെയ്ത റൂട്ട്. വലത്ത്: ശരിക്കും യാത്ര ചെയ്ത റൂട്ട്. |
സുജായി |
സഹയാത്രികന്‍, ചെയുടെ ഭാഷയില്‍ കോ-പൈലറ്റ്: ഡോക്ടര്‍ ജവാഹര്‍ രാമനാഥപുരത്തിനും തൂത്തുകുടിക്കും ഇടയില്‍ എവിടെയോ വെച്ച് എടുത്തത്. |
ശാരീരിക അസുഖങ്ങള്‍ക്കിടയില്‍ വണ്ടിയോടിച്ച് തിരുനെല്‍വേലി വരെ പോകണമല്ലോ എന്ന ചിന്ത ഇത്തിരി അസ്വസ്ഥത ഉണ്ടാക്കി. ആദ്യത്തെ ആയിരം കിലോമീറ്റര്‍ ദൂരം വരെ അറുപതു വേഗതക്ക് മുകളില്‍ ഓടിക്കരുതെന്ന് നിര്‍ദേശം ഉണ്ടായിരുന്നത് കൊണ്ട്, വണ്ടിയെടുത് തിരുനെല്‍വേലി വരെ ഇത്രയും സമയം എങ്ങനെ തുടര്‍ച്ചയായി ഓടിക്കും എന്ന ശങ്കയും ഉണ്ടായിരുന്നു. കൂടാതെ, ഒറ്റക്കുള്ള യാത്ര വേണ്ട എന്ന് ഷെയ്ഖ്, അനില്‍ സാര്‍ എന്നിവര്‍ നിരന്തരം ഓര്‍മപ്പെടുത്തിയും കൊണ്ടിരുന്നു. അവസാനം തിരുനെല്‍വേലിയിലെ ടെക്നിക്കല്‍ ഓഫീസര്‍, യാത്രാ പ്രാന്തനായ മധുരക്കാരന്‍ ജവാഹര്‍ സാറിനെ വിളിച്ചു നോക്കാന്‍ തീരുമാനിച്ചു. ഒരു കൂട്ടിനു ആരെങ്കിലും ഉണ്ടായാല്‍ വലിയ ബുദ്ധിമുട്ടില്ലാതെ അങ്ങോട്ട് എത്താമല്ലോ. വിളിക്കുമ്പോള്‍ ആള് തിരുനെല്‍വേലിയില്‍ നിന്ന് മധുരയിലെ തന്‍റെ വീട്ടിലേക്ക് ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ ഫോണ്‍ വിളി കിട്ടിയതും, വീട്ടില്‍ പോവാതെ, മധുരയില്‍ നിന്നും പോണ്ടിച്ചേരി പോകുന്ന ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറി അയാള്‍ നേരെ പോണ്ടിച്ചേരിക്ക് പോന്നു! രാവിലെ അഞ്ചരയോടെ ആള്‍ പോണ്ടിച്ചേരി ബസ്റ്റാന്റില്‍ ബസിറങ്ങി.
ഇരുപതു ലിറ്റര്‍ കപ്പാസിറ്റിയുള്ള ഇന്ധന ടാങ്കില്‍ ഫുള്‍ പെട്രോള്‍ അടിച്ച് രാവിലെ ആറരക്കു തന്നെ ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. വില്ലുപുരം, ട്രിച്ചി, മധുര നഗരങ്ങളിലൂടെ നാഷണല്‍ ഹൈവേ വഴി പോകാനാണ് ഞാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത് എങ്കിലും, ഈസ്റ്റ് കോസ്റ്റ് റോഡില്‍ അതുവരെ യാത്ര ചെയ്തിട്ടില്ലാത്ത ജവഹര്‍ സാറിനു വേണ്ടി ഞങ്ങളുടെ യാത്ര അതിലൂടെയാക്കാന്‍ തീരുമാനിച്ചു. കടലൂര്‍ ചിദംബരം വഴി കാരക്കല്‍ എത്തുമ്പോള്‍ ഏകദേശം രാവിലെ പത്തുമണി, ഇടക്ക് കണ്ട ഒരു ഹോട്ടലില്‍ നിന്നും പ്രാതല്‍ കഴിച്ചു ഒന്നും രണ്ടും നടത്തി. കാരക്കല്‍ വെച്ച് വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചു. ഒരേ വേഗതയില്‍ (രണ്ടായിരം ആര്‍.പി.എമ്മില്‍ മണിക്കൂറില്‍ അറുപതു കിലോമീറ്റര്‍) തന്നെ പോയത് കൊണ്ടാണെന്നു തോന്നുന്നു, നാല്പത്തഞ്ചു കിലോമീറ്റര്‍ ആണ് ഒരു ലിറ്റര്‍ പെട്രോളിന് മൈലേജ് കിട്ടിയത്! ആളൊരു സുജായി തന്നെ! ഇതുവരെ വായിച്ച ഒരു റിവ്യൂയിലും ഇത്ര വലിയ മൈലേജ് ആര്‍ക്കും ലഭിച്ചതായി ഓര്‍ക്കുന്നില്ല! കാരക്കല്‍ നിന്നും വീണ്ടും ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച് നാഗപട്ടണം വഴി തെക്കോട്ട്. ഇടക്കൊരു കൊച്ചു പട്ടണത്തില്‍ വെച്ചൊരു ചായ. ആള്‍താമസം കുറഞ്ഞ, തമിഴ്‌നാട്ടിന്‍റെ കിഴക്കന്‍ തീരത്ത് കൂടി ഇരുചക്ര യന്ത്രം മുന്നോട്ടു കുതിച്ചു.
