5/22/2012

അണ്ടര്‍ ഓഫീസര്‍ വിജയന്‍റെ റിപ്പബ്ലിക്‌ ദിനം

"പരേ.....ഡ്‌, സാമ്നെ സേ തേ.....ച്ച്ചാല്‍" തൊണ്ട പൊട്ടുമാറുച്ചത്തില്‍ അണ്ടര്‍ ഓഫീസര്‍ വിജയന്‍ ആഞ്ഞു വിളിച്ചു.
ഏക്‌, ദോ, ഏക്‌....ഏക്‌, ദോ, ഏക്‌...പരേഡ്‌ തുടങ്ങി.
നാളെ ജനുവരി ഇരുപത്താറ്. റിപ്പബ്ലിക്‌ ദിനം. എം.എസ്.പി. ഗ്രൗണ്ടില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ്‌ മത്സരാടിസ്ഥാനത്തിലാണ്. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫി ഉണ്ട്. പത്തു മണിയോടെ എല്ലാവരും പ്രാക്ടീസ് നിറുത്തി. കുളിച്ചു വൃത്തിയായി വന്നു ഭക്ഷണം കഴിച്ചു.

എന്‍.സി.സി. ഓഫീസര്‍ മേജര്‍ വേലായുധന്‍  സാറും വന്നിട്ടുണ്ട്. ഭക്ഷണം കഴിച്ച ശേഷം പ്രായമായ ചില സീനിയര്‍ വിദ്യാര്‍ത്ഥികളെയും കൂട്ടി സാര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയിലേക്ക് നടന്നു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പക്ഷെ മറ്റു കാഡറ്റുകളുടെ കൂടെ കിടന്നുറങ്ങാന്‍ പോയി. സ്വാതിഷ്‌ ആ നാട്ടുകാരനും രണ്ടാം വര്‍ഷ  ബിരുദ വിദ്യാര്‍ത്ഥിയും ആണ്. കോളേജിലേക്ക് വരുന്നതിനു മുമ്പ് രാവിലെയും വൈകീട്ട് കോളേജു വിട്ട ശേഷവും ഒഴിവു ദിവസങ്ങളിലും ഒക്കെ ഓട്ടോ ഓടിച്ചു ജീവിക്കുന്നു. നന്നായി കുടിക്കും. കോളെജിലേക്ക് ഓട്ടോയിലാണ് വരിക. ഭാഗ്യമുണ്ടെങ്കില്‍ അവിടെയും ചിലപ്പോള്‍ ചില ഓട്ടങ്ങള്‍ കിട്ടും. പിന്നെ ജഗദീഷ്‌, പാരലെല്‍ കോളേജ്‌ നടത്തുന്നു. ഏതു ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കും അവന്‍റെ സ്ഥാപനത്തില്‍ പ്രവേശനം ഉണ്ട്. പക്ഷെ, കുട്ടികള്‍ക്ക് എന്തോ ഒരു താല്പര്യമില്ലായ്മ. അത് കൊണ്ട് അവന്‍റെ സ്ഥാപനത്തില്‍ ചിലപ്പോള്‍ എട്ടാം ക്ലാസ്‌ ഉണ്ടാവും പക്ഷെ ഒമ്പതാം ക്ലാസ്‌ ഉണ്ടാവില്ല! കണക്ക്‌, ശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നിവ അവന്‍ തന്നെയാണ് എല്ലാ ക്ലാസിലും എടുക്കുക. ഇംഗ്ലീഷിനു അവന്‍റെ കൂട്ടുകാരന്‍ ജാഫര്‍ ഉണ്ട്. ജാഫര്‍ ബി.എ. ഇംഗ്ലീഷിനു പഠിക്കുകയാണ്; അടുത്തുള്ള കോ-ഓപറേറ്റീവ് കോളേജില്‍. പോക്കറ്റ് മണി ഒക്കെ ഒക്കും. ഇവര്‍ രണ്ടു പേരുമാണ് പാരലല്‍ കോളേജിലെ അധ്യാപകര്‍. ജഗദീഷും സ്വാതിഷും ഞങ്ങളുടെ കോളേജിലെ തല മൂത്ത വിദ്യാര്‍ത്ഥികള്‍ ആണ്. അതുകൊണ്ട് ഇവരെ മറ്റു വിദ്യാര്‍ത്ഥികള്‍ എല്ലാവരും ബഹുമാനിച്ചു പോന്നു.

