പതിനെട്ടാം തിയതി വെള്ളിയാഴ്ചയാണ് പത്തു ദിവസത്തെ മുംബൈ സന്ദര്‍ശനം കഴിഞ്ഞ്, രാജ്യത്തിന്‍റെ തെക്കേ കോണിലെ ഒരു കുഗ്രാമത്തില്‍ കിടക്കുന്ന എന്‍റെ ഓഫീസില്‍ തിരിച്ചെത്തിയത്. നല്ല ക്ഷീണമുണ്ട്. കുളിയും മറ്റും വേഗം കഴിച്ച് മൂന്നരക്ക് അലാറം വെച്ച് കിടന്നു. അടുത്തയാഴ്ച പെരുന്നാളാണ്. പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ഭാര്യയേയും കൂട്ടി നാട്ടില്‍ പോവണം. കല്യാണം കഴിഞ്ഞു ഒരു പെരുന്നാള്‍ പോലും നാട്ടില്‍ കൂടിയിട്ടില്ല. ആയിരത്തഞ്ഞൂറോളം കിലോമീറ്റര്‍ മാത്രം ഓടിയിട്ടുള്ള, ഒരുപാട് ഓടാന്‍ കൊതിക്കുന്ന എന്‍റെ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് ഷെഡില്‍ ചുമ്മാ കിടക്കുന്നുമുണ്ട്. അങ്ങനെയാണ് അതുണ്ടായത്. ഒരാഴ്ചയും ആയിരത്തഞ്ഞൂറു കിലോമീറ്ററും നീണ്ട ബൈക്ക് യാത്ര.
|
തിരുനെല്‍വേലി മുതല്‍ കാരൈക്കല്‍ വരെ. |
19-സെപ്റ്റംബര്‍-2015, പുലര്‍ച്ചെ മൂന്നര. അലാറം അടിച്ചു. ഉറക്കം മാറിയിട്ടില്ല. ഓഫ് ചെയ്തു വീണ്ടും കിടന്നു. നാലര. അവസാനം അഞ്ചരക്ക് എണീറ്റു. ദിവസവും നിര്‍ബന്ധമായി ചെയ്യാനുള്ള കാര്യങ്ങളൊക്കെ പെട്ടെന്ന് ചെയ്തു. വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. പാതി മയക്കത്തിലായിരുന്ന സെക്യൂരിറ്റിക്കാര്‍ ഉണര്‍ന്നു. ആറുമണി; കാര്യമായ ഇരുട്ടൊന്നും ഇല്ല. സുജായി തിരുച്ചെന്തൂര്‍ - തിരുനെല്‍വേലി സ്റ്റേറ്റ് ഹൈവേയില്‍ പ്രവേശിച്ചു, മുന്നോട്ട് കുതിച്ചു. എട്ടു കിലോമീറ്റര്‍ ചെന്നപ്പോള്‍ തിരുനെല്‍വേലി നഗരത്തിന്‍റെ കിഴക്കുഭാഗത്തുള്ള വി.എം.ചത്രം എന്ന സ്ഥലത്ത് വെച്ച് നാഷണല്‍ ഹൈവേ 7 - ല്‍ പ്രവേശിച്ചു. ഇടത്തോട്ട് തിരിഞ്ഞാല്‍ കന്യാകുമാരിയിലേക്ക് പോകാം, എണ്പതു കിലോമീറ്റര്‍ ദൂരം. പക്ഷെ, എനിക്ക് പോകേണ്ടത് വലത്തോട്ടാണ് കന്യാകുമാരിയിലെക്കല്ല. കന്യാകുമാരിയില്‍ നിന്നും വാരാണസി വരെ ചെല്ലുന്ന, ഇന്ത്യയിലെ ഏറ്റവും നീളമുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു ഹൈവേ ആണ് നാഷണല്‍ ഹൈവേ - 7. ഇത്രയും കാലം യാത്ര ചെയ്തതില്‍ ഏറ്റവുമധികം മനം മടുപ്പിക്കുന്ന റോഡ് ആണ് എന്‍എച്ച് - 7 ന്‍റെ തിരുനെല്‍വേലി മുതല്‍ മധുരൈ വരെയുള്ളഭാഗം; തരിശ് റോഡ്, ഒന്നുമില്ല കണ്ണിനും മനസ്സിനും സന്തോഷം ഇല്ല. വിശാലമായ നാലുവരിപ്പാത നീണ്ടു നിവര്‍ന്നങ്ങനെ കിടക്കുന്നു. വളഞ്ഞുപുളഞ്ഞുള്ള മലയാള നാടിന്‍റെ റോഡുകളുടെ സുഖം ഒന്ന് വേറെ തന്നെ എന്ന് ചിന്തിച്ചു പോയി! ഇരുവശവും ബാരിക്കേഡ് കെട്ടിയിട്ടുണ്ട്. നടുവില്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്നു. എതിര്‍വശത്ത് നിന്നും വരുന്ന വണ്ടികളുടെ ലൈറ്റ്കാഴ്ച്ചയെ മറക്കാതിരിക്കാന്‍ ചിലവുകുറഞ്ഞ ഒരു മാര്‍ഗമാണത്. എണ്‍പത് സ്പീഡില്‍ വണ്ടി മുന്നോട്ട് കുതിച്ചു. രണ്ടായിരം കിലോമീറ്റര്‍ വരെ അതാണ് ഈ വണ്ടിയുടെ സ്പീഡ് ലിമിറ്റ്.
|
പ്രാതല്‍ സമയം |
ഏകദേശം എട്ട് എട്ടര മണിയോടെ മധുരൈ നഗരത്തോടടുത്തെത്തി. അവിടെ പോകേണ്ടതില്ല, എന്‍റെ ലക്‌ഷ്യം വേറെയാണ്. ബൈപാസില്‍ പ്രവേശിച്ചു. എന്‍എച്ച് - 7 ല്‍ നിന്നും തിരുച്ചിയിലെക്കുള്ള എന്‍എച്ച് 45B - ല്‍ പ്രവേശിക്കുന്നതിന് മുമ്പായി ഇടതുവശത്ത് ഒരു ഹോട്ടല്‍ കണ്ടു. സമയം എട്ടര മണിയായിട്ടുണ്ട്, വിശപ്പുമുണ്ട്; പ്രാതല്‍ കഴിക്കണം. വിശാലമായ മുറ്റമുള്ള ഹോട്ടല്‍. തീന്മേശയില്‍ നിന്നും നോക്കിയാല്‍ കാണാവുന്നിടത്ത് ഒരു മരച്ചുവട്ടില്‍ ബൈക്ക് പാര്‍ക്ക് ചെയ്തു. നല്ല ചുടുദോശയും ചായയും കഴിച്ചു. നല്ല ആശ്വാസം തോന്നി. ഒന്ന് തൂറണം എന്നാലെ പൂര്‍ണ ആശ്വാസമാകൂ. കാശ് കൊടുത്ത് പുറത്തിറങ്ങി. തൊട്ടപ്പുറത്ത് കക്കൂസ്, അതിനു മുന്നില്‍ ഒരു പയ്യന്‍ കസേരയിട്ട് ഇരിക്കുന്നു, തൂറാന്‍ അഞ്ചു രൂപ. ബാഗ് പയ്യനെ ഏല്‍പ്പിച്ച് കക്കൂസില്‍ കയറി, വൃത്തിയുണ്ട് പക്ഷെ ആരെങ്കിലും തള്ളിയാല്‍ തുറക്കുന്ന അവസ്ഥയിലാണ് വാതില്‍ ഉള്ളത്! എന്തും സഹിക്കാം, പക്ഷെ മുട്ട് സഹിക്കാന്‍ കഴിയില്ലല്ലോ! ആരും വാതില്‍ തള്ളാന്‍ വന്നില്ല; കാര്യം ഭംഗിയായി അവസാനിച്ചു, കാശുകൊടുത്ത് സുജായിയുടെ അടുത്തെത്തി. ട്രിപ്പ് മീറ്ററില്‍ നൂറ്റി അറുപത്തഞ്ചു കിലോമീറ്റര്‍ കാണിക്കുന്നുണ്ടായിരുന്നു.
