7/05/2012

സയലഗുഡിയിലെ രണ്ടാം ദിവസം

റഫീക്കിനോടും ഹമീസിനോടും ഒപ്പം.
കരിമ്പനകള്‍ നിറഞ്ഞ വിശാലമായ തീരം. കണ്ണെത്താദൂരം പരന്നുകിടക്കുന്ന മണല്‍തീരം. മറ്റൊരു മനുഷ്യ ജീവി പോലും ഇല്ലാത്ത കടല്‍ തീരത്തൂടെ ഞങ്ങള്‍ നാല് പേര്‍ നടന്നു. നടത്തം ഒരു മണിക്കൂര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. നടന്ന അത്രയും കൂടി ഇനിയും നടക്കണം എന്ന് സേട്ട് പറഞ്ഞപ്പോള്‍ ശരിക്കും തളര്‍ന്നു. അവന്‍റെ അമ്മാവനെ കാണാനാണ് പോകുന്നത്. ഇയാള്‍ ഏതു കൂഫയിലാണ് പാര്‍ക്കുന്നത്, ദൈവമേ! വീട്ടില്‍ വരുമ്പോഴൊക്കെ അമ്മാവനെ കാണുന്നത് സേട്ടിന്‍റെ പതിവാണത്രേ. അവന്‍ ഒറ്റയ്ക്ക് വരുമ്പോള്‍ സൈക്കിളിലാണ് വരുന്നത് എന്ന് മാത്രം. കരയില്‍ നിന്നും സാവധാനം ഇരുട്ട് പടര്‍ന്നു കയറിത്തുടങ്ങുന്ന ബംഗാള്‍ ഉള്‍ക്കടല്‍. തീരം, കാലിനടിയിലൂടെ ഞണ്ടുകള്‍ ഓടിപ്പോകുന്നു. തകര്‍ന്ന്‍ പൊളിഞ്ഞ ഒരു തോണിയുടെ അവശിഷ്ടം കരയില്‍ കിടന്നിരുന്നു.

നേരെ നടക്കുമ്പോള്‍ കടലിലേക്ക്‌ തള്ളി നില്‍ക്കുന്ന ചെറിയ ഒരു മുനമ്പിന്നടുത്തെത്തി. അതില്‍ നിറയെ കരിമ്പനകള്‍ ഉണ്ടായിരുന്നു. സേട്ട് ഞങ്ങളെ അങ്ങോട്ടേക്ക് നയിച്ചു. പൂര്‍ണ്ണമായും ഇരുട്ട് പരന്നിരുന്ന ആ മുനമ്പിന്‍റെ ഉള്ളിലേക്ക് കാറ്റ് ശക്തിയായി വീശിക്കൊണ്ടിരുന്നു. കരിമ്പനകളുടെ ഉള്ളില്‍ ഞങ്ങള്‍ കണ്ടു, ചതുരത്തിലുള്ള ഒരു കെട്ടിടം. അതിനു ചുറ്റുമതില്‍ ഉണ്ടായിരുന്നില്ല. തൂണുകളില്‍ താങ്ങി നിര്‍ത്തിയ ഷീറ്റുകള്‍ മേഞ്ഞിരുന്നു. ഒത്ത നടുക്ക് ചതുരത്തില്‍ ചെറിയ ഒരു മുറി. അതിനുള്ളില്‍ ഏതോ മനുഷ്യനെ മറമാടിയിരുന്നു. ഉള്ളില്‍ ഒരു മണ്ണെണ്ണ വിളക്ക് എരിയുന്നുണ്ടായിരുന്നു.