ഉച്ചഭക്ഷണം കഴിക്കാന്‍ രാമനാഥപുരം നഗരത്തില്‍ കണ്ട മല്ലിഗൈ ഹോട്ടലില്‍ കയറിയപ്പോള്‍ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. ഭക്ഷണം കഴിച്ചു വീണ്ടും തെക്കോട്ട് യാത്ര തുടര്‍ന്നു. സയലഗുഡിയും കഴിഞ്ഞ് തൂത്തുകുടി എത്തുന്നതിനു മുന്‍പേ വലത്തോട്ടു തിരിഞ്ഞു. തിരുനെല്‍വേലിയിലെ താമസ സ്ഥലത്ത് എത്തുമ്പോള്‍ സമയം രാത്രി എട്ടര. ഓഡോമീറ്റര്‍ നോക്കുമ്പോള്‍ അറുനൂറു കിലോമീറ്ററിനു മുകളില്‍ ഓടിയിട്ടുണ്ട്. ഒന്നാമത്തെ സര്‍വീസിനുള്ള ദൂര പരിധിയായ അഞ്ഞൂറ് കിലോമീറ്ററും താണ്ടിയിരിക്കുന്നു! ശനിയും ഞായറും വണ്ടിക്കു റസ്റ്റ് കൊടുത്തു. തിങ്കളാഴ്ച രാവിലെ തന്നെ തിരുനെല്‍വേലിയിലെ ഷോറൂമില്‍ ആദ്യ സര്‍വീസിനു കൊടുത്തു. മുന്‍പില്‍ പുതുതായി ഒരു ഇരുമ്പ് ഗാര്‍ഡ് ഫിറ്റ് ചെയ്യിച്ചു. എല്ലാം കൂടി രണ്ടായിരം രൂപയ്ക്കു മുകളില്‍ ചെലവായി. വണ്ടി വാങ്ങിയ പോണ്ടിച്ചേരി ഷോറൂമിനെ അപേക്ഷിച്ച് തിരുനെല്‍വേലി സര്‍വീസ് സെന്ററില്‍ പൊതുവേ മനുഷ്യനോട് നന്നായി പെരുമാറുന്ന ആളുകളായിരുന്നു ഉണ്ടായിരുന്നത് എന്നത് വലിയ സന്തോഷം ഉളവാക്കി! അതോടെ ഇനി പോണ്ടിച്ചേരി ഷോറൂമില്‍ പോകുന്ന പ്രശ്നമില്ല എന്ന് തീരുമാനിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പേ തുടങ്ങിയതാണ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിന്‍റെ വിവിധ മോഡലുകളെ കുറിച്ച ഗവേഷണം. അതില്‍ നിന്നും മനസ്സിലായ ഒരു കാര്യം, തണ്ടര്‍ബേഡ് 350, ഹൈവേയില്‍ 30-35 കിലോമീറ്റര്‍ മാത്രമേ ഒരു ലിറ്ററിന് മൈലേജ് നല്‍കുകയുള്ളൂ എന്നായിരുന്നു. പക്ഷെ ഈ യാത്രയില്‍ ഞങ്ങള്‍ക്ക് നാല്‍പത്തഞ്ചിനും അമ്പതിനും ഇടയില്‍ മൈലേജ് കിട്ടി. തിരുനെല്‍വേലി എത്തുമ്പോള്‍ ടാങ്കില്‍ പകുതി ഇന്ധനം ബാക്കിയായിരുന്നു! ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍; ബൈക്കിന്‍റെ ഹാന്‍ഡില്‍ മെയിന്‍ ബോഡിയുമായി ബന്ധിപ്പിക്കുന്ന വലിയ സ്ക്രൂ ലൂസായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതൊരു ഗൗരവമുള്ള പ്രശ്നമായി കണ്ട് അടുത്ത സര്‍വീസിങ്ങിനു കൊടുക്കുമ്പോള്‍ പരിഹരിക്കണം എന്ന് കരുതുന്നു. യാത്രയില്‍ ശ്രദ്ധിച്ച മറ്റൊരു കാര്യം, അറുപതിനു മുകളില്‍ പോകുമ്പോള്‍ വണ്ടിയുടെ ശബ്ദത്തിന് മാറ്റം വരുന്നുണ്ടായിരുന്നു എന്നതായിരുന്നു! മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ഇപ്പോള്‍ വണ്ടി മൊത്തം ആയിരത്തി ഇരുനൂറു കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. ഇതില്‍ മണപ്പാട് ബീച്ചിലേക്ക് നടത്തിയ നൂറ്റമ്പതു കിലോമീറ്റര്‍ യാത്രയും, മണിമുത്താര്‍-പാപനാസം മലമുകളിലേക്ക് നടത്തിയ മറ്റൊരു നൂറ്റമ്പതു കിലോമീറ്റര്‍ യാത്രയും പെടും.
ഇ.ജി.ആര്‍.എല്‍. കാമ്പസില്‍ |
ആശംസകള്‍. എന്‍ജോയ്!!
ReplyDeletethank you :)
Deleteകൊള്ളാം.നല്ല എഴുത്ത്..
ReplyDeleteകൊതിയാകുന്നു വായിച്ചിട്ട്!!!