വീണ്ടും പാത, കറുത്ത് നീണ്ടു കിടക്കുന്ന, ഒരിക്കലും അവസാനിക്കാത്ത വഴികള്‍. വൃക്ഷങ്ങളില്ലാത്ത തെക്കുകിഴക്കന്‍ സമതലങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. റോഡിനു ഇരുവശവും ഇത്തിരി പച്ചപ്പും ആള്‍താമസവും ഉള്ള പ്രദേശം വന്നുതുടങ്ങി. ഹൃദ്യമായ കാഴ്ചകള്‍. റോഡില്‍ ട്രക്കുകളുടെ ടയറുകള്‍ അമര്‍ന്നുണ്ടായ ചാലുകളും വരമ്പുകളും റിപ്പയര്‍ ചെയ്തിട്ടില്ല. ഇരുച്ചക്രവാഹനങ്ങള്‍ക്ക് ടോള്‍ കൊടുക്കേണ്ടാതില്ലാത്തത് കൊണ്ട് അവരോടു ഒന്നും പറയാനും പറ്റില്ല. വലിയ വാഹനക്കാര്‍ ഒന്നും മിണ്ടാതെ ടോളും കൊടുത്തു അതിവേഗം പായുന്നു. ഒരു മലകീറിമുറിച്ചു കൊണ്ട് ഹൈവേ മുന്നോട്ട് കുതിച്ചു, വീണ്ടും വരണ്ട സമതലങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
തിരുച്ചി: സമയം പതിനൊന്ന് മണി. വെയില്‍ കത്തുന്നു. ട്രിച്ചി പഴയ ട്രിച്ചിയല്ല. ഒരുപാട് മാറിയിരിക്കുന്നു! പഴയ ടിവിഎസ് ടോള്‍ഗേറ്റ്, ടാള്‍ ഗേറ്റ്! ടോള്‍ഗേറ്റ് എന്ന് പറഞ്ഞാല്‍ തമിഴന് മനസ്സിലാവില്ല, ടാള്‍ഗേറ്റ് എന്ന് തന്നെ പറയണം! ഞാന്‍ പഠിച്ച ജമാല്‍ മുഹമ്മദ് കോളേജ് ദാ തൊട്ടുമുന്നില്‍! പിജി ന്യൂ ഹോസ്റ്റല്‍, ഇപ്പൊ ലേഡീസ് ഹോസ്റ്റലാക്കിയിട്ടുണ്ട്! രാവിലെ എണീറ്റ് ഹോസ്റ്റലില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ ഉള്ള റോഡ് ഏറെ മാറിയിരിക്കുന്നു; കാഴ്ചകളും. അന്നൊക്കെ ഹോസ്റ്റലിനു നേരെ പിന്തിരിഞ്ഞ് തൂറാനിരിക്കുന്ന മനുഷ്യരെയാണ് കണ്ടിരുന്നതെങ്കില്‍ ഇന്ന് അവിടെ ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ രാജവീഥിയാണ്. ആര്‍ക്കും തൂറാന്‍ കഴിയില്ല! ഒന്ന് നിര്‍ത്തി ആ സ്ഥാപനം ഒരു വട്ടം കൂടെ കാണണം എന്ന് തോന്നി. വണ്ടി നിര്‍ത്താനാവില്ല, പാലമാണ്, അപകടകരമാണ്. മടിച്ചു മടിച്ചു അവസാനം ഒരു സൈഡില്‍ നിര്‍ത്തി പെട്ടെന്ന് ഒരു ഫോട്ടോ എടുത്തു. ഒന്നും വ്യക്തമല്ല. മരങ്ങളും ടവറുകളും കെട്ടിടങ്ങളും മാത്രം കാണാം കോളേജ് ആണെന്ന് മനസ്സിലാവില്ല. ഏകദേശം പത്തു വര്‍ഷം മുന്പ് ഞാന്‍ അവിടെ ജീവിച്ചിരുന്നു ഒരു സീനിയര്‍ ന്യൂ ഹോസ്റ്റലില്‍ ഉപേക്ഷിച്ചു പോയ ഒരുവണ്ടിയുമായി (പച്ച നിറത്തിലുള്ള ആ ഹീറോ സൈക്കിളിനെ ഞങ്ങള്‍ കൊണ്ടോട്ടിക്കാര്‍ അങ്ങനെയാണ് പറയാറ്) ആ നഗരത്തിലൂടെ കറങ്ങി നടന്നിരുന്നു! ട്രിച്ചി ഒരുപാട് മാറിയിരിക്കുന്നു.
