6/12/2013

ചരിത്രം ചവറ്റുകൊട്ടയിലേക്കെറിഞ്ഞ ഒരു സിംഹക്കുട്ടിയുടെ കഥ

ഷേര്‍ അലി
1871 സെപ്തംബര്‍ 20; കല്‍ക്കട്ടയിലെ ചീഫ് ജസ്റ്റിസ് നോര്‍മന്‍ കൊല്ലപ്പെട്ടു. പ്രതി അബ്ദുള്ള എന്ന ഒരു വഹാബി അനുഭാവി ആയിരുന്നു. വഹാബിസം ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. കല്‍ക്കട്ടയില്‍ നിന്ന് തിരിക്കുമ്പോള്‍ അന്നത്തെ വൈസ്രോയ് മേയോ പ്രഭു പ്രഖ്യാപിച്ചു: "വഹാബിസത്തെ ഞാന്‍ തകര്‍ത്ത് തരിപ്പണമാക്കും". ആ കാലഘട്ടത്തില്‍ നിരവധി ബ്രിട്ടീഷ് ഓഫീസര്‍മാര്‍ വഹാബി വിപ്ലവകാരികളുടെ കയ്യാല്‍ കൊലചെയ്യപ്പെടുകയുണ്ടായി. രക്തസാക്ഷി പരിവേഷം ചാര്‍ത്തപ്പെടാതെയിരിക്കാന്‍ അവര്‍ ഈ വീര പുരുഷന്മാരെ കത്തിച്ചു ചാരം പുഴകളില്‍ ഒഴുക്കിക്കളഞ്ഞു. പക്ഷെ വീരപരിവേഷം കൊതിക്കാത്ത പോരാളികള്‍ തങ്ങളുടെ പോരാട്ടം തുടര്‍ന്ന് കൊണ്ടേ ഇരുന്നു. വഹാബി ചിന്തകള്‍ നെഞ്ചിലേറ്റി നടന്ന പണ്ഡിതരും ജനങ്ങളുമാണ് ആയിരത്തി എണ്ണൂറ്റി അമ്പത്തേഴിലെ കലാപത്തിനു കാരണക്കാര്‍ എന്ന് ബ്രിട്ടീഷ് ഗവണ്മെന്‍റ് പ്രഖ്യാപിച്ചു. വഹാബിസം തകര്‍ക്കേണ്ടത് കൊളോണിയലിസത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമായിരുന്നു. നിരവധി വഹാബി പണ്ഡിതരും അനുയായികളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളിലായി. ഒരു പാട് പേരെ കൊളോണിയല്‍ സര്‍ക്കാര്‍ കൊന്നു കളഞ്ഞു.

1869-70 കാലങ്ങളില്‍ നിരവധി വഹാബി പ്രസ്ഥാനപ്രവര്‍ത്തകര്‍ ആന്തമാനിലെ ജയിലുകളില്‍ വന്നടിഞ്ഞുകൊണ്ടിരുന്നു. ബ്രിട്ടീഷ് എഴുത്തുകാര്‍ വഹാബികളെ മതഭ്രാന്തന്മാരായി ചിത്രീകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു. സര്‍ക്കാര്‍ രേഖകളും പത്ര-മാധ്യമങ്ങളും വഹാബികളെ തീവ്രവാദികളായി ചിത്രീകരിച്ചു. അനീതിക്കും അടിച്ചമര്‍ത്തലിനും എതിരെ ഉയിര്‍ക്കൊണ്ട പ്രസ്ഥാനം അങ്ങനെ തീവ്രവാദികളായി മുദ്രകുത്തപ്പെട്ടു. ഒന്നാം സ്വാതന്ത്ര്യ സമരം മര്‍ദ്ദക സര്‍ക്കാര്‍ അടിച്ചമര്‍ത്തി. 1857 സെപ്റ്റംബര്‍ ആവുമ്പോഴേക്കും ദല്‍ഹി ഒരു പ്രേത നഗരം പോലെ ആയിക്കഴിഞ്ഞിരുന്നു. മുഗള്‍ രാജാവ് ബഹദൂര്‍ഷായെ റംഗൂണിലേക്ക് നാടുകടത്തി.  ഒന്നാം സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ട പേരുകള്‍ പലതും നൂറ്റാണ്ടിനിപ്പുറം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രകാരന്മാര്‍ ക്രൂരമായി തമസ്ക്കരിച്ചു.

