![]() |
ഷേര്‍ അലി |
1869-70 കാലങ്ങളില്‍ നിരവധി വഹാബി പ്രസ്ഥാനപ്രവര്‍ത്തകര്‍ ആന്തമാനിലെ ജയിലുകളില്‍ വന്നടിഞ്ഞുകൊണ്ടിരുന്നു. ബ്രിട്ടീഷ് എഴുത്തുകാര്‍ വഹാബികളെ മതഭ്രാന്തന്മാരായി ചിത്രീകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. സര്‍ക്കാര്‍ രേഖകളും പത്ര-മാധ്യമങ്ങളും വഹാബികളെ തീവ്രവാദികളായി ചിത്രീകരിച്ചു. അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ ഉയിര്‍ക്കൊണ്ട പ്രസ്ഥാനം അങ്ങനെ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യ സമരം മര്‍ദ്ദക സര്‍ക്കാര്‍ അടിച്ചമര്‍ത്തി. 1857 സെപ്റ്റംബര്‍ ആവുമ്പോഴേക്കും ദല്‍ഹി ഒരു പ്രേത നഗരം പോലെ ആയിക്കഴിഞ്ഞിരുന്നു. മുഗള്‍ രാജാവ് ബഹദൂര്‍ഷായെ റംഗൂണിലേക്ക് നാടുകടത്തി. ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ട
പേരുകള്‍ പലതും നൂറ്റാണ്ടിനിപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രകാരന്മാര്
ക്രൂരമായി തമസ്ക്കരിച്ചു.
വഹാബി അനുഭാവി ആണെന്ന് തോന്നുന്നവരെ മൊത്തം കൊലപ്പെടുത്തുകയും പീഡന മുറകള്‍ക്ക് ഇരകളാക്കുകയും ചെയ്യുന്നത് പല ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്കും വിനോദമായിക്കഴിഞ്ഞിരുന്നു. ക്രൂരതയുടെ പര്യായമായിരുന്ന ഡോക്ടര്‍ വാക്കറുടെ നേതൃത്വത്തില്‍ 1858-ല്‍ 200 പേര് അടങ്ങുന്ന ആദ്യത്തെ സംഘം തടവുകാര്‍ കാലാപാനിയില്‍ കപ്പലിറങ്ങി. തടവുപുള്ളികളെ അവരുടെ സ്വഭാവത്തിനും സാഹചര്യങ്ങല്‍ക്കുമനുസരിച്ചു ആറു ഗ്രൂപ്പുകളാക്കി തിരിച്ചു. ഏറ്റവും മോശം തടവുകാരെ പാര്‍പ്പിച്ചിരുന്നത് വൈപ്പര്‍ ദ്വീപിലായിരുന്നു. പാറ്റ്നയിലെയും ലാഹോറിലെയും തങ്ങളുടെ കേന്ദ്രത്തിലിരുന്നു ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത നിരവധി വഹാബി പണ്ഡിതര്‍ ആന്തമാനിലെ ആ കൊച്ചു ദ്വീപില്‍ കിടപ്പുണ്ടായിരുന്നു.
![]() |
വൈപ്പര്‍ജയില്‍, ആന്തമാന്‍ |
വൈസ്രോയിയുടെ സന്ദര്‍ശനം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ചിലരെങ്കിലും തങ്ങളെ വൈസ്രോയ് തടവില്‍ നിന്നും മോചിപ്പിക്കും എന്ന് സ്വപ്നം കണ്ടു. പക്ഷെ, ശത്രു ഒരിക്കലും കരുണ കാണിക്കില്ല എന്നറിയാമായിരുന്ന ഒരാള്‍ ഒറ്റക്ക് ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. പെഷവാറില്‍ നിന്നുള്ള ഒരു പത്താനി: ഷേര്‍ അലി, അതായിരുന്നു അയാളുടെ പേര്. പേര്പോലെ തന്നെ താന്‍ ഒരു സിംഹക്കുട്ടി ആണെന്ന് അയാള്‍ തെളിയിക്കാന്‍ പോവുകയായിരുന്നു. നാടുകടത്തപ്പെട്ട് ആന്തമാനില്‍ ബാര്‍ബര്‍ ജോലി ചെയ്തു വന്ന ആ മനുഷ്യന് അന്ന് തന്റെ കൂട്ടുകാരായ, ഹിന്ദുക്കളും മുസ്ലിംകളും അടങ്ങുന്ന തടവ് പുള്ളികള്‍ക്ക് മധുരം വിതരണം ചെയ്തു. തന്റെ അത് വരെ ഉള്ള സമ്പാദ്യം മൊത്തം ഇതിനായി അയാള്‍ ചെലവഴിച്ചു. ഇതെല്ലാം പക്ഷെ ഒരു മനുഷ്യന്റെ മരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു എന്ന കാര്യം ആര്‍ക്കും മനസ്സിലായില്ല! എല്ലാവരും മധുരം കഴിച്ചു സന്തോഷത്തോടെ ഇരിക്കുമ്പോള്‍ വൈപ്പര്‍ ദ്വീപിലെ ഹാരിയറ്റ് കുന്നിന് ചെരുവില്‍ ആ മനുഷന് കത്തിക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.
