താജ് ബാവ്ടി: പുറത്തുനിന്നുള്ള കാഴ്ച |
പതിനാലാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ചിരുന്ന മുഹമ്മദ് ബിന്‍
തുഗ്ലക്ക് ഡല്‍ഹിയില്‍ നിന്നും ഡക്കാനിലെ ദൗലത്താബാദിലെക്ക് തന്‍റെ തലസ്ഥാനം
മാറ്റി. വെള്ളമില്ലാത്ത പ്രദേശമായതിനാല്‍ രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു ഡല്‍ഹിക്ക്
തന്നെ പോവുകയും ചെയ്തു. ഒരുപാട് ജീവനുകള്‍ ഈ തലസ്ഥാന മാറ്റത്തില്‍ തുഗ്ലക്കിന്
നഷ്ടമായി. പിന്നീട് ചില ഭരണ മാറ്റങ്ങള്‍ക്കു ശേഷം ഡക്കാനിലെ ബീജാപ്പൂര്‍ പ്രദേശം
ഭരിക്കാന്‍ യൂസുഫ് ആദില്‍ ഷാഹി വന്നെത്തി. വരണ്ടുണങ്ങിയിരുന്ന ആ പ്രദേശത്തെ;
ശാസ്ത്രീയമായ ജലസേചനത്തിലൂടെ ബീജാപൂര്‍ സുല്‍ത്താന്മാര്‍ പുനരുജ്ജീവിപ്പിച്ചു.
അങ്ങനെ ശക്തമായ ഒരു ക്ഷേമ രാഷ്ട്രം ഡക്കാനില്‍ പണിതുയര്‍ത്തിയതാണ് മറ്റു രാജാക്കന്മാരെ അപേക്ഷിച്ച് ആദില്‍ ശാഹികളുടെ
ശ്രേഷ്ഠത.
താജ് ബാവ്ടിയുടെ ഉള്‍ഭാഗം |
രണ്ടു ഡാമുകള്‍, പടവുകളോട് കൂടിയ എഴുനൂറു വലിയ കുളങ്ങള്‍, മുന്നൂറു ചെറിയ
കുളങ്ങള്‍, കിണറുകള്‍, ഡാമുകളില്‍ നിന്നും ഈ കുളങ്ങളിലെക്ക് വെള്ളമെത്തിക്കാന്‍ വിസ്മയകരമായ അണ്ടര്‍ഗ്രൗണ്ട്
പൈപ്പുകള്‍. ഇതൊക്കെ പണിതു കൊണ്ടാണ് ഉണങ്ങി വരണ്ടിരുന്ന
ബീജാപ്പൂരിനെ ആദില്‍ ശാഹികള്‍ നനവിന്‍റെ സമൃദ്ധിയിലേക്ക് ഉയര്‍ത്തിയത്.
താജ് ബാവ്ടി |
റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍
തൊട്ടടുത്തു തന്നെ കണ്ടു, തകര്‍ന്നടിഞ്ഞ കോട്ടക്കുള്ളില്‍ ഗോല്‍ ഗുംബസിന്‍റെ മിനാരം.
ഗോല്‍ ഗുംബസും ജുമാ മസ്ജിദും സന്ദര്‍ശിച്ച് അസര്‍ മഹലിന്‍റെ കുളക്കരയില്‍
ഇരിക്കുമ്പോഴാണ് അനില്‍ കുമാര്‍ കുല്‍ക്കര്‍ണി എന്ന ഒരു എഞ്ചിനീയറെ പരിചയപ്പെട്ടത്.
അസര്‍ മഹലിന്‍റെ അടുത്ത് തന്നെയാണ് വീട്. ബീജാപൂരിനു വെള്ളം നല്‍കാന്‍ ആദില്‍ ഷാഹി
സുല്‍ത്താന്മാര്‍ നടത്തിയ എഞ്ചിനീയറിംഗ് വിസ്മയത്തെ കുറിച്ച് അദ്ദേഹം വാചാലനായി.