വഹാബി അനുഭാവി ആണെന്ന് തോന്നുന്നവരെ മൊത്തം കൊലപ്പെടുത്തുകയും പീഡന മുറകള്‍ക്ക്‌ ഇരകളാക്കുകയും ചെയ്യുന്നത് പല ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്കും വിനോദമായിക്കഴിഞ്ഞിരുന്നു. ക്രൂരതയുടെ പര്യായമായിരുന്ന ഡോക്ടര്‍ വാക്കറുടെ നേതൃത്വത്തില്‍ 1858-ല്‍ 200 പേര്‍ അടങ്ങുന്ന ആദ്യത്തെ സംഘം തടവുകാര്‍ കാലാപാനിയില്‍ കപ്പലിറങ്ങി. തടവുപുള്ളികളെ അവരുടെ സ്വഭാവത്തിനും സാഹചര്യങ്ങല്‍ക്കുമനുസരിച്ചു ആറു ഗ്രൂപ്പുകളാക്കി തിരിച്ചു. ഏറ്റവും മോശം തടവുകാരെ പാര്‍പ്പിച്ചിരുന്നത് വൈപ്പര്‍ ദ്വീപിലായിരുന്നു. പാറ്റ്നയിലെയും ലാഹോറിലെയും തങ്ങളുടെ കേന്ദ്രത്തിലിരുന്നു ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത നിരവധി വഹാബി പണ്ഡിതര്‍ ആന്തമാനിലെ ആ കൊച്ചു ദ്വീപില്‍ കിടപ്പുണ്ടായിരുന്നു.
വൈപ്പര്‍ജയില്‍, ആന്തമാന്‍
ആയിടക്ക് ബ്രിട്ടീഷ് ഇന്ത്യയുടെ വൈസ്രോയ് മേയോ പ്രഭുവിന് ഒരു മോഹം; തന്‍റെ ഭരണ പരിഷ്ക്കാരങ്ങള്‍ ഒക്കെ ഒന്ന് നേരിട്ട് വിലയിരുത്തണം! മേയോയുടെ ഉത്തരവ് പ്രകാരം രാജ്യത്ത് ജയിലുകള്‍ നവീകരിച്ചു കൊണ്ടിരുന്ന സമയമായതു കൊണ്ട് ആന്തമാനിലെ കുപ്രസിദ്ധമായ ജയിലുകളും ഒന്ന് കണ്ടേക്കാം എന്ന് തോന്നി. ആന്തമാനിലെക്ക് പുറപ്പെടും മുമ്പെഴുതിയ തന്‍റെ അവസാന കത്തിലും പക്ഷെ, ബിട്ടീഷ് സര്‍ക്കാര്‍ വഹാബികളില്‍ നിന്നും നേരിടുന്ന ഭീഷണിയെ കുറിച്ചാണ് അയാള്‍ ബേജാറായിരുന്നത്. ദേശാഭിമാനം കൊണ്ട് സ്വന്തം ജീവനില്‍ പോലും കൊതി നഷ്ടപ്പെട്ടിരുന്ന വഹാബി തടവുകാരുടെ ഇടയിലേക്കാണ് താന്‍ പോകുന്നതെന്ന കാര്യം മേയോ പ്രഭു ഒരിട മറന്നിരിക്കണം.