|
ജമാല്‍ മുഹമ്മദ് കോളേജ്, മരങ്ങള്‍ക്കിടയില്‍. |
തഞ്ചാവൂര്‍ റോഡിലേക്ക് കടന്നു; ദേശീയപാത അറുപത്തേഴ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ട്രിച്ചി ഇടതുവശത്തായുണ്ട്. ഒരു പഴയ സുഹൃത്ത് അവിടെയുണ്ട്. പോയി നോക്കി. ഇല്ല, അവന്‍ നാട്ടില്‍ പോയിരിക്കുന്നു. അവിടെ ഒരു അധ്യാപകനെ പരിചയപ്പെട്ടു. ഒരു റിസര്‍ച് സ്കോളറെയും. തിരുനെല്‍വേലിയില്‍ എന്‍റെ സ്ഥാപനത്തിനടുത്ത് ഒരു കോളേജില്‍ ഫിസിക്സ് പഠിപ്പിക്കുകയാണ് അദ്ദേഹം. ചായയും കുടിച്ചു കുറച്ചു നേരം അദ്ദേഹത്തോടൊപ്പം സംസാരിച്ചു കൊണ്ടിരുന്നു. ഒരു മണിക്കൂര്‍ പോയതറിഞ്ഞില്ല. പുറത്തിറങ്ങി സമയം നോക്കി, പന്ത്രണ്ടു മണി! മുന്നൂറു കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞു. നാലുവരിപ്പാത തന്നെ, മണിക്കൂറില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത പോലും ടിവിഎസ് ചാമ്പില്‍ ഇഴഞ്ഞു നീങ്ങുന്ന പ്രതീതി സൃഷ്ടിക്കുന്നു! കൈ ആക്സിലറേറ്റര്‍ സാവധാനം തിരിച്ചു. തൊണ്ണൂറ്, നൂറ്, നൂറ്റിപ്പത്ത്. വേണ്ട ഇതുക്കു മേലെ വേണ്ട. വണ്ടി വിറക്കുന്നു. ഇത് ഭ്രാന്തമായ വേഗതയാണ്, വീണ്ടും എണ്‍പത് വേഗത്തിലേക്കു തിരിച്ചു വന്നു. അര-മുക്കാല്‍ മണിക്കൂര് കൊണ്ട് തഞ്ചാവൂര്‍ ബൈപാസില്‍ എത്തി.