വേലായുധന്‍ സാറും സ്വാതിഷും ജഗദീഷും കോളേജ്‌ ഗ്രൗണ്ടിന്റെ വടക്കേ മൂലയിലുള്ള മാവിന്‍റെ ചുവട്ടിലെ ഇലക്ട്രിക്‌ പോസ്റ്റ്‌ കഷ്ണത്തിന്മേല്‍ ഉപവിഷ്ടരായി. സ്ഥിരമായി മദ്യപിക്കുന്ന ആരോ ചിലര്‍ അവിടെ പാകത്തിന് ഇരിക്കാനുള്ള സംവിധാനങ്ങളൊക്കെ ചെയ്തു വെച്ചിട്ടുണ്ട്. സ്വാതിഷ്‌ കുപ്പികള്‍ പുറത്തെടുത്തു. "ചിയേഴ്സ്". കുപ്പികള്‍ കാലിയായി.

പിറ്റേന്ന് എല്ലാവരും പുലര്‍ച്ചെ നാല് മണിക്ക് തന്നെ എഴുന്നേറ്റു. ഉറക്കം തൂങ്ങി എല്ലാവരും സ്വാതിഷിന്‍റെ ഓട്ടോയില്‍ കയറി, വണ്ടി പുഴക്കരയിലേക്ക് വിട്ടു. കാട് മൂടിക്കിടക്കുന്ന കടലുണ്ടിപ്പുഴയുടെ വശത്തു കൂടെ എല്ലാവരും കുറ്റിക്കാടുകളിലേക്ക് നീങ്ങി. വളരെ പ്രയാസപ്പെട്ട് പലരും കാര്യം നിര്‍വഹിച്ചുവെങ്കിലും അണ്ടര്‍ ഓഫീസര്‍ ആയ വിജയന് സംഗതി നടത്താന്‍ കഴിഞ്ഞില്ല. പുറത്തു വരുന്നില്ല! എന്ത് ചെയ്യും?  കുളിച്ചു തിരികെ വന്നു. ഏഴു മണിക്ക് കെ.എസ.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും വണ്ടി വന്നു. അപ്പോഴേക്കും എല്ലാവരും യൂണിഫോം മാറ്റി തയ്യാറായിട്ടുണ്ടായിരുന്നു. പരേഡ്‌ നയിക്കേണ്ടത് താനാണ്. കുളിച്ചു വന്നു യൂണിഫോം മാറ്റുന്നതിന് മുമ്പും കുറെ ശ്രമിച്ചു നോക്കി. പക്ഷെ നടന്നില്ല. എന്നും ഒമ്പത് മണിക്ക് എഴുന്നേല്‍ക്കുന്ന താന്‍ ഇന്ന് നേരം തെറ്റി എഴുന്നേറ്റതാണ് പ്രശ്നകാരണം എന്ന് വിജയന് മനസ്സിലായി. പാട്ടും കൂത്തുമായി ബസ്‌ എം.എസ്.പി.യിലെത്തി. കൃത്യം എട്ടു മണിക്ക് പരേഡ്‌ ആരംഭിക്കും. എല്ലാ പ്ലറ്റൂനുകളും മൈതാനത്തിനു പുറത്തു വരിവരിയായി നിന്നു. ഇനിയും പത്തു മിനിട്ടില്‍ പരേഡ്‌ ആരംഭിക്കും. ബാന്‍ഡ്‌ ടീം ആദ്യം മൈതാനത്തിലേക്ക് നടക്കും; അതിനെ പിന്തുടര്‍ന്ന് വിവിധ പോലീസ്‌, എന്‍.സി.സി., സ്കൗട്ട് ആന്‍ഡ്‌ ഗൈഡ്‌ ട്രൂപ്പുകള്‍ എന്നിവര്‍ മാര്‍ച്ച് നടത്തും.

അണ്ടര്‍ ഓഫീസര്‍ വിജയന് ബേജാറ് തുടങ്ങി. ഇന്ന് അവന്‍റെ അഭിമാന ദിവസമാണ്. ഒന്നാം സ്ഥാനം കരസ്ഥമാകേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിന പരേഡിലും തന്‍റെ കോളേജ്‌ യൂണിറ്റ് ഒന്നാം സ്ഥാനം നേടിയതാണ്. പിറകോട്ടു പോയാല്‍ അപമാനം തനിക്കാണ്, എന്നിങ്ങനെ ചിന്തിച്ചു പുള്ളി ടെന്‍ഷനായികൊണ്ടിരുന്നു. അത് പ്രശ്നമായി. കൃത്യം എട്ടുമണിക്ക് വിസില്‍ മുഴങ്ങി. അണ്ടര്‍ ഓഫീസര്‍ വിജയന് സമ്മര്‍ദ്ദം ഏറി തൂറാന്‍ മുട്ടി. ഇതിലും വലിയ വണ്ടിയും വലയും വേറെ ഉണ്ടോ? ആവതു പിടിച്ചു നിര്‍ത്താന്‍ നോക്കി. പക്ഷെ, ഒരു രക്ഷയുമില്ല! "വെട്ടു തടുക്കാം, പക്ഷെ മുട്ട് തടുക്കാനാവില്ല" എന്ന് ഹമീദ്‌ പറഞ്ഞത് ഓര്‍ത്തു.