വൈസ്രോയിയുടെ സന്ദര്‍ശനം എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ചിലരെങ്കിലും തങ്ങളെ വൈസ്രോയ് തടവില്‍ നിന്നും മോചിപ്പിക്കും എന്ന് സ്വപ്നം കണ്ടു. പക്ഷെ, ശത്രു ഒരിക്കലും കരുണ കാണിക്കില്ല എന്നറിയാമായിരുന്ന ഒരാള്‍ ഒറ്റക്ക് ചില പദ്ധതികള്‍ തയ്യാറാക്കുന്നുണ്ടായിരുന്നു. പെഷവാറില്‍ നിന്നുള്ള ഒരു പത്താനി: ഷേര്‍ അലി, അതായിരുന്നു അയാളുടെ പേര്. പേര്പോലെ തന്നെ താന്‍ ഒരു സിംഹക്കുട്ടി ആണെന്ന് അയാള്‍ തെളിയിക്കാന്‍ പോവുകയായിരുന്നു. നാടുകടത്തപ്പെട്ട് ആന്തമാനില്‍ ബാര്‍ബര്‍ ജോലി ചെയ്തു വന്ന ആ മനുഷ്യന്‍ അന്ന് തന്‍റെ കൂട്ടുകാരായ, ഹിന്ദുക്കളും മുസ്ലിംകളും അടങ്ങുന്ന തടവ്‌ പുള്ളികള്‍ക്ക് മധുരം വിതരണം ചെയ്തു. തന്‍റെ അത് വരെ ഉള്ള സമ്പാദ്യം മൊത്തം ഇതിനായി അയാള്‍ ചെലവഴിച്ചു. ഇതെല്ലാം പക്ഷെ ഒരു മനുഷ്യന്‍റെ മരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആയിരുന്നു എന്ന കാര്യം ആര്‍ക്കും മനസ്സിലായില്ല! എല്ലാവരും മധുരം കഴിച്ചു സന്തോഷത്തോടെ ഇരിക്കുമ്പോള്‍ വൈപ്പര്‍ ദ്വീപിലെ ഹാരിയറ്റ് കുന്നിന്‍ ചെരുവില്‍ ആ മനുഷന്‍ കത്തിക്ക് മൂര്‍ച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു.

മേയോ പ്രഭു കൊല്ലപ്പെട്ട സ്ഥലം
1872 ഫെബ്രുവരി എട്ട്: സമയം ഇരുട്ട് പരക്കാന്‍ തുടങ്ങിയിരുന്നു. അതീവ സുരക്ഷയുള്ള, അനേകം സുരക്ഷാ ഭടന്മാരാല്‍ വലയം ചെയ്യപ്പെട്ട മേയോ പ്രഭുവും പരിവാരങ്ങളും കുന്നിറങ്ങി വരുമ്പോള്‍ താഴെ ഹോപ്‌ടൌണ്‍ ബോട്ട് ജെട്ടിക്കടുത്തുള്ള പാലത്തിനരികെ ഷേര്‍ അലി പതുങ്ങിയിരുന്നു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ഒറ്റക്ക് പതുങ്ങിയിരുന്ന്‍ മാന്‍കൂട്ടത്തിലേക്ക് ചാടി വീണാക്രമിക്കുന്ന ഒരു സിംഹത്തെ പോലെ, തന്‍റെ അടുത്തെത്തിയ മേയോ പ്രഭുവിന്‍റെ മേല്‍ അയാള്‍ ചാടി വീണു. കയ്യില്‍ ഭദ്രമായി വെച്ച ആ കത്തി രണ്ടുപ്രാവശ്യം വൈസ്രോയിയുടെ പുറം പിളര്‍ന്ന് അകത്തേക്ക് കയറി. ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ വൈസ്രോയ് മരിച്ചു വീണു.

ആരാണ് ഈ കൊല നടത്താന്‍ പ്രേരിപ്പിച്ചത് എന്ന ചോദ്യത്തിന്  "ദൈവം പറഞ്ഞാണ് ഞാന്‍ മേയോയെ കൊലപ്പെടുത്തിയത്" എന്നായിരുന്നു ഷേര്‍ അലിയുടെ മറുപടി!