'ഇതാ ഈ കുളവും കനാല്‍ വഴി മറ്റു കുളങ്ങളുമായി ബന്ധിപ്പിച്ചിരുന്നതാണ്. ഇപ്പോള്‍
ഒക്കെ വൃത്തികേടായി'- അസര്‍മഹലിലെ കുളത്തെ ചൂണ്ടി അദ്ദേഹം പറഞ്ഞു. ചുമരുകള്‍ പൊളിഞ്ഞു തുടങ്ങി. നഗരത്തില്‍ ഒരുപാട് കനാലുകള്‍
ഉണ്ടായിരുന്നു. എല്ലാം കാലക്രമേണ നശിച്ചു പോയി. തന്‍റെ വീടിനു തറ എടുക്കുമ്പോള്‍
താഴെ ആദില്‍ശാഹികളുടെ കാലത്തെ അണ്ടര്‍ഗ്രൗണ്ട് പൈപ്പ്/കനാല്‍ കണ്ടെത്തിയ കാര്യം അദ്ദേഹം
ഓര്‍ത്തെടുത്തു. ഇന്ന് നഗരം വേണ്ടത്ര ശുദ്ധജലം ഇല്ലാതെ വിഷമിക്കുന്നു എന്നദ്ദേഹം സങ്കടത്തോടെ പറഞ്ഞു. പണ്ടത്തെ വീടുകളിലൊക്കെ പടവുകളോട് കൂടിയ കുളങ്ങള്‍
ഉണ്ടായിരുന്നുവത്രേ. എന്നാല്‍ ഇന്ന് അവയൊക്കെ വറ്റിവരണ്ടു തൂര്‍ന്നു
പോയി. അതില്‍ പുതിയ കെട്ടിടങ്ങള്‍ പൊങ്ങി.
പണ്ട് കാലത്ത് നഗരത്തിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ചില തടാകങ്ങളും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ഇന്നവ ഒട്ടും ആകര്‍ഷകമായിരുന്നില്ല. താജ് കുളവും ചന്ദാ കുളവും നിറയെ ചപ്പു
ചവറുകള്‍!
താജ് ബാവ്ടിയിലെ മുറി. അകവും പുറവും |
താജ് കുളത്തിന്‍റെ പ്രവേശന കവാടത്തില്‍ ചീട്ടുകളി സംഘങ്ങള്‍, ഇടയ്ക്കു പാന്‍
ചവച്ചു തുപ്പി ചുമരുകളും നിലവും ഒക്കെ വൃത്തിഹീനമാക്കി വെച്ചിരിക്കുന്നു. ആടും
പശുവും കാഷ്ടിച്ചു വെച്ചത് വൃത്തിയാക്കാന്‍ ആരുമില്ല. ലോറികളും മറ്റു വാഹനങ്ങളും
നിര്‍ത്തിയിടാനും, മൂത്രമൊഴിക്കാനും ആ പരിസരം ആണ് ആളുകള്‍ ഉപയോഗിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍
സര്‍വേ ഓഫ് ഇന്ത്യയുടെ ബോര്‍ഡില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു: “ഈ കെട്ടിടം ദേശീയ
പ്രാധാന്യമുള്ളതാണ്. നശിപ്പിക്കുകയോ, കേടുവരുത്തുകയോ, ദുരുപയോഗപ്പെടുത്തുകയോ ചെയ്താല്‍ ശിക്ഷിക്കപ്പെടും.” കുളത്തിലേക്ക്
ഇറങ്ങി നോക്കിയപ്പോള്‍ അതിലും കഷ്ടം; നിറയെ ചപ്പു ചവറുകള്‍, ഒരു ഭാഗത്ത് രണ്ടു അമ്മൂമ്മമാര്‍ വസ്ത്രം അലക്കുന്നു, തൊട്ടപ്പുറത്ത്
ചിലര്‍ കുളിക്കുന്നു. നാല് മൂലകളിലും പ്ലാസ്റ്റിക് കുപ്പികളും, മദ്യക്കുപ്പികളും,
പ്ലാസ്റ്റിക് കവറുകളും, മറ്റു അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്നു. കുളത്തിന്‍റെ മറ്റു മൂന്നു വശങ്ങളിലും
ശില്പ ചാതുര്യമുള്ള മുറികള്‍ ഉണ്ടായിരുന്നു. അവയില്‍ പോയി നോക്കിയപ്പോഴാണ്
വൃത്തികെടിന്‍റെ അങ്ങേയറ്റം കണ്ടത്: എല്ലാത്തിലും മനുഷ്യന്‍റെ കാഷ്ടം മാത്രം. തലേന്ന് കുളം നന്നാക്കിയ ചില സാമൂഹിക പ്രവര്‍ത്തകര്‍ അപ്പികള്‍ക്ക് മുകളില്‍ എന്തോ മഞ്ഞപ്പൊടി വിതറിയതുകൊണ്ട് നാറ്റത്തിന്റെ തീവ്രത കാമറയില്‍പതിഞ്ഞില്ല.
