![]() |
Sait, Hamees, Me, Rafiq |
മണല്‍ വിരിച്ച പാതയുടെ ഇരുവശത്തും ഓലയും ഓടും മേഞ്ഞ കുടിലുകള്‍. കരിങ്കല്ലില്‍ പണിത, സിമന്റ് തേക്കാത്ത, പഴയ ഒരു പള്ളി. മെയിന്‍ റോഡില്‍ മണല്‍പ്പാത സന്ധിക്കുന്നിടത്തു രണ്ടു മൂന്നു ചെറിയ കടകള്‍. മെയിന്‍ റോഡിന്റെ അക്കരെ ഒരു ക്ഷേത്രം. പിന്നെ വിശാലമായ നെല്പാടം. ഇടയ്ക്കു ഒരു വലിയ കുളം. കുളത്തിനു കരയില്‍ നല്ല ഉയരമുള്ള കരിങ്കല്‍ മതില് കെട്ടിയത് ഒരു വശത്തു ആണുങ്ങള്‍ക്കും ഇങ്ങേ വശത്തു പെണ്ണുങ്ങള്‍ക്കും കുളിക്കാന്‍ ആണെന്ന് അസീസ് പറഞ്ഞു. കുളത്തില്‍ ഇറങ്ങിയാല്‍ പിന്നെ ആണുങ്ങളെ മൊത്തമായി പെണ്ണുങ്ങള്‍ക്കും പെണ്ണുങ്ങളെ മൊത്തമായി ആണുങ്ങള്‍ക്കും കാണാമായിരുന്നു! കാരണം ആ മതില് കരയെ മാത്രമേ പകുത്തിരുന്നുള്ളൂ. ഇതിനെപറ്റി സേട്ടിനോട് ചോദിച്ചപ്പോള്‍ പറഞ്ഞത്, അങ്ങിനെ നോക്കാന്‍ ആരും ധൈര്യപ്പെടില്ല എന്നായിരുന്നു. നോക്കിയതായി പരാതി കിട്ടിയാല്‍ മഹല്ല് ഖാളി അയാള്‍ക്ക് തക്കതായ ശിക്ഷ കൊടുക്കുമത്രേ!
സേട്ടുവിന്റെ ഉമ്മ ഞങ്ങള്‍ക്ക് കട്ടന്‍ ചായയും പലഹാരവും തന്നു. പുറത്തെ മുറിയില്‍ നിന്നും അകത്തേക്ക് കടന്നപ്പോള്‍ അവിടെ ഒരു മുറ്റം, നമ്മുടെ നടുമുറ്റം മാതിരി. പക്ഷെ, ഈ നടുമുറ്റം കുറച്ചു വ്യത്യസ്തമാണ്. ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ചു വെച്ചിരിക്കുന്നു. ആ മുറ്റത്ത് വെച്ചാണ് വീട്ടിലുള്ള പാത്രങ്ങളും കുട്ടികളെയും കഴുകുന്നത്. വൃത്തികെട്ട കറുത്ത വെള്ളം നിറഞ്ഞു ആ മുറ്റം നാറുന്നുണ്ടായിരുന്നു. മുറ്റത്തിന് അപ്പുറം ഒരു വലിയ മുറിയും അതിനപ്പുറം അടുക്കളയും. ഇത്രയുമാണ് എന്റെ സുഹൃത്ത് സേട്ടിന്റെ വീട്.
ഈ വലിയ മുറിയാണ് ആ വീട്ടിലെ ഏക ബെഡ്റൂം! ഈ മുറിയുടെ മധ്യത്തില്‍ ഒരു തുണി തൂക്കിയിട്ടിരിക്കുന്നു. തുണിയുടെ അപ്പുറം ഉള്ള ഭാഗം നാളെ വധൂവരന്മാര്ക്ക് ആദ്യരാത്രി കൊണ്ടാടാനും ഇപ്പുറം ഉള്ള ഭാഗം മറ്റുള്ളവര്‍ക്ക് കിടക്കാനും!
സേട്ടിനോട് ഞങ്ങള്‍ പറഞ്ഞു:"ഞങ്ങള്‍ പള്ളിയില്‍ കിടന്നോളാം. ഇവിടെ ഒരു പാട് ആളുകള്‍ ഉള്ളതല്ലേ?" സേട്ടിനു ഞങ്ങളുടെ പ്രയാസം മനസ്സിലായി. പക്ഷെ അവന്റെ ഉമ്മ വിട്ടില്ല. അവസാനം ഉമ്മയോട് പറയാതെ ഞങ്ങള്‍ പള്ളിയിലേക്ക് തന്നെ കിടക്കാന്‍ പോയി.
അകത്തെ പള്ളിയുടെ ചുറ്റും വരാന്ത, വടക്ക് ഭാഗത്ത് അംഗശുദ്ധി വരുത്താന്‍ വെള്ളത്തൊട്ടി. നിലവും മേല്‍ക്കൂരയും ചുമരും എല്ലാം കരിങ്കല്ലുകൊണ്ട് പണിത ഒരു ഗ്രാമീണ പള്ളിയായിരുന്നു അത്. പള്ളിയുടെ ഉള്ളിലും പുറത്തു വരാന്തയിലും മൊത്തം പുല്‍പ്പായ വിരിച്ചിരുന്നു. രാത്രി, കിടക്കാനായി ഞങ്ങള്‍ക്കാവശ്യമുള്ള വിരിപ്പ് തന്നിട്ട് സേട്ട് അവന്റെ വീട്ടില്‍ പോയി. ഞങ്ങള്‍ ഒരൊഴിഞ്ഞ മൂലയില്‍ പോയി ചുരുണ്ട് കിടന്നു.
ഡും... ഡാം... ഡൂം..... എന്ന കാതുപൊട്ടിക്കുന്ന ശബ്ദം കേട്ടാണ് പിറ്റേന്ന് ഞങ്ങള്‍ ഉണര്‍ന്നത്. പുലര്‍ച്ചെ അഞ്ചുമണിക്ക് തന്നെ മുസ്ലിയാര് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്ന് പെരുമ്പറ കൊട്ടുകയായിരുന്നു. പെരുമ്പറയുടെ നേരെ ചുവട്ടില്‍ കിടന്നിരുന്ന ആന്ധ്രക്കാരന് റഫീക്ക് ഭ്രാന്ത് പിടിച്ചപോലെ ചാടി എഴുന്നേറ്റു. 'പണ്ടാരം' എന്ന് ശപിച്ചു കൊണ്ട് ഞങ്ങള്‍ എഴുന്നേറ്റു. 'ഒന്ന് വിളിച്ചുണര്‍ത്തിയിട്ട് കൊട്ടിക്കൂടെ മൂല്യാരേ' എന്ന് മനസ്സില്‍ പിറുപിറുത്തു കൊണ്ട് എല്ലാവരും എഴുന്നേറ്റു വുളൂ എടുത്തു. പെരുമ്പറ കൊട്ട് തീര്‍ത്ത് മുസ്ലിയാര് സുബഹി ബാങ്ക് വിളിക്കാനായി അകത്തേക്ക് പോയി.
കുറിപ്പ്: രണ്ടാം ഭാഗം ഈ ലിങ്കില്‍ വായിക്കുക.