1873 മാര്‍ച്ച് 11: കൊലക്കയര്‍ തയ്യാറായി നില്‍ക്കുന്നു. അതീവ സംതൃപ്തമായ മുഖത്തോടെ ഷേര്‍ അലി തൂക്കുമരത്തില്‍ കയറി, തൂക്കു കയര്‍ ചുംബിച്ചു. എന്നിട്ട് പറഞ്ഞു: "വൈസ്രോയിയെ കൊല്ലാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ സ്വപ്നം കണ്ടത് ഇതുതന്നെയായിരുന്നു! സുഹൃത്തുക്കളെ, ഞാന്‍ നിങ്ങളുടെ ശത്രുവിനെ കൊന്നു കളഞ്ഞിരിക്കുന്നു. ഞാന്‍ ഒരു യഥാര്‍ത്ഥ മുസല്‍മാന്‍ ആണെന്നതിന് നിങ്ങള്‍ സാക്ഷികളാണ്." തൂക്കുകയറില്‍ തൂങ്ങിയാടുമ്പോള്‍ ശഹാദത്ത് കലിമ രണ്ടു പ്രാവശ്യം ഉറക്കെ ഉയര്‍ന്നു കേട്ടു. മൂന്നാമത്തേത് പാതി വഴിയില്‍ മുറിഞ്ഞു പോയി. ആ ഏതാനും മിനുട്ടുകളില്‍ ഷേര്‍ അലിയുടെ ആത്മാവ് പരലോകം പൂകി.

കാലങ്ങള്‍ക്കിപ്പുറം, ഏതോ ബ്രിട്ടീഷ് സര്‍ക്കാര്‍ ഓഫീസറുടെ മുഖത്തടിച്ചവനും തുപ്പിയവനും തെറി വിളിച്ചവനും വരെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ വീരന്മാരുടെ സ്ഥാനം പിടിച്ചുപറ്റി. അവരുടെ ചരിത്രം പിന്നീട് വന്ന തലമുറകള്‍ വീര കഥകള്‍ പോലെ പാടി നടന്നു. സ്മാരകങ്ങളും പാര്‍ക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവരുടെ പേരില്‍ ഉയര്‍ന്നു വന്നു.  സിനിമകളും നാടകങ്ങളും കഥാ പ്രസംഗങ്ങളും നോവലുകളും അവരുടെ അപദാനങ്ങള്‍ പാടി നടന്നു.  ഭഗത്സിംഗും ഉദ്ദംസിംഗും മംഗള്‍പാണ്ടെയും ചരിത്രത്തില്‍ വീര പുരുഷന്മാരായി.  പക്ഷെ, ഇന്ത്യയുടെ നാലാമത്തെ വൈസ്രോയ് മേയോ പ്രഭുവിന്‍റെ ഘാതകന്‍ ചരിത്രത്തില്‍ നിന്നും തമസ്ക്കരിക്കപ്പെട്ടു.

ഷേര്‍ അലിയും അബ്ദുള്ളയും ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലേക്ക് എടുത്തെറിയപ്പെട്ടു. ഷേര്‍ അലിയെ രാജ്യം മറന്നു. രാജ്യസ്നേഹം മതവിശ്വാസത്തിന്‍റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി കണ്ട, അങ്ങനെ തന്നെ ജീവിച്ച, രാജ്യത്തിന്‌ വേണ്ടിയുള്ള രക്തസാക്ഷിത്വം മതത്തില്‍ ഏറ്റവും വലിയ പുണ്യകര്‍മമായി കണ്ട അബ്ദുള്ളയും ഷേര്‍ അലിയും പേരുകള്‍ എഴുതപ്പെടാതെ പോയ മറ്റനേകം വഹാബി പ്രസ്ഥാന നായകരും പിന്നെയും അനേകം പേരും ഇന്ന് ഈ രാജ്യത്തിന്‍റെ വീരപുത്രന്മാരല്ല! വൈപ്പര്‍ ദ്വീപിലെ ഒരു മൂലയില്‍, ഷേര്‍ അലിയെ തൂക്കിക്കൊന്നിടത്ത് എഴുതി വെച്ച ഒരു ഫലകം മാത്രമാണ് ആ ധീരന് നമ്മുടെ നാട് ബാക്കി വെച്ചത്. ആന്തമാനിലെ ചരിത്ര മ്യൂസിയത്തില്‍ അദ്ദേഹത്തിന്‍റെ ഒരേയൊരു ഫോട്ടോ കാണാം. പക്ഷെ ആ ഫോട്ടോയുടെ കൂടെയുള്ള കുറിപ്പില്‍ ഷേര്‍ അലിയെ പറ്റി അല്ല, മേയോ പ്രഭുവിനെയാണ് ഏറെ പറയുന്നത് എന്നത് ചരിത്രത്തിലെ അനേകം വിരോധാഭാസങ്ങളില്‍ ഒന്ന് മാത്രം!