നഗരത്തിലേക്കുള്ള യാത്രയുടെ തലേ ദിവസം; ആകെ വൃത്തികേടായി കിടക്കുന്ന താജ് ബാവ്ടി വൃത്തിയാക്കുന്ന
ഫോട്ടോ ദി ബീജാപൂര്‍ സിറ്റി എന്ന വെബ്സൈറ്റില്‍
കണ്ടിരുന്നു. വലിയ സന്തോഷത്തോടെയാണ് ആ കുളം കാണാന്‍ പോയത്. പക്ഷെ ചെന്നപ്പോള്‍
കണ്ടത് അങ്ങേയറ്റം വൃത്തികേടായി കിടക്കുന്ന കുളമാണ്. ഒരു ദിവസം കൊണ്ടാണ് പഴയ വൃത്തികേടുകള്‍ വീണ്ടും കുളത്തില്‍ 'പുനര്‍ജനിച്ചു(?)' തുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകര്‍ വൃത്തിയാക്കിയത് കൊണ്ട് മാത്രം ഒരു സ്മാരകം വൃത്തിയായി കിടക്കില്ല എന്നതിനു ഇത് തെളിവാണ്.
ഗഗന്‍ മഹലിന് മുന്നിലെ കുളം |
മറ്റൊരു പ്രധാന സ്മാരകമായ ഗഗന്‍ മഹലിന്റെ കഥ അതിദയനീയം. അതിനു മുന്നിലുള്ള കുളവും വൃത്തികെട്ടുനാറാന്‍ തുടങ്ങിയിരിക്കുന്നു. അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രതിനിധി ആദില്‍ ശാഹിയുമായി കൂടിക്കാഴ്ച നടത്തിയിരുന്ന, അയാള്‍ ഏറെ പുകഴ്ത്തിയ കൊട്ടാരത്തിന്‍റെ മുന്നിലുള്ള കുളത്തിന്‍റെ അവസ്ഥയും പരിതാപകരം.
ചന്ദാ ബാവ്ടി |
ചന്ദാ ബവ്ടി നില്‍ക്കുന്നത്
ഒരു ആശുപത്രിയോട് ചേര്‍ന്നാണ്. ആ കുളം അടച്ചു പൂട്ടിട്ടിരിക്കുന്നു. എന്നിട്ടും
അതില്‍ നിറയെ വൃത്തികേടുകള്‍. ഈ കുളങ്ങള്‍ ഒക്കെയും ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ
ഓഫ് ഇന്ത്യ സംരക്ഷിക്കുന്നവ ആണെന്ന് ബോര്‍ഡ് എഴുതി വെച്ചിരിക്കുന്നു.
ജല സമൃദ്ധിയില്‍ കഴിഞ്ഞ ബീജാപ്പൂര്‍ ഇന്ന് ശുദ്ധജല ക്ഷാമം
നേരിട്ടുകൊണ്ടിരിക്കുന്നു. വലിയ ബുദ്ധിമുട്ടില്ലാതെ പരിഹരിക്കാവുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ പക്ഷെ, അധികൃതര്‍ക്ക് താല്പര്യമില്ല. എച്ചില്‍ സ്മാരകങ്ങളുടെ നഗരമായി മാറിക്കൊണ്ടിരിക്കുന്നു, ഒരുപാട് സാധ്യതകള്‍ ഉള്ള ഈ ചരിത്രഭൂമി.