|
ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്‍റ്: എന്‍.ഐ.ടി.ട്രിച്ചി. |
എന്‍എച്ച് 67 നാഗപട്ടണം വരെയുണ്ട്. പക്ഷെ, തഞ്ചാവൂര്‍ പിന്നിട്ടു കഴിഞ്ഞാല്‍ പിന്നെ പൊളിഞ്ഞ രണ്ടുവരിപ്പാതയാണ്. ചന്തി വേദന ശക്തമായി തുടങ്ങി. റോഡിനെ മാത്രം കുറ്റം പറയാനാവില്ല; ധരിച്ച വസ്ത്രത്തിനും പിന്നിലെ രോമങ്ങള്‍ക്കും അതില്‍ കാര്യമായ പങ്കുണ്ട്. ഇരുവശവും പുളിമരങ്ങള്‍ തണല്‍ വിരിച്ച പഴയ റോഡ്. പക്ഷെ യന്ത്രങ്ങള്‍ അവയൊക്കെ വെട്ടി വീഴ്ത്താന്‍ തുടങ്ങിയിരിക്കുന്നു. നാലുവരിപ്പാതയാക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. കാവേരി നദി ഒരു നൂറായിരം കൈവഴികളായി പിരിഞ്ഞു നിറഞ്ഞൊഴുകുന്ന സുന്ദരമായ കാവേരി ഡെല്‍റ്റ! അതിലൂടെയാണ് ഞാന്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ഫലപൂയിഷ്ടമായ മണ്ണ്. ചരിത്രം പതിയിരിക്കുന്ന പാതകള്‍!
|
നാഗപട്ടണം റോഡ് |
എങ്ങും കൃഷിയും സമൃദ്ധിയും. ഇടയ്ക്കു ഭാര്യയുടെ വിളി ഉടനെ എങ്ങാനും എത്തുമോ? ഭക്ഷണം തയ്യാറാവുന്നതേ ഉള്ളൂവത്രേ. ഇവള്‍ എപ്പോഴാണ് ഭക്ഷണം കഴിക്കുന്നത്! തല്‍ക്കാലം വിശപ്പും ദാഹവും കുറക്കാന്‍ റോഡരികില്‍ കണ്ട ഒരു കരിമ്പ് ജ്യൂസ്കാരനില്‍ നിന്നും രണ്ടു ഗ്ലാസ് കരിമ്പ് നീര് കുടിച്ചു. കുത്തിക്കുലുങ്ങി തിരുവാരൂര്‍ താണ്ടി മോട്ടോര്‍ സൈക്കിള്‍ നാഗൂര്‍ എത്തി. ഇത്രയും മോശമായ റോഡ് തമിഴ്നാട്ടില്‍ ഉണ്ടാവും എന്ന് കരുതിയില്ല. ഇടത്തോട്ടു തിരിഞ്ഞ് തിരുമാലരായ പട്ടണം കഴിഞ്ഞു കാരൈക്കാല്‍ നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും സമയം മൂന്നു മണി കഴിഞ്ഞിരുന്നു. വീടിനു മുന്നില്‍ വണ്ടി ഓരമാക്കി നിറുത്തി, ബാഗ്കെട്ടഴിച്ചു. 485 കിലോമീറ്റര്‍ ഓടിയിരിക്കുന്നു എന്ന് ട്രിപ്പ് മീറ്റര്‍ കാണിച്ചു. ഒന്നാം നിലയിലെ വീട്ടില്‍ കയറി ബെല്‍ അടിച്ചു. ഭാര്യ വാതില്‍ തുറന്നു. അവള്‍ ഭക്ഷണം ഏകദേശം ഉണ്ടാക്കി വരുന്നെ ഉള്ളൂ. പോയി കിടക്കയില്‍ വീണു കുറച്ചു നേരം വിശ്രമം പിന്നെ കുളി ഭക്ഷണം ഉറക്കം. അതാണ് പ്ലാന്‍. പത്തു മിനുറ്റ് കൊണ്ട് സ്വാദിഷ്ടമായ ഭക്ഷണം. ഇനി നന്നായി ഒന്നുറങ്ങണം.
|
അരസലാര്‍, കാരൈക്കല്‍: ഒരു വളവുമില്ലാതെ രണ്ടു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന പുഴയും സമാന്തരമായി റോഡും ഇടക്ക് നടപ്പാതയും. അതിനപ്പുറം ഒരു തടയണ. അപ്പുറത്ത് ശുദ്ധ ജലം, ഇപ്പുറത്ത് ഉപ്പുവെള്ളം. അരസലാറിന്‍റെ അറ്റത്ത് ബംഗാള്‍ ഉള്‍ക്കടല്‍. |