ഹമീദിനോട് പരേഡ്‌ നയിക്കാന്‍ പറഞ്ഞു, എക്സ്ട്രാ വന്നിരുന്ന ഒരു വിദ്യാര്‍ത്ഥിയെ ഹമീദിന്‍റെ സ്ഥാനത്ത് നിര്‍ത്തി വിജയന്‍ ഓടെടാ ഓട്ടം! കക്കൂസ് തിരഞ്ഞു ഓടി നടന്ന വിജയന് വഴി കാണിക്കാന്‍ ആരും ഉണ്ടായിരുന്നില്ല.  വിജയന് നിയന്ത്രണം വിട്ടു. ക്യാമ്പ്‌ ആശുപത്രിയുടെ പിന്നിലെ ചെരുവില്‍ ഒരു മാവിന്‍ ചുവട്ടില്‍ വെച്ച് വിജയന്‍ തന്‍റെ ബെല്‍റ്റ്‌, പറിച്ചെറിഞ്ഞു, കാല്‍ശരായിയും ജെട്ടിയും പാതി നീക്കി. അണക്കെട്ട് തുറന്നു വിട്ടപോലെ വിജയന്‍റെ വയറ്റില്‍ നിന്നും മലം പ്രവഹിച്ചു. ആദ്യ റൌണ്ട് പുറത്തു വന്ന ശേഷം പാന്‍റും ജെട്ടിയും അഴിച്ചുമാറ്റി.

ഹാ! എന്തൊരു സുഖം! കഴുകാന്‍ പക്ഷെ, അടുത്തൊന്നും വെള്ളം കണ്ടില്ല. അവിടെ നിന്നും നീങ്ങി മറ്റാരുടെ എങ്കിലും കണ്ണില്‍ പെട്ടാല്‍ പിന്നെ പെട്ടത് തന്നെ! അടുത്തു കണ്ട പൊടുവണ്ണി മരത്തിന്‍റെ ഇല പറിച്ചു താല്‍ക്കാലിക പരിഹാരം കണ്ടു. സമാധാനത്തോടെ എഴുന്നേറ്റു. അഴിച്ചു മാറ്റിയ വസ്ത്രം ധരിച്ചു. സമയം എട്ടേകാല്‍ കഴിഞ്ഞിരിക്കുന്നു. ബാന്‍ഡ്‌ മുട്ടുന്ന ശബ്ദം കേള്‍ക്കാം. ഊരിയെറിഞ്ഞ ബെല്‍റ്റ് എടുത്ത്‌ തിരുകാന്‍ തുടങ്ങുമ്പോള്‍ ഘോരമായ ഒരു ശബ്ദം! "ആരെടാ അവിടെ?" മൊട്ടയടിച്ചു യൂണിഫോം ധരിച്ച ഒരു പോലീസുകാരന്‍! വിജയന്‍ ഭയന്നു. അടിക്കുന്നെങ്കില്‍ അടിക്കട്ടെ, എന്ത് വേണമെങ്കിലും ചെയ്യട്ടെ, എന്ന ചിന്തയോടെ വിജയന്‍ പോലീസുകാരന്‍റെ നേരെ നടന്നു. "എന്താടാ തനിക്കവിടെ പണി?" അയാള്‍ ചോദിച്ചു. വിജയന്‍ സംഗതികളെല്ലാം വിശദീകരിച്ചു. പോലീസുകാരന് ദയ തോന്നി. അയാള്‍ അത് വൃത്തിയാക്കാന്‍ വിജയനോട് പറഞ്ഞു. അണ്ടര്‍ ഓഫീസര്‍ വിജയന്‍ പൊടുവണ്ണിയുടെ ഒരു ഇല പറിച്ചു മലം കോരി അപ്പുറത്തെ  പൊട്ടക്കുഴിയില്‍ നിക്ഷേപിച്ചു. ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ വിജയന്‍ ഗാലറിയിലേക്ക് നടന്നു.

2 comments:

  1. ഇങ്ങിനെയുള്ള യാഥാര്‍ത്യങ്ങള്‍ എല്ലാവരുടെയും ജീവിതത്തില്‍ വരും ഇങ്ങിനെയുള്ള സത്യങ്ങള്‍ തുറന്നെഴുതാന്‍ ചെങ്ങാതി കാണിച്ച ആര്ജവത്തിന് ഒരു ബിഗ്‌ സല്യൂട്ട്.
    എല്ലാവിത ഭാവുകളും.

    ReplyDelete
  2. താങ്കളുടെ പ്രോല്സാഹനത്തിനു നന്ദി, സഹോദരാ

    ReplyDelete