കയറിച്ചെല്ലുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ച ഒരു വൃദ്ധന്‍ നമസ്ക്കരിക്കുന്നു, 'അമ്മാവന്‍', സേട്ടു പറഞ്ഞു. അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി ഞങ്ങളും വുളു എടുത്ത്‌ നമസ്ക്കരിച്ചു. വെള്ളത്തിനു നല്ല തണുപ്പ്! കാറ്റ് വീശിക്കൊണ്ടേയിരുന്നു. നമസ്ക്കാരം കഴിഞ്ഞു അമ്മാവന്‍ ഞങ്ങളെ പറ്റി അന്വേഷിച്ചു. വളരെ കുറച്ചേ അയാള്‍ സംസാരിച്ചുള്ളൂ. അതിനിടയില്‍ അവിടേക്ക് കയറി വന്ന ഒരു കൊച്ചുകുട്ടിയെ ചായ കൊണ്ട് വരാനായി വിട്ടു. അയാളുടെ മകന്. ആ പള്ളിക്ക് പിറകില്‍ തന്നെ ഉള്ള കൊച്ചു വീട്ടിലായിരുന്നു അയാളും അയാളുടെ ഭാര്യയും രണ്ടു മക്കളും താമസിച്ചു വന്നിരുന്നത്. സംസാരത്തിനിടക്ക് ആ പയ്യന്‍ കട്ടന്‍ ചായയും, പനയില്‍ നിന്നും കിട്ടുന്ന ഒരു തരം കിഴങ്ങും കൊണ്ട് വന്നു.ഒരു കാര്യം പറയാതെ വയ്യ, തമിഴ്നാട്ടില്‍ ജീവിച്ച കാലത്ത്‌ ഇതുവരെയും, ഇത്ര രുചിയുള്ള കട്ടന്‍ ചായ ഞാന്‍ കുടിച്ചിട്ടില്ല.

സമയം നല്ല ഇരുട്ടായിരുന്നു. വന്ന അത്രയും ദൂരം തിരിച്ചും നടക്കണമല്ലോ എന്നോര്‍ത്ത് തല പുകഞ്ഞു. അന്ന് രാത്രി അവിടെ തങ്ങാന്‍ അമ്മാവന്‍ പറഞ്ഞു. തങ്ങാന്‍ മനസ്സ് പറഞ്ഞുവെങ്കിലും,  ഇല്ല, പോവുകയാണെന്ന് പറഞ്ഞു ഞങ്ങള്‍ ഇറങ്ങി. അയാള്‍ പിന്നെ ഒന്നും പറഞ്ഞതുമില്ല.

പിന്നില്‍ അകന്നകന്നു പോകുന്ന ആ കെട്ടിടവും മനുഷ്യനും ഒരു അദ്ഭുതമായി മനസ്സില്‍ നിലകൊണ്ടു. അവരും ജീവിക്കുന്നു, മരിക്കുന്ന വരെ. എന്തായിരിക്കും അവരുടെ ജീവിത ലക്ഷ്യം? സ്വര്‍ഗ്ഗം തന്നെ ആയിരിക്കാം. സ്വര്‍ഗ്ഗം നേടാന്‍ ഇങ്ങനെയും വഴികള്‍ ഉണ്ടെന്നു തോന്നി. തീര്‍ച്ചയായും ഈ ജന്മത്തിലേക്കു യാതൊരു ആഗ്രഹവും ഉണ്ടായിരിക്കില്ല. അടുത്ത ജന്മത്തിനായി ജീവിക്കുകയാവും! കണ്ണെത്താദൂരത്തില്‍ എങ്ങും അയല്‍ വീട്ടുകാര്‍ പോലും ഇല്ലാത്ത ഇവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും? ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങാന്‍ എത്ര ദൂരം നടക്കണം! പലതരം ചിന്തകള്‍ എന്നെ വേട്ടയാടി. വിചിത്രമായ എത്രയെത്ര ജന്മങ്ങള്‍!

രാത്രി, അങ്ങേയറ്റം ക്ഷീണിതരായി ഞങ്ങള്‍ സേട്ടിന്‍റെ ഗ്രാമത്തിലെ  ആ പഴയ പള്ളിയില്‍ വീണ്ടുമെത്തി. ശരീരം മുഴുവന്‍ ശക്തിയായി വേദനിക്കുന്നുണ്ടായിരുന്നു. പെരുമ്പറയുടെ അലര്‍ച്ച വല്ലാതെ ഏല്‍ക്കാത്ത ഒരു മൂലയില്‍ ഞങ്ങള്‍ ചുരുണ്ട് കിടന്നു.

കുറിപ്പ്: ഒന്നാം ഭാഗം ഈ ലിങ്കില്‍ വായിക്കുക.

No comments:

Post a Comment