![]() |
മേയോ പ്രഭു കൊല്ലപ്പെട്ട സ്ഥലം |
ആരാണ് ഈ കൊല നടത്താന്‍ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന് "ദൈവം പറഞ്ഞാണ് ഞാന്‍ മേയോയെ കൊലപ്പെടുത്തിയത്" എന്നായിരുന്നു ഷേര്‍ അലിയുടെ മറുപടി!
1873 മാര്‍ച്ച് 11: കൊലക്കയര്‍ തയ്യാറായി നില്ക്കുന്നു. അതീവ സംതൃപ്തമായ മുഖത്തോടെ ഷേര്‍ അലി തൂക്കുമരത്തില്‍ കയറി, തൂക്കു കയര്‍ ചുംബിച്ചു. എന്നിട്ട് പറഞ്ഞു: "വൈസ്രോയിയെ കൊല്ലാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് ഇതുതന്നെയായിരുന്നു! സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളുടെ ശത്രുവിനെ കൊന്നു കളഞ്ഞിരിക്കുന്നു. ഞാന്‍ ഒരു യഥാര്‍ത്ഥ മുസല്മാന് ആണെന്നതിന് നിങ്ങള്‍ സാക്ഷികളാണ്." തൂക്കുകയറില്‍ തൂങ്ങിയാടുമ്പോള്‍ ശഹാദത്ത് കലിമ രണ്ടു പ്രാവശ്യം ഉറക്കെ ഉയര്‍ന്നു കേട്ടു. മൂന്നാമത്തേത് പാതി വഴിയില്‍ മുറിഞ്ഞു പോയി. ആ ഏതാനും മിനുട്ടുകളില്‍ ഷേര്‍ അലിയുടെ ആത്മാവ് പരലോകം പൂകി.
കാലങ്ങള്‍ക്കിപ്പുറം, ഏതോ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓഫീസറുടെ മുഖത്തടിച്ചവനും തുപ്പിയവനും തെറി വിളിച്ചവനും വരെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരന്മാരുടെ സ്ഥാനം പിടിച്ചുപറ്റി. അവരുടെ ചരിത്രം പിന്നീട് വന്ന തലമുറകള്‍ വീര കഥകള്‍ പോലെ പാടി നടന്നു. സ്മാരകങ്ങളും പാര്‍ക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരുടെ പേരില്‍ ഉയര്‍ന്നു വന്നു. സിനിമകളും നാടകങ്ങളും കഥാ പ്രസംഗങ്ങളും നോവലുകളും അവരുടെ അപദാനങ്ങള്‍ പാടി നടന്നു. ഭഗത്സിംഗും ഉദ്ദംസിംഗും മംഗള്‍പാണ്ടെയും ചരിത്രത്തില്‍ വീര പുരുഷന്മാരായി. പക്ഷെ, ഇന്ത്യയുടെ നാലാമത്തെ വൈസ്രോയ് മേയോ പ്രഭുവിന്റെ ഘാതകന് ചരിത്രത്തില്‍ നിന്നും തമസ്ക്കരിക്കപ്പെട്ടു.
ഷേര്‍ അലിയും അബ്ദുള്ളയും ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെട്ടു. ഷേര്‍ അലിയെ രാജ്യം മറന്നു. രാജ്യസ്നേഹം മതവിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി കണ്ട, അങ്ങനെ തന്നെ ജീവിച്ച, രാജ്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വം മതത്തില്‍ ഏറ്റവും വലിയ പുണ്യകര്‍മമായി കണ്ട അബ്ദുള്ളയും ഷേര്‍ അലിയും പേരുകള്‍ എഴുതപ്പെടാതെ പോയ മറ്റനേകം വഹാബി പ്രസ്ഥാന നായകരും പിന്നെയും അനേകം പേരും ഇന്ന് ഈ രാജ്യത്തിന്റെ വീരപുത്രന്മാരല്ല! വൈപ്പര്‍ ദ്വീപിലെ ഒരു മൂലയില്‍, ഷേര്‍ അലിയെ തൂക്കിക്കൊന്നിടത്ത് എഴുതി വെച്ച ഒരു ഫലകം മാത്രമാണ് ആ ധീരന് നമ്മുടെ നാട് ബാക്കി വെച്ചത്. ആന്തമാനിലെ ചരിത്ര മ്യൂസിയത്തില്‍ അദ്ദേഹത്തിന്റെ ഒരേയൊരു ഫോട്ടോ കാണാം. പക്ഷെ ആ ഫോട്ടോയുടെ കൂടെയുള്ള കുറിപ്പില്‍ ഷേര്‍ അലിയെ പറ്റി അല്ല, മേയോ പ്രഭുവിനെയാണ് ഏറെ പറയുന്നത് എന്നത് ചരിത്രത്തിലെ അനേകം വിരോധാഭാസങ്ങളില്‍ ഒന്ന് മാത്രം!
Ref:-
1. The Assassination of Lord Mayo: The 'First' Jihad?, Helen James, International Journal of Asia Pacific Studies(IJAPS), Vol.5, No. 2, (July 2009).
2. http://islamicvoice.com/
3. http://www.andaman.org/
4. http://www.hindu.com/thehindu/features/andaman/stories/2004081500270300.htm
5. http://www.andamantourism.in/andamans-history-india.html