Ref:-
1. The Assassination of Lord Mayo: The 'First' Jihad?, Helen James, International Journal of Asia Pacific Studies(IJAPS), Vol.5, No. 2, (July 2009).
2. http://islamicvoice.com/
3. http://www.andaman.org/
4. http://www.hindu.com/thehindu/features/andaman/stories/2004081500270300.htm
5. http://www.andamantourism.in/andamans-history-india.html

13 comments:

  1. ആളുകള് വായിക്കേണ്ട പോസ്റ്റ് .....
    നല്ല പോസ്റ്റ്
    ഭാവുകങ്ങൾ !!

    ReplyDelete
    Replies
    1. ചരിത്രത്തിലൊന്നും ആളുകള്‍ക്കിപ്പോ പണ്ടത്തെ പോലെ താലപര്യം ഇല്ലെന്നു തോന്നുന്നു. എല്ലാരും ഭാവിയിലേക്ക് ഉറ്റുനോക്കിക്കൊണ്ടല്ലേ ജീവിച്ചു കൊണ്ടിരിക്കുന്നത്!

      നന്ദി മദാരി സാഹിബ് :)

      Delete
  2. i never heard about this..really worth reading incident in the history. thanks for sharing this

    ReplyDelete
    Replies
    1. Thank you too. As we know history is always tilted towards the identities of the historians. I would love to explore the unsung heroes of this land of diversity :)

      Delete
  3. നല്ല പോസ്റ്റ്‌ .. ചരിത്രം മറന്ന ഇത് പോലെ കുറെ രക്ത സാക്ഷികൾ ഇനിയുമുണ്ട് .. ഇതെന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവാണ്. ഇനിയും ഇത് പോലുള്ള ചരിത്ര സംബന്ധമായ പോസ്റ്റുകൾ പങ്കു വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു .. ആശംസകളോടെ

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. തീര്‍ച്ചയായും ചവറുകള്‍ക്കിടയില്‍ ചില അമൂല്യ നിധികള്‍ ഒളിഞ്ഞിരിപ്പുണ്ട് :)
      നന്ദി പ്രവീണ്‍ ഭായി.

      Delete
  4. ആദ്യമായാണ് ഈ സിംഹത്തെക്കുറിച്ച് കേള്‍ക്കുന്നത്
    ചരിത്രം നാം അറിഞ്ഞിരിക്കുന്നത് എത്ര കുറവാണ്.

    താങ്ക്സ്

    ReplyDelete
    Replies
    1. നന്ദി ഇവിടെ വന്നതിന്. ഇനിയും വരിക. ഇടക്കിടെ ഇങ്ങനെ ചിലത് ഉണ്ടാകും.

      Delete
  5. ആദ്യമായിട്ടാണ് ഞാനും ഈ ചരിത്രം കേള്‍കുന്നത്...നല്ല അവതരണം...
    misriyanisar.blogspot.com

    ReplyDelete
    Replies
    1. നന്ദി, വീണ്ടും ഈ വഴി വരിക.

      Delete
  6. ഇതുവരെ കേള്‍ക്കാത്ത ഒരു ചരിത്രം. നല്ല എഴുത്ത്; നല്ല അവതരണം.

    ആശംസകള്‍..

    സസ്നേഹം,

    ReplyDelete